Tuesday
26 Mar 2019

വൈദ്യുതിമേഖലയിലെ സങ്കീര്‍ണപ്രശ്‌നങ്ങള്‍

By: Web Desk | Friday 9 March 2018 10:59 PM IST


കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്റെ 15-ാം സംസ്ഥാന  സമ്മേളനം മാര്‍ച്ച് 10, 11 തീയതികളില്‍ കോഴിക്കോട്

ഭ്യന്തര വൈദ്യുതോല്‍പാദനത്തിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താതെ കരാറിലൂടെ വിലയ്ക്കുവാങ്ങി വൈദ്യുതി വില്‍ക്കുകയാണ്. വാര്‍ഷിക ആവശ്യകത 23000 മില്യണ്‍ യൂണിറ്റ് വൈദ്യുതി വേണ്ടിടത്ത് അതില്‍ 8,000 മില്യണ്‍ യൂണിറ്റ് വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്നത്. പതിനെട്ടാം പവര്‍ സര്‍വേ പ്രകാരം 61,000 ദശലക്ഷം യൂണിറ്റ് വൈദ്യുതി 2032 ല്‍ കേരളത്തിന് ആവശ്യമായിവരുമെന്നാണ് കണക്ക്.

നിര്‍ദിഷ്ട കേന്ദ്ര കരട് വൈദ്യുതിനയം നടപ്പായാല്‍ കേരളത്തിന്റെ സ്ഥിതി ഗുരുതരമായിരിക്കും. പുതിയ ആണവ – താപവൈദ്യുതി നിലയങ്ങള്‍ സ്ഥാപിക്കാത്ത സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി വിഹിതം നല്‍കാതിരിക്കാന്‍ കേന്ദ്ര കരട് വൈദ്യുതി നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നു. ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 85 ശതമാനം വരെ താപനിലയം പ്രവര്‍ത്തിക്കുന്ന സംസ്ഥാനത്തിന് എടുക്കാമെന്ന പുതിയ കരടുനയമാണ് രൂപപ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 10 ശതമാനമാണ് നിലയമിരിക്കുന്ന സംസ്ഥാനത്തിന്റെ വിഹിതം. ബാക്കിയുള്ള 75 ശതമാനം കേന്ദ്രപദ്ധതി വിഹിതമായി മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം കണക്കിലെടുത്ത് വീതിച്ച് നല്‍കുകയാണിപ്പോള്‍.
വൈദ്യുതിനിയമം 2003 ലെ ‘ഓപ്പണ്‍ അക്‌സസ്’ വ്യവസ്ഥ വഴി വന്‍കിട ഉപഭോക്താക്കള്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ വിട്ട് മറ്റിടങ്ങളില്‍ നിന്നും വൈദ്യുതി കേരളത്തില്‍ എത്തിച്ച് ഉപയോഗിക്കാന്‍ തുടങ്ങി. ധാരാളം ചെറുകിട – വന്‍കിട ഉപഭോക്താക്കള്‍ സൗരോര്‍ജ്ജ വൈദ്യുതിയും ഉപയോഗിക്കുന്നു. വൈദ്യുതിയുടെ വില വിപണിനിരക്കില്‍ തീരുമാനിക്കാനാണ് പുത്തന്‍ ഊര്‍ജ്ജനയം ആവശ്യപ്പെടുന്നത്. ദുര്‍ബല വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും കൂടിയരീതിയില്‍ ഒരേനിരക്ക് ഈടാക്കുക, ക്രോസ് സബ്‌സിഡി എടുത്തുകളയുക എന്നീ ദോഷകരമായ പരിഷ്‌കാരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. വൈദ്യുതി മേഖലയില്‍ നടപ്പാക്കിവരുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ നാടിന് ദോഷകരമാണ്. വൈദ്യുതി മേഖലയെ രക്ഷിക്കുന്നതിന് ഈ മേഖലയിലെ പ്രധാന സാങ്കേതിക പ്രശ്‌നങ്ങളും വാണിജ്യപ്രശ്‌നങ്ങളും കണ്ടെത്തി അവ പരിഹരിക്കുവാനുള്ള പ്രായോഗിക നടപടികളെടുക്കുകയാണ് വേണ്ടത്.

ഗുണനിലവാരമുള്ള വൈദ്യുതി 24 മണിക്കൂറും ലഭിക്കുന്നതിനും വൈദ്യുതിയുടെ വില്‍പ്പന വര്‍ധനവിനും വില്‍ക്കുന്ന വൈദ്യുതിയുടെ വില മുഴുവനും ഈടാക്കുന്നതിനും വൈദ്യുതോപകരണങ്ങളുടെ ഗുണനിലവാരം മുതല്‍ വിതരണശൃംഖലവരെ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. പവര്‍ ഇലക്‌ട്രോണിക്‌സ് ഭാഗങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുതോപകരണങ്ങളും കമ്പിച്ചുരുള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വൈദ്യുതോപകരണങ്ങളും വൈദ്യുതിയുടെ ശരിയായ താളക്രമത്തിലുള്ള ഒഴുക്കിനെ തടസപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സാങ്കേതിക പ്രശ്‌നങ്ങളാല്‍ ശുദ്ധമായി ഒഴുകുന്ന വൈദ്യുതി മലിനപ്പെടുന്നതിന്റെ ഭാഗമായി വൈദ്യുതി നഷ്ടം വളരെയേറെ സംഭവിക്കുന്നുണ്ട്. ഇത് പരിഹരിക്കുന്നതിനുള്ള കപ്പാസിറ്ററുകളും ഹാര്‍മോണിക്‌സ് സപ്രസറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്. ക്വാളിറ്റി സപ്ലൈ ലഭ്യമാകുന്നതിന് ഉപഭോക്താക്കള്‍ നിര്‍ബന്ധമായും കപ്പാസിറ്ററുകളും ഹാര്‍മോണിക്‌സ് സപ്രസറുകളും ഉപയോഗിക്കണമെന്ന നിയമമുണ്ടെങ്കിലും ചില സംസ്ഥാനങ്ങളില്‍ മാത്രമേ ഇത്തരം സാങ്കേതിക വിദ്യ നടപ്പിലാക്കാന്‍ തുടങ്ങിയിട്ടുള്ളൂ. പ്രതിവര്‍ഷം 4,000 മില്യണ്‍ യൂണിറ്റ് വൈദ്യുതി പലേ കാരണങ്ങളാലും പാഴായിക്കൊണ്ടിരിക്കുന്നു.

ദേശീയ സാമ്പത്തായ വൈദ്യുതി പാഴാകാതെ കാര്യക്ഷമമായി ഉപയോഗിക്കുന്നതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ 2001-ല്‍ ഊര്‍ജ്ജസംരക്ഷണ നിയമം പാസാക്കി. പ്രസ്തുത നിയമത്തിന്റെ സെക്ഷന്‍ 23 ഉം സെക്ഷന്‍ 42 (1) ഉം വ്യക്തമാക്കുന്നത് വൈദ്യുതി കാര്യക്ഷമമായി വിതരണവും പരിപാലനവും ഉപയോഗവും എന്നിവ സംബന്ധിച്ചാണ്. 2001 ലെ ഊര്‍ജ്ജസംരക്ഷണ നിയമമനുസരിച്ച് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വളരെ വൈകിയാണെങ്കിലും 2011ല്‍ ഡിമാന്‍ഡ് സൈസ് മാനേജ്‌മെന്റ് (ഡിഎസ്എം) കരട് റഗുലേഷന്‍ പുറപ്പെടുവിച്ച് അഞ്ചുവര്‍ഷമായിട്ടും ഇതുവരെയും അന്തിമ തീരുമാനം ഉണ്ടാകാതെ കാലഹരണപ്പെടുകയാണ്.
2001ലെ ഊര്‍ജ്ജസംരക്ഷണ നിയമത്തിലെ സെക്ഷന്‍ 18 അനുസരിച്ച് കേരള സര്‍ക്കാര്‍ 2015ല്‍ എനര്‍ജി കണ്‍സംപ്ഷന്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ എക്യൂപ്‌മെന്റ് ആന്റ് അപ്ലൈന്‍സസ് എന്ന നോട്ടിഫിക്കേഷനും പുറപ്പെടുവിച്ചിട്ടുണ്ട്. നാടിന് ഗുണകരമായ ഊര്‍ജ്ജസംരക്ഷണ നിയമങ്ങള്‍ ഒച്ചിഴയുന്നവേഗത്തിലാണ് നീങ്ങുന്നത്. ദോഷകരമായ വൈദ്യുതിനിയമം മുയലിനെപ്പോലെ അമിത വേഗത്തിലുമാണ് നടപ്പിലാക്കുന്നത്.

ഊര്‍ജ്ജകാര്യക്ഷമതയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലൂടെയും ഊര്‍ജ്ജസംരക്ഷണത്തിലൂടെയും പുനരുപയോഗ സാധ്യതയുള്ള സോളാര്‍, കാറ്റ് ഉള്‍പ്പെടെയുള്ള ആഭ്യന്തരവൈദ്യുതോല്‍പ്പാദനത്തിലൂടെയും മാത്രമേ ഈ മേഖലയെ നാടിന് പ്രയോജനകരമാക്കുവാന്‍ കഴിയുകയുള്ളൂ.

ഈ പശ്ചാത്തലത്തിലാണ് വ്യവസായത്തിന്റെ പുരോഗതിക്കും ജീവനക്കാരുടെ അവകാശ സംരക്ഷണത്തിനും പൊരുതുന്ന കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്റെ 15-ാം സംസ്ഥാന സമ്മേളനം കോഴിക്കോട് നടക്കുന്നത്. ഈ മേഖലയിലെ വിവിധ സങ്കീര്‍ണപ്രശ്‌നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്ത് ഫലപ്രദമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നതായിരിക്കും കോഴിക്കോട് നടക്കുന്ന ഓഫീസേഴ്‌സ് ഫെഡറേഷന്റെ സമ്മേളനം.
(ലേഖകന്‍ കേരള ഇലക്ട്രിസിറ്റി ഓഫീസേഴ്‌സ് ഫെഡറേഷന്റെ പ്രസിഡന്റാണ്).

(അവസാനിച്ചു)