November 30, 2023 Thursday

Related news

October 13, 2023
July 7, 2023
July 4, 2023
July 1, 2023
June 20, 2023
June 19, 2023
June 11, 2023
June 7, 2023
June 5, 2023
April 2, 2023

കോളജ് തുറക്കല്‍: പ്രിന്‍സിപ്പല്‍മാരുടെ യോഗം വിളിച്ചുചേര്‍ത്തു; വിനോദയാത്രകള്‍ ഒഴിവാക്കും: ലിംഗപദവിയില്‍ കൂടുതല്‍ ക്ലാസുകള്‍

Janayugom Webdesk
തിരുവനന്തപുരം
October 12, 2021 10:05 pm

സംസ്ഥാനത്തെ കോളജുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഉന്നതവിദ്യാഭ്യാസ‑സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രിൻസിപ്പൽമാരുടെയും എഡ്യൂക്കേഷൻ ഡയറക്‌ടര്‍മാരുടെയും യോഗം വിളിച്ചുചേര്‍ത്തു.

കലാലയങ്ങൾ ഒക്ടോബർ 18 മുതൽ പൂർണ്ണമായും തുറന്നുപ്രവർത്തിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാ കാമ്പസുകളിലും കോവിഡ് ജാഗ്രത പാലിക്കപ്പെടണമെന്ന് യോഗത്തില്‍ മന്ത്രി പറഞ്ഞു. ജാഗ്രതാസമിതികൾ എല്ലാ കാമ്പസുകളിലും രൂപീകരിച്ചിട്ടുണ്ട്. ആവശ്യമായ കൂടിയാലോചനകൾ ഈ സമിതികൾ നടത്തണം. ക്ലാസ് മുറികളും വിദ്യാർഥികൾ ഇടപെടുന്ന എല്ലാ സ്ഥലങ്ങളും സാനിറ്റൈസ് ചെയ്യണം. ഒന്നാം വർഷ വിദ്യാർത്ഥികൾ വരുംമുമ്പ് അത് നടന്നിട്ടുണ്ടാകും. എങ്കിലും ഒരിക്കൽക്കൂടി ഉറപ്പുവരുത്തണമെന്നും മന്ത്രി യോഗത്തില്‍ അറിയിച്ചു.

അവസാനവർഷ വിദ്യാർത്ഥികൾ ഇതിനകം വന്നുതുടങ്ങി. ആവശ്യമായ കൂടിയാലോചനകൾ നടത്തി വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിരുന്നു. അതുപ്രകാരം വളരെ നല്ല രീതിയിൽ തന്നെ കാര്യങ്ങൾ നടക്കുകയാണ്. കോവിഡ് അവലോകന സമിതിയുടെ നിർദ്ദേശങ്ങൾക്ക് കീഴ്പെട്ടു മാത്രമേ കാമ്പസുകൾക്ക് പ്രവർത്തിക്കാനാവൂ. നിലവിലെ സ്ഥിതിവിവരം സമിതിയെ അറിയിക്കും. വിശദമായ ഉത്തരവ് ഉടൻ പ്രസിദ്ധീകരിക്കും.

വാക്‌സിനേഷൻ ഡ്രൈവ് മികച്ച രീതിയിൽ എല്ലാ കോളേജുകളിലും നടക്കുന്നുണ്ട്. ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കായി ഈ യത്നം കൂടുതൽ ശക്തമായി നടത്തണം. ഇനി വരുന്ന ഏതാനും ദിവസങ്ങൾ അവധിദിനങ്ങളാണ്. വാക്‌സിനേഷൻ ഡ്രൈവ് ഈ ദിവസങ്ങളിൽ കാര്യമായി നടക്കാൻ സ്ഥാപനമേധാവികൾ മുൻകൈ എടുക്കണം.

കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച വിശദമായ ക്ലാസോടെ വേണം അധ്യയനത്തുടക്കം. അതോടൊപ്പം, ലിംഗപദവികാര്യത്തിലും വിശദമായ ക്ലാസുകൾ വേണമെന്ന് ഉത്തരവിറക്കിയിട്ടുണ്ട്. അത് നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഇക്കാര്യത്തിൽ പരാതിപരിഹാര സെല്ലിന്റെയും മറ്റും ചുമതലയുള്ള അധ്യാപകർക്ക് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ആഭിമുഖ്യത്തിൽ കേന്ദ്രീകരിച്ച ക്ലാസുകൾ ഉടനുണ്ടാകും. പ്രണയക്കൊലയും മറ്റും ഉണ്ടാക്കിയ ഉൽക്കണ്ഠാകരമായ അന്തരീക്ഷം വിദ്യാർത്ഥികൾക്കിടയിൽ നിലനിൽക്കുന്നുവെന്നും യോഗം വിലയിരുത്തി. കോവിഡ് സാഹചര്യം കുട്ടികളുടെ മാനസികനിലയെ ഇതിനകം തന്നെ വല്ലാതെ ബാധിച്ചിട്ടുണ്ട്. ഇവയെല്ലാം കണക്കിലെടുത്ത് കാമ്പസുകളിൽ കൗൺസലിംഗ് കേന്ദ്രങ്ങൾ സജ്ജമാക്കണം. ഇവ സംബന്ധിച്ച് വിശദമായ സർക്കുലർ ഉടൻ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസുകളുടെ സമയക്രമവും മറ്റു ക്രമീകരണങ്ങളും മുമ്പിറക്കിയ ഉത്തരവ് പ്രകാരം നടക്കും. സ്ഥാപനതലത്തിൽ അക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാം. ലൈബ്രറികളും ലാബുകളും കുറെ കാലമായി അടഞ്ഞുകിടക്കുകയാണ്. പുതുതായി വരുന്ന എല്ലാ കുട്ടികൾക്കും അവ ഉപയോഗിക്കാൻ അവസരമുണ്ടാക്കണം. ടൂറിനു പോകാനുള്ള കുട്ടികളുടെ ആവശ്യവുമായി നിരവധി രക്ഷിതാക്കളുടെ വിളികൾ വരുന്നുണ്ട്. കോവിഡിന് പുറമെ, ശക്തമായ മഴയുടെയും ഉരുൾപൊട്ടലിന്റെയും അന്തരീക്ഷമുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ യാത്രകൾ അഭിലഷണീയമല്ലെന്നും വേണ്ടെന്നും കുട്ടികളോട് പറയണം. പശ്ചാത്തലസൗകര്യം, ലാബ്-ലൈബ്രറി സൗകര്യങ്ങൾ എന്നിവയുടെ വികസനത്തിന് സ്ഥാപനമേധാവികൾ മുൻകൈയെടുക്കണം. നാക് മാനദണ്ഡങ്ങൾ പാലിക്കപെടുമെന്ന് ഉറപ്പാക്കാൻ നല്ല പരിശ്രമം ഉണ്ടാവണം. എ പ്ലസ് ഗ്രേഡുകൾതന്നെ നേടണമെന്ന നിലയ്ക്കാവണം പരിശ്രമമെന്നും മന്ത്രി യോഗത്തില്‍ വിലയിരുത്തി.

 

Eng­lish Sum­ma­ry: Col­lege Open­ing: Excur­sions Avoid: More Class­es on Gender

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.