27 March 2024, Wednesday

Related news

December 19, 2023
June 7, 2022
June 6, 2022
May 27, 2022
May 22, 2022
April 24, 2022
February 4, 2022
February 3, 2022

തീരദേശപാതയുടെ സ്ഥലമേറ്റെടുപ്പ് വേഗത്തിലാക്കും: മന്ത്രി മുഹമ്മദ് റിയാസ്

Janayugom Webdesk
കോഴിക്കോട്
April 24, 2022 7:28 pm

സംസ്ഥാനത്ത് തീരദേശപാതയുടെ നിർമ്മാണത്തിനുള്ള സ്ഥലം ഏറ്റെടുപ്പ് നടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചതായി മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചു. ഇത് സംബന്ധിച്ച് മന്ത്രി വിളിച്ചു ചേർത്ത ജില്ലാ കളക്ടർമാരുടെ യോഗത്തിൽ ആണ് തീരുമാനം. സ്ഥലം ഏറ്റെടുക്കലിന് ഉദ്യോഗസ്ഥരെ നിയമിക്കാനും നിയമനം ഏപ്രിൽ 30നകം പൂർത്തിയാക്കാനും മന്ത്രി കളക്ടർമാർക്ക് നിർദേശം നൽകി.

സ്ഥലം ഏറ്റെടുക്കേണ്ടി വരുന്ന ഇടങ്ങളിൽ അവിടങ്ങളിലെ ജനപ്രതിനിധികളുമായി ആശയവിനിമയം നടത്തി നടപടികൾ വേഗത്തിലാക്കും. ഭൂമി ഏറ്റെടുക്കലിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് വേണ്ട തുക കൃത്യസമയത്ത് ലഭ്യമാക്കാൻ കേരള റോഡ് ഫണ്ട് ബോർഡിനോട് നിർദേശിച്ചിട്ടുണ്ട്. പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് കൃത്യമായ ഇടവേളകളിൽ മന്ത്രിതലത്തിലും സെക്രട്ടറിതലത്തിലും അവലോകനം നടത്തും. ഇതിനിടയിൽ ഉണ്ടാവുന്ന തടസം പരിഹരിക്കാൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോൾ കൃത്യമായ പുനരധിവാസ നടപടികൾ ഉറപ്പുവരുത്താനും യോഗത്തിൽ തീരുമാനമായി.

പതിനാലു മീറ്റർ വീതിയിൽ 623 കിലോമീറ്റർ ദൂരത്തിലാണ് തീരദേശ പാത നിർമിക്കുക. കിഫ്ബി വഴി ലഭ്യമാക്കുന്ന 6500 കോടി രൂപയാണ് ഹൈവേയുടെ നിർമ്മാണത്തിന് ചെലവഴിക്കുക. അന്തർദേശീയ നിലവാരത്തിൽ സൈക്കിൾ പാതയോടു കൂടിയാണ് തീരദേശ ഹൈവേ നിർമ്മിക്കുന്നത്. നിലവിലുളള ദേശീയപാതകളും സംസ്ഥാനപാതകളും തീരദേശ ഹൈവേയുടെ ഭാഗമാക്കിയും പുതിയ നിർമ്മാണങ്ങൾ നടത്തിയും മൂന്ന് ഘട്ടങ്ങളിലായാണ് തീരദേശ ഹൈവേ പദ്ധതി നടപ്പിലാക്കുന്നത്.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസര്‍കോട് ജില്ലകളിലൂടെയാണ് തീരദേശ ഹൈവേ കടന്നുപോകുന്നത്. കൊല്ലം, വിഴിഞ്ഞം, വല്ലാർപാടം എന്നീ പ്രധാന തുറമുഖങ്ങളെയും നിരവധി ചെറിയ തുറമുഖങ്ങളെയും ബന്ധപ്പെടുത്തിയാണ് നിർമ്മാണം. പൊതു ഗതാഗതത്തിനൊപ്പം തീരദേശ വികസനം, വിനോദസഞ്ചാരം, ചരക്കുനീക്കം എന്നീ കാര്യങ്ങൾ കൂടി ഉൾപ്പെടുന്നതാണ് പദ്ധതി.

Eng­lish summary;Coastal High­way land acqui­si­tion to be expe­dit­ed: Min­is­ter Moham­mad Riyaz

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.