ദേവിക
കോവിഡ് വാക്സിന് കണ്ടുപിടിക്കാത്ത ശാസ്ത്രലോകത്തിന് എന്തെല്ലാം കണ്ടുപിടിക്കാനാവാതെ പോകുന്നു. ശിവശങ്കറിന്റെ ഹൃദയവേദനയും നടുവേദനയും കണ്ടുപിടിക്കാനാവാതെ വെന്റിലേറ്ററിലായ ഡോക്ടര്‍മാര്‍. സ്വപ്നയുടെ വിരഹവേദനയുടെ കാര്യകാരണമറിയാതെ മൂക്കുകൊണ്ട് ക്ഷ എഴുതുന്ന ഡോക്ടര്‍മാര്‍. ഇതൊക്കെയാണെങ്കിലും പ്രസവിക്കുന്ന ശിശു ആണോ പെണ്ണോ എന്നറിയാന്‍ വലിയ ശാസ്ത്രജ്ഞാനമൊന്നും വേണ്ട. പണ്ടുകാലത്ത് വീടുകളില്‍ത്തന്നെയായിരുന്നു പ്രസവം. പേറെടുക്കുന്നത് പരിചയസമ്പന്നരും വൃദ്ധകളുമായ വയറ്റാട്ടികളും. പ്രസവസമയത്ത് കുടുംബത്തിലെ ആണുങ്ങളായവരെല്ലാം പുറത്ത് അക്ഷമയോടെ കാത്തുനില്പുണ്ടാവും. പ്രസവം കഴിഞ്ഞയുടന്‍ വയറ്റാട്ടി ഒരു കറിക്കത്തികൊണ്ട് കുഞ്ഞിന്റെ പൊക്കിള്‍ക്കൊടി മുറിച്ചുമാറ്റും. കുഞ്ഞിനെ ഒന്നു മലര്‍ത്തിക്കിടത്തി ലിംഗനിര്‍ണയം നടത്തും. കിടാവ് ആണെങ്കില്‍ പുറത്തു കാത്തുനില്ക്കുന്ന ആണുങ്ങളോട് വയറ്റാട്ടി പുറത്തുവന്ന് പുതിയ പോപ്പിന്റെ പേര് പ്രഖ്യാപിക്കുന്ന ഗമയോടെ വിളംബരം ചെയ്യും, ‘ആണമ്മിണാ ആണ്’ പെണ്ണെങ്കില്‍ ‘പെണ്ണമ്മിണാ പെണ്ണ്’ എന്ന്. ഇത് തെക്കന്‍ തിരുവിതാംകൂറിലെ വയറ്റാട്ടിയുടെ സ്ലാംഗ്. കാലമെത്ര കഴിഞ്ഞു. പഴയ തലമുറയിലെ വയറ്റാട്ടിമാരായ ഈച്ചേരിയുടേയും കൊച്ചുപാര്വതിയുടേയും നാരായണിയുടേയും അഞ്ചാം തലമുറക്കാലമായ ഇന്ന് കുഞ്ഞ് ആണോ പെണ്ണോ എന്നു തിരിച്ചറിയാന്‍ വശമില്ലാത്ത ഒരു തലമുറ.
കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിയുടെ അമ്മത്തൊട്ടിലില്‍ ആരോ ഒരു കുഞ്ഞിനെ നിക്ഷേപിച്ചു. അധികൃതര്‍ കുട്ടിയെ എടുത്തുകൊണ്ടുപോയി കുളിപ്പിച്ചു. കുഞ്ഞുടുപ്പണിയിച്ചു, പേരുമിട്ടു. നൊബേല്‍ ജേതാവായ പാക് പെണ്‍കൊടി മലാലയുടെ പേര്. മൂന്നാം നാള് ആശുപത്രിയില്‍ കൊണ്ടുപോയി, കോവിഡ് പരിശോധനയ്ക്ക് . ഡോക്ടര്‍മാര്‍ പരിശോധിച്ചു കോവിഡ് നെഗറ്റീവ് എന്ന് വിധിയെഴുതും മുമ്പ് മറ്റൊരു വിധിയെഴുത്ത്. കുഞ്ഞ് പെണ്ണല്ല ആണാണ്! മലാല എന്ന പേരുമാറ്റി മാധവന് കുട്ടിയെന്ന് മാറ്റിക്കോ! കുഞ്ഞിനെ കുളിപ്പിച്ചു പേരിട്ട ജീവനക്കാര്‍ക്കെതിരെ നടപടി വരുന്നുവത്രെ. കലികാല വിശേഷം എന്നു പറയാവുന്നപോലെ ഒരു കൊറോണക്കാല വിശേഷം എന്നല്ലാതെന്തു പറയാന്‍. ചന്ദ്രനില്‍ അടയ്ക്കാ കൃഷി നടത്താനും ചൊവ്വയില്‍ ആപ്പിള്തോട്ടമുണ്ടാക്കാനും കച്ചമുറുക്കി നില്ക്കുന്ന നമുക്ക് ആണിനേയും പെണ്ണിനേയും തിരിച്ചറിയാനാവാത്ത അവസ്ഥ.
പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെപ്പോലയായി കുമ്മനം രാജശേഖരന് എന്ന ബിജെപി രാജര്‍ഷിയുടെ വിധി. മിസോറാം രാജ്ഭവന് എന്ന മാളികമുകളേറിയ മന്നന് ഇപ്പോള്‍ തോളില്‍ മാറാപ്പ്. സ്വതേ തുണിയും വിരിച്ച് റോഡിലിരുന്നാല് ഒരു യാചകന്റെ ഭവഹാവാദികളുള്ള കുമ്മനംജിയെ ദേശീയ നേതാവാക്കാന്‍ അമിത്ഷാ തീരുമാനിച്ചിരിക്കുന്നു എന്ന വാര്‍ത്തകള്‍ വന്നലയ്ക്കുന്നതിനിടെ അമിത്ഷാ തന്നെ ഒരു പ്രഖ്യാപനം നടത്തുന്നു. ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിന്റ ഭരണസമിതിയില്‍ കേന്ദ്രത്തിന്റെ പ്രതിനിധിയെന്ന മഹാപദവി. ഇന്ദുലേഖയെ കിട്ടിയില്ലെങ്കില്‍ അമ്മുവിനെയായാലും മതിയെന്ന മട്ടില്‍ നാടുവാണ കുമ്മനം രണ്ടു നാലുദിവസം കൊണ്ടൊരുത്തനെ തണ്ടുതപ്പിയാക്കുന്നതും ശ്രീപത്മനാഭന് എന്നു സമാധാനിപ്പിച്ച് ശിഷ്ടകാലം ശ്രീപത്മനാഭദാസനായി ഭജനയുമായി കഴിഞ്ഞുകൂടും. ദേവപ്രശ്നത്തിലെന്താ മനുഷ്യപ്രശ്നം തെളിഞ്ഞുവരില്ലേ! ശബരിമല ദേവപ്രശ്നം നടത്തിയവരിലൊരാളായിരുന്നു ആറന്മുളയിലെ ഒരു ഇല്ലത്തിലെ ഹരികൃഷ്ണന് നമ്പൂതിരി.
വ്യവസായം തുടങ്ങാന്‍ 36 ലക്ഷം രൂപ ഓഹരി നിക്ഷേപിക്കാന്‍ ധാരണയായത് ശബരിഗിരീശ സാന്നിധ്യത്തില്‍. പെെസ നല്കാന് നിര്‍ദ്ദേശിച്ചത് കുമ്മനമാണത്രേ. ഇടനിലക്കാരന് അദ്ദേഹത്തിന് മുന്‍ പി എ പ്രവീണ്പിള്ള. കാശുകൊടുത്തത് പാലാക്കാട്ടെ ഒരു വ്യവസായി തരികിടയ്ക്ക്. നിക്ഷേപിച്ച ലക്ഷങ്ങള്‍ ‘പോക്കടി’ തന്നെയായപ്പോള്‍ ദേവപ്രശ്നക്കാരന്‍ വക കേസായി കാറുമാറായി. പ്രതികള്‍ കുമ്മനവും പി എ അരുണും വ്യവസായിയും പ്രതികളായി സാമ്പത്തികതട്ടിപ്പ് കേസ്. തട്ടിപ്പിനു തലവച്ചുകൊടുത്ത ദേവപ്രശ്നക്കാരന്‍ കെെകാലിട്ടടിക്കുമ്പോള് ഡല്‍ഹിയില്‍ വിദേശകാര്യമന്ത്രാലയത്തിലിരുന്ന് ഒരാള്‍ ഊറിച്ചിരിക്കുന്നു.
ദേശീയ നേതാവാകാന്‍ കുപ്പായം തുന്നിവച്ച കുമ്മനം തന്നോട് കളിച്ചാല്‍ ഇങ്ങനെയിരിക്കും എന്ന മട്ടില്‍. തട്ടിപ്പുകേസ് പ്രതി ഇനി സാധാരണഗതിയില്‍ ദേശീയ നേതാവാകില്ലല്ലോ. അക്കാര്യത്തില്‍ മുരളി മന്ത്രിക്ക് തെറ്റി. തട്ടിപ്പുകാരുടെ കൂടാരമായ ബിജെപി ദേശീയനേതൃത്വത്തിലേക്ക് വരുന്നതിന് മുമ്പ് ഒരു പ്രൊബേഷന്‍ ആണത്രേ ഈ സാമ്പത്തികതട്ടിപ്പ്, ഇതുവരെയില്ലാതിരുന്ന യോഗ്യതയും കുമ്മനത്തിനായി. ദേശീയനേതാവാകാന് ഇനി ഫുള്ളി ക്വാളിഫെെഡ്!
മലയാളി കേരളത്തിനു പുറത്തുവച്ച് അകത്താക്കുന്ന മദ്യത്തിന് ഒരു പ്രത്യേക വീര്യമുണ്ടോ. യുഎഇയില്‍ ഒരു ആലപ്പുഴക്കാരന് പ്രവാസിയുണ്ട്. കള്ളുമൂക്കുമ്പോള്‍ നേരെയങ്ങ് ഫേസ്ബുക്കില്‍ ചാടിക്കയറും. പിന്നെയങ്ങോട്ട് ഗുലേബക്കാവലി, മൊട്ടുസൂചി തുടങ്ങി പത്രങ്ങള്‍ മുതല്‍ ‘ന്യൂയോര്‍ക്ക് ടെെംസും’ ‘ഗാര്‍ഡിയനും’ വരെയുള്ള പത്രങ്ങളെക്കുറിച്ച് അസഭ്യവര്‍ഷമാകും. നിര്‍ദോഷമായ കള്ളുകയറ്റം. ഇനി വേറൊരു ജാതി. അതും യുഎഇയില്‍ തന്നെ. ലഹരിമൂത്തപ്പോള്‍ ഒരു കഠാരയെടുത്ത് എളിയില്‍ തിരുകി. മുഖ്യമന്ത്രി പിണറായിയെ ഇപ്പോള്‍ കൊല്ലണം. ‘മണിച്ചിത്രത്താഴ്’ സിനിമയിലെപ്പോലെ ‘വിടമാട്ടേ, ഉന്നെെ കൊന്ന്, ഉന്‍ രത്തത്തെ കുടിച്ച്’ എന്നിങ്ങനെ ആക്രോശം. കള്ളിറങ്ങിയപ്പോള് വാതില്ക്കല് യുഎഇ പൊലീസ് കാത്തുനില്ക്കുന്നു, നിയുക്ത കൊലയാളിയെ നാടുകടത്താന്‍. മദ്യലഹരിയില്‍ പറഞ്ഞുപോയതാണ്. രക്ഷിക്കണം എന്നു യാചനയായി. ‘പിണറായിവധം’ കഥകളിയുടെ പേരില്‍ നാടുകടത്തപ്പെട്ട കക്ഷി ഇപ്പോള്‍ നാട്ടിലെവിടെയോ കട്ടയടിക്കുകയാണ്. രണ്ടെണ്ണം വിട്ടിട്ട് വധഭീഷണി മുഴക്കുന്നവര്ക്കു കക്ഷിഭേദമൊന്നുമില്ല.
മുംബെെയിലെ കള്ളു കുടിച്ചപ്പോള്‍ തേജസ് എന്ന പാപ്പിനിശ്ശേരിക്കാരന്‍ പയ്യന് ഒരു എംഎല്‍എയെ കൊല്ലാന്‍ മോഹം. നേരെ വിളിച്ചു എംഎല്‍എയെ; നിന്നെ ഞാന്‍ തട്ടിക്കളയും. എംഎല്‍എയുടെ കളസം നനഞ്ഞുപോയി, പിന്നെ കേസായി. തേജസ് മുന്‍കൂര്‍ ജാമ്യം തേടി. എല്ലാം പോട്ടെ മാപ്പു നല്‍കാമെന്ന് എംഎല്‍എ. അന്യസംസ്ഥാന‑അന്യരാജ്യ കള്ളുകുടി വരുത്തിവയ്ക്കുന്ന ഓരോരോ പുക്കാറുകളേ. ഇങ്ങനെ പോയാല്‍ അന്തര്‍സംസ്ഥാന‑വിദേശമലയാളി പ്രവാസികള്‍ക്ക് കള്ളുനല്കരുതെന്നു പറഞ്ഞ് ‘ന്യൂയോര്‍ക്ക് ടെെംസ്’ ഒരു കാമ്പെയിന് തന്നെ സംഘടിപ്പിച്ചുകൂടെന്നില്ല!
ഈയടുത്ത് ലോകാരോഗ്യസംഘടന ഒരു കണക്കു പുറത്തുവിട്ടു. കൊറോണക്കാലത്ത് ഗര്‍ഭിണികളുടെ സംഖ്യയില്‍ 23 ശതമാനം വര്ധനവുണ്ടായത്രേ. ഹസ്തദാനത്തിനുപോലും വിലക്കുള്ള കോവിഡ്കാലത്ത് സാമൂഹ്യഅകലം പാലിച്ച് ഗര്‍ഭധാരണം എന്ന ട്രിക്ക് നടക്കുന്നുവെന്ന് ലോകാരോഗ്യസംഘടനയോ അന്തര്‍ദേശീയ വെെദ്യശാസ്ത്ര സ്ഥാപനങ്ങളോ കമാ എന്ന് ഒരക്ഷരം മിണ്ടുന്നില്ല! ചിലരുടെ കുസൃതിചോദ്യത്തിന് ലോകാരോഗ്യസംഘടനയുടെ പിന്നാമ്പുറങ്ങളില്‍ നിന്ന് അടക്കംപറച്ചില്‍ പോലെ ഒരു വിശദീകരണമുണ്ടത്രേ. അതാകട്ടെ അനോഫലിസ് പെണ്‍കൊതുകുകളുടെ കഥയും. മലമ്പനി പരത്തുന്നത് അനോഫലിസ് പെണ്കൊതുകുകളാണെന്നാണ് ശാസ്ത്രമതം. പക്ഷേ ഈ പെണ്കൊതുകുകള് നൂല്‍ബന്ധമില്ലാതെ ഉറങ്ങുന്ന പുരുഷന്മാരെ കടിക്കാറില്ലത്രേ. പെണ്കൊതുകായാലും മനുഷ്യനെ ഈ പടുതിയില്‍ കാണുമ്പോള്‍ നാണം വരില്ലേ! അങ്ങനെ കൊതുകുപെണ്ണ് നാണിച്ച് മൂളിപ്പറന്ന് അകന്നുപോകും. കൊറോണ വെെറസും പെണ്ണായതുകൊണ്ട് ലെെംഗികവേഴ്ച കണ്ട് ഓടിയകലുന്നതുകൊണ്ടാവാം ഈ മഹാമാരിക്കാലത്ത് ഗര്‍ഭധാരണം പെരുകുന്നതെന്നു നമുക്കും വിശ്വസിക്കാം.