Web Desk

ന്യൂഡൽഹി

December 18, 2020, 9:28 pm

ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു

Janayugom Online

ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. കഴിഞ്ഞ ദിവസം ആരംഭിച്ച ശീതക്കാറ്റ് രണ്ട് ദിവസം കൂടി നീളുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും പെട്ടെന്നാണ് താപനില താഴ്ന്നത്. തൊട്ട് പിന്നാലെ ശീതക്കാറ്റെത്തി. മൂന്ന് ഡിഗ്രിയാണ് മിനിമം താപനില. രാജസ്ഥാനിലെ മൗണ്ട് അബുവില്‍ മൈനസ് ഒന്ന് ഡിഗ്രിയായി.

17 വർഷത്തിനിടയിലെ ഏറ്റവും തണുപ്പേറിയ നവംബറാണ് കടന്നുപോയത്. ഡിസംബറിലും ഇത് ആവർത്തിച്ചേക്കും.അതേസമയം രാജ്യതലസ്ഥാനത്തെ വായുമലിനീകരണത്തിന്റെ തോത് വലിയ മാറ്റമൊന്നുമില്ലാതെ രൂക്ഷമായി തുടരുന്നതായി കാലാവസ്ഥാ വിഭാഗത്തിന്റെ സിസ്റ്റംസ് ഓഫ് എയര്‍ ക്വാളിറ്റി ആന്റ് വെതര്‍ ഫോര്‍കാസ്റ്റിങ് ആന്റ് റിസര്‍ച്ച് പറയുന്നു. കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ രേഖപ്പെടുത്തിയ കൂടിയ താപനില 16 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് മൂന്ന് ഡിഗ്രി സെല്‍ഷ്യസുമായിരുന്നു.

ഡൽഹിയിൽ ഇന്നലത്തെ ശരാശരി മലിനീകരണത്തോത് എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 235 ആയിരുന്നു. അന്തരീക്ഷം പുകപടലങ്ങള്‍ നിറഞ്ഞിരിക്കുകയാണ്. സാധാരണ എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് 0–50 നുമിടയിലാണെങ്കില്‍ മികച്ചതായാണ് കണക്കാക്കുക. 51–100 തൃപ്തികരം, 100–200 ശരാശരി, 201–300 മോശം, 301–400 വളരെ മോശം, 401–500 അപകടകരം എന്നിങ്ങനെയും കണക്കാക്കും.

കർഷക പ്രതിഷേധം മൂന്നാഴ്ച പിന്നിടുന്ന ഡല്‍ഹിയിലും അതിർത്തികളിലും സമരാന്തരീക്ഷത്തിന് ചൂടേറുമ്പോള്‍ മറുഭാഗത്ത് ശൈത്യം ശക്തി പ്രാപിക്കുന്നത് പ്രതികൂല ജീവിത സാഹചര്യങ്ങളാണ് സംജാതമാക്കിയിരിക്കുന്നത്. അതിർത്തിയില്‍ സമരം തുടരുന്ന കർഷകർക്കിടയില്‍ അതിശൈത്യത്തെ തുടർന്നുള്ള മരണങ്ങള്‍ തുടർച്ചയായി റിപ്പോർട്ട് ചെയ്യപ്പെടുന്നുമുണ്ട്.

Eng­lish Sum­ma­ry: Cold wave con­tin­ues in Del­hi and neigh­bor­ing states

You May Like This video also