ഓണാഘോഷം പ്ലാസ്റ്റിക് മുക്തമാക്കണം: മുഖ്യമന്ത്രി

Web Desk
Posted on September 01, 2019, 10:41 pm

കണ്ണൂര്‍: പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി ഇത്തവണത്തെ ഓണാഘോഷം പ്ലാസ്റ്റിക് മുക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹരിത കേരള മിഷന്റെ ഭാഗമായി വിവിധ വകുപ്പുകള്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കടമ്പൂര്‍ കുഞ്ഞുമോലോം ക്ഷേത്രപരിസരത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണം ആഘോഷിക്കുന്നതിനുള്ള സാധനങ്ങള്‍ പ്ലാസ്റ്റിക് സഞ്ചികളില്‍ വാങ്ങാതെ ശ്രദ്ധിക്കണം. പകരം കടലാസ്, തുണി സഞ്ചികള്‍ ഉപയോഗിക്കണം. മാലിന്യ നിര്‍മ്മാര്‍ജ്ജനം സമൂഹത്തിന്റെ പൊതുബോധമായി വളര്‍ന്നുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണം പൂര്‍ണമായും പരിസ്ഥിതി സൗഹൃദമാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാവണം. നിര്‍മ്മാണങ്ങള്‍ക്കായി കല്ലും മണലും തന്നെ വേണമെന്ന വാശി ഉപേക്ഷിക്കണം. ഫാക്ടറി നിര്‍മ്മിത കെട്ടിടഭാഗങ്ങള്‍ ഒന്നിച്ചുചേര്‍ന്ന് ദിവസങ്ങള്‍ക്കകം ബഹുനില കെട്ടിടങ്ങള്‍ ഉള്‍പ്പെടെ നിര്‍മ്മിക്കുന്ന സാങ്കേതികവിദ്യ നിലവിലുണ്ട്. ഇനിയുമൊരു പ്രകൃതിക്ഷോഭം ഉണ്ടാവുകയാണെങ്കില്‍ അതിനെ അതിജീവിക്കാന്‍ പാകത്തിലുള്ള നിര്‍മ്മാണ രീതികളാണ് അവലംബിക്കേണ്ടത്. ഇതിനായി ദേശീയ അന്തര്‍ദേശീയ തലത്തിലുള്ളവരുടെ അനുഭവങ്ങളും വൈദഗ്ധ്യവും ഉപയോഗപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തോന്നുന്നിടത്തെല്ലാം വീടുകള്‍ നിര്‍മ്മിക്കുന്ന രീതി അവസാനിപ്പിക്കണം. ഉരുള്‍പൊട്ടലുണ്ടാവാനിടയുള്ളതും സ്ഥിരമായി വെള്ളം കയറുന്നതുമായ സ്ഥലങ്ങളില്‍ നിര്‍മ്മാണങ്ങള്‍ ഒഴിവാക്കണം. തോടുകളും കുളങ്ങളും മറ്റും നികത്തി വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുത്തിയതാണ് പലയിടങ്ങളിലും വെള്ളപ്പൊക്കമുണ്ടാവാന്‍ കാരണമായത്. ഭാവിയില്‍ ഇത്തരം സാഹചര്യം ഒഴിവാക്കുന്നതിന് നേരത്തേ വലിയ തോടുകള്‍ ഉണ്ടായിരുന്നിടത്ത് അവ പുനര്‍നിര്‍മ്മിക്കണം. പ്രളയം കൃഷിഭൂമിക്കുണ്ടാക്കിയ നാശനഷ്ടം വളരെ വലുതാണ്.

ഭൂമിയിലെ മേല്‍മണ്ണ് ഒഴുകിപ്പോയത് കാരണം അവ കൃഷിയോഗ്യമല്ലാതായി തീര്‍ന്നിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിന് മണ്ണിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള മാര്‍ഗങ്ങള്‍ അവലംബിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ കാര്‍ഷിക ആനൂകൂല്യങ്ങളുടെ വിതരണവും നവീകരിച്ച കുഞ്ഞിമോലോം ക്ഷേത്രക്കുളം സമര്‍പ്പണവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ. വി എസ് സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മണ്ണ് വിഭവ ഭൂപടം കൈമാറലും മന്ത്രി നിര്‍വഹിച്ചു. സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും കടമ്പൂര്‍ പഞ്ചായത്ത് നീര്‍ത്തട ഭൂപടം കൈമാറല്‍ ജില്ലാ കളക്ടര്‍ ടി വി സുഭാഷും നിര്‍വഹിച്ചു.

മണ്ണ് പര്യവേക്ഷണ വകുപ്പ് ഡയറക്ടര്‍ ജെ ജസ്റ്റിന്‍ മോഹന്‍ പദ്ധതി വിശദീകരിച്ചു. കടമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗിരീശന്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം സി മോഹനന്‍, മുന്‍ എംഎല്‍എ എം വി ജയരാജന്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവരും സംബന്ധിച്ചു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, കേരള ഭൂവികസന കോര്‍പ്പറേഷന്‍, നബാര്‍ഡ്, സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലാണ് വിവിധ പദ്ധതികള്‍ നടപ്പിലാക്കിയിരിക്കുന്നത്.