12 October 2024, Saturday
KSFE Galaxy Chits Banner 2

സഹകരണ ജൂനിയർ ഇൻസ്പെക്ടർ: നിയമന തടസം ഒഴിവായി

Janayugom Webdesk
തിരുവനന്തപുരം
February 16, 2022 9:24 pm

റാങ്ക് ലിസ്റ്റിൽപ്പെട്ട നൂറുകണക്കിന് പേർക്ക് നിയമനം ഉറപ്പാക്കുന്ന തരത്തിൽ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്പെക്ടർ നിയമനത്തിൽ സേവിങ് ക്ലോസ് ഉൾപ്പെടുത്തി വിജ്ഞാപനമായി. ജൂനിയർ ഇൻസ്പെക്ടർ തസ്തികയിലേയ്ക്കുള്ള യോഗ്യതാ മാനദണ്ഡങ്ങളിൽ നേരത്തെ ഇല്ലാതിരുന്ന ബിരുദങ്ങൾ കൂടി കൂട്ടിചേർത്തതിനെ തുടർന്ന് പിഎസ്‌സി പ്രസിദ്ധീകരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്താൻ കഴിയാത്ത സ്ഥിതിയാണ് നിലനിന്നിരുന്നത്. സാങ്കേതികത്വത്തിന്റെ പേരിൽ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടക്കാതിരിക്കുന്നത് നൂറു കണക്കിന് ഉദ്യോഗാർത്ഥികളെ ആശങ്കയിലാഴ്ത്തിയിരുന്നു.

സേവിങ് ക്ലോസ് ഉൾപ്പെടുത്തിയാൽ റാങ്ക് പട്ടികയിൽ നിന്നും നിയമനം നടത്തുന്നതിന് തടസമില്ലെന്ന് മന്ത്രി വി എൻ വാസവന് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കാൻ മന്ത്രി നിർദേശം നൽകിയത്. 2018 ലായിരുന്നു പിഎസ്‌സി സഹകരണ വകുപ്പിൽ ജൂനിയർ ഇൻസ്പെക്ടർ തസ്തികയിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ചത്. അന്ന് നിലവിലുണ്ടായിരുന്നതും പിന്നീട് ഒഴിവ് വരാൻ സാധ്യതയുള്ളതും ചേർത്തായിരുന്നു വിജ്ഞാപനം. ഇതിന്റെ അടിസ്ഥാനത്തിൽ പരീക്ഷയും അനുബന്ധ തിരഞ്ഞെടുപ്പ് നടപടികളും പൂർത്തിയാക്കി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഇതിനിടയിൽ ബിടെക്, ബിബിഎ, ബിഎഎൽ ബിരുദങ്ങൾ കൂടി ബിരുദ യോഗ്യതയായി ഈ തസ്തികയ്ക്ക് പരിഗണിക്കണമെന്ന ആവശ്യം ഉയർന്നു. ഇതു പരിശോധിച്ച സഹകരണ വകുപ്പ് ഈ ബിരുദങ്ങളും ജൂനിയർ ഇൻസ്പെക്ടറുടെ തസ്തികയിലേക്കുള്ള ബിരുദ യോഗ്യതയായി പരിഗണിക്കാൻ നിശ്ചയിക്കുകയും കേരള കോ ഓപ്പറേറ്റീവ് സബോർഡിനേറ്റ് സർവീസ് റൂൾ ഭേദഗതി ചെയ്യുകയുമുണ്ടായി. ഇതോടെ ഈ ബിരുദക്കാരെ പരിഗണിക്കാതെ നടന്ന പരീക്ഷയും തുടർ നടപടികളും മുന്നോട്ടു കൊണ്ടു പോകുന്നതിൽ സാങ്കേതികമായ തടസം വന്നു. ഇക്കാര്യം പിഎസ്‌സി ചൂണ്ടിക്കാണിക്കുകയും ഉദ്യോഗാർത്ഥികൾ ആശങ്കയിലാകുകയും ചെയ്തു. വിജ്ഞാപനം ഇറങ്ങിയതോടെ റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനം ഉറപ്പാകുകയും ചെയ്തു.

eng­lish sum­ma­ry; Co-oper­a­tive Junior Inspec­tor: Appoint­ment bar­ri­er removed

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.