June 5, 2023 Monday

പാറ്റ ഒരു ഭീകരനല്ല, പാറ്റ വിചാരിച്ചാൽ നല്ല അസ്സല് ജൈവ പച്ചക്കറി കിട്ടും !

Janayugom Webdesk
December 29, 2019 5:45 pm

തിരുവനന്തപുരം: നമ്മൾ എല്ലാവരും ശല്യക്കാരൻ എന്ന രീതിയിൽ കാണുന്ന ഒന്നാണ് പാറ്റ. എന്നാൽ പാറ്റ ആളൊരു നിസ്സാരക്കാരനല്ല. വളരെയേറെ ചരിത്ര പാരമ്പര്യമുള്ള ഒരു ജീവിയാണ് പാറ്റ. നമുക്കും മുൻപേ ഈ ഭൂമുഖത്ത് ഉത്ഭവിച്ചവയാണ് ഇവ. ജുറാസിക് കാലം മുതൽക്കേ ഇവ ഈ ഭൂമിയിൽ കാണപ്പെട്ടിരുന്നു.

ഇത് കൂടാതെ പാറ്റ അത്ര നിസ്സാരക്കാരനല്ലെന്ന് തെളിയിക്കുകയാണ് കുവൈറ്റ് ഭാരതീയ വിദ്യാഭവനിലെ ശ്രേയ. നമ്മൾ മികച്ച ജൈവ വളമെന്ന് കരുതുന്ന ചാണകത്തെയും മണ്ണിര കമ്ബോസ്റ്റിനെയും കടത്തിവെട്ടാൻ പാറ്റക്ക് കഴിയുമെന്ന് ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ വേദിയിൽ ഈ 11-ാം ക്ലാസുകാരി അവതരിപ്പിച്ച പ്രബന്ധത്തിൽ സ്ഥാപിക്കുന്നു.

ചാണകത്തെക്കാളും മണ്ണിര കമ്ബോസ്റ്റിനെക്കാളും മൂന്നിരട്ടി പ്രോട്ടീനും ലവണാംശവും പാറ്റയെ ഉണക്കിപൊടിച്ച വളത്തിനുണ്ടാകുമെന്ന് ശ്രേയ പറയുന്നു. പ്രെട്രോളിയം ജെല്ലിയുള്ള കുപ്പിയിൽ ഭക്ഷണം വെച്ചാണ് പാറ്റയെ ആകർഷിക്കുക. കുപ്പിയിൽ കുടുങ്ങുന്ന പാറ്റയെയാണ് ഉണക്കി വളമാക്കുന്നത്.

കൂടാതെ വീട്ടിലെ പാറ്റ ശല്യം അകറ്റാനും ശ്രേയയുടെ കൈയ്യിൽ വഴിയുണ്ട്. വഴനയിലയും നാരങ്ങയും ഉണക്കിപ്പൊടിച്ച് സ്റ്റാർച്ച് ചേർത്ത് ഉണ്ടാക്കുന്ന ഉരുളകൾ പാറ്റശല്യമുള്ള ഇടങ്ങളിൽ നിക്ഷേപിച്ചാൽ പാറ്റയുടെ സാന്നിധ്യം ഒഴിവാക്കാനാകും. കുടിവെള്ളത്തിൽ ഉണ്ടാകുന്ന ഇ‑കോളി ബാക്ടീരിയയെ ഒഴിവാക്കാനും ഇവക്ക് കഴിയുമെന്ന് ശ്രേയ പറയുന്നു. ഇതിനുവേണ്ട ശാസ്ത്രീമായ റിപ്പോർട്ടുകൾ കുവൈറ്റ് യൂണിവേഴ്സിറ്റി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അധ്യാപകരായ സെന്തിൽ, പ്രിയ ലക്ഷ്മി എന്നിവരുടെ മാർഗനിർദേശത്തിലാണ് ശ്രേയ പഠനം പൂർത്തിയാക്കിയത്. കുവൈറ്റ് എയർവെയിസിലെ ഉദ്യോഗസ്ഥനായ അരുൺകുമാറിന്റെയും കുവൈറ്റ് ഇന്ത്യൻ സെൻട്രൽ സ്കൂൾ അധ്യാപികയായ വർഷയുടെയും മകളാണ് ശ്രേയ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.