Janayugom Online
coir workers- janayugom

കയര്‍ കേരളയും കയര്‍ തൊഴിലാളികളുടെ കണ്ണുനീരും

Web Desk
Posted on October 05, 2017, 1:50 am

എ ശിവരാജന്‍

കേരളത്തിലെ പരമ്പരാഗത വ്യവസായങ്ങളില്‍ പ്രമുഖ സ്ഥാനമാണ് കയര്‍ വ്യവസായത്തിനുള്ളത്. നാലര ലക്ഷത്തോളം തൊഴിലാളികള്‍ ജോലി ചെയ്യുന്നുവെന്നാണ് കണക്ക്. തൊണ്ട് ശേഖരിക്കല്‍, തൊണ്ട് തല്ലല്‍, കയര്‍പിരി, നെയ്ത്ത് തുടങ്ങി മറ്റനുബന്ധ ജോലികളും ചെയ്യുന്നവരാണിവര്‍.
ബ്രീട്ടീഷുകാര്‍ ഭരണം കയ്യടക്കിയപ്പോള്‍ വിദേശ രാജ്യങ്ങളിലെ സായിപ്പന്‍മാരായ മുതലാളിമാര്‍ കേരളത്തില്‍ വന്ന് വന്‍കിട കയര്‍ ഫാക്ടറികള്‍ സ്ഥാപിക്കുകയുണ്ടായി. അമ്പലപ്പുഴ- ചേര്‍ത്തല താലൂക്കുകളിലാണ് ഫാക്ടറികള്‍ കൂടുതലും സ്ഥാപിതമായത്. ഡേറാസ്‌മെയില്‍ എംപെയര്‍, ഗുഡേക്കര്‍, ആസ്പിന്‍വാള്‍, പിയേഴ്‌സ്‌ലെസ്ലി തുടങ്ങിയ ആയിരക്കണക്കിന് തൊഴിലാളികള്‍ പണിയെടുക്കുന്ന വന്‍കിട ഫാക്ടറികള്‍. എന്നാല്‍ സ്വാതന്ത്ര്യാനന്തരം അവരെല്ലാം ബിസിനസ് ഉപേക്ഷിച്ചു മടങ്ങിപ്പോയി. പിന്നീട് വന്നത് നാടന്‍ മുതലാളിമാരാണ്. രവി കരുണാകരന്‍, മുരുകാണ്ടി പിള്ള, എന്‍ സി ജോണ്‍ തുടങ്ങിയവര്‍. ഏറെ തൊഴിലാളികളെ പിരിച്ചു വിട്ടു. അവരില്‍ ഭൂരിപക്ഷം പേരും പിരിഞ്ഞു പോയപ്പോള്‍ കിട്ടിയ ആനുകൂല്യങ്ങള്‍ കൊണ്ട് അവരവരുടെ വീടുകളില്‍ ഒന്നും രണ്ടും തറികള്‍ സ്ഥാപിച്ചു ജോലിചെയ്തു ജീവിക്കുന്ന രീതിയാണ് പിന്നീട് ഉണ്ടായത്.
മേല്‍ പറഞ്ഞ കമ്പനികളില്‍ നിന്നാണ് അവര്‍ക്ക് ആവശ്യമുള്ള ഓര്‍ഡര്‍ നല്‍കി കൊണ്ടിരുന്നത്. അവരുടെ ഉല്‍പ്പന്നങ്ങള്‍ കമ്പനി തന്നെ വിലയ്‌ക്കെടുക്കും. എന്നാല്‍ ഉല്‍പ്പാദന ചെലവിനനുസരിച്ചുള്ള വില നല്‍കിയിരുന്നില്ല. മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതിനാലും വേറെ തൊഴിലുകള്‍ അറിയാത്തതിനാലും ഈ തൊഴിലാണവര്‍ ചെയ്തു കൊണ്ടിരിക്കുന്നത്. വിലയില്‍ ഉണ്ടാകുന്ന നഷ്ടം നികത്തുന്നത് കുടുംബാംഗങ്ങളെല്ലാവരും കൂടി ജോലിയെടുത്താണ്. മറ്റു ജോലിക്കാരുണ്ടെങ്കിലും അവരും ഉല്‍പ്പന്നത്തിന് വില കിട്ടാത്തതിനാല്‍ കൂലിയും ആനുകൂല്യവും കുറച്ച് വാങ്ങിയാണ് ജോലിയെടുത്തിരുന്നത.് എങ്കിലും നാട്ടിന്‍പുറത്ത് നല്ല ചലനമുണ്ടാകുമായിരുന്നു.എന്നാല്‍ ചെറുകിട ഉല്‍പ്പാദകരും തൊഴിലാളികളും ജീവിത ദുരിതം അനുഭവിക്കുമ്പോള്‍ കൊള്ള ലാഭം കൊയ്ത് തടിച്ചു കൊഴുക്കുന്നത് വന്‍കിട മുതലാളിമാരാണ്. അവരുടെ ഫാക്ടറികളില്‍ നേരിട്ട് ഉല്‍പ്പാദനം നടത്തുന്നത് കുറച്ചു തൊഴിലാളികളെ വെച്ചു കൊണ്ടാണ്. കംപ്യൂട്ടറുകള്‍ ഉപയോഗിച്ച് ഓര്‍ഡറുകള്‍ സമ്പാദിച്ച് ചെറുകിടക്കാരെ കൊണ്ട് ജോലി ചെയ്യിച്ച് കൊള്ള ലാഭം കൊയ്യുന്നു. അടിക്കടി ഉണ്ടാകുന്ന അസംസ്‌കൃത സാധനങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം മൂലം തൊഴിലാളികളുടെയും ചെറുകിട ഉല്‍പ്പാദകരുടെയും ദൈനംദിന ജീവിതം ദുരിത പൂര്‍ണമാകുന്ന സ്ഥിതിയാണ് സംജാതമായത്.
ഈ സാഹചര്യത്തിലാണ് കയര്‍ തൊഴിലാളികളുടെ പ്രിയപ്പെട്ട നേതാവും വ്യവസായ മന്ത്രിയുമായിരുന്ന ടി വി തോമസ് കയര്‍ വ്യവസായത്തിന്റെ മാഗ്‌നകാര്‍ട്ട എന്ന് വിശേഷിപ്പിച്ച കയര്‍ വ്യവസായ പുന:സംഘടനാ പദ്ധതി നടപ്പിലാക്കിയത്.
ഈ പദ്ധതി വിഭാവനം ചെയ്തത് വ്യവസായത്തെ നിലനിര്‍ത്തുക എന്നതിനോടൊപ്പം ചെറുകിട ഉല്‍പ്പാദകരെയും അതില്‍ പണിയെടുക്കുന്ന തൊഴിലാളികളെയും രക്ഷിക്കുക എന്നതാണ്. അങ്ങനെ മുതലാളി (കയറ്റുമതിക്കാരുടെ) മാരുടെ കൊടിയ ചുഷണത്തെ ഒരു പരിധിവരെ കുറയ്ക്കാനായി. ചിന്നി ച്ചിതറി കിടന്ന ചെറുകിട ഉല്‍പ്പാദകരെ സംഘടിപ്പിച്ച് കയര്‍ സൊസൈറ്റികള്‍ സംഘടിപ്പിച്ചും കയര്‍ സഹകരണ സംഘങ്ങള്‍ രൂപീകരിച്ചും തൊണ്ട് സംഭരിച്ച് ചകിരിയും കയറും ഉല്‍പ്പാദിപ്പിക്കുക, അതിനു വേണ്ടി കായംകുളത്തും ആലപ്പുഴയിലും പൊന്നാനിയിലും മൂന്നു കയര്‍ പ്രോജക്ട് ഓഫീസുകള്‍ സ്ഥാപിച്ചു. ലോറികളിലും വള്ളങ്ങളിലും കടത്തികൊണ്ടു പോകുന്ന തൊണ്ട് പിടിച്ചെടുത്ത് സംഘങ്ങള്‍ക്ക് നല്‍കുക, നാട്ടിന്‍പുറത്തെ തൊണ്ടുകള്‍ സംഘങ്ങള്‍ നേരിട്ട് സംഭരിച്ച് ചകിരിയും കയറും ഉല്‍പ്പാദിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘത്തിന്റെ ഈ ഉല്‍പ്പന്നങ്ങള്‍ ന്യായവില നല്‍കി വാങ്ങാനും കയര്‍ ഫാക്ടറി സംഘങ്ങള്‍ക്ക് മിതമായ വിലയ്ക്ക് വില്‍ക്കാനും വേണ്ടി കയര്‍ഫെഡ് എന്ന സ്ഥാപനം ആരംഭിച്ചു.
കയറ്റുമതിക്കാരുടെ കൊള്ള അവസാനിപ്പിക്കാന്‍ വേണ്ടിയാണ് സൊസൈറ്റികളൂടെ അപക്‌സ് ബോഡിയായി കയര്‍ കോര്‍പ്പറേഷന്‍ സ്ഥാപിച്ചത്. വിദേശ ഓര്‍ഡറുകള്‍ സംഭരിക്കുക, അവ സൊസൈറ്റികള്‍ക്ക് നല്‍കി ഉല്‍പ്പന്നങ്ങള്‍ പൂര്‍ണ്ണവില നല്‍കി ശേഖരിച്ച് കയറ്റുമതി ചെയ്യുക, ഇതിലൂടെ ഉല്‍പ്പാദകര്‍ക്കും തൊഴിലാളികള്‍ക്കും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. പദ്ധതി വിജയപ്രദവും പ്രതീക്ഷാ നിര്‍ഭരവുമായിരുന്നു.
കാലം കടന്നു പോയി സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചു. വ്യവസായം തകര്‍ച്ചയിലേക്ക് കൂപ്പു കുത്തികൊണ്ടിരിക്കുന്നു.
കയര്‍വ്യവസായം പ്രതിസന്ധിയിലാണ്. രക്ഷപെടാന്‍ പ്രയാസമാണെന്ന് ചിലര്‍, മറ്റു ചിലര്‍ പ്രതിസന്ധിയല്ല പ്രശ്‌നങ്ങളെ ഉള്ളു എന്നും പറയുന്നു.
എന്താണ് വ്യവസായത്തിലെ പ്രതിസന്ധി? വിദേശ ‑ആഭ്യന്തര ഓര്‍ഡറുകള്‍ ഇല്ലേ? ധാരാളം ഉണ്ട്. അസംസ്‌കൃത സാധനങ്ങളുടെ ദൗര്‍ല്ലഭ്യവും ഉണ്ട് എന്നത് വാസ്തവമാണ്.
കയറ്റുമതിക്കാരായ മുതലാളിമാരാണ് വ്യവസായത്തില്‍ പ്രതിസന്ധി ഉണ്ടെന്ന പ്രചാരണം നടത്തുന്നത്. വ്യവസായ സമാധാനമില്ല, എപ്പോഴും സമരമാണ്. കൂലികൂടുതലും മറ്റ് ആനുകൂല്ല്യങ്ങളും വര്‍ദ്ധിപ്പിച്ചു വാങ്ങുന്നു. വ്യവസായം നടത്തിക്കൊണ്ടുപോകുവാന്‍ കഴിയുന്നില്ല. അതുകൊണ്ട് കയറ്റുമതിക്കാര്‍ വ്യവസായം തമിഴ്‌നാട്ടിലേക്കും മറ്റും കൊണ്ടുപോകുന്നു. അവിടെ കുറഞ്ഞ വിലക്ക് ഭൂമി വാങ്ങി ഫാക്ടറികള്‍ സ്ഥാപിച്ച് കുറഞ്ഞ കൂലിക്ക് ഉല്‍പ്പാദനം നടത്തി ലാഭം കൂട്ടുന്നു. കേരളത്തിലെ ജീവിത സാഹചര്യവും തമിഴ്‌നാട്ടിലെ ജീവിത സാഹചര്യവും ഒരുപോലെയല്ല, എന്നൊക്കെപ്പറഞ്ഞ് നമ്മുടെ സംസ്‌ക്കാരവും അവരുടെ സംസ്‌ക്കാരവും രണ്ടാണ്. അതിന്റേതായ വ്യത്യാസം നിലനില്‍ക്കുന്നു. അദ്ധ്വാനിക്കുന്ന തൊഴിലാളി അവന് കിട്ടുന്ന തുച്ഛമായ കൂലിക്കു ജീവിക്കാന്‍ കഴിയാതെ വരുമ്പോള്‍ കൂലികൂട്ടി ചോദിക്കാന്‍ പാടില്ല എന്ന ന്യായം ശരിയാണോ? ലാഭത്തില്‍ കുറവു വരുമ്പോള്‍ അതിന് തൊഴിലാളിയെ പഴി പറയുന്നത് നല്ലതാണോ? അസംസ്‌കൃത സാധനങ്ങളൂടെ ചെലവ് എത്ര കൂടിയാലും ഒരു പരാതിയും കൂടാതെ വാങ്ങും. തൊഴിലാളിയുടെ അധ്വാനം വെറുതെ കിട്ടണം . അതാണ് കേരളം വിട്ടു പോകുന്നത.് അധ്വാനിക്കുന്ന തൊഴിലാളികള്‍ വര്‍ഗ്ഗ ബോധമുള്ളവരുമാണ്, അതോര്‍മ്മിക്കണം.
എന്നാല്‍ വ്യവസായത്തില്‍ പ്രശ്‌നങ്ങളുണ്ട് എന്നത് സത്യമാണ്. അത് പരിഹരിക്കാന്‍ പ്രായോഗികമായ ഇടപെടലുകള്‍ വേണ്ടി വരും.
കഴിഞ്ഞ ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റിലെ കയര്‍ മന്ത്രിയായിരുന്ന ജി സുധാകരന്‍ ഈ വ്യവസായത്തെ രക്ഷിക്കാന്‍ കുറെയേറെ നടപടികള്‍ സ്വീകരിച്ചത് മറന്നു പോകരുത്. അതിനു ഗുണവുമുണ്ടായി. സംഘങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളി. പ്രവര്‍ത്തന മൂലധനം അനുവദിച്ചു.
വ്യവസായത്തിലെ ഇത്തിക്കണ്ണികളെ പോലെ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരെ (ഡിപ്പോക്കാരെ)നിയമം മൂലം ഉന്‍മൂലനം ചെയ്തു.
കയറ്റുമതിക്കാരുടെ ഓര്‍ഡറുകള്‍ കയര്‍കോര്‍പ്പറേഷനു കൊടുക്കാന്‍ ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനമായി. അതുമൂലം അവര്‍ക്കും ചെറിയൊരു ആദായം കിട്ടി. എല്ലാ സംഘങ്ങള്‍ക്കും ചെറുകിടക്കാര്‍ക്കും ന്യായമായി ജോലി ചെയ്യാന്‍ കഴിയുന്ന തരത്തില്‍ ഓര്‍ഡറുകള്‍ ലഭിച്ചു. വിലയും കൂലിയും വര്‍ധിച്ചു. കയര്‍ ഫെസ്റ്റ് നടത്തി വിദേശ‑ആഭ്യന്തര രംഗത്തുള്ള മുതലാളിമാരെ ക്ഷണിച്ചു. കയറിന്റെ മേന്മ, വൈവിധ്യമുള്ള കയര്‍ ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം, സെമിനാറുകള്‍ ഉള്‍പ്പെടെ ആകര്‍ഷകമായ പരിപാടികള്‍ വിജയകരമായി സംഘടിപ്പിച്ചു.
ഇതു കൂടാതെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആഭ്യന്തര മാര്‍ക്കറ്റിലും ഹൗസ് ഡോര്‍ നിലവാരത്തിലും സംവിധാനങ്ങളൊരുക്കി. പൊതുവെ ആവേശകരമായ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. കയര്‍ മേഖലയില്‍ പ്രത്യേകിച്ച് നാട്ടിന്‍പുറങ്ങളില്‍ ചലനവും ചൈതന്യവുമുണ്ടായി.
എന്നാല്‍ പിന്നീട് അധികാരത്തില്‍ വന്ന യു ഡി എഫ് ഗവണ്‍മെന്റ് അത് അട്ടിമറിച്ചു. പ്രശ്‌നങ്ങള്‍ രൂക്ഷമായി, ഇടതു ഗവണ്‍മെന്റിന്റെ എല്ലാ നന്‍മകളും ഇല്ലാതാക്കി.
പുതിയ എല്‍ ഡി എഫ് ഗവണ്‍മെന്റ് അധികാരത്തില്‍ വന്നു. ഡോ.തോമസ് ഐസക്ക് കയര്‍ മന്ത്രിയായി. അദ്ദേഹം വലിയ പ്രതീക്ഷകള്‍ നല്‍കുന്ന തരത്തില്‍ രണ്ടാം കയര്‍ വ്യവസായ പുന:സംഘടനാ പദ്ധതിക്ക് രൂപം നല്‍കി. ബജറ്റില്‍ കോടികള്‍ വക കൊള്ളിച്ചു. ഓണനാളുകളില്‍ കോടികള്‍ ചെലവഴിച്ച് വിറ്റഴിക്കാതെ സൂക്ഷിച്ചു വെച്ചിരുന്ന കയറുല്‍പ്പന്നങ്ങള്‍ കയര്‍ കോര്‍പ്പറേഷന്‍ മുഖേന വാങ്ങിച്ചു. സൊസൈറ്റികള്‍ക്കും ചെറുകിടക്കാര്‍ക്കും ഓര്‍ഡറുകള്‍ നല്‍കി ആ ഉല്‍പ്പന്നങ്ങളും വാങ്ങി ആശ്വാസ നടപടികള്‍ സ്വീകരിച്ചു. അതിനപ്പുറം സ്ഥായിയായ ഒരു മാറ്റവും ഭരണത്തിന്റെ ഒന്നര വര്‍ഷം കടക്കുമ്പോഴും ഉണ്ടാകുന്നില്ല.
കയറ്റുമതിക്കാര്‍ എവിടെയും ചേക്കേറി ലാഭം കൊയ്യട്ടെ. കയര്‍ കോര്‍പ്പറേഷന്‍, ഫോംമാറ്റിംഗ് സ് എന്നീ സ്ഥാപനങ്ങള്‍ വിദേശ‑ആഭ്യന്തര മാര്‍ക്കറ്റുകളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തണം.
ഡിപ്പോ സമ്പ്രദായം നിയമം മൂലം അവസാനിപ്പിക്കണം.
തൊണ്ടു ശേഖരണം കാര്യക്ഷമമായി നടപ്പാക്കണം. ചകിരിയും കയറും ഉല്‍പ്പാദിപ്പിച്ച് കയര്‍ ഫെഡ് അവ സംഭരിച്ച് ന്യായമായ വിലയ്ക്ക് ഉല്‍പ്പാദകര്‍ക്ക് നല്‍കണം.
കയര്‍ ഭൂവസ്ത്ര നിര്‍മ്മാണ, ഗ്രാമീണ റോഡുകളുടെയും തോടുകളുടെയും സംരക്ഷണത്തിനുള്ള സാദ്ധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം.
കയര്‍പിരി സംഘങ്ങളെയും, ഫാക്ടറി സൊസൈറ്റികളെയും പുനരുജ്ജീവിപ്പിച്ച് ചെറുകിട ഉല്‍പ്പാദകരെയും തൊഴിലാളികളെയും രക്ഷിക്കണം. ഈ പാവപ്പെട്ടവരുടെ കണ്ണില്‍ ഉരുണ്ടു കൂടുന്ന കണ്ണീര്‍ കീഴോട്ടൊഴുകി ചുണ്ടുകളിലെത്തുമ്പോള്‍ ആ കണ്ണു നീരിന് ഉപ്പു രസം കൂടുതലാണ്. അതവരുടെ ഉള്ളിലെ വേദനയും ദുഃഖവുമാണെന്ന് തിരിച്ചറിയണം. കയര്‍ കേരള ഈ രോദനത്തിന് വിരാമമിടട്ടെ.

(ലേഖകന്‍ തിരുവിതാംകൂര്‍ കയര്‍ ഫാക്ടറി വര്‍ക്കേഴ്‌സ്

യൂണിയന്‍ വൈസ് പ്രസിഡന്റും എ ഐ ടി യു സി ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ്.)