January 27, 2023 Friday

സാംസ്കാരിക രംഗത്തെ വരുംകാല ദൃശ്യങ്ങൾ

കുരീപ്പുഴ ശ്രീകുമാര്‍
വർത്തമാനം
December 25, 2020 3:42 am

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള പ്രകടനപത്രികയെക്കുറിച്ച് കേരളത്തിലെ രാഷ്ട്രീയപ്പാർട്ടികൾ ആലോചിച്ചു തുടങ്ങിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യമുന്നണി വളരെ ജനകീയമായ ഒരു മാർഗം ഇക്കാര്യത്തിൽ സ്വീകരിച്ചു കാണുന്നത് ശ്രദ്ധേയമാണ്. ജില്ലാതലത്തിൽ പൊതുജനസമ്മേളനങ്ങൾ വിളിച്ചുകൂട്ടി ആവശ്യങ്ങളും അഭിപ്രായങ്ങളും ആരായുക. അതിനു മുഖ്യമന്ത്രിതന്നെ നേതൃത്വം നല്കുക. ഈ സമീപനം സ്വാഗതാർഹമാണ്. അപ്പോൾ കഴിഞ്ഞ മാനിഫെസ്റ്റോയെക്കുറിച്ച് ചിന്തിക്കാനും നടപ്പിലാക്കാത്ത കാര്യങ്ങൾ ശ്രദ്ധയിൽപ്പെടുത്താനും പുതിയ സ്വപ്നങ്ങളാവിഷ്ക്കരിക്കാനും സാധിക്കും. കഴിഞ്ഞ പ്രകടനപത്രികയെ തീർത്തും അവഗണിച്ച ഒരു ഭരണാധികാരിക്കും ജനങ്ങളെ നേരിടാനുള്ള ധൈര്യം ഉണ്ടാവുകയില്ല. ഇത്തരം സമ്മേളനങ്ങളിൽ ക്ഷണിക്കപ്പെട്ട പ്രതിനിധികൾക്ക് മാത്രമേ പങ്കെടുക്കാൻ കഴിയുകയുള്ളൂ. പ്രതിനിധികൾ ജനങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കുന്നില്ലെങ്കിൽ ജനങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സന്ദർഭം തെരഞ്ഞെടുപ്പിലുണ്ടാവുകയും ചെയ്യും. കഴിഞ്ഞ പ്രകടനപത്രിക ഇടതുപക്ഷ ജനാധിപത്യ സർക്കാർ നടപ്പിലാക്കാൻ ശ്രമിച്ചു എന്നതിന്റെ തെളിവായിരുന്നല്ലോ പ്രാദേശിക ഭരണകൂടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ്.

സാംസ്കാരിക വ്യതിയാനങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നതാകട്ടെ വരുംകാല സന്നാഹങ്ങൾ. വർഗീയ സംഘടനകൾ പോലും വർഗീയതയ്ക്കും മതഭീകരതയ്ക്കും എതിരേ സംസാരിക്കുന്ന അവിശ്വസനീയമായ കാലമാണിത്. വർഗീയതയും മതഭീകരതയും തുടച്ചുമാറ്റണമെങ്കിൽ മതാതീതമായ ഒരു വിദ്യാഭ്യാസരീതി ആവശ്യമാണ്. ആ വഴിക്കുള്ള ചിന്തയ്ക്ക് പ്രാധാന്യം നൽകുന്ന ഒരു പ്രവർത്തന പദ്ധതി ഇനിയെങ്കിലും നമുക്കാവശ്യമാണ്. കേരളത്തിലെ സാംസ്ക്കാരിക സംഘടനകൾ ഒരുപോലെ ആവശ്യപ്പെട്ട ഒന്നാണ് ദുർമന്ത്രവാദ നിരോധന ബിൽ. മഹാരാഷ്ട്രയിലും അസമിലും മറ്റും ഇതു നടപ്പാക്കിക്കഴിഞ്ഞു. നരേന്ദ്ര ധബോൽക്കാർ ഈ നിയമനിർമ്മാണത്തിനായി രക്തസാക്ഷിത്വം വരിച്ച പോരാളിയാണ്. അദ്ദേഹത്തിന്റെ മരണമാണ് മഹാരാഷ്ട്രയിൽ ദുർമ്മന്ത്രവാദം നിരോധിച്ചുകൊണ്ടുള്ള നിയമ നിർമ്മാണത്തിനു കാരണമായത്. കേരളത്തിൽ ദുർമ്മന്ത്രവാദത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവങ്ങൾ നിരവധി ഉണ്ടായിട്ടുണ്ട്. ഇനിയെങ്കിലും നമ്മൾ അങ്ങനെയൊരു നിയമം നിർമ്മിക്കേണ്ടതുണ്ട്.

നമ്മുടെ മെഡിക്കൽ കോളജുകളിൽ പഠനത്തിനായി മൃതശരീരങ്ങൾ ആവശ്യമുണ്ട്. പലർക്കും മരണാനന്തരം ശരീരദാനം നടത്തണമെന്ന് താല്പര്യവുമുണ്ട്. മതതാല്പര്യമാണ് ഇതിനു തടസമായി നിൽക്കാറുള്ളത്. വി എസ് സർക്കാരിന്റെ കാലത്ത് നിയമസഭാംഗം ആയിരുന്ന സൈമൺ ബ്രിട്ടോ അവതരിപ്പിച്ച ബിൽ ഇതിനൊരു പരിഹാരമാണ്. ആ ബിൽ അന്നു പരിഗണിക്കപ്പെട്ടില്ല. അങ്ങനെയൊരു നിയമനിർമ്മാണത്തെക്കുറിച്ച് ധീരതയോടെ ആലോചിക്കാൻ രാഷ്ട്രീയ സംഘടനകൾക്ക് കഴിയേണ്ടതാണ്.

പ്രകൃതി സംരക്ഷണത്തിന് പ്രാമുഖ്യം നൽകേണ്ടതുണ്ട്. അതിന്റെ ഭാഗമായി അതിരപ്പിള്ളി അടക്കമുള്ള വനപ്രദേശങ്ങൾ അണക്കെട്ടെന്ന ആശയമില്ലാതെ നമുക്ക് സംരക്ഷിക്കേണ്ടതുണ്ട്. കൽപ്പാത്തി മാതൃകയിൽ പൈതൃക ഗ്രാമങ്ങൾ വരും തലമുറയ്ക്കായി സൂക്ഷിക്കേണ്ടിയിരിക്കുന്നു. കൊല്ലത്തെ ആംഗ്ലോ ഇന്ത്യൻ പ്രദേശമായ തങ്കശ്ശേരി ഇതിനായി തെരഞ്ഞെടുക്കാവുന്നതാണ്. കേരളീയരുടെ പ്രിയപ്പെട്ട സംഗീത സംവിധായകൻ രവീന്ദ്രന്റെ സ്മാരകം അദ്ദേഹത്തിന്റെ ജന്മദേശമായ കുളത്തൂപ്പുഴയിൽ പണിതീരാതെ അവശേഷിക്കുകയാണ്. അത് ശ്രദ്ധിക്കേണ്ടതുണ്ട്. സംഗീത പരിശീലനങ്ങളെ തിരക്കേറിയ നഗരങ്ങളിൽ നിന്നും മോചിപ്പിച്ച് ഇതുപോലെയുള്ള ഗ്രാമാന്തരീക്ഷത്തിൽ എത്തിക്കുന്നത് നല്ലതാണ്.

കൊല്ലത്തെ ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ അനൗപചാരിക ചരിത്ര ഗവേഷണത്തിനുള്ള ഒരു സാധ്യതയുണ്ടാക്കുന്നത് നല്ലതാണ്. ചരിത്ര ഗവേഷകൻ പി ഭാസ്ക്കരനുണ്ണിയുടെ നാമധേയത്തിലാകുന്നത് ഉചിതമായിരിക്കും. പ്രകടനപത്രികയിൽ സാംസ്ക്കാരിക മേഖലയ്ക്ക് പ്രാധാന്യം നൽകുന്നത് നന്നായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.