19 April 2024, Friday

കല്‍ക്കരി ശേഖരം നാല് ദിവസത്തേക്കു മാത്രം ; വൈദ്യുതി പ്രതിസന്ധി

Janayugom Webdesk
ന്യൂഡല്‍ഹി
October 5, 2021 10:22 pm

രാജ്യത്ത് നാല് ദിവസത്തേക്ക് ഉപയോഗിക്കാനുള്ള കല്‍ക്കരി മാത്രമെ മിച്ചമുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ വൈദ്യുതി പ്രതിസന്ധി അതിരൂക്ഷമാകും.ഊര്‍ജ്ജ ഉല്പാദനം ഗണ്യമായി വര്‍ധിക്കുകയും ഖനികളില്‍ വെള്ളം നിറഞ്ഞ് പ്രവര്‍ത്തനക്ഷമമല്ലാതാവുകയും ചെയ്തതോടെയാണ് കല്‍ക്കരിക്ക് ക്ഷാമം രൂക്ഷമായത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ഇത് പ്രതികൂലമായി ബാധിക്കും. രാജ്യത്ത് വൈദ്യുതി ഉല്പാദനത്തിന്റെ 70 ശതമാനവും കല്‍ക്കരി നിലയങ്ങളില്‍ നിന്നാണ്. ക്ഷാമം രൂക്ഷമായതോടെ പകുതിയോളം നിലയങ്ങളും പ്രവര്‍ത്തനം നിര്‍ത്തേണ്ടിവരുമെന്ന സ്ഥിതിയിലാണുള്ളത്. 

രാജ്യാന്തര വിപണിയിൽ കൽക്കരിക്ക് വില കൂടിയത് ഇറക്കുമതിയെയും ബാധിച്ചു. 104 താപനിലയങ്ങളിൽ 14,875 മെഗാവാട്ട് ശേഷിയുള്ള 15 നിലയങ്ങളിൽ സെപ്റ്റംബർ 30 ന് തന്നെ സ്റ്റോക്ക് തീർന്നു. 39 നിലയങ്ങളിൽ മൂന്നു ദിവസം വൈദ്യുതി ഉല്പാദിപ്പിക്കാനുള്ള കൽക്കരി ശേഖരമേ അവശേഷിക്കുന്നുള്ളൂ. യൂറോപ്പിലും ചൈനയിലും അടക്കം കൽക്കരി ഉപഭോഗം കൂടിയതോടെ ഇറക്കുമതിക്കുള്ള ചെലവും കൂടി.കല്‍ക്കരി ക്ഷാമം പൂര്‍ണമായി ഇല്ലാതായി പൂര്‍വസ്ഥിതിയിലെത്താന്‍ ആറ് മാസമെങ്കിലും വേണ്ടിവരുമെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിങ് പറഞ്ഞു. വേനൽ മാറി ഒക്ടോബർ പകുതിയോടെ കാലാവസ്ഥ മാറുകയും തണുപ്പാകുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയാണ് പതിവ്. ആ സാഹചര്യത്തില്‍ നിലവിലുള്ള പ്രതിസന്ധിയ്ക്ക് അയവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

കോവിഡ് നിയന്ത്രണങ്ങൾ നീക്കിയ ശേഷം രാജ്യത്തെ വ്യാവസായിക പ്രവർത്തനങ്ങൾ പൂർവസ്ഥിതിയിലേക്ക് എത്തുമ്പോൾ വൈദ്യുതി ആവശ്യവും കുത്തനെ ഉയർന്നു. പക്ഷെ കൽക്കരി ഉല്പാദനത്തിലെ മാന്ദ്യം തിരിച്ചടിയായി. കനത്ത മഴയിൽ കൽക്കരി ഖനികളിൽ വെള്ളം കയറിയതും പ്രധാനപ്പെട്ട ഗതാഗത പാതകൾ വെള്ളത്തിൽ മുങ്ങിയതും ക്ഷാമം രൂക്ഷമാകാന്‍ കാരണമായി.നിരവധി വര്‍ഷങ്ങള്‍ക്കിടയില്‍ കല്‍ക്കരിക്ഷാമം ഇത്രയും രൂക്ഷമായ സ്ഥിതി രാജ്യത്തുണ്ടായിട്ടില്ല. ഓഗസ്റ്റ് ആദ്യം ശരാശരി 13 ദിവസത്തേക്കുള്ള കല്‍ക്കരി സ്റ്റോക്കുണ്ടായിരുന്ന നിലയില്‍ നിന്ന് കുറഞ്ഞുവന്നാണ് ഇപ്പോള്‍ നാല് ദിവസത്തേക്ക് മാത്രമുള്ള സ്റ്റോക്ക് അവശേഷിക്കുന്നതിലേക്ക് എത്തിയിരിക്കുന്നത്. അതേസമയം വലിയ പ്രതിസന്ധിയിലേക്ക് പോകാതെ ആവശ്യം നിറവേറ്റി പോകാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രി അഭിപ്രായപ്പെട്ടു.
eng­lish summary;Coal stock­pile for four days only
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.