Web Desk

കൊൽക്കത്ത

March 01, 2021, 6:45 pm

കൊക്കെയ്ൻ കേസ്: ഒരു ബിജെപി പ്രവർത്തകൻ കൂടി അറസ്റ്റിൽ

അന്വേഷണം പ്രമുഖ നേതാക്കളിലേക്ക്
Janayugom Online

ബംഗാളിലെ വിവാദമായ കൊക്കെയ്ൻ കേസിൽ അന്വേഷണം പ്രമുഖരായ ബിജെപി നേതാക്കളിലേക്ക് നീളുന്നു. കേസിൽ ഒരു ബിജെപി പ്രവർത്തകൻ കൂടി കൊൽക്കത്ത പൊലീസിന്റെ പിടിയിലായി. നിലവിൽ യുവമോർച്ച വനിതാ നേതാവ് പമേല ഗോസ്വാമി ഉൾപ്പെട്ട കൊക്കെയ്ൻ കേസിൽ ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും ബസ്തി (ചേരി) സെല്ലിന്റെ കൺവീനറുമായ രാകേഷ് സിങിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 

രാകേഷ് സിങുമായി ബന്ധമുള്ള അമൃത് സിങ് എന്ന പ്രവർത്തകനെയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ അലിപോറ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണവുമായി ബന്ധപ്പെട്ട് ബിഹാർ, ഒഡിഷ, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് 12 പേരെയും പശ്ചിമ ബംഗാളിൽ നിന്ന് 11 ഓളം പേരെയും ഇതുവരെ ചോദ്യം ചെയ്തു. 

ഫോൺ കോൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഉന്നതരുടെ പേരുകൾ കണ്ടെത്തിയിട്ടുണ്ട്. രാകേഷ് സിങും ഗോസ്വാമിയും ഇവരുമായി ബന്ധപ്പെട്ടിരുന്നു. കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായിട്ടുണ്ട്. വരും ദിവസങ്ങളിൽ കേസുമായി ബന്ധപ്പെട്ട് കുടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
യുവമോർച്ച സംസ്ഥാന സെക്രട്ടറിയും 23 കാരിയുമായ പമേല ഗോസ്വാമിയെ പത്തുലക്ഷം വിലമതിക്കുന്ന 100 ഗ്രാം കൊക്കെയ്ൻ കൈവശം വച്ചതിനാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായതിന് പിറ്റേന്ന് രാകേഷ് സിങ് തന്നെ കുടുക്കാൻ ഗൂഢാലോചന നടത്തിയെന്ന് പമേല ഗോസ്വാമി ആരോപിച്ചിരുന്നു.അതേസമയം യുവമോർച്ച നേതാവിന്റെ അറസ്റ്റ് തെരഞ്ഞെടുപ്പിൽ ബിജെപിയെ പ്രതികൂലമായി ബാധിച്ചേക്കും.
eng­lish summary;Cocaine case: Anoth­er BJP activist arrested
you may also like this video;