ഐസിന്‍റെ കളര്‍മാറ്റം; സര്‍ക്കാര്‍ ഉത്തരവിന് പുല്ലുവില

Web Desk
Posted on October 08, 2018, 8:49 pm

ആലപ്പുഴ: ഐസ് പ്ലാന്റുകളുമായി ബന്ധപ്പെട്ട് ദേശീയ ഭക്ഷ്യസുരക്ഷാ വിഭാഗം പുറപ്പെടുവിച്ച ഉത്തരവിന് അവഗണന. മീന്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്‍പ്പടെ വ്യവസായ ആവശ്യങ്ങള്‍ക്കുവേണ്ടി നിര്‍മ്മിക്കുന്ന ഐസിനു 2018 ജൂണ്‍ ഒന്നു മുതല്‍ നീല നിറമാക്കണമെന്നായിരുന്നു നിര്‍ദ്ദേശം.

എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പാക്കിയിട്ടില്ല. ഐസ് നിര്‍മ്മാണ ഫാക്ടറികളില്‍ നിന്ന് വാണിജ്യത്തിനും ഭക്ഷ്യആവശ്യങ്ങള്‍ക്കും ഒരേ ഐസ് ഉപയോഗിക്കുന്നത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയത്. ഭക്ഷ്യാവശ്യങ്ങള്‍ക്കുള്ള ഐസിന് നിറ വ്യത്യാസമില്ല. ഐസുകളുടെ നിറത്തില്‍ ഏകീകരണം വന്നാല്‍ അനധികൃതമായി നടത്തുന്ന ഐസ് ഫാക്ടറികള്‍ പൂട്ടിക്കാനും ഐസിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്താനും കഴിയും.

ഭക്ഷ്യസാധനങ്ങളില്‍ ഉപയോഗിക്കാനുള്ള ഐസ് കുടിവെള്ളത്തില്‍ നിന്നാണ് നിര്‍മ്മിക്കേണ്ടത്. വ്യവസായ ആവശ്യത്തിന് ഐസ് നിര്‍മിക്കുമ്പോള്‍ ജലത്തിന്റെ ഗുണം നോക്കാറില്ല. പരിശോധന നടത്താത്തതിനാല്‍ ഇങ്ങനെ ഉത്പാദിപ്പിക്കുന്ന ഐസ് കുറഞ്ഞ വിലയ്ക്കു ഭക്ഷ്യോല്‍പാദന–വിതരണക്കാര്‍ക്കു വാങ്ങാനാകും.ജ്യൂസിലും ശീതളപാനീയങ്ങളിലും ഈ ഐസ് ഉപയോഗിക്കുന്നുവെന്നു നേരത്തേതന്നെ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ തീരുമാനം മഹാരാഷ്ട്രയില്‍ നേരത്തേ നടപ്പാക്കിയിരുന്നു. ഇതു ഫലപ്രദമെന്നു കണ്ടാണു രാജ്യമാകെ ബാധകമാക്കുന്നത്. ബേക്കറികള്‍, റസ്റ്റോറന്റ് എന്നിവടങ്ങളില്‍ ഗുണമേന്മ ഇല്ലാത്ത ഐസാണ് വിതരണക്കാര്‍ എത്തിക്കുന്നത്. ഭൂരിഭാഗം നിര്‍മ്മാണ ശാലകളിലും വൃത്തിഹീനമായ വെള്ളമാണ് ഉപയോഗിക്കുന്നത്. നീല നിറം ഏകീകരിക്കുമ്പോള്‍ നിലവാരം ഇല്ലാത്ത ഐസിന്റെ വിതരണം മുടങ്ങും.