25 April 2024, Thursday

കയർ വ്യവസായ പ്രതിസന്ധി; പരിഹാരം കാണാനുള്ള ബാധ്യത സര്‍ക്കാരിനെന്ന് ടി ജെ ആഞ്ചലോസ്

Janayugom Webdesk
June 15, 2022 7:39 pm

ആലപ്പുഴ: കയർ വ്യവസായ പ്രതിസന്ധിയ്ക്ക് പരിഹാരം കാണുന്നതിൽ സർക്കാരിന് ബാദ്ധ്യതയുണ്ടെന്ന് സി പി ഐ ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് പറഞ്ഞു. സി പി ഐ, എ ഐ ടി യു സി നേതാക്കൾ കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമരം നടത്തുന്നതിന് കയർ മന്ത്രിയുടെ അനുവാദം വേണമെന്ന നിലപാട് ആലപ്പുഴയുടെ ചരിത്രം അറിയാത്തത് കൊണ്ട് നടത്തിയ പ്രതികരണമാണെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി ചുമതലയേറ്റെടുത്ത് ഒരു വർഷം കാത്തിരുന്നത്തിന് ശേഷമാണ് സമരം നടത്തുന്നതെന്ന വസ്തുത വിസ്മരിക്കരുത്. കയർ മേഖലയിലെ വിവിധ തരത്തിലുള്ള പ്രതിസന്ധികളെപ്പറ്റി നിരവധി തവണ വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ വേണ്ട രീതിയിലുള്ള പ്രതികരണം വകുപ്പ് അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല. കയർ മേഖലയെ സംരക്ഷിച്ച് നിറുത്തിയിരുന്ന പല നടപടി ക്രമങ്ങളും നിര്‍ത്തലാക്കി.

അമ്പലപ്പുഴ ‑ചേർത്തല മേഖലകളിലെ കയർ മേഖലകളിലെ പ്രശ്നത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി നിരന്തരം ഇടപെട്ടിട്ടുണ്ട്. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുന്നത് വരെ പ്രതിഷേധ സമരങ്ങളും സംഘടിപ്പിച്ചുണ്ടെന്നും അദ്ദേഹം പറഞ്ഞു. കയർ ഫാക്ടറി തൊഴിലാളികളുടെ കൂലി പുനർ നിർണ്ണയിച്ചിട്ട് നാല് വർഷം കഴിഞ്ഞു. കഴിഞ്ഞ ഓണത്തിന് ശേഷം കയർ പിരി സഹകരണ സംഘങ്ങളിൽ നിന്നും കയർ ഫെഡ് കയർ സംഭരിച്ചിട്ടില്ല. 2002 ലെ കയർ സമരത്തിലൂടെ നിർത്തലാക്കിയ ഡിപ്പോ സമ്പ്രദായം തിരിച്ചുവന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കയർ തൊഴിലാളികളുടെ സേവന- വേതന വ്യവസ്ഥകൾ പുതുക്കി നിശ്ചയിക്കുവാൻ സർക്കാരും, കയറ്റുമതിക്കാരും തയ്യാറാക്കാത്ത സാഹചര്യത്തിലാണ് സിപിഐ- എഐടിയുസി സംയുക്തമായി സമരം തീരുമാനിച്ചത്. കഴിഞ്ഞ ദിവസം വകുപ്പ് മന്ത്രി വിളിച്ചു ചേർത്ത കോൺഫറൻസിലും തൊഴിലാളികളുടെ കൂലി സംബന്ധിച്ച് തീരുമാനമെടുക്കാൻ കഴിയാതെ പിരിയുകയായിരുന്നു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ് വി മോഹൻദാസ് അദ്ധ്യക്ഷനായിരുന്നു. പി ജ്യോതിസ്, എൻ എസ് ശിവപ്രസാദ്, ഇ കെ ജയൻ, വി പി ചിദംബരൻ, ഡി പി മധു, ആർ സുരേഷ്, എൻ പി കമലാധരൻ, എം ഡി സുധാകരൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.