Thursday
21 Feb 2019

ഭൂമി എന്നും സര്‍വംസഹയാകില്ല

By: Web Desk | Sunday 17 June 2018 10:04 PM IST

ഭൂമിക്ക് ഒരു പര്യായമുണ്ട്. എന്തും സഹിക്കുന്നവള്‍ എന്നര്‍ഥം. പക്ഷേ ഈ പര്യായം ചാര്‍ത്തിക്കൊടുത്തത് മനുഷ്യനാണെന്ന് ഓര്‍ക്കുക. എന്തും സഹിച്ച് പൊലീസിലെ ദാസ്യപ്പണിപോലെ മനുഷ്യന്റെ ദാസ്യവൃത്തി നടത്തുന്നവളാണ് ഭൂമി എന്ന അര്‍ഥകല്‍പനയ്ക്ക് താന്‍ ഉത്തരവാദിയല്ലെന്ന് ഭൂമി ഈ ഭൂഗോളമാകെ പറഞ്ഞുതുടങ്ങിയിട്ട് ഏറെക്കാലമായി. ലോകത്തെ ഏറ്റവും വലിയ ജൈവവൈവിധ്യമണ്ഡലമായ ആമസോണ്‍ വനങ്ങളിലെ പരിസ്ഥിതിനാശത്തെത്തുടര്‍ന്നുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ വാര്‍ത്തകള്‍ നമ്മുടെ കാതുകളിലും കണ്ണുകളിലും വന്നലയ്ക്കുന്നു. അപ്പോള്‍ പിന്നെ ഒരു ഇത്തിരകുഞ്ഞന്‍പൊട്ടുപോലെയുള്ള കേരളത്തിന്റെ കഥ പറയാനുണ്ടോ.
ദുരന്തങ്ങളെ വലയിട്ടുപിടിച്ചശേഷം ദുരന്തനിവാരണ സേനയ്ക്കു വേണ്ടി കൈകാലിട്ടടിക്കുന്ന ഒരു ജനതയെ കേരളത്തിലെ പോലെ വേറേ കണികാണാന്‍ കിട്ടില്ല. എന്നിട്ടും നമ്മള്‍ അന്‍പത്തിയാറിഞ്ച് നെഞ്ചുവിടര്‍ത്തി പറയും, പ്രബുദ്ധകേരളമെന്ന്! പരിസ്ഥിതിഹത്യ പ്രബുദ്ധതയുടെ ലക്ഷണമെന്ന് വ്യാഖ്യാനിക്കുന്ന പൊട്ടന്മാരായ നമ്മള്‍. ഒരുറുമ്പും ഒരു മാനത്തുകണ്ണിയും കുരുവിയും വമ്പനാനയുമെല്ലാം പരിസ്ഥിതിയുടെ ഭാഗമാവുമ്പോള്‍ നമുക്ക് സംസ്ഥാനപക്ഷിയായ മലമുഴക്കി വേഴാമ്പല്‍ വെറുമൊരു കാട്ടുകിളി. മലനിരകള്‍ വര്‍ണവസന്തമൊരുക്കുന്ന കുറിഞ്ഞി ഒരു കാട്ടുചെടി. അണക്കെട്ടുപണിത് കാനഡയിലെ ആദിമഗോത്രങ്ങളെയും അവരുടെ പ്രാക്തനസംസ്‌കാര തിരുശേഷിപ്പുകളായ സാംസ്‌കാരിക സ്തൂപങ്ങളായ പോട്ടംപോളുകളും വെള്ളത്തിനടിയിലാക്കി കറണ്ട് ഉല്‍പാദിപ്പിക്കുന്ന പുതിയ വികസനസംസ്‌കാരം കേരളമെന്ന ഇത്തിരിവട്ടത്തിലും കൊണ്ടുവരാന്‍ ശ്രമിക്കുമ്പോള്‍ നാം മറന്നുപോകുന്നത് ഉള്‍വനങ്ങളില്‍ അഭയം തേടിയിരിക്കുന്ന പ്രാക്തനഗോത്രമായ കാടരെ. അവര്‍ കാടരല്ലേ കാടര്‍ എന്ന മേലാളചിന്തയിലൂന്നിയ ചിലരുടെ പരിസ്ഥിതി ബോധത്തിനു നമോവാകം ചൊല്ലുക, നല്ലനമസ്‌കാരം പറയുക!

തു പറഞ്ഞുവന്നത് ഈയടുത്ത ദിവസങ്ങളില്‍ സംസ്ഥാനത്തുണ്ടായ പ്രകൃതിദുരന്തങ്ങള്‍ ഓര്‍ത്തപ്പോഴാണ്. അതിരപ്പള്ളി വാഴച്ചാല്‍ മേഖലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത് ഏക്കര്‍കണക്കിനു വനഭൂമിയായിരുന്നു. ചിലരൊക്കെ ഇപ്പോഴും സ്വപ്‌നം കാണുന്ന അതിരപ്പള്ളി ജലവൈദ്യുത പദ്ധതി പ്രദേശമാണ് ഉരുള്‍പൊട്ടലില്‍ തകര്‍ന്നതെന്ന് ഓര്‍ക്കുക. മൂലധനശക്തികളും മാഫിയാപറ്റങ്ങളും ചേര്‍ന്ന് നമ്മുടെ കിഴക്കന്‍ മലയോരങ്ങളില്‍ ഭൂമിയുടെ മാറിടം പിളര്‍ന്നതിന് ഭൂമി നല്‍കിയ തിരിച്ചടിയുടെ ദുരന്തദൃശ്യങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. സര്‍വംസഹയായ ഭൂമിക്ക് സംഹാരരുദ്രയാകാനും അറിയാമെന്ന് ഓതിത്തരുന്ന ദൃശ്യങ്ങള്‍.

തന്നെ ആക്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് പ്രത്യാക്രമണം നടത്താനും ഭൂമിക്കറിയാമെന്ന് പ്രകൃതി നമുക്ക് കാട്ടിത്തന്നു. മൂന്നാറിലെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ നിയമംലംഘിച്ച് മാഫിയകള്‍ പണിത 13 റിസോര്‍ട്ടുകള്‍ ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. നിയമസഭയുടെ പരിസ്ഥിതി സമിതി അംഗമായ പി വി അന്‍വറിന്റെ കക്കാടം പൊയിലെ വാട്ടര്‍തീം പാര്‍ക്ക് ഉരുള്‍പൊട്ടലില്‍ തകര്‍ന്നു. മലതുരന്ന് കൃത്രിമജലാശയമുണ്ടാക്കിയതായിരുന്നു ഉരുള്‍പ്പൊട്ടലിനു കാരണമെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന് പാര്‍ക്ക് അടച്ചുപൂട്ടാന്‍ ഉത്തരവുണ്ടാകാന്‍ ഒരു ഉരുള്‍പൊട്ടല്‍തന്നെ വേണ്ടിവന്നു. കക്കയം ഡാമിന്റെ പെന്‍സ്റ്റോക്കിനടുത്തുപോലും ഉരുള്‍പൊട്ടലുണ്ടായത് കയ്യേറ്റ മാഫിയ ചുറ്റും വരുത്തിവച്ച പരിസ്ഥിതിനാശം മൂലമായിരുന്നു. ഏഷ്യയിലെ ഏറ്റവും വലിയ സാങ്കേതിക ഇതിഹാസമായ ഇടുക്കി ആര്‍ച്ച് ഡാം ഭീഷണിയിലാണെന്ന കാര്യം നാം മൂടിവയ്ക്കുന്നു. അണക്കെട്ടിന്റെ ആയക്കെട്ടു പ്രദേശമാകെ മാഫിയകളുടെ കൈവശമായി. കയ്യേറ്റ ഭൂമികള്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കാതിരിക്കാന്‍ മലമുകളിലെല്ലാം കുരിശുകളും അവിടേയ്‌ക്കെല്ലാം കുരിശിന്റെ വഴികളും കൈനാട്ടികളും. കുരിശില്‍ തൊട്ടാല്‍ കളി പപ്പാത്തിച്ചോലയാകുമെന്ന് മാഫിയകള്‍ക്കറിയാം.

ദുരന്തങ്ങള്‍ക്കിടയില്‍ ഇടുക്കിയിലെ പൂപ്പാറയില്‍ ആനയിറങ്ങി ഒരാളെകൊന്നു. വാള്‍പ്പാറയിലിറങ്ങിയ കാട്ടുപുലി കൈലാസവതിയെന്ന സ്ത്രീയെ കടിച്ചു കീറികൊന്നു. തികച്ചും നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍. എന്നാല്‍ ഈ സംഭവങ്ങള്‍ക്ക് ഉത്തരവാദി വനം വകുപ്പിന്റെ അനാസ്ഥയെന്നു പറയുന്നവര്‍ കാട്ടുമൃഗങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ത്തതിലുള്ള മനുഷ്യന്റെ പങ്ക് മറക്കരുത്. പരിസ്ഥിതി സ്‌നേഹികളും പരിസ്ഥിതിദ്രോഹികളും തമ്മില്‍ വാക്‌പോരുമുറുകുമ്പോള്‍ പോരൊടുങ്ങുന്നതുവരെ കലികയറിയ പ്രകൃതി കാത്തിരിക്കില്ല. ഇപ്പോഴത്തെ ദുരന്തങ്ങള്‍ നമുക്കൊരു പാഠമാകട്ടെ. ഈ ഓര്‍മപ്പെടുത്തലില്‍ നിന്നും നമുക്ക് പുതിയൊരു പരിസ്ഥിതിനയമുണ്ടാകട്ടെ. മാഫിയകള്‍ക്കും മൂലധനമേലാളന്മാര്‍ക്കും നുഴഞ്ഞുകയറാനുള്ള പഴുതുകളടച്ച ഒരു പരിസ്ഥിതിനയം. ഇല്ലെങ്കില്‍ പ്രകൃതിപ്പാട്ടുപാടുന്ന കുട്ടിയെപ്പോലെ ‘ഇനിവരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ’ എന്നു നമുക്ക് പാടിക്കൊണ്ടേയിരിക്കാം.

ണ്ട് തലസ്ഥാനത്ത് ഒരു ഡിവൈഎസ്പിയുണ്ടായിരുന്നു. മലയാറ്റൂര്‍ രാമകൃഷ്ണന്റെ ഭാഷയില്‍ തനി അയ്യര്‍വാള്‍. സംഭവം ബ്രാഹ്മണനെങ്കിലും ബീഫും ബ്രാണ്ടിയും മൂക്കുമുട്ടെ ശാപ്പിടും. എവിടെയെങ്കിലും മറിഞ്ഞുവീണ് ഒരു പോറലെങ്കിലും ഉണ്ടാക്കിയിട്ടേ സ്വാമി അഗ്രഹാരത്തില്‍ കയറൂ. ഒരു ദിവസം രാത്രി കുടിച്ചു കിന്റായിനിലത്തുവീണ് നെറ്റി പൊട്ടിയനിലയില്‍ വീട്ടിലെത്തി. ഇതെന്താ എന്ന് അമ്യാര്‍. എടീ അത് പൂന്തുറയില്‍ വര്‍ഗീയകലാപം. ഞാന്‍ രണ്ടുകൂട്ടര്‍ക്കുമിടയില്‍ നിന്ന് എന്റെ ലാത്തികൊണ്ട് ഇരുവശത്തും നിന്നുവന്ന കല്ലുകള്‍ തടുത്തു. അതോടെ കല്ലേറുവിഫലമാണെന്നു കണ്ട് ഇരുകൂട്ടരും ഏറവസാനിപ്പിച്ചു പിരിഞ്ഞുപോയി. വശപ്പിശകിന് ഒന്നു രണ്ടു കല്ലുകള്‍ എന്റെ നെറ്റിയിലുമേറ്റു. സ്വാമിയുടെ വാക്കുകള്‍ അമ്യാര്‍ വിശ്വസിച്ചു. ഇതുപോലെയാണ് വി എം സുധീരന്റെ കഥ. കെപിസിസി പ്രസിഡന്റായിരിക്കേ ഒരു യോഗത്തില്‍ പ്രസംഗിച്ചു മടങ്ങുമ്പോള്‍ മൈക്കിന്റെ കേബിളില്‍ തട്ടി കാലൊടിയുകയും വാരിയെല്ലുപൊട്ടുകയും ചെയ്തതോടെ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നുവെന്നാണ് അന്നു പറഞ്ഞത്. ഇപ്പോഴിതാ സുധീരന്‍ സത്യം പറയുന്നു. ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പു മാനേജര്‍മാരും തന്നെ വളഞ്ഞിട്ട് ആക്രമിച്ചാണ് തന്റെ വാരിയെല്ലു തകര്‍ത്തതെന്ന്, മുട്ടുകാല്‍ തല്ലിയൊടിച്ചതെന്ന്. വേദനസഹിക്കാതെയാണ് താന്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചതെന്ന്. അങ്ങനെ വാ കൊച്ചുകള്ളാ. ഗ്രഹണസമയത്ത് ഹസന്‍ ഞാഞ്ഞൂലും വേദാന്തിയാകുമെന്നത് കലികാലവിശേഷം. സുധീരനുപകരം പ്രസിഡന്റായ ഹസന്‍ സുധീരന്‍ ഇരുന്ന വേദിയില്‍വെച്ചായിരുന്നു വേദാന്ത പ്രഘോഷണം. മുതിര്‍ന്ന നേതാക്കളുടെ സംഭാവനകള്‍ യൂത്തന്മാര്‍ മറക്കരുതത്രേ. അങ്ങനെ മറക്കുന്നത് കാപട്യമാണ്. ആത്മാവില്ലാത്ത ശരീരം പോലെയാണ് യൂത്തന്മാര്‍ എന്നൊക്കെ പറഞ്ഞുവച്ച ഹസന്‍ ഒരു കാര്യം പറയാതെ പറഞ്ഞു: ഈയിരിക്കുന്ന സുധീരനും ആത്മാവില്ലാത്ത ശരീരംപോലെ, വാരിയെല്ലില്ലാത്ത ശരീരംപോലെയാണ്.

ണ്ട് അനന്തപുരിനാഥനായ ശ്രീപത്മനാഭന്റെ തിരുമുറ്റത്തുവച്ച് ഒരു മാധ്യമപ്രവര്‍ത്തകന്റെ കരണക്കുറ്റിക്ക് നല്ലൊരു പെടകിട്ടി. തല്ലിയത് സാക്ഷാല്‍ ലാലുപ്രസാദിന്റെ പുത്രി മിസാഭാരതി. ലാലു-റാബ്രിമാരുടെ പത്തുപതിനേഴു സന്തതികളിലൊരാളായ ബിഹാറി സിംഹപ്പെണ്ണ്. ഒരു പടമെടുത്തോട്ടെ എന്നു ചോദിച്ചതിനായിരുന്നു കവിളത്ത് തീപാറുന്നതല്ല്. അടികൊണ്ട മാധ്യമ പ്രവര്‍ത്തകന്‍ പത്മതീര്‍ഥത്തിലേക്ക് മുങ്ങി. പൊങ്ങിവന്നു പറഞ്ഞു: ഉത്തരേന്ത്യയിലെ പെണ്‍മക്കള്‍ ഇങ്ങനെയൊക്കെയാണെന്ന്. കഴിഞ്ഞ ദിവസം മറ്റൊരു മിസാഭാരതി അവതരിച്ചത് കനകക്കുന്നു കൊട്ടാരത്തിന്റെ താഴ്‌വാരത്തെ പാതവക്കില്‍. തന്തപ്പടിയും ഉത്തരേന്ത്യന്‍ ശിങ്കവുമായ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ദ്ധയാണ് ഒട്ടും സ്‌നിഗ്ദ്ധതയില്ലാതെ തന്തയുടെ ദാസ്യപ്പണിചെയ്യുന്ന ഡ്രൈവര്‍ ഗവാസ്‌കറുടെ കഴുത്തെല്ലും തോളെല്ലും തല്ലിത്തകര്‍ത്തത്. കേസും കാറുമാറും പുക്കാറുമൊക്കെയായി ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന്റെ പേരുള്ള ഗവാസ്‌കര്‍ ആശുപത്രിയില്‍. മകളുടെ തല്ലിന് പിതാശ്രീയുടെ തസ്തിക തെറിച്ചു. അപ്പോഴല്ലേ അറിയുന്നത് നൂറോളം പൊലീസുകാര്‍ ഇപ്രകാരം പൊലീസ് ഏമാന്മാരുടെ ദാസ്യപ്പണി ചെയ്യുന്നുവെന്ന്. പോരാഞ്ഞ് പണ്ടെന്നോ കേന്ദ്രമന്ത്രിയായിരുന്ന വയലാര്‍ രവിക്കും തുണ്ടുമന്ത്രിമാരായിരുന്ന കെ വി തോമസിനും കൊടിക്കുന്നില്‍ സുരേഷിനും കെ സി വേണുഗോപാലിനും വരെ കേരള പൊലീസിന്റെ ഗണ്‍മാന്മാരുണ്ടെന്ന്. ജാംബവാന്റെ കാലത്ത് ഐജിയായിരുന്ന ലക്ഷ്മണയ്ക്കുപോലും നാലു ഗണ്‍മാന്മാര്‍. പൊലീസുകാരെ കീഴാളപ്പണിക്ക് നിയോഗിക്കുന്നത് ഏത് നിയമമനുസരിച്ചാണെന്നു മാത്രം അറിയില്ല. ഗവാസ്‌കറുടെ തകര്‍ന്ന കശേരുക്കളില്‍ നിന്നെങ്കിലും ഈ ദാസ്യവേലയ്ക്കും അടിമപ്പണിക്കും നായ്ക്കാഷ്ടം വാരലിനും ഏമാന്മാരുടെ ഭാര്യമാരുടെ അടിവസ്ത്രം കഴുകലിനും അറുതിവരുത്തുന്ന ഒരു വകുപ്പുവരുമോ.