രമേശ് ബാബു

മാറ്റൊലി

April 08, 2021, 5:40 am

അംബേദ്ക്കറും അയ്യന്‍കാളിയും തിരിച്ചെത്തണം

Janayugom Online

ഭാരതത്തില്‍ ഭാവിയില്‍ എല്ലാ സംവരണങ്ങളും ഇല്ലാതായേക്കുമെന്നും സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്കുള്ള സംവരണം മാത്രമേ നിലനില്ക്കുകയുള്ളൂവെന്നും സുപ്രീം കോടതി ബെഞ്ച് 2021 മാര്‍ച്ചില്‍ നടത്തിയ നിരീക്ഷണം സാമൂഹിക അസമത്വത്തിലേക്കും അസംതുലിതാവസ്ഥയിലേക്കും തിരിച്ചൊഴുകുന്ന സമകാലിക സാഹചര്യത്തില്‍ ആശങ്കയും ഉത്ക്കണ്ഠയും നിറയ്ക്കുന്ന വിഷയമായിരിക്കുകയാണ്. സംവരണം 50 ശതമാനം കടക്കരുത് എന്ന ഇന്ദിര സാഹ്‍നി കേസിലെ വിധി പുനഃപരിശോധിക്കണമോ എന്ന വിഷയത്തില്‍ വാദം കേള്‍ക്കുന്നതിനിടയിലായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം. സംവരണവുമായി ബന്ധപ്പെട്ടവ അന്തിമമായി സര്‍ക്കാരിന്റെ നയപരമായ കാര്യമാണെന്ന് വ്യക്തമാക്കിയ കോടതി ഭരണഘടന തയ്യാറാക്കുന്ന സമയത്ത് ജാതിരഹിതമായി എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉറപ്പാക്കല്‍ ആയിരുന്നു ലക്ഷ്യം എന്നും അഭിപ്രായപ്പെട്ടു.

ഇന്ത്യന്‍ ഭരണഘടനയില്‍ സംവരണം നിലനില്ക്കുന്നത് സാമൂഹിക നീതിയുമായി ബന്ധപ്പെട്ടാണ്. ഭരണഘടനയുടെ മൂന്നാം ഭാഗത്ത് മൗലികാവകാശങ്ങളുടെ നിര്‍വചനങ്ങള്‍ക്കൊപ്പമാണ് സംവരണത്തിന്റെ നിയമസാധ്യതകള്‍ വ്യക്തമാക്കുന്നത്. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവമായ തുല്യനീതി, ജാതി-മത‑വംശ‑ദേശ‑ലിംഗ ഭേദങ്ങളിലധിഷ്ഠിതമായ ചൂഷണങ്ങള്‍ക്കെതിരെയുള്ള സംരക്ഷണം, അവസരസമത്വം എന്നിവ ഉറപ്പാക്കുന്ന ഭരണഘടനയുടെ 14, 15, 16 വകുപ്പുകളാണ് സംവരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നത്.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി മുക്കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാകുമ്പോഴും തുല്യതാ സങ്കല്പം എവിടെയെത്തി നില്ക്കുന്നു എന്ന ചോദ്യമാണ് സുപ്രീം കോടതിയുടെ നിരീക്ഷണം ഉയര്‍ത്തുന്നത്. തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ചാതുര്‍വര്‍ണ്യവുമൊക്കെ ശക്തമായ ഇന്ത്യന്‍ സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ടിരുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇക്കാലമത്രയും സംവരണം ഏര്‍പ്പെടുത്തി. അവര്‍ക്ക് ഇന്നോളം നല്കിവന്ന ആനുകൂല്യങ്ങള്‍ കാരണം സംവരണേതര വിഭാഗങ്ങളായ സവര്‍ണര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുന്നു. സംവരണേതര വിഭാഗങ്ങളിലും ദരിദ്രരുണ്ട്. അവര്‍ക്കിടയിലെ ദാരിദ്ര്യനിര്‍മ്മാര്‍ജനത്തിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം. അതിനായി സാമ്പത്തിക സംവരണം മാനദണ്ഡമാക്കാന്‍ സമയമായി എന്നാണ് സുപ്രീം കോടതി നിരീക്ഷണത്തിലെ വ്യംഗ്യം. പ്രത്യക്ഷത്തില്‍ സുപ്രീം കോടതിയുടെ അഭിപ്രായം ന്യായമാണ്. സവര്‍ണരായി ജനിച്ചുപോയതിനാല്‍ സംവരണങ്ങള്‍ ഒന്നും ലഭിക്കാതെ ദാരിദ്ര്യത്തില്‍ ഉഴറുന്ന ഭാവിയിലേക്ക് ശൂന്യനോട്ടമെറിയുന്ന ഒരു വിഭാഗം ഇന്ത്യയുടെ വര്‍ത്തമാനകാല യാഥാര്‍ത്ഥ്യം തന്നെയാണ്. അതേസമയം ജാതീയമായ വിവേചനം അനുഭവിക്കുന്നവര്‍ ഭരണഘടന നല്കുന്ന സംവരണാനുകൂല്യത്തിലൂടെ എത്രത്തോളം മുഖ്യധാരയില്‍ എത്തി എന്നു പരിശോധിച്ചാല്‍ കണക്കുകള്‍ ഒട്ടും ആശാവഹമല്ലയെന്നും കാണാം. ഇന്ത്യയുടെ മിക്ക സംസ്ഥാനങ്ങളിലും ലക്ഷക്കണക്കിന് ദളിതരും ആദിവാസികളും ഇനിയും പള്ളിക്കൂടത്തിന്റെ പടികണ്ടിട്ടില്ല. അവരുടെ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും യുവാക്കള്‍ അടിമകളെപ്പോലെ പണിയെടുക്കുന്നതും വയറ്റിപ്പിഴപ്പിനായി കുടിയേറ്റത്തൊഴിലാളികളായി ഊരുചുറ്റുന്നതും പരിഹാരമില്ലാത്ത യാഥാര്‍ത്ഥ്യങ്ങളായി തന്നെ തുടരുന്നു. ഇവരുടെ ക്ഷേമത്തിനായി ആവിഷ്ക്കരിക്കപ്പെട്ട പദ്ധതികള്‍ നടപ്പിലാക്കാത്തതുകൊണ്ടോ, നിര്‍വഹണത്തിലെ പിഴവുകൊണ്ടോ, എന്തുമാവട്ടെ അവര്‍ ഇപ്പോഴും ദുരിതത്തില്‍ തന്നെയാണ്.

‘സാമൂഹ്യമായ മര്‍ദ്ദിതാവസ്ഥ പരിഹരിക്കണമെങ്കില്‍ നിലനില്ക്കുന്ന സാമ്പത്തിക ബന്ധങ്ങളിലെ അഴിച്ചുപണിയിലൂന്നിയ ഒരു സാമൂഹിക വിപ്ലവത്തിലൂടെ മാത്രമേ സാധ്യമാകൂ. ജാതി അടിച്ചമര്‍ത്തലിനെ കേവലം ജാതീയമായ, ഒരു സാമൂഹിക പ്രതിഭാസമായിട്ട് മാത്രം കാണാന്‍ കഴിയില്ല’ എന്ന് അംബേദ്കര്‍ നിരീക്ഷിച്ചിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം നടപ്പാക്കിയ സംവരണാനുകൂല്യങ്ങള്‍ സംവരണ വിഭാഗങ്ങളുടെ സാമൂഹികമായ പീഡിതാവസ്ഥയ്ക്ക് ഇനിയും പൂര്‍ണപരിഹാരമായിട്ടില്ല എന്നാണ് വ്യക്തമാകുന്നത്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലാണ് സാമ്പത്തിക സംവരണവാദം ഉയര്‍ന്നുവരുന്നത്. 1957 ല്‍ ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആദ്യത്തെ നിയമപരിഷ്ക്കരണ കമ്മിറ്റിയില്‍ ഇക്കാര്യം പരിഗണനയ്ക്ക് വന്നിരുന്നു. ഇന്ത്യയില്‍ നിലവിലുള്ള സംവരണ സംവിധാനം എന്ന് പറയുന്നത് ജാതിയെ നിലനിര്‍ത്തുന്നതിനുള്ള ഒരു ഘടകമാണെന്നും അതുകൊണ്ട് സാമ്പത്തിക സംവരണത്തെയാണ് അനുകൂലിക്കുന്നത് എന്നുമായിരുന്നു ഇഎംഎസ് അഭിപ്രായപ്പെട്ടത്. എന്നാല്‍ അദ്ദേഹത്തിന്റെ വാദത്തിന് ഇടതുപക്ഷത്തിന്റെ പൂര്‍ണ പിന്തുണ കിട്ടിയിരുന്നില്ല. പിന്നാക്ക വിഭാഗങ്ങളും ദളിതരും ആദിവാസികളുമായ വിഭാഗങ്ങള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമുള്ള തുല്യതയ്ക്കുള്ള അവകാശമായാണ് പ്രാതിനിധ്യത്തെ ഇടതുപക്ഷം കണ്ടത്.

2018–19 ല്‍ എൽഡിഎഫ് സര്‍ക്കാരാണ് കേരളത്തിലെ ദേവസ്വം ബോര്‍ഡ് നിയമങ്ങളില്‍ മുന്നാക്കസംവരണം നടപ്പാക്കാന്‍ ആദ്യമായി തീരുമാനിച്ചത്. സര്‍ക്കാര്‍ ജോലികളില്‍ മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള നിര്‍ദ്ദേശം 2020 ഓഗസ്റ്റ് 20ന് പിഎസ്‍സിയും അംഗീകരിക്കുകയുണ്ടായി. ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ ഭേദഗതി വരുത്തി സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരും തീരുമാനമെടുത്തു. ഭരണകൂടം മുത്തലാഖ് നിയമം, പൗരത്വ ഭേദഗതി നിയമം, പൗരത്വ പട്ടിക, കാര്‍ഷിക നിയമങ്ങള്‍ എന്നിവ പാസാക്കിയതുപോലെ സന്താന നിയന്ത്രണ നിയമവും ഏകീകൃത സിവില്‍ നിയമവും എഴുന്നെള്ളിക്കാന്‍ അധികം വൈകുമെന്ന് തോന്നുന്നില്ല, കൂട്ടത്തില്‍ കോടതികളുടെ അനുഭാവത്തോടെ സാമ്പത്തിക സംവരണ നിയമവും സമ്പൂര്‍ണ യാഥാര്‍ത്ഥ്യമാക്കിയേക്കും. ഇന്ത്യാ ചരിത്രത്തില്‍ നൂറ്റാണ്ടുകളായി ജാതി മേല്‍ക്കോയ്മയുടെ സുഖസൗകര്യങ്ങള്‍ അനുഭവിച്ചു വരുന്നവര്‍ക്ക് സംവരണാനുകൂല്യം അവകാശമാകുമ്പോള്‍ മുക്കാല്‍ നൂറ്റാണ്ടിലേറെയായി സംവരണാനുകൂല്യം ഉണ്ടായിട്ടും എങ്ങും എത്താന്‍ കഴിയാത്തവരുടെ ഭാവി വലിയ ചോദ്യചിഹ്നമായി അവശേഷിക്കും.

സാമൂഹ്യ നവോത്ഥാനത്തിലും പരിഷ്കരണത്തിലും സാക്ഷരതയിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കിയിട്ടുള്ള കേരളത്തില്‍ പോലും സംവരണ വിഭാഗങ്ങള്‍ ആനുകൂല്യങ്ങള്‍ ഉണ്ടായിട്ടും ഇപ്പോഴും എത്രയോ പിന്നിലാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. 2006ല്‍ കേരള ശാസ്ത്രസാഹിത്യപരിഷത് കേരളത്തിലെ ഉദ്യോഗ നിലയെക്കുറിച്ച് പ്രസിദ്ധീകരിച്ച “കേരള പഠനം” എന്ന പുസ്തകത്തിലെ കണക്കുകള്‍ പ്രകാരം 12.5 ശതമാനം ജനസംഖ്യയുള്ള നായര്‍ വിഭാഗങ്ങളുടെ സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ അധിക പ്രാതിനിധ്യം 40.5 ആണ്. 1.3 ശതമാനം വരുന്ന മറ്റ് മുന്നാക്ക ഹിന്ദുക്കള്‍ 56.5 ആണ്. 22.2 ശതമാനം വരുന്ന ഈഴവരുടേത് 0.02 മാത്രമാണ്. 9.8 വരുന്ന പട്ടിക ജാതിക്കാരുടെ പ്രാതിനിധ്യം — 26.6 ഉം പട്ടിക വര്‍ഗക്കാരുടേത് ‑49.5 ഉം മുസ്‍ലിം വിഭാഗത്തിന്റേത് — 124 ഉം ആണ്.

പ്രാതിനിധ്യമാണ് സംവരണത്തിന്റെ അടിസ്ഥാന തത്വം. സാമൂഹിക നീതി ഉറപ്പ് വരുത്തുന്ന പ്രതിനിധാനത്തിന്റെ രാഷ്ട്രീയമാണ് സംവരണം. ചരിത്രപരമായ കാരണങ്ങളാല്‍ അടിച്ചമര്‍ത്തലിനും അനീതിക്കും ഇരയായി പാര്‍ശ്വവല്ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ ആനുപാതികമായ പ്രാതിനിധ്യം സമസ്ത മേഖലകളിലും‍ ഉറപ്പുവരുത്തിയിട്ടു വേണ്ടേ അന്തപ്പുരവാസികള്‍ക്ക് സംവരണം നല്കാന്‍?

മാറ്റൊലി

അയ്യന്‍കാളിയുടെ വില്ലുവണ്ടി ഇനിയും ഉരുളേണ്ടിയിരിക്കുന്നു, ഇരുണ്ട മനസുകളുടെ കൊത്തളങ്ങളിലൂടെ…