Web Desk

December 23, 2019, 9:42 pm

യുവത തൊഴിൽശേഷി വർധിപ്പിക്കണം: മുഖ്യമന്ത്രി

Janayugom Online

തിരുവനന്തപുരം: യുവതയുടെ തൊഴിൽശേഷി വർധിപ്പിക്കാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ‘അസാപ്’ ബഹുഭാഷാ പരിശീലന കേന്ദ്രത്തിന്റെയും കഴക്കൂട്ടം കമ്മ്യുണിറ്റി സ്‌കിൽ പാർക്ക് ട്രാൻസിറ്റ് ക്യാമ്പസിന്റെയും ഉദ്ഘാടനം കാട്ടായിക്കോണം സെന്റ് തോമസ് കോളജിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് ഏതുമേഖലയിലെത്തിയാലും പ്രായോഗിക പരിശീലനം വേണ്ടത്ര ലഭിക്കാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. യുവാക്കളുടെ തൊഴിൽശേഷി മെച്ചപ്പെടുകയാണ് പ്രധാനം. ഉന്നതവിദ്യാഭ്യാസ മേഖലയിൽ മാത്രമല്ല, ഏതു തൊഴിൽമേഖലയിലും പരിഷ്‌കൃതസമൂഹത്തിൽ ചെറിയതോതിലെങ്കിലുമുള്ള പരിശീലനം അത്യാവശ്യമാണ്.

ഇത്തരത്തിൽ പരിശീലനം ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകാനും അവർക്ക് തൊഴിൽ ലഭിക്കാനുമുള്ള സാഹചര്യമുണ്ടാകണം. പരിശീലനകേന്ദ്രങ്ങൾ എല്ലാ വിഭാഗത്തെയും കണ്ടുകൊണ്ട് വികസിക്കണം. വിദ്യാഭ്യാസം കഴിഞ്ഞാൽ രാജ്യത്തിനകത്തും പുറത്തും ജോലി സാധ്യതയുള്ളിടത്തുള്ള ഭാഷ അറിഞ്ഞിരിക്കണം. അത്യാവശ്യം ഇംഗ്ളിഷിൽ ആശയവിനിമയം നടത്താനാകുമെങ്കിലും സംസാരവൈഭവം ഉണ്ടാകണമെന്നില്ല. അതു ജോലിതേടി അഭിമുഖങ്ങൾക്ക് പോകുമ്പോൾ തന്നെ തൊഴിലന്വേഷകർക്ക് പ്രയാസമുണ്ടാകുന്ന കാര്യമാണ്. ഇംഗ്ളീഷ് മാത്രം പഠിച്ചാൽ എല്ലാ വികസിത രാജ്യങ്ങളിലും ജോലിനേടാനാകണമെന്നില്ല.

അതിന്റെ ഭാഗമായാണ് ഇപ്പോൾ ജാപ്പനീസ് ഉൾപ്പെടെയുള്ള ഭാഷകളുടെ പഠനം ‘അസാപ്’ വഴി ആരംഭിക്കുന്നത്. മറ്റു ജോലി സാധ്യതയുള്ള രാജ്യങ്ങൾ തിരിച്ചറിഞ്ഞ് ഭാഷാപഠന സൗകര്യം ഏർപ്പെടുത്താനുള്ള തുടർപ്രവർത്തനങ്ങൾ ‘അസാപ്’ നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ഒൻപതു സ്‌കിൽ പാർക്കുകൾ പൂർത്തിയായിട്ടുണ്ട്. കിൻഫ്രയിലും വിഴിഞ്ഞത്തുമുൾപ്പെടെ ഏഴെണ്ണം കൂടി പൂർത്തിയാകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അറിവിനൊപ്പം തൊഴിൽപരിശീലനം കൂടി നൽകാനാണ് കമ്യൂണിറ്റി സ്‌കിൽ പാർക്കുകൾ സൗകര്യമൊരുക്കുന്നതെന്ന് അധ്യക്ഷത വഹിച്ച മന്ത്രി ഡോ. കെടി ജലീൽ പറഞ്ഞു.

മന്ത്രി കടകംപള്ളി സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ സിന്ധു ശശി, സെൻറ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻറ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. ഉഷ തോമസ്, മാർത്തോമ്മാ ചർച്ച് എഡ്യൂക്കേഷൻ സൊസൈറ്റി സെക്രട്ടറി ഡോ. രാജൻ വർഗീസ്, ഡോ. സഹദുള്ള തുടങ്ങിയവർ സംബന്ധിച്ചു. കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻറ് വീഡിലോ പാർക്കിലെ 1.50 ഏക്കർ സ്ഥലത്ത് നിർമിക്കുന്ന കമ്മ്യുണിറ്റി സ്‌കിൽ പാർക്ക് എട്ടുമാസത്തിനകം പൂർത്തിയാകും.

you may also like this video