June 29, 2022 Wednesday

Latest News

June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022
June 29, 2022

കണ്ണൂര്‍ വിമാനത്താവളം; അനുബന്ധ മേഖലകളില്‍ നിക്ഷേപത്തിന് ആളുകള്‍ മുന്നോട്ടുവരണം- മുഖ്യമന്ത്രി

By Janayugom Webdesk
December 9, 2019

കണ്ണൂര്‍: ഏത് വികസന പദ്ധതിയുടെയും വിജയം പൊതുജനപങ്കാളിത്തത്തിലാണെന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താന്‍ നാട്ടുകാരും വിദേശ മലയാളികളും പ്രവാസി സംഘടനകളും മുന്നോട്ടുവരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വിമാനത്താവളം യാഥാര്‍ഥ്യമായതോടെ വലിയ വികസന സാധ്യതകളാണ് നമുക്ക് മുമ്പിലുള്ളത്. വിമാനത്താവള പരിസരത്ത് വ്യോമയാന മേഖലയുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വ്യവസായങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുവരുന്നു.

അത് തീരുമാനത്തിന്റെ പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുകയാണ്. ഇതിനായി ഭൂമി ഏറ്റെടുക്കുന്നത് ഉള്‍പ്പെടെയുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം തുറന്നിടുന്ന വികസനം പൂര്‍ണതയിലെത്തണമെങ്കില്‍ റോഡ് വികസനം കൂടി അനിവാര്യമാണ്. ആറ് വിമാനത്താവള റോഡുകളുടെ വികസനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയായി വരികയാണ്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കുള്ള ഗോ എയര്‍ സര്‍വീസ് ഡിസംബര്‍ 19ന് ആരംഭിക്കും. ജിദ്ദയിലേക്ക് സര്‍വീസ് നടത്താന്‍ എയര്‍ ഇന്ത്യ മുന്നോട്ടുവന്നിട്ടുണ്ട്. എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വലിയ വിദേശ വിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാരും കിയാലും നിരവധി തവണ വിദേശവിമാനകമ്പനികള്‍ക്ക് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിര്‍ഭാഗ്യവശാല്‍ അനുമതി ലഭിച്ചിട്ടില്ല.

കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയുമായി ബന്ധപ്പെട്ട് അഞ്ചാമതൊരു വിമാനത്താവളം കൂടി ആരംഭിക്കാനുള്ള നടപടികള്‍ തുടങ്ങിയതായും മുഖ്യമന്ത്രി പറഞ്ഞു. വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി തുളസിദാസ്, ദക്ഷിണ വ്യോമസേന കമാണ്ടന്റ് എയര്‍ മാര്‍ഷല്‍ അമിത് തിവാരി, കിയാല്‍ ഡയറക്ടര്‍ ഹസ്സന്‍ കുഞ്ഞി, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അനിത വേണു, കീഴല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ പി പുരുഷോത്തമന്‍, ജില്ല പൊലീസ് മേധാവി പ്രതീഷ്‌കുമാര്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട,എയര്‍പോര്‍ട്ട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(എഞ്ചിനിയര്‍) കെ പി ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.

വാര്‍ഷികത്തിന്റെ ഭാഗമായി അനാഥാലയത്തിലെ കുട്ടികള്‍ക്കായി ഒരുക്കിയ വിമാനയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി വാര്‍ഷികാഘോഷ ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് അന്താരാഷ്ട്ര ടെര്‍മിനലിലെ ആര്‍ട്ട് ഗ്യാലറി, യാത്രക്കാര്‍ക്കുള്ള ഇന്റര്‍നാഷണല്‍ ലോഞ്ച്, വിനോദ സഞ്ചാര വകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, സൗജന്യ വൈ ഫൈ സംവിധാനം എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനദിവസം അബൂദാബിയിലേക്കുള്ള ആദ്യ വിമാനത്തില്‍ യാത്ര ചെയ്തവരെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി ആദരിച്ചു.

പോരാട്ട വീര്യത്തിന്റെ തലയെടുപ്പുമായി മിഗ് 27 എയര്‍പോര്‍ട്ടില്‍

കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യന്‍ വ്യോമപോരാട്ടത്തിന്റെ മുന്‍നിരയില്‍ തിളങ്ങിയ മിഗ് 27 പോര്‍വിമാനം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പൂമുഖത്ത് തിളങ്ങും. വിമാനത്താവളത്തില്‍ പ്രദര്‍ശനത്തിനായി വ്യോമസേന നല്‍കിയ മിഗ് 27 പോര്‍വിമാനം മുഖ്യമന്ത്രി പിണറായി വിജയന്‍ അനാഛാദനം ചെയ്തു. വിമാനത്താവളത്തിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വ്യോമസേന ഉപയോഗം നിര്‍ത്തിയ ബഹദൂര്‍ മിഗ് വിമാനം പൊതുജനങ്ങള്‍ക്കായി പ്രദര്‍ശനത്തിനൊരുക്കിയത്. ഇനി വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് പാര്‍ക്കിംഗ് ഏരിയയ്ക്കു സമീപം ഈ പോരാളി വീരനെ കണ്‍നിറയെ കാണാം.

ഡല്‍ഹിയില്‍ നിന്ന് അവസാനമായി പറന്ന് കണ്ണൂര്‍ വിമാനത്താവളത്തിലെത്തിയ പോര്‍ വിമാനം വ്യോമസേന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അഴിച്ചെടുത്ത ശേഷം പ്രദര്‍ശന സ്ഥലത്തെത്തിച്ച് കൂട്ടിയോജിപ്പിക്കുകയായിരുന്നു. കേരളത്തിലെ വിമാനത്താവളത്തില്‍ യുദ്ധവിമാനം പ്രദര്‍ശനത്തിനായി വ്യോമസേന വിട്ടുനല്‍കുന്നത് ഇതാദ്യമായാണ്.

യുദ്ധവിമാനം പ്രദര്‍ശനത്തിനായി വിട്ടുനല്‍കിയ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. കേരളത്തിലെ യുവാക്കളില്‍ ഇന്ത്യന്‍ വ്യോമസേനയോടുള്ള ആഭിമുഖ്യം വളര്‍ത്താനും സേനയില്‍ ചേരുന്നതിന് അവര്‍ക്ക് പ്രചോദനമാവാനും മിഗിന്റെ പ്രദര്‍ശനം സഹായകമാവുമെന്ന് വ്യോമസേനയുടെ ദക്ഷിണ കമാണ്ടന്റ് എയര്‍മാര്‍ഷല്‍ അമിത് തിവാരി പ്രത്യാശ പ്രകടിപ്പിച്ചു. ഡല്‍ഹിയില്‍ നിന്ന് കണ്ണൂരിലെത്തിച്ച യുദ്ധവിമാനം ചുരുങ്ങിയ സമയത്തിനുള്ളില്‍ പ്രദര്‍ശനത്തിനായി ഒരുക്കിയ വ്യോമസേന ഉദ്യോഗസ്ഥരുടെ മികവിനെ അദ്ദേഹം പ്രശംസിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.