Web Desk

December 16, 2019, 1:34 pm

കൽക്കരി പദ്ധതികളിൽ ജൈവ ഇന്ധനം ഉപയോഗിക്കാനുള്ള നീക്കം കാലാവസ്ഥ പ്രതിസന്ധി രൂക്ഷമാക്കുമെന്ന് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്

Janayugom Online

ബ്രസൽസ്: യൂറോപ്പിലെ കൽക്കരി വൈദ്യുതി നിലയങ്ങളിൽ ജൈവ ഇന്ധനം ഉപയോഗിക്കാനുള്ള നീക്കം കാലാവസ്ഥ പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്ന് മുന്നറിയിപ്പ്. നോർത്ത് യോക്ക്ഷെയറിലെ ഡ്രാക്സ് സമുച്ചയത്തിലടക്കം തടികൊണ്ടുള്ള ഗോലികൾ ഇന്ധനമായി ഉപയോഗിക്കാനാണ് നീക്കം.
എന്നാൽ ഇത് വൻതോതിൽ വനനശീകരണത്തിന് കാരണമാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ. പ്രതിവർഷം ജർമനിയുടെ ബ്ലാക്ക് ഫോറസ്റ്റിന്റെ പകുതിയോളം ഇതിനായി വേണ്ടി വരുമെന്നാണ് വിലയിരുത്തൽ. കാർബൺ ബഹിർഗമനം കുറയ്ക്കാനുള്ള മാർഗങ്ങൾ കൂടുതൽ മരം മുറിക്കലിലേക്കാകും നയിക്കപ്പെടുക. ഇത് പുനഃസൃഷ്ടിക്കാൻ ശ്രമിക്കുന്നതിനെക്കാൾ വേഗത്തിൽ വനനശീകരണമാണ് ഉണ്ടാക്കുക എന്നും കാലാവസ്ഥ വിദഗ്ദ്ധരായ സാൻഡ്ബാഗ് ചൂണ്ടിക്കാട്ടുന്നു.
യൂറോപ്പിലെ പത്ത് വൻകിട പദ്ധതികൾക്ക് മാത്രം പ്രതിവർഷം 360 ലക്ഷം ടൺ തടി കൊണ്ടുള്ള ഗോലികൾ ആവശ്യമാണ്. അതായത് 2,700 ചതുരശ്ര കിലോമീറ്ററിലെ മരങ്ങൾ പ്രതിവർഷം വെട്ടിമാറ്റേണ്ടി വരും. ഡ്രാക്സ് അടക്കമുള്ള യൂറോപ്പിലെ വൈദ്യുതി നിലയങ്ങളിലേക്ക് അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് വിറക് ഗോലികൾ ഇറക്കുമതി ചെയ്യുന്നത്. ഇതിന് പുറമെ ഇവയുടെ നീക്കം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ചെലവും വലുതാണെന്ന് സാൻഡ്ബാഗിന്റെ ചാൾസ് മൂർ പറഞ്ഞു. കാാലവസ്ഥ വ്യതിയാനത്തെ നേരിടാനുള്ള നമ്മുടെ പ്രവർത്തനങ്ങൾക്ക് ഇത് വിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കൽക്കരി പദ്ധതികളെ ജൈവ പദ്ധതികളാക്കുന്നതോടെ കാർബൺ ബഹിർഗമനം വർധിക്കുമെന്ന് 800 ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടിയിരുന്നു.