കോസ്റ്റ് ഗാർഡ് അക്കാദമി; കേന്ദ്രത്തിന് കേരളത്തോട് അവഗണനയും അനീതിയും : മുഖ്യമന്ത്രി

Web Desk
Posted on December 03, 2019, 9:45 pm

തിരുവനന്തപുരം: കണ്ണൂർ അഴീക്കലിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറുന്നത് കേരളത്തോടുള്ള അവഗണനയും അനീതിയുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാർ ഭൂമി കൈമാറുകയും എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തിരുന്നു. വനം-പരിസ്ഥിതി-കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അനുമതി നൽകാത്തതുകൊണ്ടാണ് പദ്ധതി ഉപേക്ഷിക്കുന്നതെന്നാണ് പ്രതിരോധ സഹമന്ത്രി രാജ്യസഭയിൽ പറഞ്ഞത്. ഈ പ്രശ്നം ഇപ്പോഴത്തെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ശ്രദ്ധയിൽ താൻ നേരിട്ട് പെടുത്തിയിരുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2011‑ലെ തീരദേശ നിയന്ത്രണ വിജ്ഞാപനത്തിന് 2018 ജൂലൈ രണ്ടിന് കേന്ദ്രസർക്കാർ ഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. അതു സംബന്ധിച്ച വിജ്ഞാപനവും വന്നു. കോസ്റ്റ് ഗാർഡ് അക്കാദമി ഉൾപ്പെടെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾക്ക് അതനുസരിച്ച് പാരിസ്ഥിതിക അനുമതി നൽകാവുന്നതാണ്. എന്നാൽ ഈ നിലയിൽ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കാതിരുന്നത് ദൗർഭാഗ്യകരമാണ്. ഈ നിലപാട് പുനഃപരിശോധിക്കണമെന്നും തീരദേശ നിയന്ത്രണത്തിൽ 2018 ൽ വരുത്തിയ ഭേദഗതി പ്രകാരം പദ്ധതിക്ക് അനുമതി നൽകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2009‑ലാണ് കോസ്റ്റ് ഗാർഡ് അക്കാദമി സ്ഥാപിക്കാനുള്ള തീരുമാനം കേന്ദ്രമന്ത്രിസഭ എടുത്തത്. അതനുസരിച്ച് 2011 ആദ്യം തന്നെ വളപട്ടണത്ത് അറബിക്കടൽ തീരത്ത് 164 ഏക്കർ സ്ഥലം സർക്കാർ കൈമാറി. 2011 മേയിൽ അന്നത്തെ പ്രതിരോധ മന്ത്രി അക്കാദമിക്ക് തറക്കല്ലിട്ടു. അക്കാദമി സ്ഥാപിക്കുന്നതിന് ഇതിനകം 65.56 കോടി രൂപ കോസ്റ്റ് ഗാർഡ് ചെലവഴിച്ചിട്ടുണ്ട്. പദ്ധതിക്ക് പാരിസ്ഥിതിക അനുമതി നൽകണമെന്ന് കേരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി 2015ൽ തന്നെ ശുപാർശ ചെയ്തു. പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോഡിയോടും പ്രതിരോധമന്ത്രിയോടും നേരിട്ട് അഭ്യർത്ഥിക്കുകയും ചെയ്തിരുന്നു. പദ്ധതിക്കു വേണ്ടി സംസ്ഥാനം എല്ലാവിധ സഹായവും വാഗ്ദാനം നൽകി. ഇത്രയൊക്കെ യായിട്ടും പാരിസ്ഥിതിക അനുമതിയുടെ പേരിൽ കേരളത്തിന്റെ പദ്ധതി ഇല്ലാതാക്കുന്നതിന് ഒരു ന്യായീകരണവുമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.