നവ ഉദാരവൽക്കരണ പ്രക്രിയകളെ പൂർവാധികം ശക്തിയോടെ നടപ്പാക്കുമെന്ന എൻഡിഎ സർക്കാർ പ്രഖ്യാപനത്തിന്റെ പ്രതിഫലനമാണ് കേന്ദ്ര ബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കൂടുതൽ പൊതുസ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കാനും ഇൻഷുറൻസ് മേഖലയിലടക്കം വിദേശ നിക്ഷേപം വർധിപ്പിക്കാനും നിർദ്ദേശങ്ങളുള്ള ബജറ്റ്, എല്ലാ മേഖലകളിൽനിന്നും സർക്കാർ പിൻവാങ്ങുകയും അങ്ങനെ രാജ്യത്തെ പൂർണമായി കച്ചവട താല്പര്യങ്ങൾക്കു വിട്ടുനൽകുകയും ചെയ്യുന്നതാണ്.
കർഷകർക്ക് സബ്സിഡി നൽകുന്നതിനുപകരം അവർക്ക് കൂടുതൽ കടം ലഭ്യമാക്കുന്ന നടപടിയാണ് കേന്ദ്രം കൈക്കൊള്ളുന്നത്. ഇത് അവരെ കൂടുതൽ കടക്കെണിയിലാക്കും എന്നതല്ലാതെ അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉതകുകയില്ല. കാർഷിക മേഖലകളിൽ നിലനിൽക്കുന്ന പ്രശ്നങ്ങളെ കൂടുതൽ വഷളാക്കാനേ ഇത് ഉപകരിക്കൂ.
കോവിഡ് മഹാമാരി പശ്ചാത്തലത്തിൽ വരുമാനം നഷ്ടപ്പെട്ടവർക്ക് ആശ്വാസം നൽകുന്ന ഒന്നുംതന്നെ ഈ ബജറ്റിലില്ല. സാമൂഹ്യസുരക്ഷാ പെൻഷൻ നിരക്കുകളിലെ വർധനവ്, വരുമാനനികുതിയിലെ ഇളവ്, ചെറുകിട കച്ചവടക്കാർക്കും വ്യവസായങ്ങൾക്കും ഉള്ള പ്രത്യേക സാമ്പത്തിക പാക്കേജ് തുടങ്ങിയവയൊന്നും തന്നെ ഈ ബജറ്റ് പ്രഖ്യാപനങ്ങളിൽ ഇടംപിടിച്ചിട്ടില്ല. അതേസമയം സാമ്പത്തിക അസമത്വം ഉയർന്നുനിൽക്കുന്ന ഇന്ത്യയിൽ അത് ഇനിയും വർധിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനങ്ങളിൽനിന്ന് വ്യക്തമാകുന്നത്. ഇന്ന് ഒരൊറ്റ ദിവസം കൊണ്ട് ഓഹരി ഉടമകളുടെ സമ്പാദ്യം 5.2 ലക്ഷം കോടി രൂപ കൂടി വർധിച്ചതായാണ് റിപ്പോർട്ടുകൾ.
ഫാം സെസ് എന്ന പേരിൽ പെട്രോളിനും ഡീസലിനും ഇന്ധന സെസ് ഏർപ്പെടുത്തിയിരിക്കുകയാണ്. അത് വിലക്കയറ്റം വർധിപ്പിക്കുന്നതിനും പൊതുജനങ്ങളെ കൂടുതൽ സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് തള്ളിവിടുന്നതിനും കാരണമാകും. ഇരുമ്പിനും സ്റ്റീലിനും വൈദ്യുതിക്കുമെല്ലാം വിലകൂടുന്ന നിർദ്ദേശങ്ങളാണ് ഇന്ന് ഉണ്ടായിരിക്കുന്നത്. ഇന്ത്യൻ സാമ്പത്തികരംഗം വലിയ പ്രതിസന്ധിയിൽ കൂടി കടന്നുപോകുമ്പോഴും രാജ്യത്തെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കാനും ജനങ്ങളുടെ കൈകളിൽ കൂടുതൽ പണമെത്തിക്കാനുള്ള നടപടികൾ ഉണ്ടാകുന്നില്ല എന്നത് നിരാശാജനകമാണ്.
അടിസ്ഥാനസൗകര്യ വികസനത്തിനായി ഡെവലപ്മെൻറ് ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷൻ (ഡിഎഫ്ഐ) സ്ഥാപിക്കുമെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞത്. അടിസ്ഥാനസൗകര്യ വികസനത്തിനായി സ്വകാര്യമേഖലയിൽ നിന്നുൾപ്പെടെ ഡിഎഫ്ഐ നിക്ഷേപം സ്വീകരിക്കുമെന്നാണ് മനസ്സിലാക്കുന്നത്. കിഫ്ബി ഭരണഘടനാവിരുദ്ധമാണെന്ന് പറയുന്നവർ തന്നെ കിഫ്ബിയിലൂടെ കേരളം മുന്നോട്ടുവെച്ച മാതൃക പിന്തുടരുന്നു എന്നത് ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ENGLISH SUMMARY: cm statement on budget
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.