Web Desk

December 07, 2019, 10:37 pm

വിദേശയാത്രയിൽ നിരവധി നിക്ഷേപ വാഗ്ദാനങ്ങൾ; മുഖ്യമന്ത്രി

Janayugom Online

തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യം, പുത്തൻ വ്യവസായങ്ങൾ എന്നീ മേഖലകളിൽ വളർച്ചയുടെ അടുത്ത പടിയിലേക്കു കടക്കുക എന്ന നിലയ്ക്കാണ് ജപ്പാനും കൊറിയയും സന്ദർശിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ യുവജനതയെ മുന്നിൽ കണ്ടുകൊണ്ട് നടത്തിയ വിദേശയാത്ര വിജയകരമായിരുന്നുവെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ ഉന്നത വിദ്യാഭ്യാസം, ആരോഗ്യം (മെഡിക്കൽ എക്വിപ്മെന്റ്), ടൂറിസം, ഐടി, ഭക്ഷ്യ സംസ്കരണം, മൽസ്യബന്ധനം, നൈപുണ്യ വികസനം, മാലിന്യ സംസ്കരണം, ദുരന്ത നിവാരണം എന്നീ മേഖലകൾക്കൊക്കെ ഗുണകരമാവുന്ന സന്ദർശനമാണ് ഇപ്പോൾ പൂർത്തീകരിച്ചിട്ടുള്ളത്. യാത്രയിലെ ഓരോ കൂടിക്കാഴ്ചയും കേരളത്തിലെ യുവാക്കൾക്ക് ഗുണകരമായി ഭവിക്കുന്നു എന്നുറപ്പു വരുത്താൻ പ്രത്യേക ശ്രദ്ധ പുലർത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിനനുയോജ്യമായ നൈപുണ്യ വികസനവും അതിലൂടെയുണ്ടാവുന്ന തൊഴിലുകളും കേരളത്തിലെ യുവാക്കൾക്ക് ഉറപ്പുവരുത്താനുള്ള ഇടപെടലുകൾ ഈ യാത്രയുടെ ഫലമായി കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ നിക്ഷേപമുള്ള കമ്പനികൾക്ക് കേരളത്തെക്കുറിച്ച് വലിയ മതിപ്പാണുള്ളത്. ഇന്ത്യയിലെ ജാപ്പനീസ് അംബാസഡർ കേരളം ജാപ്പനീസ് നിക്ഷേപങ്ങൾക്കും വ്യവസായങ്ങൾക്കും വളരെ അനുയോജ്യമാണ് എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ അനുകൂല സാഹചര്യം കുറേക്കൂടി ഫലവത്തായി പ്രയോജനപ്പെടുത്താനാണ് ജപ്പാനിലെ സന്ദർശങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും ശ്രമിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആദ്യ യോഗത്തിൽ തന്നെ 200 കോടിയുടെ നിക്ഷേപം
ജപ്പാനിലെ ആദ്യ യോഗത്തിൽ തന്നെ കേരളത്തിലേക്ക് 200 കോടി രൂപയുടെ നിക്ഷേപം ഉറപ്പിക്കുവാൻ കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ. അതുകൊണ്ടു തന്നെ ജപ്പാൻ സന്ദർശനം ഒരു ശുഭാരംഭമായിരുന്നു.
കേരളത്തിൽ പ്രവർത്തിക്കുന്ന ജപ്പാൻ കമ്പനിയായ നീറ്റ ജെലാറ്റിൻ അവരുടെ പ്രവർത്തനങ്ങൾ വിപുലപ്പെടുത്താൻ 200 കോടി രൂപ കൂടി നിക്ഷേപിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ടെറുമോ കോർപറേഷൻ തിരുവനന്തപുരത്തുള്ള ടെറുമോ പെൻപോളിൽ 105 കോടി രൂപയുടെ നിക്ഷേപം നടുത്തും. ഇവിടെ ലോകത്തിന് ആവശ്യമായ ബ്ലഡ് ബാഗുകളുടെ പത്തു ശതമാനം കേരളത്തിൽ ഉത്പാദിപ്പിക്കാനാവുന്ന പദ്ധതിയാണിത്.

തോഷിബയുമായി ലിഥിയം ടൈറ്റാനിയും ഓക്സൈഡ് (എൽടിഒ) ബാറ്ററി സാങ്കേതിക വിദ്യ കൈമാറ്റത്തിനു താത്പര്യപത്രം ഒപ്പു വെച്ചു. നിലവിൽ ഇന്ത്യയിൽ ഒരിടത്തും ഇത്തരം ഇത്തരം ബാറ്ററി നിർമ്മിക്കുന്ന ഫാക്ടറി ഇല്ല.
എറണാകുളത്തെ പെട്രോകെമിക്കൽ കോംപ്ലെക്സിൽ ഒരു ലൂബ്രിക്കന്റ് ബ്ലെൻഡിങ് യൂണിറ്റ് സ്ഥാപിക്കുവാൻ ജിഎസ് കാൾടെക്സ് കോർപറേഷൻ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ജപ്പാൻ എക്സ്റ്റേർണൽ ട്രേഡ് ഒരഗനൈസേഷന്റെ ഓഫീസ് തിരുവനന്തപുരത്ത് ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചേർത്തലയിൽ നിന്ന് സമുദ്രോത്പന്ന കയറ്റുമതിക്ക് സാധ്യത
ചേർത്തലയിലെ സമുദ്രോത്പന്ന സംസ്കരണ മേഖല സന്ദർശിച്ചു കേരളത്തിലെ ഈ രംഗം പരിശോധിക്കുവാനും തുടർന്ന് കയറ്റുമതി നടത്തുവാനും കൊറിയ ഇമ്പോർട്ടർസ് അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേരളത്തെ കൊറിയയ്ക്കു പരിചയപ്പെടുത്തുക എന്ന ദൗത്യമാണ് കൊറിയൻ യാത്രയിൽ ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമുദ്രോത്പദനഭക്ഷ്യസംസ്കരണ രംഗത്ത് പങ്കാളികളെ കണ്ടെത്താൻ കൊറിയ ഫുഡ് ഇൻഡസ്ടറി ഡെവലപ്മെന്റ് അസോസിയേഷൻ (ഭക്ഷ്യ സംസ്കരണ യൂണിറ്റുകളുടെ തലവന്മാരുടെ ഒരു സംഘത്തെ) കേരളത്തിലേക്ക് അടുത്ത മാസത്തോടെ അയക്കും. കൊറിയ ട്രേഡ് ഡെവലപ്മെന്റ് അസോസിയേഷനും ഭക്ഷ്യ സംസ്കരണ രംഗത്ത് നിക്ഷേപത്തിന് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.