ദുരിതാശ്വാസനിധി സുതാര്യവും ആര്‍ക്കും പരിശോധിക്കാവുന്നതും

Web Desk
Posted on August 15, 2019, 9:46 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി സുതാര്യവും ആര്‍ക്കും പരിശോധിക്കാവുന്ന കണക്കുകള്‍ ഉള്ളതുമാണെന്ന് പിണറായി വിജയന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള പ്രയോജനം ലഭിക്കുന്നത് അര്‍ഹതയുള്ളവര്‍ക്കു മാത്രമാണ്.

അതുകൊണ്ടാണ് അതിനു ആരൊക്കെ ദുഷ്പ്രചാരണം നടത്തിയിട്ടും അതിലേക്കു സംഭാവന നല്‍കാന്‍ ജനങ്ങള്‍ തയ്യാറാകുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും ദുരിതാശ്വസ നിധികള്‍ ഓഡിറ്റ് ചെയ്യുന്നത് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ ആണ്. സംസ്ഥാനനിധി നിയമസഭയിലും ദേശീയ നിധി പാര്‍ലമെന്റിലും കണക്കു പറയണം. ഇതെല്ലാം മറച്ചുവെച്ച് പ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം വേറെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സിഎംഡിആര്‍എഫിനോട് സാമ്യമുള്ള ഒരു അഡ്രസ്സ് ഉണ്ടാക്കി ഒരാള്‍ പണം തട്ടുന്നതാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഈ നിധി മുടക്കാന്‍ മാത്രമല്ല കൊള്ളയടിക്കാനും ശ്രമമുണ്ടാകുന്നു. ഇത്തരം ശ്രമങ്ങളെ ശക്തമായി നേരിടും.
പ്രളയത്തിനു വേണ്ടി ജനങ്ങള്‍ നല്‍കിയ സംഭാവന പ്രളയ ദുരിതാശ്വാസത്തിനു മാത്രമാണ് ഉപയോഗിക്കുക. ഇക്കഴിഞ്ഞ പ്രളയത്തിനുശേഷം 2,276.4 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവിട്ടത്. അതില്‍ 457.6 കോടി രൂപ ആശ്വാസ ധനസഹായമാണ്. വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്കുള്ള ആശ്വാസമായി നല്‍കിയത് 1636 കോടി രൂപയാണ്. ഈ കണക്കുകളൊക്കെ പരസ്യമായി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

എല്ലാവര്‍ഷവും ദുരിതാശ്വാസ നിധിയിലേക്ക് ബജറ്റില്‍ നിന്നു പണം നീക്കിവെയ്ക്കാറുണ്ട്. അതില്‍ നിന്നാണ് മാറ്റാവശ്യങ്ങള്‍ക്കായി പണം നല്‍കുന്നത്. സര്‍ക്കാരിന്റെ ബോധ്യത്തിനനുസരിച്ച് സഹായം അനുവദിക്കുന്നതും പുതിയ കാര്യമല്ല. ചികിത്സാ ചെലവുള്‍പ്പെടെ അങ്ങനെ എല്ലാ കാലത്തും നല്‍കിയിട്ടുണ്ട്.
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള ചെലവടക്കം നല്‍കിയ അനുഭവമുണ്ട്. സംഭാവന ലഭിച്ചതുക സര്‍ക്കാര്‍, ഫിക്‌സഡ് ഡിപ്പോസിറ്റ് ഇട്ടു എന്നുള്ളതാണ് മറ്റൊരു പ്രചാരണം. അതിനൊന്നും താന്‍ വിശദീകരണം നല്‍കുന്നില്ല. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നെങ്കിലും ഒന്ന് പരിശോധിച്ചാല്‍ തീരുന്ന സംശയമേ ഉള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ഭവനപദ്ധതി ഉള്‍പ്പെടെ വലിയ തുക അതിന് വേണ്ടതുണ്ട്. അതില്‍നിന്ന് എടുത്ത് മറ്റാവശ്യങ്ങള്‍ക്കു ചെലവാക്കിയാല്‍ കഴിഞ്ഞ പ്രളയകാലത്തെ ദുരന്തബാധിതകര്‍ക്കുള്ള സഹായത്തെയാണ് ബാധിക്കുക. അതുകൊണ്ടാണ് ദുരിതാശ്വാസനിധിയിലേക്ക് കൂടുതല്‍ സംഭാവന വേണമെന്ന് സര്‍ക്കാര്‍ പറയുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.