Monday
18 Feb 2019

സമകാലീനതയുടെ നേര്‍ചിത്രങ്ങളായി സുരേഷിന്റെ കലാസൃഷ്ടി

By: Web Desk | Friday 4 January 2019 10:35 PM IST

കൊച്ചി: ഇരുട്ടു നിറഞ്ഞ മുറിയില്‍ അലോസരപ്പെടുത്തുന്ന ശബ്ദത്തോടെ നിലത്ത് കുത്തുന്ന മുളവടികള്‍, ബഹുവര്‍ണ്ണമില്ലാതെ വെളുത്ത നിറമുള്ള മയില്‍. കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്റെ പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ കാണികളെ ഏറെ ചിന്തിപ്പിക്കുന്ന പ്രതിഷ്ഠാപനമാണ് ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബി വി സുരേഷിന്റേത്.
തികച്ചും രാഷ്ട്രീയമായ പ്രമേയം യന്ത്രങ്ങളുടെ സഹായത്തോടെ ഏറെ കൗതുകകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സുരേഷ്. ‘കെയിന്‍ ഓഫ് റാത്ത്’ (ശപിക്കപ്പെട്ട വടികള്‍) എന്ന യന്ത്രവത്കൃത കലാ പ്രതിഷ്ഠാപനം വലതുപക്ഷ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്നതാണ്.
മുള, ചൂല്, തുണി എന്നിവയിലൂടെയാണ് സുരേഷ് തന്റെ കലാസൃഷ്ടി നിര്‍മ്മിച്ചിരിക്കുന്നത്. വലിയ ഹാളിന് ചുറ്റും ചെറിയ മോട്ടോറുമായി നേര്‍ത്ത കമ്പികള്‍ വഴി മുള ബന്ധിപ്പിച്ച് നിറുത്തിയിരിക്കുന്നു. നിശ്ചിത ഇടവേളകളില്‍ ഇത് നിശബ്ദതയെ ഭേദിച്ച് നിലത്ത് കുത്തുന്നു. ഇതോടൊപ്പം വലിയൊരു ചൂല് നിലം വൃത്തിയാക്കുകയും ചെയ്യുകയാണ്. കൂടാതെ അവ്യക്തമായ വീഡിയോയിലൂടെ വര്‍ത്തമാനകാല രാഷ്ട്രീയ പാര്‍ട്ടികള്‍ വെറുപ്പ് പരത്തുന്നതിനെയും ചിത്രീകരിച്ചിരിക്കുന്നു. സമകാലീന രാഷ്ട്രീയത്തിന്റെ അസംബന്ധങ്ങളാണ് ഈ സൃഷ്ടിയിലൂടെ വരച്ചു കാട്ടാന്‍ ശ്രമിച്ചതെന്ന് ബി വി സുരേഷ് പറഞ്ഞു.
വെളുത്ത മയിലാണ് സുരേഷിന്റെ സൃഷ്ടിയുടെ പ്രധാന ഘടകം. ബഹുവര്‍ണമുള്ള മയിലാണ് ഭാരതത്തിന്റെ ദേശീയ പക്ഷി. എന്നാല്‍ ഇന്ന് മയിലിനെ ഏകവര്‍ണമാക്കാന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നു. രാജ്യത്തിന്റെ നാനാത്വം ഇല്ലാതാക്കുന്നത് ഇതിലൂടെ പ്രതീകവത്കരിക്കുകയാണ് സുരേഷ്.
ബംഗ്‌ളൂര്‍ സ്വദേശിയായ ബി വി സുരേഷ് ഹൈദരാബാദ് സര്‍വകലാശാലയിലെ അധ്യാപകനാണ്.
ലണ്ടനിലെ റോയല്‍ കോളജ് ഓഫ് ആര്‍ട്ടില്‍ നിന്നാണ് അദ്ദേഹം ഫൈന്‍ ആര്‍ട്ട്‌സ് ബിരുദം കരസ്ഥമാക്കിയത്.