കയര്‍ ഫാക്ടറി തൊഴിലാളികളുടെ കുറഞ്ഞ വേതനം 594 രൂപയായി ഉയര്‍ത്തി

Web Desk
Posted on June 01, 2018, 10:35 pm

തിരുവനന്തപുരം: സംസ്ഥാനത്തെ കയര്‍ ഫാക്ടറി തൊഴിലാളികളുടെ സേവന വേതന കരാര്‍ പുതുക്കി നിശ്ചയിച്ചു. ഇനിമുതല്‍ കയര്‍ ഫാക്ടറികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ കുറഞ്ഞ വേതനം 594 രൂപയായിരിക്കും. അടിസ്ഥാന വേതനത്തില്‍ 8.18 ശതമാനം വര്‍ധനവാണ് സമിതി അംഗീകരിച്ചത്. പായ നെയ്ത്തും അനുബന്ധത്തൊഴിലും, തുടുക്ക് നെയ്ത്തും അനുബന്ധ ത്തൊഴിലും,കരാര്‍ തൊഴിലുകള്‍, ഫിനിഷിംഗ് മേഖല എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വര്‍ക്കും അടിസ്ഥാന വേതനത്തില്‍ നിന്നും 8.18 ശതമാനം വര്‍ധനവും സമിതി അംഗീകരിച്ചു. വണ്ടിചുറ്റിന് നിലവിലുള്ള കൂലിയില്‍ നിന്ന് 25 ശതമാനവും ഉണ്ടചുറ്റിന് 20 ശതമാനവും വെംബ്ലിക്ക് 10 ശതമാനവും വര്‍ധിപ്പിക്കും. കയര്‍ വ്യവസായത്തിലെ മറ്റെല്ലാ തൊഴിലുകള്‍ക്കും നാല് ശതമാനം കൂലി വര്‍ധനവുണ്ടാകും. കയര്‍ വ്യവസായ ബന്ധ സമിതി ചെയര്‍മാന്‍ ലേബര്‍ കമ്മിഷണര്‍ എ അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയില്‍ കമ്മിഷണറേറ്റില്‍ ചേര്‍ന്ന കയര്‍ വ്യവസായ ബന്ധ സമിതിയിലാണ് തീരുമാനം.
ദീര്‍ഘകാല കരാര്‍ നിലവിലുള്ള തൊഴിലാളികളുടെ കൂലി കരാര്‍ അവസാനിക്കുന്ന മുറയ്ക്ക് ചര്‍ച്ച ചെയ്ത് കൂട്ടി നല്‍കുന്നതിനും ഇവരില്‍ വര്‍ധിപ്പിച്ച കുറഞ്ഞ വേതനം ലഭിക്കാത്തവര്‍ക്ക് ഈ തുക നല്‍കുന്നതിനും സമിതി തീരുമാനിച്ചു. കയറ്റുമതി സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് 2018 ഫെബ്രുവരി ഒന്നു മുതല്‍ മെയ് 31 വരെയുള്ള കൂലി കുടിശിക ജൂണ്‍ 15നകം നല്‍കുന്നതിനും തീരുമാനമായി.
സമിതി യോഗത്തില്‍ അഡീഷണല്‍ ലേബര്‍ കമ്മിഷണര്‍( ഐ ആര്‍) എസ് തുളസീധരന്‍, തൊഴിലുടമകളെ പ്രതിനിധീകരിച്ച് വിവേക് വേണുഗോപാല്‍, വി ആര്‍ പ്രസാദ്, ജോസ് പോള്‍ മാത്യു, സാജന്‍ ബി നായര്‍, എം പി പവിത്രന്‍, എം അനില്‍ കുമാര്‍ ആര്യാട്, വി എ ജോസഫ് എന്നിവരും വിവിധ തൊഴിലാളി സംഘടനകളെ പ്രതിനിധീകരിച്ച് എം ഡി സുധാകരന്‍, പി വി സത്യനേശന്‍,( എഐടിയുസി), വി എസ് മണി, പി സുരേന്ദ്രന്‍, പി സുരേന്ദ്രന്‍ ( സിഐടിയു), അക്കരപ്പാടം ശശി, മുനമ്പത്ത് വഹാബ് (ഐഎന്‍ടിയുസി) സി എസ് രമേശന്‍ (യുടിയുസി) എന്നിവരും പങ്കെടുത്തു.