Web Desk

കൊച്ചി

March 15, 2020, 10:33 pm

രോഗബാധിതനെ കണ്ടെത്തിയത് കളക്ടറുടെ അതിവേഗ ഇടപെടലിൽ

Janayugom Online

കോവിഡ് രോഗബാധിതനായ ബ്രിട്ടീഷ് ടൂറിസ്റ്റ് നെടുമ്പാശ്ശേരിയിലെത്തിയ വിവരം എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് ലഭിക്കുന്നത് വിമാനം പുറപ്പെടുന്നതിന് കേവലം 15 മിനിറ്റ് മുമ്പ്. തുടർന്നുള്ള നീക്കങ്ങൾ അതിവേഗത്തിൽ. വിമാനം പിടിച്ചിടാൻ കളക്ടറുടെ നിർദേശമെത്തുമ്പോൾ മുഴുവൻ ജീവനക്കാരുടെയും ബോർഡിംഗ് പൂർത്തിയായിരുന്നു. കൊറോണ വിരുദ്ധ പോരാട്ടത്തിൽ അതിനിർണായകമായിരുന്നു 8.45 ന് ഇടുക്കി ജില്ലാ ഭരണകൂടത്തിൽ നിന്നും എറണാകുളം കളക്ടർക്കെത്തിയ ആ സന്ദേശം. കോവിഡ് പൊസിറ്റീവായ വിദേശി മൂന്നാറിൽ നിന്നും കടന്നിട്ടുണ്ടെന്നും 9 മണിക്കുള്ള എമിറേറ്റ്സ് വിമാനത്തിൽ ദുബായ് വഴി ലണ്ടനിലേക്ക് പോകാനിടയുണ്ടെന്നുമായിരുന്നു ആ വിവരം. ഈ സൂചനയ്ക്ക് സ്ഥിരീകരണമായതോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചരിത്രത്തിൽ തന്നെ അപൂർവമായ ഇടപെടലിന് കളക്ടർ മുതിരുകയായിരുന്നു.

കൊച്ചി നഗരത്തിലെ ക്യാമ്പ് ഓഫീസിൽ നിന്നും നെടുമ്പാശേരിയിലേക്ക് കുതിക്കുന്നതിനിടയിൽ മുഴുവൻ യാത്രക്കാരെയും ഓഫ് ലോഡ് ചെയ്യാനും പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കാനും നിർദേശം നൽകി. ഭാര്യാ സമേതനായെത്തിയ ബ്രിട്ടീഷ് ടൂറിസ്റ്റിനെ വിമാനത്തിൽ നിന്നും നേരെ ആംബുലൻസിലേക്ക് കയറ്റി നേരെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസലേഷൻ വാർഡിലേക്ക്. ബാക്കിയുള്ളവരുടെ കാര്യത്തിൽ തിരക്കിട്ട കൂടിയാലോചന. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടക്കമുള്ളവരുമായി ഫോണിൽ ആശയ വിനിമയം. ജില്ലയുടെ ചുമതല വഹിക്കുന്ന മന്ത്രി വി എസ് സുനിൽ കുമാറും ഇതിനിടെ നെടുമ്പാശ്ശേരിയിലെത്തി. സിയാൽ മാനേജിംഗ് ഡയറക്ടർ വി ജെ കുര്യൻ, എസ്‌പി കെ കാർത്തിക്, സിഐഎസ്എഫ് അടക്കമുള്ള മറ്റ് ഏജൻസികൾ എന്നിവരുമായി അടിയന്തര ചർച്ച. ഒടുവിൽ വിദേശ ടൂറിസ്റ്റ് സംഘത്തിലെ മറ്റ് 17 പേരെ നെടുമ്പാശ്ശേരിയിലെ ഹോട്ടലിൽ നിരീക്ഷണത്തിലാക്കാൻ നടപടി.

സംഘത്തിൽ ഉൾപ്പെടാത്ത മറ്റൊരാൾക്ക് വീട്ടിൽ താമസിച്ചുള്ള നിരീക്ഷണത്തിനും സംവിധാനമൊരുക്കി. ബാക്കി 270 യാത്രക്കാരുമായി എമിറേറ്റ്സ് വിമാനം പറന്നുയരുമ്പോൾ സമയം 12.47.പരിശോധനാ വിവരങ്ങൾ വിമാനക്കമ്പനിക്കും ദുബായ് വിമാനത്താവള അധികൃതർക്കും കൈമാറിയ ശേഷമായിരുന്നു വിമാനം വിടാനുള്ള തീരുമാനം. വിമാനത്താവളത്തിൽ രോഗബാധിതനുമായി ഇടപഴകിയവരെ കണ്ടെത്തലായിരുന്നു തുടർന്നുള്ള ആദ്യ നടപടി. വിമാനത്താവള ജീവനക്കാരും സി ഐ എസ് എഫ് സുരക്ഷാഭടൻമാരും അടക്കമുള്ളവരെ നിരീക്ഷണത്തിനായി അവരവരുടെ വാസസ്ഥലങ്ങളിലേക്ക് മാറ്റി. വിമാനത്താവളത്തിന്റെ അകത്തളവും എയ്റോ ബ്രിഡ്ജും യുദ്ധകാലാടിസ്ഥാനത്തിൽ അണുവിമുക്തമാക്കാനും നടപടി സ്വീകരിച്ചു. സോഡിയം ഹൈപ്പോ ക്ലോറൈഡ് ലായനി ഉപയോഗിച്ചുള്ള ശുചീകരണം പൂർത്തിയാക്കി ഉച്ചയ്ക്ക് മൂന്നു മണിയോടെ യാത്രക്കാരെ സ്വീകരിക്കാൻ ടെർമിനൽ സജ്ജമായി. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിച്ച് രോഗബാധിതനുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനും കളക്ടർ നിർദേശം നൽകി. ഇവർക്കും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണമുണ്ടാകും.

Eng­lish Sum­ma­ry: col­lec­tor suhas take right action

You may also like this video