December 3, 2022 Saturday

ഇന്ത്യയിലെ കാർഷിക നിയമങ്ങൾ കർഷകരെ തീരാദുരിതത്തിലാഴ്ത്തുമ്പോൾ

ഡോ. കെ പി വിപിൻ ചന്ദ്രൻ
മാനവീയം
October 6, 2020 5:21 am

ഡോ. കെ പി വിപിൻ ചന്ദ്രൻ

ന്ത്യൻ പാർലമെന്റ് പാസാക്കിയ മൂന്ന് നിയമങ്ങളായ കാർഷികോല്പന്ന വ്യാപാര വാണിജ്യ നിയമം, വിലസ്ഥിരതയും കാർഷിക സേവനങ്ങളും സംബന്ധിച്ച കർഷക നിയമം, അവശ്യസാധന നിയമ ഭേദഗതി എന്നിവ വൻ പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുകയാണ്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ കാർഷിക മേഖലയെ കോർപ്പറേറ്റ് കൈപ്പിടിയിൽ എത്തിക്കുകയും കാർഷിക മേഖലയിൽ ഉപജീവനം നടത്തുന്ന കർഷകരെ തീരാദുരിതത്തിലേക്കും ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയെപോലും അപകടപ്പെടുത്തുന്ന നിലയിലേക്കും എത്തിച്ചേരുമെന്നതാണ് യാഥാർത്ഥ്യം. ഇന്ത്യയിലെ കാർഷിക വിദഗ്ധർ പലപ്പോഴും വിലയിരുത്തുന്നത് ഇന്ത്യയിലെ കർഷകർ ഒരു ശക്തമായ ‘കാർഷിക സംസ്കാര’ (അഗ്രികൾച്ചർ)ത്തിന്റെ പാത പിന്തുടരുന്നവരായിട്ടാണ്. എന്നാൽ ഈ മൂന്നു നിയമങ്ങളിലൂടെ കാർഷിക സംസ്കാരത്തെ തകർക്കുകയും ‘കൃഷി ബിസിനസ്’ (അഗ്രിബിസിനസ്) ആയി അവരോധിച്ച് കോർപ്പറേറ്റുകൾക്ക് ഏൽപ്പിച്ചു കൊടുക്കുകയുമാണ് ചെയ്യുന്നത്.

കർഷകർക്ക് ഇടത്തരക്കാരുടെ ചൂഷണം ഒഴിവാക്കി രാജ്യത്തെവിടെയും ഉല്പന്നങ്ങൾ വിറ്റഴിക്കാൻ വേണ്ടി നിയന്ത്രണങ്ങൾ എടുത്തുകളയുന്നതെന്നാണ് സർക്കാർ ഭാഷ്യം. 1991 ൽ നടപ്പിലാക്കിയ നവലിബറൽ സാമ്പത്തിക നയങ്ങൾക്കുശേഷം വ്യാവസായികസേവന മേഖലകളിൽ കുത്തകകൾക്ക് നിക്ഷേപ അവസരങ്ങൾ ഒരുക്കിയതുവഴി ഇന്ത്യയിലെ മൊത്തം സമ്പത്തിന്റെ 73 ശതമാനവും കൈപിടിയിൽ ഒതുക്കിയത് ഒരു ശതമാനത്തോളം വരുന്ന ശതകോടീശ്വരൻമാരാണ്.

സാമ്പത്തിക അസമത്വത്തിന്റെ പരകോടിയിലെത്തിയ ഇന്ത്യയിൽ ഈ നിയമങ്ങളിലൂടെ കാർഷികമേഖലയിലും കോർപ്പറേറ്റ് സാന്നിധ്യം ഉറപ്പിക്കുന്നത് കാർഷികമേഖലയും അതുമായി ബന്ധപെട്ടും ജീവിക്കുന്ന സാധാരണ ജനങ്ങളുടെ ജീവിതം ദാരിദ്ര്യത്തിലേക്കും ആത്മഹത്യയിലേക്കും വഴിതെളിക്കുന്നതിനിടയാക്കും. ഇത് 1991 നു ശേഷം കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന നവലിബറൽ നയങ്ങളുടെ ബാക്കിപത്രമാണ്. ‘ആത്മനിർഭർ ഭാരത്’ കാർഷിക മേഖലയിലും നടപ്പിലാക്കുന്നുവെന്ന് വാദിക്കുന്നുവെങ്കിലും ഭക്ഷ്യ സ്വയംപര്യാപ്തമായ ഇന്ത്യയിലേക്കുള്ള മുന്നേറ്റത്തിന് തുരങ്കം വയ്ക്കക്കുന്ന സമീപനമായി മാത്രമേ ഇതിനെ വിലയിരുത്താൻ സാധിക്കുകയുള്ളൂ.

ഇന്ത്യ ഭക്ഷ്യ സ്വയംപര്യാപ്തത നേടിയെന്ന് അവകാശപ്പെടുമ്പോഴും 36.9കോടി ജനങ്ങൾ കടുത്ത ബഹുമുഖദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നു. ഈ വിരോധാഭാസം നിലനിൽക്കുന്ന ഇന്ത്യയിൽ കോവിഡ് 19 മഹാമാരി ഉയർത്തുന്ന സാമ്പത്തിക പ്രതിസന്ധി, ആരോഗ്യ പ്രതിസന്ധി അതിനൊപ്പം ഒരു കാർഷിക പ്രതിസന്ധിയെ കൂടി നേരിടാൻ പോവുകയാണ് ഇന്ത്യ. പ്രത്യേക സാമ്പത്തിക മേഖലകൾ, വ്യവസായ പാർക്കുകൾ തുടങ്ങിയവയ്ക്കായി കഴിഞ്ഞ 20 വർഷത്തോളമായി കൃഷിഭൂമി വൻതോതിൽ കൈമാറ്റം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ 60 ശതമാനം കർഷകരും 0.4 ഹെക്ടറിൽ കുറവ് ഭൂമിയുള്ളവരാണ്. സ്വതന്ത്ര ഇന്ത്യയിൽ മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 60 ശതമാനത്തോളം സംഭാവന നൽകിയത് കാർഷിക മേഖലയിൽ നിന്നായിരുന്നു. എന്നാൽ ഇന്ന് ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 58 ശതമാനം കാർഷിക മേഖലയിൽ ഉപജീവനം നയിക്കുന്നുവെങ്കിലും അവരുടെ സംഭാവന മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 15 ശതമാനത്തോളം മാത്രമാണ്.

ഇന്ത്യയിലെ ഭക്ഷ്യക്ഷാമത്തെ നേരിടാൻ വേണ്ടിയാണ് ഹരിതവിപ്ലവം നടപ്പിലാക്കിയത്. അത്യുല്പാദന ശേഷിയുള്ള വിത്തിനങ്ങൾ, ഉയർന്ന തോതിലുള്ള രാസവളപ്രയോഗം, കാർഷികരംഗത്ത് യന്ത്രവത്കരണം തുടങ്ങിയവയിലൂടെ ഇന്ത്യയിലെ ഭക്ഷ്യോല്പാദനം വൻതോതിൽ വർധിപ്പിച്ചു. അക്കാലത്തെ ഭക്ഷ്യ‑കൃഷി മന്ത്രിയായിരുന്ന സി സുബ്രഹ്മണ്യന്റെ നേതൃത്വത്തിൽ അവതരിപ്പിച്ച ‘പുത്തൻ കാർഷിക രീതി‘യുടെ പ്രത്യേകത മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ‘സാങ്കേതികമായ കൃഷിരീതി‘യാണ് പിന്തുടർന്നത്. ഈ പുത്തൻ കാർഷികരീതിയിലൂടെ മൊൺസാന്റോ മുതൽ ബേയർ വരെയുള്ള അന്താരാഷ്ട്ര കുത്തക വിത്തു കമ്പനികളും കീട കളനാശിനി കമ്പനികളും ഇന്ത്യയിൽ തങ്ങളുടെ ചുവടുറപ്പിച്ചു. ഹരിത വിപ്ലവത്തിന്റെ സ്വാധീനം ഇന്ത്യയിലെ കാർഷിക മേഖലയ്ക്ക് പുത്തൻ ഉണർവ്വ് സൃഷ്ടിക്കുകയും കർഷകർക്കിടയിൽ ഒരു സമ്പന്ന വിഭാഗത്തെ സൃഷ്ടിച്ചെടുക്കാൻ സാധിക്കുകയും ചെയ്തു. എങ്കിലും നെല്ല്, ഗോതമ്പ്, പരുത്തി, കരിമ്പ്, നിലക്കടല തുടങ്ങിയ ഏതാനും കാർഷിക വിളകളെ അടിസ്ഥാനമാക്കിയ കാർഷികവിപ്ലവം മാത്രമായിരുന്നു ഹരിത വിപ്ലവം. ഇത് കാർഷിക മേഖലയുടെ വൈവിധ്യങ്ങൾ നഷ്ടമാക്കുകയും കർഷകരെ വിത്തു കമ്പനികളുടെയും സാങ്കേതിക വിദഗ്ധരുടെയും ആശ്രിതരാക്കി മാറ്റുകയും ചെയ്തു.

ഇന്ത്യയിലെ കാർഷികരംഗത്തെ പൂർണ്ണമായും തകർച്ചയിലേക്ക് നയിച്ചത് 1991ലെ പുത്തൻ സാമ്പത്തിക പരിഷ്കാരത്തിലൂടെയാണ്. പുത്തൻ സാമ്പത്തിക പരിഷ്കാരത്തിന്റെ ഉള്ളടക്കം വിപണിയെ മുതലാളിത്തത്തിന് ഉപകാരപ്രദമാകുന്ന രീതിയിൽ മൂന്നാംലോക രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങൾ പുതുക്കി പണിയുക എന്നതായിരുന്നു. പൊതുമേഖലയ്ക്ക് പ്രാമുഖ്യം നൽകികൊണ്ടുള്ള സാമ്പത്തികനയങ്ങൾ പിന്തുടരുന്ന രാജ്യങ്ങളെ അതിൽ നിന്ന് പിന്തിരിപ്പിച്ച് സ്വകാര്യ നിക്ഷേപത്തിന്റെ അനന്തസാധ്യതകൾ തുറന്നു കൊടുക്കാനും ശ്രമിച്ചു.

ലോകബാങ്കിന്റെയും ഐഎംഎഫിന്റെയും നിർദ്ദേശപ്രകാരം കാർഷിക മേഖലകളാകെ സബ്സിഡികൾ ഗണ്യമായ തോതിൽ വെട്ടിക്കുറച്ചു. ഇത് സാധാരണ കർഷകർക്ക് കൃഷി ലാഭകരമല്ലാതായി മാറി. പേറ്റന്റ് നിയമത്തിലൂടെ വിദേശകുത്തക കമ്പനികൾ കാർഷിക മേഖലയിൽ കടന്നുകയറുകയും കർഷകരുടെ സ്വാശ്രയത്വത്തെ പൂർണ്ണമായി ഇല്ലാതാക്കുകയും കൂടിയ വിലയ്ക്ക് വർഷംതോറും വിത്തുകളും അവയ്ക്ക് അനുയോജ്യമായ കീടനാശിനികളും വാങ്ങാൻ അവർ നിർബന്ധിതരാക്കുകയും ചെയ്തു. ഇത് കർഷകരെ കടക്കെണിയിലേക്കും വർധിച്ച തോതിലുള്ള കർഷക ആത്മഹത്യയിലേക്കും നയിച്ചു. ഇത് ഇന്നും നിർബാധം തുടരുന്നു.

കഴിഞ്ഞ ആറു വർഷങ്ങൾക്കിടയിൽ ഇന്ത്യയിൽ എത്ര കർഷകരാണ് ആത്മഹത്യ ചെയ്തതെന്ന ചോദ്യം പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഇതിന് മറുപടിയായി ലഭിച്ചത് സർക്കാരിന്റെ കൈയ്യിൽ കൃത്യമായ വിവരങ്ങളില്ല എന്നാണ്. ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത് കാർഷിക മേഖലയിലും ചങ്ങാത്ത മുതലാളിത്തത്തിന്റെ കരങ്ങൾ ശക്തമായി പ്രവർത്തിക്കുന്നുവെന്നാണ്. വിപണിയെ അടിസ്ഥാനപ്പെടുത്തിയുള്ള കാർഷിക വികസനത്തിന്റെ ദുരന്തമാണ് ഭക്ഷ്യവിളയിൽ നിന്നും നാണ്യവിളയിലേക്കുള്ള മാറ്റം. ഈ മാറ്റം ഇന്ത്യയിലെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് നാണ്യവിളകളുടെ വിപണിയിൽ പ്രതിസന്ധി സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. പുത്തൻ സാമ്പത്തിക പരിഷ്കാരങ്ങൾ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയെ തകർച്ചയിലേക്ക് നയിക്കുകയും കാർഷിക മേഖലയിലും ഗ്രാമീണ മേഖലയിലും വലിയ തോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിക്കുകയും വരുമാനവും ചെലവും തമ്മിലുള്ള അന്തരം വർധിപ്പിക്കുകയും ചെയ്തതിലൂടെ ഇന്ത്യൻ കർഷകർ അതിജീവനത്തിനായി കഷ്ടപ്പെടുകയാണുണ്ടായത്. ഇന്ത്യയിലെ കർഷകരെ കട ബാധ്യതയിലേക്കും ആത്മഹത്യയിലേക്കും നയിച്ചതിന് പിന്നിൽ ബഹുരാഷ്ട കമ്പനികളുടെ കടന്നുവരവാണ്. അതിനൊപ്പം കാലാവസ്ഥാ വ്യതിയാനവും കാർഷിക മേഖലയിൽ വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നു.

കാർഷികകടങ്ങൾ എഴുതിത്തള്ളുക, കർഷകർക്ക് ഉല്പാദന ചെലവിൻമേൽ 50 ശതമാനം ലാഭം ഉറപ്പു വരുത്തുക, മിനിമം സഹായവില ഉയർത്തുക, സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കുക, കാര്യക്ഷമമായ ഭൂവിനിയോഗം സാധ്യമാകുന്നതിനായി ദേശീയ ഭൂനയം നടപ്പിലാക്കുക തുടങ്ങിയ നിരവധി വാഗ്ദാനങ്ങൾ നൽകിയാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഒന്നാം എൻഡിഎ സർക്കാർ അധികാരത്തിൽ വന്നത്. കർഷകക്ഷേമം ഉറപ്പുവരുത്താൻ സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് വാദിച്ച് അധികാരത്തിൽ വന്ന സർക്കാർ അത് നടപ്പിലാക്കുന്നത് പ്രായോഗികമായി സാധ്യമല്ലെന്ന് സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരിക്കുകയാണ്.

കർഷകരുടെ കടങ്ങൾ എഴുതി തള്ളുന്നതിലും നിഷേധാത്മകമായ സമീപനമാണ് മോഡി സർക്കാർ സ്വീകരിക്കുന്നത്. ഇതിനെതിരെ വിവിധ സംസ്ഥാനങ്ങളിൽ കർഷക കൂട്ടായ്മകളിലൂടെ സമരമുഖത്താണ് കർഷകർ. വർത്തമാന കർഷക പ്രക്ഷോഭങ്ങൾ മുൻകാലത്ത് നിന്നും തികച്ചും വ്യത്യസ്തമാകുന്നത് അവ ചെറുകിട കർഷകർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ ഉയർത്തി കാട്ടാൻ ശ്രമിക്കുന്നുവെന്നതാണ്.

2017ൽ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിൽ നടത്തിയ സാമ്പത്തിക സർവ്വേ റിപ്പോർട്ട് പ്രകാരം കർഷകരുടെ കൃഷിയിൽ നിന്നു ലഭിക്കുന്ന വാർഷിക വരുമാനം 20,000 രൂപയാണ്. പ്രതിമാസം 1,666 രൂപ മാത്രമാണ് ലഭിക്കുന്നത്. എന്നാൽ സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശകൾ പൂർണ്ണമായി നടപ്പിലാക്കിയാൽ തന്നെയും കർഷകരുടെ മാസ വരുമാനത്തിൽ 1,000 രൂപയിൽ കൂടുതൽ വർധനയൊന്നും സൃഷ്ടിക്കില്ല. അതായത് 2,666 രൂപയായി അത് വർധിക്കും. കാർഷികേതര വരുമാനം കൂടിച്ചേർത്താൽ ഒരു ശരാശരി ഇന്ത്യൻ കർഷകന്റെ പ്രതിമാസ വരുമാനം 5,666 രൂപ വരുമെന്നാണ് വിവിധ കർഷക സംഘടനകൾ ചൂണ്ടികാട്ടുന്നത്. ദേശീയ വേതന കമ്മീഷന്റെ നിരീക്ഷണത്തിൽ ഒരു ശരാശരി കുടുംബത്തിന് തങ്ങളുടെ ജീവിതം മുന്നോട്ടു കൊണ്ടു പോകാൻ കുറഞ്ഞത് പ്രതിമാസം 21,000 രൂപയെങ്കിലും വരുമാനമുണ്ടായിരിക്കണമെന്നാണ്. ഇവിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മറ്റൊരു പ്രഖ്യാപനത്തിന്റെ പൊള്ളത്തരം വ്യക്തമാകുന്നത്.

2025നുള്ളിൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന പ്രഖ്യാപനം. നിലവിൽ 1,666 രൂപ മാസവരുമാനമുള്ള കർഷകന്റെ വരുമാനം ഇരട്ടിയാക്കി (3,332 രൂപ)യാൽ പോലും വളരെ കുറവാണ്.

ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ഗ്രാമീണ മേഖലയിലാണെന്ന ഗാന്ധിജിയുടെ അഭിപ്രായം പൂർണ്ണമായും ഉൾകൊണ്ടുകൊണ്ട് ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിൽ കൃഷിയുടെ പ്രാധാന്യം തിരിച്ചറിയുകയും അന്നം തരുന്ന കർഷകന്റെ കണ്ണീരൊപ്പുകയും അവരുടെ അതിജീവനം നമ്മുടെ നിലനില്പ്പിന്റെ ആധാരശിലയാണെന്ന പൊതുബോധം സൃഷ്ടിക്കുകയും ചെയ്ത് കർഷകരുടെ ക്ഷേമത്തിനായി ഭരണകൂടം കാർഷികനയങ്ങൾ ആവിഷ്കരിച്ചാൽ ഇന്ത്യയിലെ കാർഷിക മേഖല രാജ്യത്തിന്റെ നട്ടെല്ലായി എന്നെന്നും നിലനിൽക്കും. എന്നാൽ വർത്തമാനകാല ഇന്ത്യ നല്കുന്ന സന്ദേശങ്ങൾ പൂർണ്ണമായും കേന്ദ്രസർക്കാർ കർഷക വിരുദ്ധമായി മാറിയിരിക്കുന്നുവെന്നാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.