വിജയ കെ താഹില്‍രമാനിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കൊളിജീയം റിപ്പോര്‍ട്ട്

Web Desk
Posted on September 22, 2019, 4:06 pm

ന്യൂഡല്‍ഹി: മദ്രാസ് ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് വിജയ കെ താഹില്‍രമാനിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി കൊളിജീയം റിപ്പോര്‍ട്ട്. സ്ഥലം മാറ്റത്തിനിടയാക്കിയത് ജോലിയിലെ അനാസ്ഥയാണെന്നും കേസുകള്‍ പരിഗണിക്കുന്നതില്‍ ജസ്റ്റിസ് താഹില്‍രമാനി വീഴ്ച വരുത്തുകയും തമിഴ്‌നാട്ടിലെ ഭരണകക്ഷിയില്‍പ്പെട്ട രാഷ്ട്രീയ നേതാവുമായുള്ള അടുപ്പവുമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തിരക്കേറിയ മദ്രാസ് ഹൈക്കോടതിയില്‍ വളരെ കുറച്ച് സമയം മാത്രമാണ് കേസുകള്‍ പരിഗണിക്കാന്‍ താഹില്‍രമാനി ചെലവഴിച്ചത്. ഉച്ചയ്ക്ക് ശേഷം കേസുകള്‍ പരിഗണിച്ചിരുന്നില്ല. മറ്റ് ജഡ്ജിമാരിലും ഇത് സ്വാധീനം ചെലുത്തുകയുണ്ടായി. കൂടാതെ ചെന്നൈയില്‍ താഹില്‍രമാനി രണ്ട് അപാര്‍ട്‌മെന്റുകള്‍ വാങ്ങിയെന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ മദ്രാസ് ഹൈക്കോടതിയിലെ 58 ജഡ്ജിമാരില്‍ 15 ജഡ്ജിമാര്‍ തങ്ങളുടെ സ്വത്തുക്കള്‍ ഓണ്‍ലൈനായി വെളിപ്പെടുത്തിയിട്ടുണ്ട് ഈ പട്ടികയില്‍ ജസ്റ്റിസ് താഹില്‍രമാനി ഉള്‍പ്പെടുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ആസ്തി വിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെന്നതും ഗുരുതര വീഴ്ചയായി കൊളീജിയം ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട് ഹൈക്കോടതിയില്‍ വിഗ്രഹമോഷണക്കേസുകള്‍ പരിഗണിക്കുന്നതിന് അന്നത്തെ ചീഫ് ജസ്റ്റിസായ ഇന്ദിര ബാനര്‍ജി ഒരു ബെഞ്ച് രൂപീകരിച്ചിരുന്നു. ഈ ബെഞ്ച് ഏകപക്ഷീയമായി താഹില്‍രമാനി പിരിച്ചുവിട്ടത് ഗുരുതര കൃത്യവിലോപമാണെന്നാണ് കൊളിജീയം കണ്ടെത്തല്‍. സെപ്റ്റംബര്‍ 12ന് സുപ്രീം കോടതിയുടെ സെക്രട്ടേറിയറ്റ് ജനറലിന്റെ വാര്‍ത്താക്കുറിപ്പില്‍ താഹില്‍രമാനിയുടെ സ്ഥലം മാറ്റത്തിനുള്ള കാരണങ്ങള്‍ ആവശ്യമെങ്കില്‍ പുറത്തുവിടാമെന്ന് വ്യക്തമാക്കിയിരുന്നു. ഒദ്യോഗിക രേഖകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല.

2020 ഒക്ടോബര്‍ 3 വരെ സര്‍വീസ് കാലാവധിയുണ്ടായിരുന്ന വിജയ താഹില്‍രമാനി സെപ്റ്റംബര്‍ 6 നായിരുന്നു മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് രാജി വെച്ചത്. മേഘാലയിലേയ്ക്ക് സ്ഥലം മാറ്റിയതില്‍ പ്രതിഷേധിച്ചായിരുന്നു രാജ്യത്താകെയുള്ള രണ്ട് വനിതാ ചീഫ് ജസ്റ്റിസുമാരില്‍ ഒരാളായ വിജയ രാജിവെക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അവരുടെ രാജി രാഷ്ട്രപതി അംഗീകരിക്കുകയും ചെയ്തു. മുംബൈ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയിരിക്കെ ഗുജറാത്ത് കലാപത്തിലും ബില്‍കീസ് ഭാനു കേസിലും വിധി പറഞ്ഞത് താഹില്‍രമാനിയായിരുന്നു.