Friday
06 Dec 2019

നാളികേര കൃഷി 9.5 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കല്‍ ലക്ഷ്യം

By: Web Desk | Tuesday 5 February 2019 10:35 PM IST


coconut

തിരുവനന്തപുരം: അടുത്ത പത്തുവര്‍ഷം കൊണ്ട് സംസ്ഥാനത്തെ നാളികേര കൃഷി 9.5 ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാന്‍ ഉദ്ദേശിക്കുന്നതായി മന്ത്രി വി എസ് സുനില്‍കുമാര്‍ നിയമസഭയെ അറിയിച്ചു. നാളികേര കൃഷി വിസ്തൃതി ഓരോവര്‍ഷവും കുറഞ്ഞുവരുന്നുവെന്നത് വസ്തുതയാണ്. ഇത് പരിഹരിക്കുന്നതിനാണ് നാളികേര വികസന കൗണ്‍സില്‍ പത്തുവര്‍ഷത്തെ പദ്ധതി തയ്യാറാക്കുന്നത്. എല്ലാ വാര്‍ഡുകളിലും 75 പുതിയ തെങ്ങിന്‍ തൈകള്‍ നട്ടുപിടിപ്പിക്കും. ഉത്പാദന ക്ഷമതയില്ലാത്ത തെങ്ങുകള്‍ മുറിച്ചുമാറ്റും. കേരകൃഷിയുള്ള ആറു ജില്ലകളിലാണ് ഇപ്പോള്‍ കേര ഗ്രാമം പദ്ധതി നടപ്പാക്കുന്നത്. ഇവ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിക്കും. നാളികേര വികസന കൗണ്‍സിലിന്റെ പ്രവര്‍ത്തനം വാര്‍ഡ് തലങ്ങളിലേക്ക് വ്യാപിപ്പിക്കും.പച്ചതേങ്ങയുടെ വില കിലോക്ക് 25 രൂപയില്‍ താഴുന്ന ഘട്ടങ്ങളില്‍ താങ്ങുവില ഏര്‍പ്പടുത്തി കേരഫഡിന് കീഴിലുള്ള 900 സൊസൈറ്റികളും, കൃഷി ഓഫീസുകളും വഴി സംഭരിക്കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജൈവ രീതിയില്‍ നിരവധി മാര്‍ഗങ്ങള്‍ പരീക്ഷിച്ചെങ്കിലും സംസ്ഥാനത്ത് മണ്ഡരി ബാധ പൂര്‍ണമായി നീക്കംചെയ്യാനായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു. മണ്ഡരി രോഗത്തെ പ്രതിരോധിക്കുന്ന തെങ്ങുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ വിത്തുകള്‍ സംഭരിച്ച് കൃഷി വ്യാപിപ്പിക്കും.
കാലാവസ്ഥ വ്യതിയാനത്തിനനുസരിച്ച് കൃഷിചെയ്യാവുന്ന പുതിയ വിളകള്‍ കണ്ടെത്തുന്നതിന് കൂടുതല്‍ പഠനം നടത്തുമെന്നും കൃഷിമന്ത്രി നിയമസഭയെ അറിയച്ചു. ഡ്രാഗണ്‍ ഫ്രൂട്ട് ഹോര്‍ട്ടി കോര്‍പ്പ് പ്രോത്സാഹിപ്പിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ കൃഷി ചെയ്തിരുന്ന റമ്പൂട്ടാന്‍ പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ വ്യാപകമായ തോതില്‍ കൃഷി ചെയ്യുന്നുണ്ട്. മാംഗോസ്റ്റിന്‍ 100 ഹെക്ടറില്‍ കൃഷിയുണ്ട്. ചിയ എന്ന ചെറുധാന്യം 50 ഏക്കറില്‍ വിജയകരമായി കൃഷി ചെയ്തു. 60-90 ദിവസത്തിനുള്ളില്‍ വിളവെടുക്കാവുന്ന ചെറുധാന്യങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആസിയാന്‍ കരാറിനെ തുടര്‍ന്ന് കേരളത്തിന്റെ കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ സംഭവിച്ച വിലയിടിവ് പരിഹരിക്കുന്നതിന് തനത് ഉത്പന്നങ്ങളെ പ്രത്യേക ബ്രാന്‍ഡായി അവതരിപ്പിക്കും. കേരളത്തിലെ അതേ ഉത്പന്നങ്ങള്‍ കുറഞ്ഞ ചെലവില്‍ കൃഷി ചെയ്ത് കുറഞ്ഞ വിലയില്‍ ആസിയാന്‍ രാജ്യങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ എത്തിക്കുന്നതാണ് കേരളത്തിന് തിരിച്ചടിയായത്. കരാറിന്റെ ഭാഗമായി തുടരുന്നതോടൊപ്പം തന്നെ ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നീക്കങ്ങളാണ് കൃഷി വകുപ്പ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.