ജമ്മു കശ്മീരിലും ഹരിയാനയിലുമായി 12 കുട്ടികള്‍ ചുമയുടെ മരുന്ന് കഴിച്ചതിനെ തുടര്‍ന്ന് മരിച്ച വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്നിരുന്നു. ജമ്മുവിലെ ഉദംപൂര്‍ ജില്ലയിലെ രാംനഗറിലായിരുന്നു സംഭവം. കോൾഡ് ബെസ്റ്റ് പിസി (ColdBest-PC) എന്ന മരുന്നായിരുന്നു മരണകാരണം. ഹിമാചല്‍ പ്രദേശ് ആസ്ഥാനമായ ഡിജിറ്റല്‍ വിഷന്‍ ഫാര്‍മയാണ് കഫ് സിറപ്പ് വിപണിയിലെത്തിച്ചത്. എന്നാൽ അതിന് പിന്നിൽ ഞെട്ടിക്കുന്ന മറ്റൊരു സംഭവം കൂടിയുണ്ട്. ശരീരത്തിനുള്ളിലെത്തി മണിക്കൂറുകൾക്കുള്ളിൽ തന്നെ വൃക്ക അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനം തകരാറിലാക്കുന്ന ഈ ‘ചുമ മരുന്ന്’ കേരളത്തിൽ എത്തിക്കാനും നീക്കം നടന്നിരുന്നു. എന്നാൽ അധികൃതരുടെ സമയോചിതമായ ഇടപെടലിലൂടെയാണ് കുഞ്ഞുങ്ങളെ കൊല്ലുന്ന മരുന്ന് കേരളത്തിലെത്താതെ പോയത്.
ഡ്രഗ് കൺട്രോൾ വകുപ്പിന്റെ കൃത്യമായ ഇടപെടലാണ് കോൾഡ് ബെസ്റ്റ് പിസി മരുന്ന് കേരളത്തിലെത്തിക്കാനുള്ള നീക്കം തടഞ്ഞത്. 30 പെട്ടി മരുന്നു കേരളത്തിലേക്കെന്ന പേരിലെത്തിയിട്ടുണ്ടെന്ന് തമിഴ്നാട് ഡ്രഗ് കൺട്രോളറുടെ വിവരവും ഇക്കാര്യത്തിൽ നിർണായകമായി. തെക്കൻ കേരളത്തിൽ വിതരണത്തിനുള്ള മരുന്ന് തിരുച്ചിറപ്പള്ളി വഴി തിരുവനന്തപുരത്തേക്ക് എത്തിക്കാനായിരുന്നു പദ്ധതി. എന്നാൽ നീക്കം തടഞ്ഞതോടെ വൻ വിപത്താണ് ഒഴിവായത്. അതേസമയം ഡിജിറ്റല്‍ വിഷന്‍ ഫാര്‍മ കമ്പനി പുറത്തിറക്കുന്ന ഗുളികകൾ ഉൾപ്പെടെയുള്ളവ കേരളത്തിലുണ്ട്. ഇവയുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്ന് സംസ്ഥാന ഡ്രഗ് കൺട്രോളർ രവി മേനോൻ പറഞ്ഞു.
12 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പിന്റെ ഒരു കുപ്പിയില്‍ 60 മില്ലി ലിറ്റര്‍ മരുന്നാണുള്ളത്. ഡയത്തലിൻ ഗ്ലൈക്കോൾ എന്ന രാസവസ്തു മരുന്നിൽ കലർന്നതാണു കുഞ്ഞുങ്ങളുടെ മരണത്തിനു കാരണമായതെന്നു ചണ്ഡിഗഢ് ആസ്ഥാനമായുള്ള പോസ്റ്റ്ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച് പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അതേസമയം ജമ്മു-കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, തമിഴ്നാട്, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലായി 5,500 കുപ്പികള്‍ കഴിഞ്ഞ സെപ്റ്റംബറില്‍ വിപണിയിലെത്തിച്ചിരുന്നു. കുട്ടികളുടെ മരണത്തെ തുടർന്ന് കമ്പനിയുടെ ലൈസൻസ് റദ്ദാക്കിയ സർക്കാർ മരുന്നുകൾ പിടിച്ചെടുത്തിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി കമ്പനിയുടെ രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ചണ്ഡിഗഡ് റീജനൽ ഡ്രഗ് ടെസ്റ്റിങ് ലബോറട്ടറിയിൽനിന്നുള്ള ഫലം കൂടി ലഭിച്ചശേഷമായിരുന്നു കമ്പനിക്കെതിരെയുള്ള നടപടി. കുറ്റം തെളിഞ്ഞാല്‍ കമ്പനിയ്ക്ക് ഉത്തരവാദിത്വം ഏല്‍ക്കേണ്ടതായി വരും. 10 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന ശിക്ഷയും ലഭിച്ചേക്കാം.
English Summary; ColdBest-PC medicine distribution
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.