കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം ഉടൻ

Web Desk
Posted on October 18, 2019, 10:59 pm

ആർ ബാലചന്ദ്രൻ

ആലപ്പുഴ: കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം പൊതുമരാമത്ത് വകുപ്പ് അംഗീകരിച്ചതോടെ ഇവയുടെ ഉൽപ്പാദനം വർധിപ്പിക്കാനൊരുങ്ങി കയർ കോർപ്പറേഷൻ. ആവശ്യമുള്ള കയർ ഭൂവസ്ത്രങ്ങളുടെ വിതരണത്തിനായി കയർ കോർപ്പറേഷനെയാണ് പൊതുമരാമത്ത് വകുപ്പ് നോഡൽ ഏജൻസിയായി തീരുമാനിച്ചിരിക്കുന്നത്. കേരളത്തിന് പുറമേ കേന്ദ്ര പൊതുമരാമത്ത് മന്ത്രാലയവുമായി കയർകോർപ്പറേഷൻ ഇതുമായി ബന്ധപ്പെട്ട് ധാരണാപത്രം ഒപ്പിട്ടിരുന്നു. കേന്ദ്ര റോഡ് വകുപ്പിന് 40,0000 സ്ക്വയർ മീറ്റർ കയർ ഭൂവസ്ത്രം നൽകാമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇത് യാഥാർത്ഥ്യമായാൽ സ്വകാര്യ മേഖലയടക്കം യന്ത്രവൽക്കൃത പിരിമേഖലയിലെ കയര്‍ വിറ്റഴിക്കാന്‍ പ്രയാസമുണ്ടാവില്ലെന്നാണ് കയർ വകുപ്പ് കണക്കാക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുമായി മൂന്ന് മാസത്തിന് മുൻപാണ് കയർകോർപ്പറേഷൻ ധാരണപത്രം കൈമാറിയതെന്ന് കയർകോർപ്പറേഷൻ ചെയർമാൻ ടി കെ ദേവകുമാർ ജനയുഗത്തോട് പറഞ്ഞു. കയർഭൂവസ്ത്രം ഉപയോഗിച്ച് റോഡ് നിർമ്മിക്കാൻ സംസ്ഥാനം തയ്യാറെടുക്കുന്നതായി അറിഞ്ഞതോടെ കേന്ദ്ര സർക്കാരും താൽപ്പര്യം പ്രകടിപ്പിച്ച് കയർകോർപ്പറേഷനെ സമീപിക്കുകയായിരുനന്നു. പിന്നീട് കയർകോർപ്പറേഷൻ അധികൃതരെ ഡൽഹിയിക്ക് ക്ഷണിച്ചാണ് കേന്ദ്ര പൊതുമരാമത്ത് മന്ത്രാലയം ധാരണാപത്രം ഒപ്പിട്ടത്.

ഭരണ‑സാങ്കേതിക അനുമതികൾക്കും കരാറുമായി ബന്ധപ്പെട്ടുള്ള നടപടികൾക്കുമായി കയർകോർപ്പറേഷൻ കാത്തിരിക്കുകയാണ്. കയർ ഭൂവസ്ത്രം ഉപയോഗിച്ചുള്ള റോഡ് നിർമ്മാണം വളരെ ഫലപ്രദമാണെന്ന വിദഗ്ധരുടെ വിലയിരുത്തലിന് ശേഷമാണ് ഈ രീതി പരീക്ഷിക്കാൻ സംസ്ഥാന പൊതുമാരമത്ത് വകുപ്പ് തീരുമാനിച്ചത്. ആലപ്പുഴ കൈനകരിയിൽ റോഡ് നിർമ്മിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു. റോഡിന് 10 വർഷംകഴിഞ്ഞിട്ടും തകരാർ ഇല്ലെന്നും പൊതുമരാമത്ത് വകുപ്പ് കണ്ടെത്തിയിരുന്നു. റോഡ് നിർമ്മാണ ഘട്ടത്തിൽ രണ്ട് ഭാഗമായാണ് കയർഭൂവസ്ത്രം ഉപയോഗിക്കുന്നത്. കയർ ഭൂവസ്ത്രം ഉപയോഗിച്ച് നിർമ്മിച്ച റോഡുകൾ താഴേക്ക് ഇരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകില്ലെന്നും ഭാരമേറിയ വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്നുമാണ് സാങ്കേതികപരമായ പ്രത്യേകത. കയർ ഭൂവസ്ത്രത്തിന് ആവശ്യം വർധിച്ചാൽ നിലവിലെ കയർവ്യവസായ രംഗത്തെ പ്രതിസന്ധികൾ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷ. റോഡ് നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്ന കയര്‍ഭൂവസ്ത്രത്തിന് കയര്‍ വകുപ്പിന്റെ കീഴിലുള്ള സാങ്കേതിക ഗവേഷണ സ്ഥാപനമായ നാഷണല്‍ കയര്‍ റിസര്‍ച്ച് ആന്റ് മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കേഷന്‍ ആവശ്യമാണ്.

കയർകോർപ്പറേഷൻ വഴി സംഭരിക്കുന്ന കയർഭൂവസ്ത്രങ്ങൾ ഇവരുടെ മേൽനോട്ടത്തിൽ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തും. ഇങ്ങനെ കർശന പരിശോധനകൾക്ക് വിധേയമായ ഉൽപ്പന്നങ്ങൾ മാത്രമേ റോഡ് നിർമ്മാണത്തിന് ഉപയോഗിക്കുാൻ നൽകൂവെന്നും ദേവകുമാർ ചൂണ്ടിക്കാട്ടി. പൊതുമരാമത്ത് വകുപ്പിൽ നിന്ന് കയർഭുവസ്ത്രങ്ങൾക്കുള്ള ഓഡർ ലഭിച്ചുകഴിഞ്ഞാൽ കയര്‍ഫെഡ്, ഫോം മാറ്റിംഗ്സ് എന്നീ പൊതുമേഖല സ്ഥാപനങ്ങളിൽ നിന്നും കയർകോർപ്പറേഷൻ നേരിട്ട് വാങ്ങും. കൂടാതെ കയർ സഹകരണ സംഘങ്ങളെ കൂടി ഉൾപ്പെടുത്തി ഗുണമേന്മയുള്ള കയർഭൂവസ്ത്രങ്ങൾ സംഭരിച്ച് ന്യായവില ഉൽപ്പാദകർക്ക് നൽകും. ചകിരി ഉൽപ്പാദനം വർധിപ്പിക്കുന്നതിനായി അത്യാധുനിക യന്ത്രങ്ങളുടെ ലഭ്യത ഉറപ്പാക്കാനും കയർവകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്.

പൊള്ളാച്ചിയിൽ നിന്നും എത്തിക്കുന്ന ചകിരിക്ക് ഗുണനിലവാരം ഇല്ലാത്തതിനാൽ കേരളത്തിൽ തന്നെ ഉൽപ്പാദിപ്പിക്കാനുള്ള ശ്രമങ്ങൾ അന്തിമഘട്ടത്തിലാണ്. മുൻപ് ഉണ്ടായിരുന്ന പ്രതിസന്ധികളിൽ നിന്നും പിടിച്ച് കയറാനുള്ള ശ്രമത്തിലാണ് കേരളത്തിലെ കയറുൽപ്പാദന രംഗം. ഉൽപ്പന്നങ്ങളിലെ വൈവിധ്യവൽക്കരണവും തൊഴിൽ ദിനം വർധിപ്പിക്കാൻ കഴിഞ്ഞതും ഈ മേഖലയെ ആകർഷണമാക്കുന്നതിനുള്ള കയർവകുപ്പിൻെറ ശ്രമങ്ങളുടെ ഫലമാണ്. കയർകോർപ്പറേഷനെ സംബന്ധിച്ച് നിലവിൽ പ്രതീക്ഷിച്ചതിലും 40 ശതമാനം അധിക വളർച്ച കൈവരിച്ച് കഴിഞ്ഞു. കയർഭൂവസ്ത്രങ്ങളുടെ ഉൽപ്പാദനം വ്യാപകമാക്കുന്നതോടെ മേഖല കൂടുതൽ അഭിവൃദ്ധിപ്പെടുമെന്നാണ് കരുതുന്നത്. വാണിജ്യാടിസ്ഥാനത്തിൽ ഇപ്പോൾ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നില്ല. മണ്ണ് സംരക്ഷണവുമായി ബന്ധപ്പെട്ടാണ് കയർഭൂവസ്ത്രം പ്രധാനമായും ഉപയോഗിക്കുന്നത്.