കെ.രംഗനാഥ്

ദുബായ്:

June 22, 2020, 10:59 pm

യുഎഇ മരുഭൂമികളില്‍ ഇനി കാപ്പിത്തോട്ടങ്ങള്‍, ഗോതമ്പുപാടങ്ങള്‍

Janayugom Online

കെ.രംഗനാഥ്

കൊറോണക്കാലം ഭക്ഷ്യ സ്വയംപര്യാപ്തതാ യജ്ഞങ്ങളുടെ കാലമാക്കി മാറ്റുന്ന യുഎഇ ലോകത്തെ കാര്‍ഷിക ശാസ്ത്രജ്ഞരുടെ പ്രശംസ. ഷാര്‍ജാ മരുഭൂമി വിശാലമായ വയലേലയാക്കി കൊയ്ത്തുല്‍സവവും നടത്തിയ വാര്‍ത്ത ‘ജനയുഗം’ ഈയടുത്ത് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജബേല്‍ അലിയിലെ വരണപര്‍വത നിരകളില്‍ വിജയകരമായി സാല്‍മണ്‍ മത്സ്യകൃഷി നടത്തുന്നതോടൊപ്പം പച്ചക്കറി കൃഷി ചെയ്യുന്ന നൂറുകണക്കിനു അത്യാധുനിക ഫാമുകളും തുടങ്ങിയിട്ടുണ്ട്. ഇലക്കറികള്‍, കിഴങ്ങുവര്‍ഗങ്ങള്‍, പഴങ്ങള്‍ എന്നിവയുടെ ഫാമുകളിലെ ഉല്പാദനക്ഷമത ലോകോത്തരമെന്നു തെളിഞ്ഞുകഴിഞ്ഞു.

ധാരാളം കടലോരമുണ്ടെങ്കിലും യുഎഇ മത്സ്യത്തിന്റെ 70 ശതമാനവും ഇറമുക്കുമതിയെയാണ് ആശ്രയിക്കുന്നത്. കോവിഡിനിടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വ്യത്യസ്ത ഉല്പന്നങ്ങളുടെ ഇറക്കുമതിയില്‍ കടുത്ത മാന്ദ്യം അനുഭവപ്പെടുന്നതിനാലാണ് ഭക്ഷ്യ സ്വയംപര്യാപ്തതയില്‍ ഊന്നല്‍ നല്കുന്ന പദ്ധതികളുമായി രാജ്യം മുന്നോട്ടുപോകുന്നതെന്ന് കാര്‍ഷിക വികസന, ആരോഗ്യകാര്യ, കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി കാര്യാലയങ്ങളുടെ ഡയറക്ടര്‍ മുഹമ്മദ അല്‍ ധന്‍ഹാനി വ്യക്തമാക്കി. 60 രാജ്യങ്ങളുമായി സഹകരിച്ചാണ് യുഎഇ മരുഭൂമികളെ കൃഷിഭൂമികളാക്കുന്ന കാര്‍ഷികവിപ്ലവത്തിന് നിലമൊരുങ്ങിയിരിക്കുന്നത്. കാര്‍ഷികമേഖലയില്‍ നിക്ഷേപം നടത്താന്‍ അനേകം രാജ്യങ്ങളും മുന്നോട്ടു വന്നിട്ടുണ്ട്.

ഉഷ്ണകാലത്ത് താപനില 45 ഡിഗ്രി വരെ ഉയരുന്ന മരുഭൂമികള്‍ കൃഷിയോഗ്യമാക്കാന്‍ അത്യാധുനിക ജലസേചന സങ്കേതങ്ങളാണ് പ്രയോജനപ്പെടുത്തുക. മരുഭൂമികള്‍ക്ക് അന്യമായ കാപ്പി, ഗോതമ്പ് എന്നിവയുടെ കൃഷിയും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. ഒരുപക്ഷേ ലോകത്ത് ആദ്യമായാണ് മരുഭൂമി ഗോതമ്പുപാടങ്ങളും കാപ്പിത്തോട്ടങ്ങളുമാവുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

ENGLISH SUMMARY: Cof­fee plan­ta­tions and wheat farms in UAE deserts

YOU MAY ALSO LIKE THIS VIDEO