കെ ദിലീപ്

നമുക്ക് ചുറ്റും

November 24, 2020, 3:48 am

സൗമിത്ര ക്യാമറയ്ക്ക് മുന്നില്‍ നിന്നും മായുമ്പോള്‍

Janayugom Online

കെ ദിലീപ്

ന്ത്യന്‍ സിനിമയിലെ എക്കാലത്തേയും വലിയ പ്രതിഭയായിരുന്ന സത്യജിത് റേയുടെ ജന്മശതാബ്ദി വര്‍ഷത്തിലാണ് സെല്ലുലോയിഡില്‍ അദ്ദേഹത്തിന്റെ ആത്മമിത്രമായിരുന്ന സൗമിത്ര ചാറ്റര്‍ജി വിട പറയുന്നത്. റായിയുടെ അപുത്രയത്തിലെ മൂന്നാമത്തെ ചിത്രം അപുര്‍ സന്‍സാറി‍ (1959) ലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയ സൗമിത്ര 14 ചലച്ചിത്രങ്ങളില്‍ സത്യജിത്റേയുടെ നായകനായിരുന്നു. എന്നാല്‍ ഒരു അഭിനേതാവ് എന്ന നിലയില്‍ സൗമിത്ര, റേ സിനിമകളുടെ മാസ്മരിക ലോകത്തിനകത്ത് തളച്ചിടപ്പെട്ടില്ല. മൃണാള്‍സെന്‍, തപന്‍സിന്‍ഹ മുതലായ ബംഗാളിലെ ഏറെ പ്രശസ്തരായ റേയുടെ സമകാലികരായ ചലച്ചിത്രകാരന്മാരുടെയും ഗൗതംഘോഷ്, അപര്‍ണസെന്‍, അന്‍ജാന്‍ദാസ്, ഋതുപര്‍ണഘോഷ് തുടങ്ങിയ സമകാലിക സംവിധായകരുടെയും ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഏറ്റവും ജനപ്രീതി നേടിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് 1986 ല്‍ നേടിയ കോണി എന്ന സരോജ് ഡെ ചിത്രത്തിലെ സ്വിമ്മിംഗ് കോച്ചിന്റെ വേഷമാണ് ചലച്ചിത്ര ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്ന് ഒരു അഭിമുഖത്തില്‍ സൗമിത്ര തന്നെ പറഞ്ഞിട്ടുമുണ്ട്.

വളരെ വളരെ വൈകിയാണ് അഭിനയത്തിനുള്ള ദേശീയ പുരസ്കാരം സൗമിത്രയെ തേടി എത്തിയതെങ്കിലും ഇന്ത്യ കണ്ട ഏറ്റവും വലിയ നടന്മാരിലൊരാളായിരുന്നു സൗമിത്ര. അഭിനയം സൗമിത്രയുടെ ജീവിതത്തെ നയിച്ച വികാരമായിരുന്നു; അത് വെള്ളിത്തിരയിലായാലും അരങ്ങിലായാലും.

1935 ല്‍ കല്‍ക്കത്തയിലെ ഇന്നത്തെ സൂര്യ സെന്‍ സ്ട്രീറ്റിലാണ് സൗമിത്രയുടെ ജനനം. ജീവിതത്തിന്റെ ആദ്യ പത്തു വര്‍ഷങ്ങള്‍ മുത്തച്ഛന്റെ നാടായ കൃഷ്ണനഗറിലായിരുന്നു. നാദിയ ജില്ലയുടെ തലസ്ഥാനമായ കൃഷ്ണനഗര്‍ ചരിത്രസ്മാരകങ്ങളുടെ നാടായിരുന്നു. അതിനാല്‍ തന്നെ ടൂറിസ്റ്റുകളുടെയും. ആ ചെറിയ പട്ടണത്തിന് തനതായ ഒരു നാടകസംസ്കാരമുണ്ടായിരുന്നു. അനേകം ചെറിയ നാടകസംഘങ്ങള്‍. അത്തരമൊരു നാടകസംഘത്തിന്റെ പ്രസിഡന്റായിരുന്നു മുത്തച്ഛന്‍. അച്ഛനാവട്ടെ തൊഴില്‍ വക്കീലിന്റേതായിരുന്നെങ്കിലും നാടകാഭിനയമായിരുന്നു ഇഷ്ടപ്പെട്ട രംഗം.

ബാലനായ സൗമിത്ര ധാരാളം സ്കൂള്‍ നാടകങ്ങളിലഭിനയിച്ചു. അവിടെ നിന്നും ലഭിച്ച പ്രോത്സാഹനം തുടര്‍ന്നും നാടകങ്ങളിലഭിനയിക്കുവാനും മൃത്യുഞ്ജയ് ഗില്‍ എന്ന പ്രമുഖ നാടക സംവിധായകനുമായുള്ള സൗഹൃദത്തിലും എത്തി. കല്‍ക്കത്തയിലേക്ക് തിരിച്ചുവന്ന കുടുംബം ഹൗറയില്‍ താമസമാക്കി. സൗമിത്ര കല്‍ക്കത്ത സിറ്റി കോളജില്‍ നിന്ന് ബംഗാളി സാഹിത്യത്തില്‍ ബിരുദമെടുത്തു. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ ബിരുദാനന്തര പഠനത്തിന് ചേര്‍ന്നു. അഭിനയത്തോടുള്ള പ്രതിപത്തി അപ്പോഴും കൈവിട്ടില്ല. ബംഗാളിയിലെ പ്രശസ്ത നാടകകൃത്തും അഭിനേതാവുമായിരുന്ന അഹിന്ദ്ര ചൗധരിയുടെ കീഴില്‍ അഭിനയ പഠനം തുടര്‍ന്നു. ബംഗാളി നാടകരംഗത്തെ അതുല്യനായ സംവിധായകന്‍ ശിശിര്‍ ബാദുരിയുടെ ഒരു നാടകം കാണാനിടയായ സൗമിത്ര ബാദുരി 1959 ല്‍ മരണമടയുന്നതുവരെ അദ്ദേഹത്തില്‍ നിന്ന് അഭിനയ പാഠങ്ങള്‍ പഠിക്കുകയും അദ്ദേഹത്തിന്റെ നാടകങ്ങളില്‍ ചെറിയ വേഷങ്ങളിലഭിനയിക്കുകയും ചെയ്തു.

1956ല്‍ സത്യജിത്റേയ്ക്ക് ‘അപരാജിതോ‘യിലേക്ക് പുതുമുഖങ്ങളെ ആവശ്യമുണ്ടെന്നറിഞ്ഞ് സൗമിത്ര റായിയെ ചെന്നുകണ്ടു. അന്ന് 20 വയസുകാരനായ കോളജ് വിദ്യാര്‍ത്ഥിക്ക് കൗമാരക്കാരനായ അപുവിനേക്കാള്‍ പ്രായം കൂടുതലായിരുന്നു. പക്ഷെ 1959ല്‍ ‘അപുര്‍സന്‍സാര്‍’ ചിത്രീകരണമാരംഭിക്കുമ്പോള്‍ യുവാവായ അപുവായി റായ് തിരഞ്ഞെടുത്തത് സൗമിത്രയെ തന്നെയായിരുന്നു. അപുവിന്റെ കാസ്റ്റിംഗ് സമയത്ത് തന്നെ കാണാന്‍ എത്തിയ സൗമിത്രയോട് റായ് പറഞ്ഞുവത്രെ ‘നിങ്ങളെന്റെ അപുവിനെ പോലെയിരിക്കുന്നു’ എന്ന്. റായിയുടെ നാലാമത്തെ സിനിമ ജല്‍സാഗറി‍ (1958) ന്റെ സെറ്റില്‍ വച്ച് റായി സൗമിത്രയെ സഹപ്രവര്‍ത്തകര്‍ക്ക് പരിചയപ്പെടുത്തി “ഇത് സൗമിത്ര ചതോപാദ്ധ്യായ, എന്റെ അടുത്ത ചിത്രത്തില്‍ അപുവായി അഭിനയിക്കുന്നു.” 1959 ഓഗസ്റ്റ് ഒന്‍പതിന് അപുര്‍സന്‍സാറിന്റെ ആദ്യ ഷോട്ട് റീടേക്കില്ലാതെ പൂര്‍ത്തിയാക്കി സൗമിത്ര 61 വര്‍ഷത്തെ ചലച്ചിത്ര ജീവിതം ആരംഭിച്ചു. കീവ്‌ലോസ്കിക്ക് ജെറി സ്റ്റൗര്‍, കുറസോവയ്ക്ക് തോഷിറെ മിഫൂണ്‍, ഫെല്ലിനിക് മസ്ട്രോയാനി എന്ന പോലെ റായിയുടെ ചലച്ചിത്രങ്ങളിലെ അവിഭാജ്യഘടകമായി മാറി സൗമിത്ര. റായ് അദ്ദേഹത്തിന്റെ കുറ്റാന്വേഷണ കഥകളിലെ ഫെല്ലൂദാ എന്ന ഡിക്ടറ്റീവിന്റെ കഥാപാത്രത്തെ സൃഷ്ടിച്ചതുപോലും സൗമിത്രയുടെ ആകാരത്തിനൊത്തായിരുന്നു.

മഹാശ്വേതാദേവി ഒരിക്കല്‍ എഴുതി “സൗമിത്ര വൃദ്ധനായിട്ടില്ല, പ്രായംകൊണ്ട് വളരുകമാത്രമേ ചെയ്തിട്ടുള്ളു.” 85-ാം വയസില്‍ മരണത്തിന് കീഴടങ്ങുമ്പോഴും റിലീസിന് തയ്യാറായ 10 ചലച്ചിത്രങ്ങള്‍ ബാക്കി വച്ചുകൊണ്ടാണ് സൗമിത്ര വിട വാങ്ങിയത്. സൗമിത്ര ജീവിതത്തിലും കലയിലും സാഹിത്യത്തിലും എന്നും തന്റേതായ മൂല്യങ്ങള്‍‍ കാത്തുസൂക്ഷിച്ചിരുന്നു. ബംഗാളി സിനിമയിലെ അതിപ്രശസ്തനായ ഉത്തം കുമാറിനോടൊപ്പം അനേകം സിനിമകളില്‍ അഭിനയിക്കുമ്പോഴും ഹിന്ദി കച്ചവട സിനിമകളില്‍ നിന്നും വലിയ പ്രലോഭനങ്ങളുണ്ടായപ്പോഴും സൗമിത്ര കച്ചവട സിനിമകളില്‍ നിന്ന് അകലം പാലിച്ചു. സിനിമകളുടെ തിരക്കിലും നാടകവേദിയില്‍ സജീവമായി നിന്നു. കവിതകളും ലേഖനങ്ങളുമെഴുതി. എന്നും മനുഷ്യപക്ഷത്ത് നിലയുറപ്പിച്ചു. മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള സമരമുഖങ്ങളില്‍ സാധാരണ മനുഷ്യരോടൊപ്പം തോളോടുതോള്‍ ചേര്‍ന്നുനിന്നു. നടന്‍ എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഒരു ഘടകം മാത്രമായിരുന്നു. അപുവിനേക്കാളും ചാരുലതയിലെ അമല്‍ എന്ന കാമുകനേക്കാളും ഗണശത്രുവിലെ അശോക് ഗുപ്ത എന്ന ജനങ്ങള്‍ക്കായി ശബ്ദിക്കുന്ന ഡോക്ടറോടായിരുന്നു സൗമിത്ര എന്ന വ്യക്തിക്ക് സാമ്യമുള്ളത്. സൗമിത്രയെ തേടിയെത്തിയ ബഹുമതികള്‍ അനേകമാണ്. 1999 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ ഓര്‍ഡര്‍ ഓഫ് ആര്‍ട്ട്സ് ആന്റ് ലറ്റേഴ്‌സ് എന്ന കലാകാരന്‍മാര്‍ക്കുള്ള പരമോന്നത ബഹുമതി സമ്മാനിച്ചു. 2004 ല്‍ ഭാരത സര്‍ക്കാര്‍ പത്മഭൂഷണും 2012 ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡും നല്കി ആദരിച്ചു. 2017 ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പരമോന്നത സിവിലിയന്‍ ബഹുമതിയായ ‘ഷെവലിയര്‍’ പട്ടം നല്കി. രണ്ടു തവണ ദേശീയ ഫിലിം അവാര്‍ഡും സംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു.

ബഹുമതികളും അംഗീകാരങ്ങളും സൗമിത്ര എന്ന മനുഷ്യസ്നേഹിയെ, ബംഗാള്‍ നവോത്ഥാനത്തിന്റെ പാരമ്പര്യം മറക്കാത്ത ബുദ്ധിജീവിയെ സ്പര്‍ശിച്ചില്ല എന്നതാണ് 2020 നവംബര്‍ 15ന് നമ്മെ വിട്ടു പിരിയുമ്പോള്‍ അദ്ദേഹത്തെ കൂടുതല്‍ പ്രിയങ്കരനാക്കുന്നത്. നിലപാടുകളില്‍ ഒരിക്കലും സൗമിത്ര വിട്ടുവീഴ്ച ചെയ്തിരുന്നില്ല. എന്നും വ്യക്തമായ സാമൂഹ്യ, രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ സൗമിത്ര വച്ചുപുലര്‍ത്തിയിരുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും ദേശവ്യാപകമായി നടന്ന പ്രതിഷേധങ്ങളില്‍ പ്രായത്തിന്റെ അവശതകള്‍ മറന്ന് സൗമിത്ര പങ്കെടുത്തിരുന്നു. വര്‍ഗീയതയ്ക്കും സാമൂഹ്യ തിന്മകള്‍ക്കുമെതിരെ ശബ്ദമുയര്‍ത്തിയ സൗമിത്ര വ്യക്തമായ ഇടതുപക്ഷ നിലപാടുകള്‍ ഒരിക്കലും മറച്ചുവച്ചില്ല. ദന്തഗോപുരങ്ങളില്‍ നിന്ന് പൊയ്ക്കാലുകളുടെ ബലത്തില്‍ കെട്ടിയെഴുന്നള്ളിക്കപ്പെടുന്ന കോലങ്ങള്‍ അരങ്ങുവാഴുന്ന ഈ കാലഘട്ടത്തില്‍ പാദങ്ങള്‍ മണ്ണിലുറപ്പിച്ച് സാധാരണ മനുഷ്യരുടെ കൂടെ അവരിലൊരാളായി അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തിയ സൗമിത്രയുടെ വേര്‍പാട് മനുഷ്യാവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തിന് ഒരു കനത്ത നഷ്ടമാണ്.