നമുക്ക് ചുറ്റും

കെ ദിലീപ്

June 08, 2021, 5:53 am

അതിരുവിട്ട ക്രൂരത

Janayugom Online

ന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശമാണ് അറബിക്കടലില്‍ ആകെ 32 സ്ക്വയര്‍ കിലോമീറ്ററിനുള്ളില്‍ സ്ഥിതിചെയ്യുന്ന 36 ദ്വീപുകളടങ്ങിയ ലക്ഷദ്വീപ് ദ്വീപസമൂഹം. കൊച്ചിയില്‍ നിന്ന് 220 മുതല്‍ 440 കിലോമീറ്റര്‍ വരെ അകലെ സ്ഥിതിചെയ്യുന്ന ഈ ദ്വീപസമൂഹത്തിന്റെ തലസ്ഥാനം കവരത്തിയാണ്. എന്നാല്‍ ഏക എയര്‍പോര്‍ട്ട് അഗത്തി ദ്വീപിലാണ്. വിവിധ ദ്വീപുകള്‍ തമ്മിലും 200 മുതല്‍ 400 കിലോമീറ്റര്‍ വരെ അകലമുണ്ട്. പക്ഷെ അകത്തിയും തൊട്ടടുത്ത ദ്വീപായ ബങ്കാരവും തമ്മില്‍ 14 കിലോമീറ്റര്‍ മാത്രമാണ് അകലം. അമിനി, ആന്ത്രോത്ത്, കവരത്തി, അഗത്തി, മിനിക്കോയ്, കല്പേനി, കില്‍ത്താന്‍, ചെത്‌ലാത്ത്, കടമത്ത്, അഗത്തി എന്നിവയാണ് പ്രധാന ദ്വീപുകള്‍. ആകെ 65,000 ത്തോളം മാത്രമാണ് ജനസംഖ്യ. പുരാവസ്തു ഗവേഷണങ്ങളിലൂടെ ലഭിച്ച തെളിവുകള്‍ പ്രകാരം എഡി ആറ്, ഏഴ് നൂറ്റാണ്ടുകളിലെ ബുദ്ധമത സെറ്റില്‍മെന്റുകളുടെയും എട്ടാം നൂറ്റാണ്ടു മുതലുള്ള മുസ്‌ലിം സെറ്റില്‍മെന്റുകളുടെയും തെളിവുകള്‍ ഉണ്ട്. പതിനാറാം നൂറ്റാണ്ടുവരെ സ്വതന്ത്രമായിരുന്ന ദ്വീപുകള്‍ പോര്‍ച്ചുഗീസ് ആക്രമണത്തിനെതിരെ കണ്ണൂരിലെ ചിറക്കല്‍ രാജാവിന്റെ സഹായം തേടി. പിന്നീട് ദ്വീപുകളുടെ അധികാരം കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജാക്കന്മാരിലെത്തി. 1787 വരെ ഈ സ്ഥിതി തുടര്‍ന്നു. എന്നാല്‍ ആ വര്‍ഷം ടിപ്പുസുല്‍ത്താന്റെ സൈന്യം വടക്കന്‍ ദ്വീപുകളില്‍ അധികാരം സ്ഥാപിച്ചു. ടിപ്പുസുല്‍ത്താന്റെ കാലശേഷം ബ്രിട്ടീഷുകാര്‍ നേരിട്ട് ദ്വീപ് ഭരണം ഏറ്റെടുത്തു. 1956 ല്‍ ലക്ഷദ്വീപ് സമൂഹം ഒരു കേന്ദ്രഭരണ പ്രദേശമായി പ്രഖ്യാപിക്കപ്പെടുകയും കേന്ദ്ര സര്‍ക്കാരിന്റെ പ്രതിനിധിയായ‍ ഒരു അഡ്മിനിസ്ട്രേറ്റര്‍ ദ്വീപ് ഭരണം ഏറ്റെടുക്കുകയും ചെയ്തു. ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാര്‍ ദ്വീപുകള്‍, ദാമൻദിയു, അടുത്ത കാലംവരെ ഗോവ ഈ പ്രദേശങ്ങളെല്ലാം കേന്ദ്രഭരണ പ്രദേശങ്ങളായി നിലനിര്‍ത്തിയിരുന്നതിന് വ്യക്തമായ കാരണങ്ങളുണ്ടായിരുന്നു. ഈ പ്രദേശങ്ങളുടെ സാംസ്കാരിക തനിമ നിലനിര്‍ത്തുക, അവയുടെ പ്രകൃതിയും പരിസ്ഥിതിയും സംരക്ഷിക്കുക, വളരെ ന്യൂനപക്ഷമായ വര്‍ഗപരമായും ഭാഷാപരമായുമൊക്കെ വ്യത്യസ്തത പുലര്‍ത്തുന്ന ഈ പ്രദേശങ്ങളിലെ ജനതയെ സംരക്ഷിക്കുക, ഇത്തരത്തില്‍ ശ്രദ്ധാപൂര്‍വമുള്ള നടപടി, നെഹ്റുവിയന്‍ കാലഘട്ടത്തില്‍ ഉണ്ടായതുകൊണ്ടാണ് ഇന്നും ഈ പ്രദേശങ്ങളുടെ സവിശേഷതകള്‍ അവശേഷിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്റു എന്ന രാഷ്ട്രശില്‍പിയുടെ കരുതല്‍ ഇല്ലായിരുന്നെങ്കില്‍ ലക്ഷദ്വീപുകള്‍ ഇന്ന് കേരള സംസ്ഥാനത്തിന്റെയും ഗോവ കര്‍ണാടകയുടെയും, ദാമന്‍-ദിയു മഹാരാഷ്ട്രയുടെയും ഭാഗമായി എന്നേ മാറിയിരുന്നേനെ.

ലക്ഷദ്വീപിലെ ജനത സ്വയം സമ്പൂര്‍ണമായ ഒരു ആവാസവ്യവസ്ഥയില്‍ നൂറ്റാണ്ടുകളായി ജീവിക്കുന്നവരാണ്. ഒരു ജനതയെന്ന നിലയില്‍ അവര്‍ കേന്ദ്ര സര്‍ക്കാരുകളോട് ദ്വീപുകളിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായിരിക്കും ഏറ്റവും കൂടുതല്‍ നിവേദനങ്ങള്‍ നടത്തിയിരിക്കുക. അതിന് ഫലം കണ്ടിട്ടുമുണ്ട്. കവരത്തിയിലും മറ്റ് ദ്വീപുകളിലും ആഴക്കടലിലെ വെള്ളം ശുദ്ധീകരിച്ച് നല്കുന്ന പ്ലാന്റുകള്‍ വര്‍ഷങ്ങള്‍ മുമ്പുതന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. കവരത്തിയിലെ പ്ലാന്റില്‍ ശുദ്ധീകരിച്ച കടല്‍ജലം തെളിനീരുപോലെ ശുദ്ധമാണ്. ഒരു ഉറവയിലെ ജലംപോലെ തണുപ്പും സ്വാദുമുള്ളതാണ്. ഈ ജലംപോലെ ശുദ്ധരാണ് ദ്വീപിലെ മനുഷ്യരും. കൊലയും കൊള്ളയും മോഷണവുമൊന്നുമില്ലാത്ത ദേശം. ജയിലുകള്‍ ഒഴിഞ്ഞുകിടക്കുന്നു. ഭിക്ഷക്കാരും ചേരികളുമൊന്നുമില്ലാത്ത ജനങ്ങള്‍ അധ്വാനിച്ച് നേടുന്ന പ്രതിഫലം കൊണ്ട് സംതൃപ്തരായി കഴിയുന്ന നാട്. മത്സ്യബന്ധനം ആണ് പ്രധാന ഉപജീവനമാര്‍ഗം എന്ന് വെറുതെ പറഞ്ഞുപോയാല്‍ ശരിയാവില്ല. മത്സ്യബന്ധനം എങ്ങനെ ദ്വീപുകളുടെ മൊത്തം ആവാസവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നുകൂടി നമ്മളറിയണം. കടലില്‍ നിന്നും ലഭിക്കുന്ന പ്രധാന മത്സ്യം നമ്മള്‍ ചൂര എന്ന് വിളിക്കുന്ന ട്യൂണ മത്സ്യമാണ്. ഈ മത്സ്യം കരയിലെത്തിച്ച് കടല്‍ വെള്ളത്തില്‍ (നമ്മുടെ കടല്‍വെള്ളമല്ല രാസമാലിന്യങ്ങള്‍ കലരാത്ത തെളിഞ്ഞ കടല്‍വെള്ളം) കഴുകി വെട്ടി വൃത്തിയാക്കി വലിയ ചരുവങ്ങളില്‍ പുഴുങ്ങി, വെയിലത്ത് ഉണക്കിയെടുത്ത് കയറ്റി അയയ്ക്കുന്ന ട്യൂണ മത്സ്യത്തിന് ലോക മാര്‍ക്കറ്റില്‍ പ്രത്യേകിച്ച് അറബ് രാജ്യങ്ങളില്‍ വലിയ മാര്‍ക്കറ്റാണ്. വര്‍ഷങ്ങളോളം ഈ ഉണക്ക മത്സ്യം കേടുകൂടാതെയിരിക്കും. ഈ മത്സ്യ സംസ്കരണത്തിന് മത്സ്യം പുഴുങ്ങാന്‍ അടുപ്പ് കത്തിക്കാന്‍ ഉപയോഗിക്കുന്നത് ഉണങ്ങിവീഴുന്ന തെങ്ങോലയും കൊതുമ്പും തൊണ്ടുമൊക്കെയാണ്. മത്സ്യബന്ധനത്തോടൊപ്പം തന്നെ സമൃദ്ധമായ കേരവൃക്ഷങ്ങളില്‍ നിന്നും ദ്വീപിലെ ജനത വരുമാനം കണ്ടെത്തുന്നുണ്ട്. തെങ്ങുകളില്‍ നിന്നും ചെത്തിയെടുക്കുന്ന നീര, കാച്ചി കുറുക്കിയുണ്ടാക്കുന്ന ദ്വീപ് ഹല്‍വ, വിനാഗിരി ഇവയെല്ലാം തന്നെ നമ്മുടെ കേരളത്തിലും വലിയ മാര്‍ക്കറ്റുള്ള ഉല്പന്നങ്ങളാണ്. ഓരോ സീസണുമനുസരിച്ച് തൊഴിലുകള്‍ ക്രമീകരിച്ച് ആരെയുമാശ്രയിക്കാതെ സാമാന്യം നന്നായി ജീവിക്കുന്നവരായിരുന്നു. ആ നാട്ടില്‍ ഭിക്ഷക്കാരില്ലായിരുന്നു. നിഷ്ക്കളങ്കരായ ഈ ജനതയുടെ സമാധാന ജീവിതമാണ് 2020 ഡിസംബറില്‍ നിലവിലുണ്ടായിരുന്ന അഡ്മിനിസ്ട്രേറ്റരുടെ മരണത്തെ തുടര്‍ന്ന്, ഖോഡാഭായ് പട്ടേല്‍ എന്ന മോഡിയുടെ സുഹൃത്തായിരുന്ന ഗുജറാത്തിലെ ആര്‍എസ്എസ് നേതാവിന്റെ മകനും മോഡി കൈപിടിച്ച് രാഷ്ട്രീയത്തിലേക്കുയര്‍ത്തുന്നതിന് മുൻപ് ഒരു റോഡുപണി കരാറുകാരനുമായിരുന്ന പ്രഫുല്‍ പട്ടേല്‍ അഡ്മിനിസ്ട്രേറ്ററുടെ ചുമതല ഏറ്റെടുത്തതോടെ ഇല്ലാതെയായത്.

പ്രഫുല്‍ പട്ടേല്‍ രാഷ്ട്രീയത്തില്‍ തിരനോട്ടം നടത്തുന്നത് 2007 ല്‍ ഗുജറാത്തിലെ സബര്‍ക്കന്ധയില്‍ നിന്നും ബിജെപി ടിക്കറ്റില്‍ എംഎല്‍എ ആയിക്കൊണ്ടാണ്. 2010ല്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത്ഷാ, സൊറാബുദ്ദീന്‍ ഷേക്ക് കൊലപാതക കേസില്‍ അറസ്റ്റിലായപ്പോള്‍ പകരം മോഡി ഗുജറാത്ത് ആഭ്യന്തര മന്ത്രിയായി നിയമിച്ചു.

2012 ലെ തെരഞ്ഞെടുപ്പില്‍ തോറ്റു. 2014 ല്‍ നരേന്ദ്രമോഡി പ്രധാനമന്ത്രിയായപ്പോള്‍ നാളിതുവരെ വളരെ ഉയര്‍ന്ന പദവികളില്‍ നിന്ന് വിരമിച്ച ഐഎഎസുകാരോ, ഉയര്‍ന്ന ആര്‍മി ഉദ്യോഗസ്ഥരോ ഒക്കെ വഹിച്ചിരുന്ന കേന്ദ്രഭരണ പ്രദേശത്തെ അഡ്മിനിസ്ട്രേറ്റര്‍ പദവിയിലേക്ക് മോഡിയുടെ വിശ്വസ്തനായ പഴയ റോഡുപണി കോണ്‍ട്രാക്ടര്‍ നിയമിക്കപ്പെട്ടു. ദാദ്രാനഗര്‍ ഹവേലിയുടെ ഭരണാധികാരിയായി. 2019 ല്‍ തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ മറികടന്ന് മലയാളിയായ കളക്ടര്‍ കണ്ണന്‍ ഗോപിനാഥന് നല്കിയ ഉത്തരവുകള്‍ക്കെതിരെ അദ്ദേഹം തെരഞ്ഞെടുപ്പു കമ്മിഷന് നല്കിയ പരാതിയില്‍ കമ്മിഷൻ അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുകള്‍ റദ്ദാക്കി. പിന്നീട് പട്ടേലിന്റെ യുദ്ധം അവിടെ നിന്നും ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ട സ്വതന്ത്ര എം പിയും ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളുമായ മോഹന്‍ ദേല്‍ക്കറുമായി ആയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് പ്രഫുല്‍ പട്ടേലിനും ഉദ്യോഗസ്ഥര്‍ക്കുമെതിരെ 15 പേജുള്ള ആത്മഹത്യാ കുറിപ്പെഴുതിവച്ച് മോഹന്‍ ദേല്‍ക്കര്‍ എന്ന ആദിവാസി നേതാവ്, ഏഴു തവണ തുടര്‍ച്ചയായി ദാദ്രനഗര്‍ ഹവേലിയില്‍ നിന്ന് വിജയിച്ച എം പി മുംബൈയിലെ ഒരു ഹോട്ടലില്‍ ആത്മഹത്യ ചെയ്തു. മുംബൈ പൊലീസിന്റെ എഫ്ഐആറില്‍ പട്ടേലുള്‍പ്പെടെ ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ദാദ്രനഗര്‍ ഹവേലിയില്‍ ജനകീയ പ്രക്ഷോഭമുണ്ടായി. പാര്‍ലമെന്റില്‍ പ്രതിപക്ഷം വിഷയമുന്നയിച്ചു. ഒന്നും ഇതുവരെ സംഭവിച്ചില്ല. പട്ടേല്‍ കൂസലില്ലാതെ തുടരുന്നു. കണ്ണന്‍ ഗോപിനാഥൻ മനംമടുത്ത് ഐഎഎസ് ഉപേക്ഷിച്ചു. 2016 ല്‍ ദാമൻ‑ദിയുവിന്റെ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയും പട്ടേലിന് നല്കപ്പെട്ടു. ദാമൻ‑ദിയുവില്‍ തദ്ദേശീയരായ മത്സ്യത്തൊഴിലാളികളുടെ വീടുകളും ഷെഡ്ഡുകളും പൊളിച്ചു നിരത്തി. അന്താരാഷ്ട്രതലത്തില്‍ പോലും പ്രതിഷേധമുണ്ടായിട്ടും പട്ടേലോ പട്ടേലിനെ നിയമിച്ച പട്ടേലരോ അനങ്ങിയില്ല. ലക്ഷദ്വീപില്‍ ഇന്ന് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന അതേ അജണ്ടതന്നെയാണ് മേല്‍പ്പറഞ്ഞ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലും പട്ടേല്‍ നടപ്പിലാക്കിയത്. തദ്ദേശവാസികളായ ജനതയെ അടിച്ചിറക്കി ഭൂമി കോര്‍പ്പറേറ്റുകള്‍ക്ക് വില്ക്കുക. കണ്ണില്‍ ചോരയില്ലാതെ ഈ കച്ചവടം റോബര്‍ട്ട് ക്ലെെവിനേക്കാള്‍ ഭംഗിയായി നടപ്പിലാക്കുന്നതിനാലാണ് സംപ്രീതനായ മോഡി, ലക്ഷദ്വീപിന്റെ ഭരണം കൂടി 2020 ഡിസംബറില്‍ പ്രഫുലിന് കൈമാറിയത്.

ദ്വീപില്‍ കാലുകുത്തിയപ്പോള്‍ തന്നെ ടിയാൻ നടപ്പിലാക്കിയത് ഗുണ്ടാ ആക്ടാണ്. ഒരു കുറ്റവാളിപോലും ജയിലിലോ ലോക്കപ്പിലോ ഇല്ലാത്ത കുറ്റകൃത്യങ്ങള്‍ കേട്ടുകേഴ്‌വി മാത്രമായ ഒരു നാട്ടില്‍ കാലുകുത്തിയപ്പോള്‍ നടപ്പിലാക്കിയത് ഗുണ്ടാ ആക്ട്. തുടര്‍ന്ന് ചെയ്ത കാര്യം മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന ക്രൂരതയാണ്. കോവിഡ് മഹാമാരി രാജ്യമൊട്ടാകെ പടര്‍ന്നു പിടിച്ചപ്പോഴും അതിന്റെ വ്യാപനത്തില്‍ നിന്ന് രക്ഷപ്പെട്ടു നിന്നിരുന്ന അപൂര്‍വം പ്രദേശങ്ങളിലൊന്നായിരുന്നു ലക്ഷദ്വീപ്. വിനോദസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയും കര്‍ശനമായ ക്വാറന്റൈൻ വ്യവസ്ഥകള്‍ (14 ദിവസം കൊച്ചിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും ഏഴ് ദിവസം ദ്വീപില്‍ ഹോം ക്വാറന്റൈനും) നടപ്പിലാക്കിയും ദ്വീപ് നിവാസികള്‍ കോവിഡിനെ അകറ്റിനിര്‍ത്തി. അധികാരമേറ്റയുടന്‍ കോവിഡ് പ്രോട്ടോക്കോള്‍ ലഘൂകരിച്ച് വന്‍കരയില്‍ നിന്ന് നിയന്ത്രണങ്ങളില്ലാതെ ദ്വീപിലേക്ക് ദ്വീപ് ജനതയുടെ പ്രതിഷേധം വകവയ്ക്കാതെ പ്രവേശനമനുവദിച്ച് ഇന്ന് ഏറ്റവുമധികം കോവിഡ് രോഗികളും അനേകം കോവിഡ് മരണങ്ങളും സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരിടമായി ദ്വീപുകളെ മാറ്റി. ആവശ്യമായ ആശുപത്രികളും ചികിത്സാ സൗകര്യങ്ങളുമില്ലാത്ത ദ്വീപുകളില്‍ മരണം വിതയ്ക്കുന്ന മഹാമാരി എത്തിക്കുന്നതില്‍ പ്രഫുല്‍ പട്ടേല്‍ നല്കിയ എസ്ഡ‍ിപി ഇളവുകള്‍ നിര്‍ണായകമാണ്.

തുടര്‍ന്ന് സ്കൂളുകളില്‍ മാംസാഹാരം വിലക്കുക, മീന്‍പിടിത്ത ഷെഡ്ഡുകള്‍ പൊളിച്ചു നീക്കുക, തെങ്ങ് വെട്ടിക്കളഞ്ഞ് റോഡ് നിര്‍മ്മിക്കുക, കേരളവുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ മംഗലാപുരത്തേക്ക് കപ്പല്‍ സര്‍വീസുകള്‍ മാറ്റുക, രണ്ട് കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്, മദ്യശാലകള്‍ തുറക്കാനുള്ള നീക്കം തുടങ്ങി ലക്ഷദ്വീപു നീവാസികളുടെ സ്വൈരജീവിതം തകര്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ ആദിവാസി വിഭാഗങ്ങളുടെ പട്ടികയില്‍പ്പെടുത്തിയിരിക്കുന്ന ദ്വീപുവാസികളുടെ ഭൂമി പിടിച്ചെടുക്കുവാനും മറ്റുമുള്ള പ്രവര്‍ത്തനങ്ങളിലൂടെ അവരെ നിരാലംബരാക്കുവാനും കിണഞ്ഞ് ശ്രമിക്കുകയാണ് പ്രഫുല്‍ പട്ടേല്‍.

ശുദ്ധമായ പരിസ്ഥിതിയും നിഷ്കളങ്കരായ ജനതയും ഒത്തുചേര്‍ന്ന് മരതക ദ്വീപുകള്‍ എന്ന പേര് അന്വര്‍ത്ഥമാക്കിയ ലക്ഷദ്വീപുകളില്‍ പരിസ്ഥിതി തകര്‍ക്കാനും അശാന്തി വിതയ്ക്കാനുമുള്ള ബോധപൂര്‍വമായ ശ്രമം തന്നെയാണ് നടക്കുന്നത്. നേരത്തെ അഡ്മിനിസ്ട്രേറ്ററായിരുന്ന രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലും ജനങ്ങളുടെ സ്വൈരജീവിതം തകര്‍ത്ത് ദാദ്രനഗര്‍ ഹവേലിയിലെ എംപിയുടെ ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട പ്രഫുല്‍ പട്ടേലിന് ലക്ഷദ്വീപിലും അധികാരം നല്കിയതിലൂടെ മോഡി-അമിത്ഷാ ദ്വയം ഉദ്ദേശിച്ചത് എന്ത് എന്ന് മനസിലാക്കാന്‍ പാഴൂര്‍ പടിക്കല്‍ വരെ പോവേണ്ടതില്ല. ഈ രാജ്യത്തിന്റെ ഭരണഘടന ഉറപ്പു നല്കുന്ന പൗരന്മാരുടെ മൗലികാവകാശങ്ങള്‍ക്ക് മേലുള്ള ഇത്തരം നഗ്നമായ കൈയേറ്റങ്ങള്‍ അനുവദിക്കാതെ തദ്ദേശീയ ജനതയുടെ നിലനില്പ് ഉറപ്പുവരുത്തുക എന്നത് ജനാധിപത്യ വിശ്വാസികളായ പൗരന്മാരുടെ കടമയാണ്.