Monday
22 Apr 2019

‘വാ പോയ കോടാലി’ യുടെ നികൃഷ്ടജല്‍പ്പനങ്ങള്‍

By: Web Desk | Thursday 13 September 2018 10:38 PM IST


P C George against nun

v p unnikrishnan

‘വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട്’ എന്ന് പഴമക്കാര്‍ പറഞ്ഞത് പി സി ജോര്‍ജിനെ പോലുള്ളവര്‍ പിന്നാലെ വരുമെന്ന് മുന്‍കൂട്ടി കണ്ടിട്ടാവണം. അദ്ദേഹം താന്‍ ഒരു അധമ പ്രതിഭാസമാണെന്ന് പ്രവൃത്തിയിലൂടെയും പറച്ചിലുകളിലൂടെയും ആവര്‍ത്തിച്ചാവര്‍ത്തിച്ച് തെളിയിക്കുകയാണ്. ആരെയും എന്തും ഏതും വിളിച്ചുപറയാമെന്ന ധാര്‍ഷ്ട്യത്തോടെ പുലഭ്യം പറയുന്നതില്‍ താന്‍ കെങ്കേമനാണെന്ന് ഈ ‘മാന്യന്‍’ കരുതി ജീവിക്കുന്നു. ഇദ്ദേഹവും ഒരു ജനപ്രതിനിധിയോ എന്ന് സാമാന്യബുദ്ധിയുള്ള ആരും മൂക്കത്ത് വിരല്‍ വച്ച് ആശ്ചര്യപ്പെട്ടുപോകും.

കന്യാസ്ത്രീകള്‍ കര്‍ത്താവിന്റെ മണവാട്ടിമാരാണ്. അവര്‍ സമൂഹത്തിന്റെ ആദരവ് അര്‍ഹിക്കുന്ന വിശുദ്ധ വേഷധാരികളാണ്. അവരുടെ കന്യകാത്വം കവര്‍ന്നെടുക്കുന്ന, ബലാത്സംഗത്തിന് ഇരകളാക്കുന്ന കപട ബിഷപ്പുമാര്‍ ആ പദവിയെ നീചമായ നിലയില്‍ കളങ്കപ്പെടുത്തുകയാണ് ചെയ്യുന്നത്. അവര്‍ അല്‍പ്പനിമിഷം പോലും ആ സ്ഥാനത്തിരിക്കുവാന്‍ യോഗ്യതയില്ലാത്ത കൂട്ടരാണ്. എന്നിട്ടും കര്‍ത്താവിന്റെ ദാസന്‍മാരെന്ന മട്ടില്‍ ഭക്തര്‍ക്കു മുന്നില്‍ നെഞ്ചുവിരിച്ച് നടക്കുന്നു. അവരെ പുറന്തള്ളാന്‍ പല സഭാ മേലധ്യക്ഷന്‍മാരും സന്നദ്ധമാകാത്തതും അപമാനകരം തന്നെ.

കന്യാസ്ത്രീകളുടെ കന്യകാത്വം കവര്‍ന്നെടുക്കുന്ന കൂട്ടര്‍ക്കെതിരെ വിമര്‍ശനവും പ്രതിഷേധവും പ്രക്ഷോഭവും സമൂഹത്തില്‍ ഉയര്‍ന്നുവരുമ്പോള്‍ ചില അല്‍പബുദ്ധിക്കാര്‍ അവരുടെ വക്താക്കളും വാഴ്ത്തുപാട്ടുകാരുമായി രംഗപ്രവേശം ചെയ്യുന്നതു മനഃസാക്ഷിയുള്ള ആരെയും ലജ്ജിപ്പിക്കും. ചാനല്‍ ചര്‍ച്ചാ മുറികളിലും പത്രസമ്മേളനങ്ങളിലും അപാര ചര്‍മബലത്തോടെ അവര്‍ വന്നിരുന്ന് ബലാത്സംഗവീരന്‍മാരെ ന്യായീകരിക്കുകയും ശ്ലാഘിക്കുകയും ചെയ്യുന്നു.

ഒരു കന്യാസ്ത്രീയെ പതിമൂന്ന് തവണ ബലാത്സംഗം ചെയ്ത മാംസദാഹിയായ ഫാദര്‍ ഫ്രാങ്കോമാര്‍ക്കൊപ്പം കൂട്ടുനില്‍ക്കുന്നവര്‍ അധമ മനുഷ്യത്വത്തിന്റെ പ്രതിരൂപങ്ങളാണ്. ഒരു കന്യാസ്ത്രീയെ മാത്രമല്ല പല കന്യാസ്ത്രീകളും ഇയാള്‍ കടന്നാക്രമിച്ചിട്ടുണ്ടെന്ന് പലരും സാക്ഷ്യപ്പെടുത്തുന്നു. ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇയാളുടെ പീഡനം ഭയന്ന് പല കന്യാസ്ത്രീകളും കര്‍ത്താവിന്റെ മണവാട്ടി വേഷം ഉപേക്ഷിച്ച് മഠം വിട്ടിറങ്ങിപ്പോയത്രെ.
ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകള്‍ ഇന്ന് അയാള്‍ക്കെതിരെ തെരുവിലിറങ്ങി സമരം ചെയ്യുന്നു. അവര്‍ വിതുമ്പുന്നതും പൊട്ടിക്കരയുന്നതും സമൂഹം നൊമ്പരത്തോടെ കാണുന്നു. മനഃസാക്ഷിയുള്ളവര്‍ ഇരയാക്കപ്പെട്ട കന്യാസ്ത്രീക്കും സമരം ചെയ്യുന്ന അവരുടെ സഹപ്രവര്‍ത്തകര്‍ക്കുമൊപ്പമാണ്. തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്ന് അവര്‍ വിളിച്ചുപറയുന്നു. ‘ഫ്രാങ്കോയും അദ്ദേഹത്തിനൊപ്പം നില്‍ക്കുന്ന മാഫിയാശക്തികളും തങ്ങള്‍ക്കുനേരെ നിരന്തരം വധഭീഷണി മുഴക്കുന്നുവെന്നും പ്രാണഭയത്താല്‍ തങ്ങള്‍ മഠത്തില്‍ നിന്ന് പുറത്തിറങ്ങാതെ ജയില്‍പുള്ളികളെ പോലെ കഴിഞ്ഞുകൂടുകയാണെന്നും സഭാനേതൃത്വവും ബിഷപ്പുമാരും തങ്ങള്‍ക്കൊപ്പമില്ലെന്നും അവര്‍ വിലപിക്കുന്നു.
അത്തരമൊരു വേദനാജനകമായ ഘട്ടത്തിലാണ് നിയമസഭാ സാമാജികന്‍ കൂടിയായ പി സി ജോര്‍ജ് നിരന്തരം പത്രസമ്മേളനങ്ങള്‍ വിളിച്ചുചേര്‍ത്ത് ഫ്രാങ്കോമാരുടെ നരാധമ പ്രവൃത്തികളെ വാഴ്ത്തുകയും കന്യാസ്ത്രീകളുടെ ചാരിത്രവിശുദ്ധിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നത്. എംഎല്‍എ പദവിക്കു തന്നെ ഇദ്ദേഹത്തെ പോലുള്ളവര്‍ തീര്‍ത്താല്‍ തീരാത്ത കളങ്കം ചാര്‍ത്തുകയാണ്. നിന്ദ്യവും നീചവുമായ വാക്കുകളിലൂടെ കന്യാസ്ത്രീകളെയാകെ അപമാനിക്കുകയാണ് പി സി ജോര്‍ജിനെ പോലുള്ള നരാധമന്‍മാര്‍.

ഈ കപടമാന്യന്‍ ആദ്യമായല്ല സ്ത്രീത്വത്തെ അവഹേളിക്കുന്നതും നിന്ദിക്കുന്നതും. ഇരയാക്കപ്പെട്ട ചലച്ചിത്ര നടിയെ ക്രൂരമായ പദപ്രയോഗങ്ങളാല്‍ അപമാനിച്ചത് സാംസ്‌കാരിക കേരളം കണ്ടു. വേട്ടക്കാരനായ നടന്‍ നല്ലവനെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. കുമ്പസാരിച്ച സ്ത്രീയെ ഭീഷണിപ്പെടുത്തി മാനം കവര്‍ന്നെടുത്ത പുരോഹിതന്‍മാരെ ശ്ലാഘിക്കുകയും പരാതിക്കാരിയെ നിന്ദിക്കുകയും ചെയ്തു. ആ പുരോഹിതന്‍മാര്‍ ഇപ്പോള്‍ കോടതിമുറി കയറിയിറങ്ങുന്നു, ജയില്‍വാസത്തിന് വിധേയരാകുന്നു. ഏറ്റവും അവസാനം ബിഷപ്പ് ഫ്രാങ്കോ പീഡിപ്പിച്ച കന്യാസ്ത്രീയും ജോര്‍ജിന്റെ വിഷംതുപ്പുന്ന നാവിന് ഇരയായിരിക്കുന്നു.
പണം നല്‍കിയും ഏക്കര്‍കണക്കിന് ഭൂമി വാഗ്ദാനം ചെയ്തുമാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ ജോര്‍ജിനെ പോലെ തന്നെ പിന്തുണയ്ക്കാനുള്ള കൂലിപ്പട്ടാളത്തെ സൃഷ്ടിക്കുന്നതെന്ന് കന്യാസ്ത്രീകള്‍ തന്നെ ആക്ഷേപിക്കുന്നു. പണവും സ്വത്തും കണ്ടാല്‍ ആരെയും എന്തു പുലഭ്യവും പറയാനിറങ്ങുന്ന ജോര്‍ജിനെ പോലുള്ളവര്‍ അടിമവംശത്തിന്റെ വിമോചനത്തിനു വേണ്ടി പടപൊരുതിയ, അവര്‍ക്കുവേണ്ടി കുരിശിലേറിയ യേശുക്രിസ്തുവിനെ സൗകര്യപൂര്‍വം മറന്നുപോകും. ഒറ്റുകാരന്‍ യൂദാസിന്റെ അനുയായികളായി മാറും. അല്ലെങ്കില്‍ യൂദാസിന്റെ പ്രതിരൂപമായി മാറും. വിശുദ്ധ കന്യാമറിയത്തെ മറന്നുപോകുന്നതുകൊണ്ട് ഉച്ചരിക്കാനാവാത്ത പദപ്രയോഗത്തിലൂടെ അപമാനിക്കും. ഇവര്‍ ക്രിസ്തു പകര്‍ന്നുനല്‍കിയ ദര്‍ശനങ്ങളെ വൃത്തിരഹിതമായ തങ്ങളുടെ കാലുകൊണ്ട് ചവിട്ടയരയ്ക്കുകയാണ്.

എംഎല്‍എ പദവി വഹിക്കുവാന്‍ തീര്‍ത്തും അര്‍ഹത നഷ്ടപ്പെട്ട ജോര്‍ജ് ഇന്ത്യന്‍ ഭരണഘടനയെയും നിയമനീതിന്യായ വ്യവസ്ഥയെയും പുച്ഛിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നു. തനിക്ക് ആരെയും പേടിയില്ലെന്നും വനിതാകമ്മിഷന്‍ തന്നെ മൂക്കില്‍ കയറ്റുമോയെന്നും താന്‍ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും പി സി ജോര്‍ജ് ആക്രോശിക്കുന്നു. കന്യാസ്ത്രീക്കെതിരെ നീചമായ പദം പ്രയോഗിച്ചതില്‍ ഖേദിക്കുന്നുവെന്നും പത്രപ്രവര്‍ത്തകരുടെ ചോദ്യം കേട്ടപ്പോള്‍ വികാരഭരിതനായി പറഞ്ഞതാണെന്നും പക്ഷേ നിലപാടില്‍ മാറ്റമില്ലെന്നും പറയുന്ന ജോര്‍ജ് തന്റെ മൂഢത്വം ആവര്‍ത്തിച്ചു തെളിയിക്കുകയാണ്.

തന്റെ അധമത്വവും നീചത്വവും ആവര്‍ത്തിച്ചു തെളിയിക്കുന്ന പി സി ജോര്‍ജ് കേരളത്തിന്റെ ഉന്നതമായ രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക പാരമ്പര്യത്തിന് അപമാനമാണ്. വിവേകരഹിതനും വിചാരബുദ്ധിയില്ലാത്തവനുമായ, ഇരകളെ അപമാനിക്കുകയും വേട്ടക്കാരെ പുകഴ്ത്തുകയും ചെയ്യുന്ന ഇത്തരക്കാര്‍ സമൂഹ മുഖ്യധാരയില്‍ നിന്നും തിരസ്‌കരിക്കപ്പെടണം. അഴിമതിക്കും അനീതിക്കുമെതിരെ പടപൊരുതുവാന്‍ താന്‍ സൃഷ്ടിച്ച ജനപക്ഷ പാര്‍ട്ടി മാത്രമേയുള്ളൂവെന്ന് പ്രഖ്യാപിക്കുന്ന ജോര്‍ജിന്റെ പാര്‍ട്ടി നോട്ടയ്ക്കും പിന്നിലാകുന്നത് സാധാരണ ജനത ഇവരുടെ കാപട്യവും നീചതയും തിരിച്ചറിയുന്നതുകൊണ്ടാണ്. ജോര്‍ജിനെ പോലുള്ളവര്‍ പീഡകന്‍മാരായ കപടവൈദികന്‍മാരെ വാഴ്ത്തുപാട്ടുകള്‍കൊണ്ട് മൂടട്ടെ. പക്ഷേ ജനത നിസഹായരായ കന്യാസ്ത്രീകള്‍ക്കൊപ്പം അടിയുറച്ചു നില്‍ക്കും. രാഷ്ട്രീയ-സാമൂഹ്യജീവിതത്തെ മലിനമാക്കുന്ന ‘വാ പോയ കോടാലി’കള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കട്ടെ. ക്രിസ്തുവിന്റെ ദര്‍ശനങ്ങളെ മറന്ന് പെരുമാറുന്ന കൂട്ടര്‍ ഒറ്റപെടട്ടെ. സമൂഹം വിശുദ്ധമാകട്ടെ.