Web Desk

January 14, 2020, 10:16 pm

ഭരണഘടനാ സംരക്ഷണത്തിന് നാട് ഒന്നിക്കണം: മുഖ്യമന്ത്രി

തൃശൂരിൽ ഭരണഘടന സംരക്ഷണ സംഗമത്തിൽ സി പി ഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ സംസാരിക്കുന്നു.
Janayugom Online

തൃശൂർ: ഭരണഘടനയും പൗരൻമാരുടെ മൗലികാവകാശവും സംരക്ഷിക്കാൻ കേരളം മുന്നിൽ തന്നെ നിൽക്കുമെന്നും സങ്കുചിത ചിന്തകൾ മാറ്റിവച്ച് ഫാസിസത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടാവുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂരിൽ ഭരണഘടന സംരക്ഷണ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം ഒറ്റക്കെട്ടായാണ് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നതെന്ന് തെളിയിക്കുന്നതാണ് നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയം. എന്നാൽ ചെറിയ മനസുള്ള ചിലർ ഒരുമിച്ചു നിൽക്കില്ല എന്ന് പറഞ്ഞു രംഗത്തുണ്ട്. അവരും കാര്യങ്ങളുടെ ഗൗരവം മനസിലാക്കി ഭരണഘടനാ സംരക്ഷണം ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണ് മോഡി സർക്കാരിന്റെ നയം. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ലായ മതേതരത്വം തകർക്കുന്ന പൗരത്വ ഭേദഗതി നിയമം അതിന്റെ ഭാഗമാണ്.

അത് നടപ്പാക്കാൻ അംഗീകാരം നൽകില്ല എന്ന നിലപാട് ആദ്യമെടുത്തത് കേരളമാണ്. പൗരത്വ രജിസ്റ്ററിലേക്കുള്ള നീക്കമാണ് ദേശീയ ജനസംഖ്യ രജിസ്റ്ററിലൂടെ കേന്ദ്രം ലക്ഷ്യംവയ്ക്കുന്നത്. അതിനാൽ ദേശീയ ജനസംഖ്യ രജിസ്റ്റർ ഒരുതരത്തിലും കേരളത്തിൽ നടപ്പിലാക്കില്ല. വിയോജിപ്പ് പ്രകടിപ്പിച്ചാൽ ജീവിക്കാൻ തന്നെ അനുവദിക്കില്ല എന്ന നിലപാടാണ് ആർഎസ്എസിന്റേത്. ജെഎൻയുവിലും ജാമിയ മിലിയയിലും പ്രതിഷേധിക്കുന്ന കുട്ടികളെ അടിച്ചമർത്തുന്നത് അതിനാലാണ്. രാജ്യത്തെ എല്ലാ ക്യാമ്പസുകളും പ്രതിഷേധിക്കാൻ രംഗത്തു വന്നത് ശുഭസൂചകമാണ്. സ്വാതന്ത്ര്യസമരകാലത്തേതു പോലെ ജനം സ്വയം തെരുവിലിറങ്ങുന്നത് ഭരണകൂടം ബഹുസ്വരമായ എല്ലാവർക്കും എതിരാണ് എന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നുണകളുടെ കൂമ്പാരമാണ് മോഡിയും കൂട്ടരുമെന്ന് സിപിഐ കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാൻ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. പാർലമെന്റിൽ പോലും പച്ച നുണകളാണ് ആഭ്യന്തരമന്ത്രി അമിത്ഷാ പറയുന്നത്. നുണകൾ പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കലാണ് ഫാസിസ്റ്റ് രീതിയെന്നും പന്ന്യൻ പറഞ്ഞു. മാർ അപ്രേം മെത്രാപൊലീത്ത അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കർ മുസലിയാർ മുഖ്യപ്രഭാഷണം നടത്തി. മന്ത്രിമാരായ വി എസ് സുനിൽകുമാർ, കടന്നപ്പള്ളി രാമചന്ദ്രൻ, എ സി മൊയ്തീൻ, സി രവീന്ദ്രനാഥ്, കെ ടി ജലീൽ. സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ജയദേവൻ, സ്വാമി വിശ്വഭദ്രാ ശക്തി ബോധി, ചിത്രൻ നമ്പൂതിരിപ്പാട്, സാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖൻ തുടങ്ങി ഒട്ടേറെപ്പേർ പങ്കെടുത്തു.

Eng­lish Sum­ma­ry: The coun­try should be unit­ed for con­sti­tu­tion­al pro­tec­tion.