Tuesday
26 Mar 2019

അധികാരം അപ്പക്കാരമോ സോഡാക്കാരമോ?

By: Web Desk | Saturday 9 December 2017 9:58 PM IST


അധികാരത്തിന്റെ ആണിക്കല്ലാണ് അവകാശബോധം. ആര്‍ക്കും അധികാരം ഒന്നിന്‍മേലുമില്ലെന്നായാല്‍ കടമകളേ ഉള്ളൂ അവകാശങ്ങള്‍ ഇല്ല എന്നു വരും. ഇതാണ് യഥാര്‍ത്ഥ സോഷ്യലിസ്റ്റ് സമൂഹം. ഇതിന്റെ പിറവിക്കും നിലനില്‍പിനും ആവശ്യമായ സംസ്‌കാരത്തിന്റെ നിര്‍മ്മിതിക്കാവശ്യമായ വൈകാരികാടിത്തറ പണിയാനാണ് സാഹിത്യവും കലകളും ഉണ്ടായതും നിലനില്‍ക്കുന്നതും. വിഭാഗീയതയുടെ ഹുങ്കും മുഷ്‌കും പരസ്പരവിദ്വേഷത്തിന്റെ വിഷവും ഭീതിയുടെ ഇരുളും കനപ്പെട്ടുവരുന്ന ആധുനികലോകസാഹചര്യത്തില്‍ മനുഷ്യസമത്വവും സാഹോദര്യവും സ്വാതന്ത്ര്യവും കാംക്ഷിക്കുന്നവരുടെ മുന്നില്‍ വെറെ വഴികളൊന്നുമില്ല, സംസ്‌കാരനിര്‍മ്മിതി അല്ലാതെ..

രുടെ മേല്‍ ആര്‍ക്കാണ് ഭൂമിയില്‍ പരമാധികാരമുള്ളത്? എല്ലാ സമൂഹങ്ങളിലെയും എല്ലാ ഉച്ചനീചത്വപ്രശ്‌നങ്ങള്‍ക്കും കാരണം ഈ ചോദ്യത്തിന് തെറ്റായ ഉത്തരങ്ങള്‍ നിലവില്‍ വന്നതാണ് എന്നു കാണാന്‍ വിഷമമില്ല.
ചക്രവര്‍ത്തിക്ക ് പരമാധികാരമുണ്ടെങ്കില്‍ പിണങ്ങിയ പ്രിയതമയെ പ്രീണിപ്പിക്കാന്‍ നിരപരാധിയെ തൂക്കിലേറ്റാനും കൊലയാളിയെ നിരുപാധികം വിട്ടയക്കാനും ദശരഥനെപ്പോലെ തയ്യാറാകും. അല്ലെങ്കില്‍, നിരപരാധിയായ ഭാര്യയെപ്പോലും ഒരു വിശദീകരണവും അവര്‍ക്കുപോലും നല്‍കാതെ കാട്ടില്‍ ഉപേക്ഷിക്കാന്‍ വിധിച്ചുകളയും. അതുമല്ലെങ്കില്‍, സ്വന്തം സഹോദരപുത്രന്‍മാര്‍ക്ക ് അരക്കില്ലം പണിയും.
മന്ത്രിക്കാണ് പരമാധികാരം കിട്ടുന്നതെങ്കില്‍ ചക്രവര്‍ത്തിയെപ്പോലും തുറുങ്കിലിട്ടുകളയും. സുപ്രിംകോടതിയെപ്പോലും അവഗണിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകളയും. നാവടക്കൂ, പണിയെടുക്കൂ എന്ന് ചാട്ടയോങ്ങിപ്പറയും.
സൈന്യാധിപനാണ് പരമാധികാരമെങ്കില്‍ തനിക്കിഷ്ടമില്ലാത്ത ഏവരെയും ഗ്യാസ ് ചേമ്പറുകളിലിട്ട് കൊല്ലും. വിപഌവം ജയിച്ച കക്ഷിയുടെ നേതാവിനാണ് പരമാധികാരമെങ്കില്‍ തന്റെ സ്ഥാനത്തിന് എപ്പോഴെങ്കിലും ഭീഷണിയായേക്കാവുന്ന എല്ലാവരെയും സൈബീരിയയില്‍ കൊണ്ടുപോയി വെടിവെച്ചു വീഴ്ത്തും.
ജനായത്തഭൂരിപക്ഷത്തിന്റെ അധികാരമുണ്ടായാല്‍ വിഭാഗീയത വളര്‍ത്തി വോട്ടുകള്‍ കൂട്ടാന്‍ എന്തും ചെയ്യും. ആരുടെ ജീവനുമെടുക്കും, ആരെയും തടവിലിടും, എതിര്‍വാ അരുതെന്നു വിലക്കും, വെറുപ്പു പരത്താന്‍ വേണ്ടതൊക്കെ ചെയ്യും.
കൈയില്‍ തോക്കുള്ളവനാണ് പരമാധികാരി എങ്കില്‍ ഗാന്ധിജിയെപ്പോലും വെടിവെച്ചിടും. അണുബോംബുണ്ട് കൈവശമെങ്കില്‍ ലക്ഷക്കണക്കിനാളുകളെ ഒറ്റയടിക്കു കൊല്ലും.
പരമമല്ലെങ്കിലും ഉള്ള അധികാരം വെച്ച് കൊച്ചധികാരികള്‍ സരിതമാരെ പീഡിപ്പിക്കും. ബലാത്സംഗം ചായ കുടിക്കുന്നപോലെയേ ഉള്ളൂ എന്നു തമാശ പറയും. വിഷംചേര്‍ത്തു മദ്യം വിറ്റവനെ കൈക്കൂലി വാങ്ങി രക്ഷിക്കും.
അരമനയിലാണെങ്കില്‍ അരക്കാശ് ശമ്പളം മതി എന്ന ചൊല്ലുണ്ടായത് അധികാരത്തിന്റെ ലവലേശംപോലും എങ്ങനെ ജനദ്രോഹമാകാമെന്നതിന് തെളിവാണ ്. സ്ത്രീക്കും അധഃകൃതനും നീതി നിഷേധിക്കുന്നത് അധികാരം തങ്ങള്‍ക്കുണ്ടെന്നു കരുതുന്നവരും അത് ദൈവദത്തമാണ് എന്ന് വാദിച്ചു ജയിച്ചു നില്‍ക്കുന്നവരുമാണ്.
അധികാരമുണ്ടെന്നു വന്നാല്‍ പിന്നെ നീതി നിഷേധിക്കാം. നീയല്ലെങ്കില്‍ നിന്റെ അപ്പനപ്പൂപ്പന്‍മാരാണ് ഞാന്‍ കുടിക്കുന്ന വെള്ളം കലക്കിയതെന്ന് ചെന്നായക്ക് ആട്ടിന്‍കുട്ടിയോട് കയര്‍ക്കാന്‍ കഴിയുന്നത് ആട്ടിന്‍കുട്ടിക്ക് പല്ലും നഖവും തനിക്കുള്ള വടിവിലില്ല എന്ന അറിവ് നല്‍കുന്ന അധികാരത്താലാണ്.
ഇതൊക്കെ മുന്നിലും പിന്നിലും കണ്ടുകൊണ്ടാണ് വ്യാസന്‍ മാര്‍ക്കണ്ഡേയമഹര്‍ഷിയെന്ന കഥാപാത്രത്തെക്കൊണ്ട് അധികാരത്തിന്റെ എക്കാലത്തെയും ദോഷം ചൂണ്ടിക്കാണിപ്പിച്ചത്.
മഹര്‍ഷി യുധിഷ്ഠിരനോട് പറയുന്നു – നേശേ ബലസ്യേതി ചരെദധര്‍മ്മം. എന്നു വെച്ചാല്‍ അധികാരമുണ്ടെന്നു വെച്ച് ആരും അധര്‍മ്മം ചെയ്യരുത്. മാത്രമല്ല, അധികാരമില്ലാത്തതിനാല്‍ മാത്രം അധികാരത്തിനിരയാകുന്നവന്‍ അപ്പോള്‍ അധര്‍മ്മംതന്നെ ചെയ്യാമെന്നതിനാല്‍ ഭൂമി അധര്‍മ്മക്ഷേത്രമായി മാറും!
ചുരുക്കത്തില്‍, ഈ വിശ്വത്തില്‍ ആര്‍ക്കും ആരുടെമേലും ഒരധികാരവും വാസ്തവത്തില്‍ ഇല്ല. എല്ലാരും സമന്‍മാരാണ്. ഇതിന് ആകെ അപവാദമായുള്ളത് സ്‌നേഹത്തിന്റെ പേരിലുള്ള അധികാരമാണ്. പക്ഷേ, അത് നിരുപാധികസ്‌നേഹമായിരിക്കണം. എന്നുവെച്ചാല്‍, തീയില്‍ വീഴാനോ ചാടാനോ പോകുന്നവനെ ബലമായി പിടിച്ചു നിര്‍ത്താം, പക്ഷേ, അത് അവനെ അഥവാ അവളെ തനിക്കെന്തെങ്കിലും ലാഭത്തിനോ അടിമയാക്കാനോ ഉള്ള ലാക്കോടെയാകരുത്.
ഏവര്‍ക്കും അധികാരമുള്ളത് തന്റെ മേല്‍ മാത്രമാണ്. എനിക്ക് എന്റെ കൈവശമുള്ളത് ആര്‍ക്കും കൊടുക്കാം, എന്നെ ശിക്ഷിക്കാം, വേദനിപ്പിക്കാം, വിഷമിപ്പിക്കാം, അദ്ധ്വാനിപ്പിക്കാം, ചിരിപ്പിക്കാം, കരയിക്കാം, കളിപ്പിക്കാം, ഉറക്കാം, ഉണര്‍ത്താം – മറ്റൊരു നിവൃത്തിയുമില്ലെങ്കില്‍ കൊല്ലുകവരെ ചെയ്യാം!
ചുരുക്കത്തില്‍, അപരന്റെ മേല്‍ ആരും ഒരു അധികാരവും പ്രയോഗിക്കാത്ത സമൂഹമാണ് ആദര്‍ശസമൂഹം. അപരനെ, അവന്‍ അറിയാതെപോലും എന്റെ ഇച്ഛക്ക് വിധേയനാക്കരുത്. ഒരാളെയും പ്രലോഭിപ്പിക്കാനോ പ്രകോപിപ്പിക്കാനോ പാടില്ല എന്നു സാരം. ഇത്തരം സമൂഹമാണ് ആദര്‍ശസമൂഹം. അതില്‍ സംഘര്‍ഷങ്ങളുണ്ടാവില്ല. അതിലേ, ഇല്ലാതെ ഇരിക്കൂ.
ആദികവി തൊട്ട് ഇന്നോളം എഴുതിയവരില്‍ ഇന്നും മരിക്കാതെ ശേഷിക്കുന്നവരുടെ രചനകള്‍ നോക്കിയാല്‍ ഈ സത്യം വെളിപ്പെടും.
സാഹിത്യത്തെ മുന്‍നടത്തി എല്ലാ കലകളുടെയും പോക്ക് സോദ്ദേശ്യമായാണ്. ലക്ഷ്യം പക്ഷേ ഈ വൈകാരികാവസ്ഥയാണ്. അല്ലാതെ, വിഭാഗീയതകള്‍ക്കോ കക്ഷിത്തിരിവുകള്‍ക്കോ ആവശ്യമായ പക്ഷഭേദങ്ങള്‍ പ്രസരിപ്പിക്കലല്ല. മനുഷ്യപുരോഗതി എന്നാല്‍ ആര്‍ക്കും ആരുടെമേലും ഒരധികാരവും ഇല്ലാതിരിക്കലാണെങ്കില്‍, അതു മാത്രമാണ് ലക്ഷ്യമിടുന്നതെങ്കില്‍, പുരോഗമനസാഹിത്യമെന്ന വാക്കിന്റെ അര്‍ത്ഥം പുനര്‍നിര്‍വചനത്തിന് വിധേയമാകേണ്ടതുണ്ട്.
യഥാര്‍ഥമായ സാംസ്‌കാരികപ്രവര്‍ത്തനം ഈ ദിശയിലുള്ളതാണ്. അതിന്റെ പോഷക നദികളാകണം, മറിച്ചാവരുത്, സമൂഹനവീകരണശ്രമങ്ങള്‍. ശാന്തമായി, സുഖമായി, ഒരിക്കലുമൊരു തിരിച്ചടിയെ ഭയപ്പെടാതെ, പരാജയശങ്കയില്ലാതെയും നടത്താവുന്ന വിപ്ലവപ്രസ്ഥാനമാണ് ആത്മാര്‍ഥമായ സാഹിത്യകലാസേവനം.
രസമാണോ ധ്വനിയാണോ കാവ്യത്തിന്റെ ജീവന്‍ എന്നും എറിക് ന്യൂട്ടനാണോ ആര്‍തര്‍ കോയ്‌സലറോ നോം ചോംസ്‌കിയോ ആണോ ശരി എന്നും തര്‍ക്കിച്ചു നേരം കളയാതെ ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനം നേരായി ഇക്കഥ അറിയാനിടയാകട്ടെ.
സി രാധാകൃഷ്ണന്‍
ഒറ്റയടിപ്പാതകള്‍