ബേബി ആലുവ

കൊച്ചി

January 15, 2020, 11:31 am

കേരളത്തോടുള്ള റെയിൽവേ അവഗണന തുടരുന്നു, തിരക്കുള്ള ട്രെയിനുകളിലെ കോച്ചുകൾ വെട്ടികുറച്ച് കേരളത്തെ വെല്ലുവിളിക്കുന്നു

Janayugom Online

ട്രെയിനുകളിലെ രൂക്ഷമായ യാത്രാക്ലേശത്തിനു പരിഹാരം തേടിയുള്ള മുറവിളി ശക്തമാകുന്നതിനിടയിലും കേരളത്തിൽ നിന്നുള്ള ട്രെയിനുകളുടെ കോച്ചുകൾ വെട്ടിക്കുറച്ച് റയിൽവേ. നാല് എക്സ്പ്രസുകളിൽ നിന്നാണ് അടുത്തിടെ ഓരോ സ്ലീപ്പർകോച്ച് വീതം ഒഴിവാക്കിയത്. സംസ്ഥാനത്തു നിന്നുള്ള ട്രെയിനുകളിലെ കോച്ചുകൾ കൂട്ടണമെന്നത് യാത്രക്കാരുടെ സംഘടനകൾ നിരന്തരമായി ഉയർത്തുന്ന ആവശ്യമാണ്. അതിനെ പരിഹസിക്കും വിധമായി റയിൽവേയുടെ നടപടി.

ചെന്നൈ സെൻട്രൽ — തിരുവനന്തപുരം — ചെന്നൈ സെൻട്രൽ (12695,12696) സൂപ്പർഫാസ്റ്റ്, ചെന്നൈ സെൻട്രൽ — ആലപ്പുഴ‑ചെന്നൈ സെൻട്രൽ (22639,22640) സൂപ്പർഫാസ്റ്റ്, മംഗളൂരു സെൻട്രൽ — തിരുവനന്തപുരം — മംഗളൂരു സെൻട്രൽ ( 16603,16604) മാവേലി എക്സ്പ്രസ്, മംഗളൂരു സെൻട്രൽ — തിരുവനന്തപുരം — മംഗളൂരു സെൻട്രൽ മലബാർ എക്സ്പ്രസ് ( 16630, 16629) എന്നീ ട്രെയിനുകളിലെ കോച്ചുകളാണ് ഓരോന്നു വീതം ഒഴിവാക്കിയിരിക്കുന്നത്. മാവേലി എക്സ്പ്രസിൽ നിന്ന് ഭിന്നശേഷിക്കാർക്കും വനിതകൾക്കുമുള്ള കോച്ചുകളും ഒഴിവാക്കാൻ നീക്കമുണ്ട്. സ്ലീപ്പർ കോച്ചുകളുടെ എണ്ണം കുറച്ച് തേർഡ് എ സി കോച്ചുകളുടെ എണ്ണം കൂട്ടാനാണ് പരിഷ്കാരം എന്ന് റയിൽവേ അവകാശപ്പെടുന്നുണ്ടെങ്കിലും അത് നടപ്പിൽ വരുന്നതുവരെ മുൻ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിശ്വാസത്തിലെടുക്കാനാവില്ലെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷനുകളുടെ അഭിപ്രായം.

24 കോച്ചുകൾ ഘടിപ്പിക്കാവുന്ന ട്രെയിനുകൾ പോലും 18 ഉം 19 ഉം കോച്ചുകളുമായാണ് ഓടുന്നത്. തിരുവനന്തപുരം — മധുര അമൃത എക്സ്പ്രസിൽ 19 ഉം തിരുവനന്തപുരം ‑കണ്ണൂർ ജനശതാബ്ദിയിൽ 18 ഉം കോച്ചുകൾ മാത്രമാണുള്ളത്. അമൃത എക്സ്പ്രസ് രണ്ട് സ്ലീപ്പർ കോച്ചും രണ്ട് തേർഡ് എ സി കോച്ചും കൂട്ടിച്ചേർത്ത് രാമേശ്വരം വരെ നീട്ടാമെങ്കിലും അധികൃതർ തയ്യാറില്ല. ജനശതാബ്ദിയിൽ രണ്ട് എസി ചെയർകാറും രണ്ട് സെക്കന്റ് സിറ്റിംഗ് കോച്ചുകളും അധികമായി അനുവദിക്കണമെന്ന ആവശ്യത്തിനും പഴക്കമേറെയുണ്ട്. എറണാകുളം- നിസാമുദ്ദീൻ മില്ലേനിയം എക്സ്പ്രസിൽ അടിയന്തരമായി രണ്ട് എസി കോച്ച് അനുവദിക്കണമെന്നാണ് യാത്രക്കാരുടെ മറ്റൊരാവശ്യം. കൊച്ചുവേളി- ഡെറാഡൂൺ, കന്യാകുമാരി — മുംബൈ ജയന്തി എന്നിവയിൽ രണ്ട് വീതം തേർഡ് എ സി കോച്ചുകളും രണ്ടു വീതം സ്ലീപ്പർ കോച്ചുകളും റയിൽവേ മനസ്സു വച്ചാൽ കൂട്ടാവുന്നതേയുള്ളൂ. എന്നാൽ പ്ലാറ്റ്ഫോമുകൾ ഇല്ലാത്തതിനാലാണ് കോച്ചുകൾ കൂട്ടാത്തതെന്നാണ് കേരളത്തിന്റെ ആവശ്യങ്ങൾ അവഗണിക്കാൻ കാരണങ്ങൾ കണ്ടെത്തുന്ന ദക്ഷിണ റയിൽവേ ഇക്കാര്യത്തിൽ നിരത്തുന്ന ന്യായം.

Eng­lish Sum­ma­ry: Coach­es of trains from Ker­ala cut short

YOU MAY ALSO LIKE THIS VIDEO