Sunday
21 Jul 2019

കോളജ് സാമൂഹിക വിരുദ്ധരുടെ താവളം: എഐഎസ്എഫ്

By: Web Desk | Friday 12 July 2019 10:51 PM IST


ചേരിതിരിഞ്ഞ് സംഘര്‍ഷം നടന്നതിനെ തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥിനികള്‍ ഗേറ്റിന് മുന്നില്‍ പ്രതിഷേധ മുദ്യാവാക്യമുയര്‍ത്തുന്നു

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ അക്രമ പരമ്പരകളും സദാചാര ഗുണ്ടായിസവും ഏകസംഘടനാ വാദത്തിന്റെ അനന്തര ഫലങ്ങളാണെന്നും അത് അംഗീകരിക്കാനവില്ലെന്നും അക്രമ രാഷ്ട്രീയത്തില്‍ പ്രതിഷേധിച്ച് എഐഎസ്എഫ് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തുമെന്നും എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ജെ അരുണ്‍ബാബുവും സെക്രട്ടറി ശുഭേഷ് സുധാകരനും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എഐഎസ്എഫ് ഉള്‍പ്പെടെയുള്ള വിദ്യാര്‍ഥി സംഘടനകളുടെ സംഘടനാ സ്വാതന്ത്ര്യം നിഷേധിക്കുകയും, വിമര്‍ശിക്കുന്നവരേയും വിയോജിക്കുന്നവരേയും, തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന വിദ്യാര്‍ഥികളെയും ക്ലാസ് മുറികളില്‍ പൂട്ടിയിടുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന കൊടുംക്രിമിനലുകളുടെ താവളമായി യൂണിവേഴ്‌സിറ്റി കോളജ് മാറുകയാണ്. രാഷ്ട്രീയം കോളജില്‍ നിലനില്‍ക്കുക തന്നെ വേണം. പക്ഷെ അതൊരിക്കലും ഫാസിസമാകരുത്. ഇടതുപക്ഷത്തിന് ഫാസിസം ഭൂഷണമല്ല. എസ്എഫ്‌ഐ തിരുത്താന്‍ തയ്യാറാകണം.
സദാചാര പൊലീസ് ചമഞ്ഞ് പെണ്‍കുട്ടികളേയും ഇതര വിദ്യാര്‍ഥിസംഘടനാ നേതാക്കളേയും എസ്എഫ് ഐയുടെ തണലില്‍ പൊലീസ് ഒത്താശയോടെ ക്രൂരമായി ആക്രമിക്കുന്നു. ഈ സാഹചര്യത്തില്‍ അക്രമികള്‍ക്ക് എല്ലാ വഴിവിട്ട സഹായങ്ങളും നല്‍കി ക്രിമിനലുകളെ പ്രോല്‍സാഹിപ്പിക്കുന്ന കോളജ് പ്രിന്‍സിപ്പാളിനെ തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്യണമെന്നും, കേസില്‍ പ്രതിചേര്‍ക്കണമെന്നും എഐഎസ്എഫ് ആവശ്യപ്പെട്ടു.
പൊളിറ്റിക്കല്‍ സയന്‍സ് മൂന്നാംവര്‍ഷ വിദ്യാര്‍ഥിയായ അഖിലിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യുകയും, കഴിഞ്ഞ കുറച്ച് കാലങ്ങളായി യൂണിവേഴ്‌സിറ്റി കോളജിന് അകത്തു നടക്കുന്ന അക്രമ സംഭവങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും വേണം. സംഘടനാ വിപുലീകരണത്തിനു വേണ്ടി ക്രിമിനലുകളെ സഹായിക്കുന്ന നടപടികളില്‍ നിന്നും എസ്എഫ്‌ഐ പിന്‍മാറണം. ജനാധിപത്യം കൊടിയടയാളത്തില്‍ മാത്രമായി ഒതുങ്ങാന്‍ പാടില്ല. ക്യാമ്പസുകളുടെ ജനാധിപത്യം സംരക്ഷിക്കേണ്ടത് സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥി പ്രസ്ഥാനങ്ങളുടെ കടമയാണെന്ന് എഐസ്എഫ് സംസ്ഥാന ഭാരവാഹികള്‍ കൂട്ടിച്ചേര്‍ത്തു. എഐഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് രാഹുല്‍ രാജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Related News