Web Desk

കോയമ്പത്തൂര്‍

February 20, 2020, 3:13 pm

കോയമ്പത്തൂർ അപകടം; മരിച്ചവരിൽ 18 പേരും മലയാളികൾ, എല്ലാവരെയും തിരിച്ചറിഞ്ഞു

Janayugom Online

തമിഴ്‌നാട്ടില്‍ അവിനാശിയില്‍ ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. മരിച്ചവരിൽ 18 പേരും മലയാളികളാണ്. എല്ലാവരെയും തിരിച്ചറിഞ്ഞു. 15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. 10 പേര്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. അഞ്ചു പേരുടെ പോസ്റ്റ്മോർട്ടം കഴിഞ്ഞു. ബാക്കിയുള്ളവരുടെ പോസ്റ്റ്മോർട്ടം നടപടികൾ തുടരുകയാണ്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ 20 ആംബുലൻസുകൾ കേരള സർക്കാർ തിരുപ്പൂരിലേക്ക് അയച്ചു. ബസിന്റെ 12 സീറ്റുകളോളം ഇടിച്ചു തകര്‍ന്ന നിലയിലാണ്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് അപകടമുണ്ടായത്.

എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോഷാന, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ (39), ഗോപിക ടി. ജി (25) എറണാകുളം, എം. സി. മാത്യു (30) എറണാകുളം, തങ്കച്ചൻ കെ. എ (40) എറണാകുളം, ജോഫി പോൾ സി. (30) തൃശൂർ, മാനസി മണികണ്ഠൻ (25) എറണാകുളം, അനു കെ. വി (25) തൃശൂർ, ശിവശങ്കർ പി. (30) എറണാകുളം), ബിനു ബൈജു (17) എറണാകുളം, കർണാടകയിലെ തുംകൂർ സ്വദേശി കിരൺ കുമാർ എം. എസ് (33) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്പാവൂർ വലവനത്ത് വീട്ടിൽ വി. ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി. ആർ. ബൈജു (42) എന്നിവരും മരിച്ചു.

അപകടത്തിൽ ഇരുപതോളം പേർക്കു പരുക്കേറ്റു. പരുക്കറ്റവരുടെ ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആദ്യ പരിഗണന ചികിത്സ ലഭ്യമാക്കലിനാണ്. കോയമ്പത്തൂരിൽ നിന്ന് നാട്ടിലെത്താൻ താൽപര്യമുള്ളവരെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ രണ്ട് മന്ത്രിമാരെ ഉടനടി തിരുപ്പൂരിലേക്ക് അയച്ചു. ഗതാഗതമന്ത്രി എ കെ ശശീന്ദ്രനും കൃഷി മന്ത്രി വിഎസ് സുനിൽ കുമാറും സ്ഥലത്ത് എത്തിച്ചേർന്നു. പ്രത്യേക മെഡിക്കൽ ടീമിനെ അയക്കാൻ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, കോയമ്പത്തൂർ അവിനാശി ബസ് അപകടത്തിനിരയാക്കിയ ലോറി ഡ്രൈവർ കീഴടങ്ങി. പാലക്കാട് സ്വദേശി ഹേമരാജാണ് കീഴടങ്ങിയത്. കടവന്ത്രയിൽ പ്രവർത്തിക്കുന്ന കോസ്റ്റ ഷിപ്പിംഗ് എന്ന കമ്പനിയുടേതാണ് ലോറി. ഒരു വർഷം മുൻപ് രജിസ്റ്റർ ചെയ്ത പുതിയ ലോറിയാണ് അപകടം ഉണ്ടാക്കിയത്. വല്ലാർപാടം ടെർമിനലിൽ നിന്നും ടൈൽ നിറച്ചു പോകുന്നതിനിടെയാണ് ലോറി അപകടത്തിൽപെട്ടത്.

അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിലാക്കുന്നതിനും മ്യതശരീരങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനും ആവശ്യമായ സജീകരണങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് തമിഴ്‌നാട് ഡിജിപിയും കോയമ്പത്തൂർ സിറ്റി പോലീസ് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിക്ക് ഉറപ്പ് നല്കി. അപകടവിവരം അറിഞ്ഞയുടൻ തന്നെ സംസ്ഥാന പോലീസ് മേധാവി തമിഴ്‌നാട്ടിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ഫോണിൽ സംസാരിച്ച് സഹായം അഭ്യർത്ഥിച്ചിരുന്നു. അപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളെ സംസ്ഥാന പോലീസ് മേധാവി അനുശോചനം അറിയിച്ചു.

Eng­lish Sum­ma­ry; coim­bat­ore ksrtc acci­dent followup

YOU MAY ALSO LIKE THIS VIDEO