Janayugom Online
coconut

പച്ചത്തേങ്ങ സംഭരണവും കൊപ്രസംഭരണവും പുനരാരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍

Web Desk
Posted on June 14, 2019, 2:43 pm

തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചത്തേങ്ങ സംഭരണവും കൊപ്രസംഭരണവും സര്‍ക്കാര്‍ പുനരാരംഭിക്കുന്നു. പച്ചത്തേങ്ങയുടെ വില 27 രൂപയായി കുറഞ്ഞ സാഹചര്യത്തിലാണ് സംഭരണം നടത്താന്‍ തീരുമാനിച്ചത്. ഇത്തവണത്തെ പച്ചത്തേങ്ങ സംഭരണം 26ന് മുമ്പ് ആരംഭിക്കുമെന്ന് കൃഷി മന്ത്രി വിഎസ്‌സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കിലോഗ്രാമിന് 25 രൂപ താങ്ങുവിലയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. 27 രൂപ തന്നെ കര്‍ഷകര്‍ക്ക് താങ്ങ്വില നല്‍കുന്ന കാര്യം ധനകാര്യമന്ത്രിയുമായി ചര്‍ച്ച ചെയ്തു തീരുമാനിക്കും.
കേരഫെഡിന്റെ സൊസൈറ്റികള്‍ വഴിയായിരിക്കും സംഭരണം. ഈ സൊസൈറ്റികളെ തീരുമാനിക്കുന്നതിനായി ജില്ലാതല കമ്മിറ്റി രണ്ടു ദിവനസത്തിനകം ചേരും. ആദ്യ ഘട്ടസംഭരണത്തില്‍ അപാകത വരുത്തിയതായി കണ്ടെത്തിയ സൊസൈറ്റികളെ ഒഴിവാക്കിക്കൊണ്ടായിരിക്കും പുതിയ പട്ടിക തയ്യാറാക്കുക. സംഭരിക്കുന്ന തേങ്ങ സൊസൈറ്റികള്‍ സംസ്‌കരിച്ച് കൊപ്രയാക്കി നാഫെഡിന് കൈമാറും. ഇറക്കുകൂലി, ഗതാഗതം, കൈകാര്യം ചെയ്യുന്നതിനുള്ള കൂലി എന്നീ ഇനങ്ങളില്‍ 400 രൂപ സൊസൈറ്റികള്‍ക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനതല കമ്മിറ്റിയായിരിക്കും വിവിധ ഘടകങ്ങളുടെ തുക നിശ്ചയിക്കുന്നതും മാനദണ്ഡങ്ങള്‍ തീരുമാനിക്കുന്നതും. കാര്‍ഷികോത്പദന കമ്മിഷണര്‍ ചെയര്‍മാനായും കൃഷിഡയറക്ടര്‍ സെക്രട്ടറിയായുമുള്ള കമ്മിറ്റിയില്‍ നാഫെഡ്, കേരഫെഡ്, നാളികേര വികസന കോര്‍പ്പറേഷന്‍, സഹകരണ വകുപ്പ് രജിസ്ട്രാര്‍ എന്നിവര്‍ അംഗങ്ങളായിരിക്കും.
സംസ്ഥാനത്തെ 370 കൃഷിഭവനുകളിയായിരുന്നു ആദ്യഘട്ടത്തില്‍ സംഭരണം നിലനിന്നിരുന്നത്. ഇവിടെ നിലവിലുള്ള കേരഫെഡിന്റെ സൊസൈറ്റികളിലൂടെ പുര്‍ണ്ണമായും സംഭരണം പുനരാരംഭിക്കുകയും മറ്റു പ്രദേശങ്ങളില്‍ കൂടി തെരഞ്ഞെടുക്കപ്പെടുന്ന ഏജന്‍സികള്‍ വഴി സംഭരണം പുതുതായി തുടങ്ങുകയും ചെയ്യുവാനാണ് സര്‍ക്കാര്‍ തീരുമാനം.
നാഫെഡ് നിശ്ചയിച്ചിട്ടുള്ള കൊപ്രയുടെ താങ്ങുവിലയായ 95.21 രൂപയ്ക്ക് തന്നെ കേരഫെഡ്, നാളികേര വികസന കോര്‍പ്പറേഷന്‍ എന്നിവ മുഖാന്തിരം കൊപ്ര സംഭരിക്കുമെന്ന് മന്ത്രി പറഞ്ഞു. ദേശീയതലത്തില്‍ നാഫെഡ് ആണ് കൊപ്ര സംഭരണത്തിന്റെ ഏജന്‍സി. പച്ചത്തേങ്ങ കൊണ്ട് വരുന്ന കര്‍ഷകര്‍ക്ക് സൊസൈറ്റികള്‍ മുഖാന്തിരം അവ സംസ്‌കരിച്ച് കൊപ്രയാക്കി കേരഫെഡ് വഴി നാഫെഡിന് നല്‍കുവാനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
നാഫെഡിന്റെ സംഭരണത്തില്‍ തടസ്സം നേരിട്ടാല്‍പ്പോലും സംസ്ഥാനത്തിലെ നോഡല്‍ ഏജന്‍സികളായ കേരഫെഡ്, നാളികേര വികസന കോര്‍പ്പറേഷന്‍ എന്നിവ വഴി സംഭരണം മുടങ്ങാതെ നടപ്പിലാക്കുവാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് തെങ്ങുകൃഷി വ്യാപനത്തിനായി സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേര കേരളം സമൃദ്ധ കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 22ന് കോഴിക്കോട് നിര്‍വഹിക്കും.ഘട്ടം ഘട്ടമായി വരുന്ന പത്ത് വര്‍ഷം കൊണ്ട് നാളികേര വിസ്തൃതി, ഉത്പാദനം, ഉത്പാദനക്ഷമത, മൂല്യവര്‍ദ്ധനവ് എന്നിവ വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് നാളികേര വികസന കൗണ്‍സില്‍ സംസ്ഥാനത്ത് രൂപീകരിച്ചതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.
2019 മുതല്‍ 2029 വരെയുള്ള കാലയളവില്‍ രണ്ടു കോടി തെങ്ങിന്‍തൈകള്‍ വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം. ഒന്നാംഘട്ടത്തില്‍ 500 പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡുകളിലും 75 തെങ്ങിന്‍തൈകള്‍ വീതം സൗജന്യനിരക്കില്‍ വച്ചുപിടിപ്പിക്കും. തെങ്ങിന്‍തൈയുടെ വിലയുടെ 50 ശതമാനം കര്‍ഷകര്‍ അടച്ചാല്‍ മതി. നാളികേര വികസന കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. സിപിസിആര്‍ഐ, കാര്‍ഷിക സര്‍വകലാശാല, കൃഷിവകുപ്പിന്റെ ഫാമുകള്‍ എന്നിവ മുഖേന തൈ ഉത്പാദനം നടത്താന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. 60 ശതമാനം നാടന്‍ തെങ്ങുകള്‍, 20 ശതമാനം പൊക്കം കുറഞ്ഞവ, 20 ശതമാനം ഹൈബ്രീഡ് എന്ന അനുപാതത്തിലാവും തെങ്ങിന്‍തൈകള്‍ നട്ടുപിടിപ്പിക്കുക. തൃശൂര്‍, പൊന്നാനി എന്നിവിടങ്ങളിലെ കോള്‍പാടങ്ങളുടെ ബണ്ടുകളില്‍ 25,000 തെങ്ങിന്‍തൈകള്‍ മാതൃകാ തോട്ടമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ നടും. വച്ചുപിടിപ്പിക്കുന്ന തെങ്ങുകള്‍ പരിപാലിക്കുന്നതിന് നാളികേര വികസന കൗണ്‍സില്‍ പഞ്ചായത്തുതലം വരെ സംവിധാനം ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു. ആദ്യഘട്ടമായി നിലവില്‍ കേരഗ്രാമം പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുളള പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട മറ്റു പഞ്ചായത്തുകളിലുമായി വാര്‍ഡൊന്നിന് 50 ശതമാനം സബ്‌സിഡിയോടുകൂടി 75 തെങ്ങിന്‍തൈകള്‍ വിതരണം ചെയ്യുക. ആകെ ഏഴ് ലക്ഷം തെങ്ങിന്‍ തൈകളാണ് ഈ വര്‍ഷം വിതരണത്തിന് തയ്യാറായിട്ടുളളതെന്നും മന്ത്രി അറിയിച്ചു.

YOU MAY ALSO LIKE THIS