Site iconSite icon Janayugom Online

കൊളീജിയം: കേന്ദ്രം-സുപ്രീം കോടതി പോര് മുറുകുന്നു

ജഡ്ജിമാരുടെ നിയമന വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. കൊളീജിയം സമ്പ്രദായം രാജ്യത്തെ നിയമമാണെന്നും അത് പാലിക്കേണ്ടതാണെന്നും കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി കര്‍ശന ഓര്‍മ്മപ്പെടുത്തല്‍ നല്‍കി.
കൊളീജിയം സംവിധാനത്തെ പരസ്യമായി വിമര്‍ശിക്കുന്നത് നിയന്ത്രിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ക്കും ഉന്നതതല ഉദ്യോഗസ്ഥര്‍ക്കും ഉപദേശം നല്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ അധ്യക്ഷനായ ബെഞ്ച് അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കിട്ടരമണിയോട് പറഞ്ഞു.
പാർലമെന്റിന് ഒരു നിയമം ഉണ്ടാക്കാൻ കഴിയുമെങ്കിലും അത് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കാനുള്ള അധികാര പരിധി കോടതിക്കുണ്ട്. ചില വിഭാഗങ്ങൾ കൊളീജിയം സമ്പ്രദായത്തിനെതിരെ അഭിപ്രായം പ്രകടിപ്പിച്ചതുകൊണ്ട് അത് രാജ്യത്തെ നിയമമല്ലാതായി മാറില്ല. സമൂഹത്തിലെ ഓരോ വിഭാഗവും ഏത് നിയമമാണ് പാലിക്കേണ്ടതെന്ന് സ്ഥാപിക്കാൻ തുടങ്ങിയാൽ നിയമവ്യവസ്ഥ തകരുമെന്നും ബെഞ്ച് നിരീക്ഷിച്ചു. 

കോടതികളിൽ ജഡ്ജിമാരെ നിയമിക്കുന്നത് കേന്ദ്ര സർക്കാർ വൈകിപ്പിക്കുന്നതു സംബന്ധിച്ച കേസുകള്‍ പരിഗണിക്കവെയാണ് കോടതിയുടെ പരാമര്‍ശം. ജഡ്ജിമാരുടെ നിയമനം വൈകുന്നത് സംബന്ധിച്ച് സർക്കാര്‍ ക്രിയാത്മക പങ്ക് വഹിക്കണമെന്ന് എജിയോട് സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
കൊളീജിയം സമ്പ്രദായത്തിനെതിരെ മുന്‍ ജഡ്ജിമാരുടെ അഭിപ്രായങ്ങള്‍ ശുപാര്‍ശകള്‍ക്കുള്ള അനുമതി വെെകിപ്പിക്കാനുള്ള ന്യായീകരണമായി ചൂണ്ടിക്കാട്ടിയ എജിയുടെ നടപടിക്കെതിരെയും ബെഞ്ച് എതിര്‍പ്പ് പ്രകടിപ്പിച്ചു. കൊളീജിയം ശുപാർശകൾ വൈകിപ്പിക്കാൻ സർക്കാരിന് ന്യായാധിപന്മാരുടെ അഭിപ്രായമോ അംഗബലം കുറവുള്ള ബെഞ്ചുകളുടെ അഭിപ്രായമോ സൗകര്യപ്രദമായി തിരഞ്ഞെടുക്കാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വ്യക്തമാക്കുന്ന പുതിയ മെമ്മോറാണ്ടം ഓഫ് പ്രൊസീജ്യർ (എംഒപി) ഇനിയും അന്തിമമായിട്ടില്ലെന്ന സർക്കാരിന്റെ നിലപാടിനെയും കോടതി എതിർത്തു. എംഒപി പ്രശ്നം 2017ൽ തന്നെ പരിഹരിച്ചതായി കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ദേശീയ ജുഡീഷ്യല്‍ കമ്മിഷന്‍ നിയമം റദ്ദാക്കിയ സുപ്രീം കോടതി നടപടി പാര്‍ലമെന്റിന്റെ അധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍ഖറിന്റെ പാര്‍ലമെന്റിലെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാടുകളില്‍ കോടതി കടുത്ത അതൃപ്തി അറിയിച്ചത്. 1991 മുതൽ സുപ്രീം കോടതി ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിൽ സർക്കാരിന് പങ്കുണ്ടെന്ന് വാദിച്ചുകൊണ്ട് കേന്ദ്ര മന്ത്രിമാരും മുൻകാല മന്ത്രിമാരും വിഷയത്തിൽ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. 

Eng­lish Sum­ma­ry: Col­legium: Cen­tre-Supreme Court bat­tle intensifies

You may also like this video

Exit mobile version