രമേശ് ബാബു

മാറ്റൊലി

January 14, 2021, 5:44 am

ട്രംപും വാഴപ്പിണ്ടിയും വിന്‍സന്റ് ചമ്പക്കരയും

Janayugom Online

2021 ജനുവരി ആറ് അമേരിക്കയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളില്‍ ഒന്നായിരിക്കുമെന്നപോലെ ലോകത്തെ ജനാധിപത്യവാദികളുടെ മനസിലും ഒരു ഇരുള്‍ ദിനമായിരിക്കും. ജനാധിപത്യത്തിന്റെ ചില പഴുതുകളിലൂടെ അധികാരത്തിലെത്തുന്നവര്‍ ആ മഹത് സങ്കല്പത്തിന് വരുത്തിവയ്ക്കാനിടയുള്ള ദ്രോഹങ്ങളാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചെയ്തികളിലൂടെ ലോകം വീക്ഷിച്ചത്. വര്‍ണവിവേചനത്തിന്റെയും വിദ്വേഷത്തിന്റെയും തദ്ദേശീയവാദത്തിന്റെയും പ്രതിലോമ ചിന്തകള്‍ ആളിക്കത്തിച്ച് ഭൂരിപക്ഷത്തെ പാട്ടിലാക്കി അധികാരത്തിലെത്തുന്ന വിഷവിത്തുകളെ ചെറുക്കാന്‍ ജനാധിപത്യ സംവിധാനത്തിന് പലപ്പോഴും കഴിയാതെപോകുന്നു.

തെരഞ്ഞെടുപ്പില്‍ തോറ്റിട്ടും തോറ്റില്ലെന്നാവര്‍ത്തിച്ചും കോടതിവിധികളെ അവഗണിച്ചും നുണപ്രചരണം നടത്തിയും കലാപത്തിന് ആഹ്വാനം ചെയ്തും അമേരിക്കയെന്ന ജനാധിപത്യ രാഷ്ട്രത്തിന് മഹാനാണക്കേടുണ്ടാക്കിയ പ്രസിഡന്റായിട്ടാകും ട്രംപിനെ കാലം വിലയിരുത്തുക. 2019 നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ കൈവരിച്ച ഇലക്ടറല്‍ കോളജ് വിജയം ഔദ്യോഗികമായി അംഗീകരിക്കാന്‍ യുഎസ് കോണ്‍ഗ്രസിലെ ഇരു സഭകളും ചേരുന്നതിനിടെയാണ് ട്രംപിന്റെ അനുകൂലികള്‍ ജനുവരി ആറിന് കലാപം അഴിച്ചുവിട്ടത്. ആക്രമങ്ങളില്‍ ഒരു സ്ത്രീയടക്കം അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ജനാധിപത്യവിരുദ്ധരായ കലാപകാരികള്‍ കാപിറ്റോളിലേക്ക് ഇരച്ചുകയറുമ്പോള്‍ അവരെ ഉത്തേജിപ്പിക്കുന്നവിധം ട്രംപ് പുറത്തുവിട്ട പ്രകോപനപരമായ സന്ദേശങ്ങൾ അദ്ദേഹത്തിന്റെ മാനസികാവസ്ഥയെ വെളിപ്പെടുത്തുന്നു.

‘നാം ഒരിക്കലും തോല്‍ക്കില്ല… കാപിറ്റോളിലേക്ക് പോകൂ.… ഞങ്ങള്‍ നിങ്ങളെ സ്നേഹിക്കുന്നു. നിങ്ങള്‍ പ്രിയപ്പെട്ടവരാണ്’ ലോകത്തെ മഹത്തായ ജനാധിപത്യ രാഷ്ട്രങ്ങളിലൊന്നായി ഗണിച്ചുപോരുന്ന അമേരിക്കയെന്ന രാഷ്ട്രത്തിന്റെ ഭരണാധിപന്റെ വാക്കുകളാണ്! എന്നും അധികാരത്തില്‍ തുടരാന്‍ ആഗ്രഹിക്കുന്ന ഒരു അധിനിവേശക്കാരന്റെ ദുരാഗ്രഹം നിറഞ്ഞ മനസാണ് ട്രംപിന്റെ വാക്കുകള്‍ വെളിപ്പെടുത്തുന്നത്. അധികാരഭ്രമം തലയ്ക്കുപിടിച്ച ട്രംപ് സുരപാനം ചെയ്ത മര്‍ക്കടനെപ്പോലെ പെരുമാറുമ്പോള്‍ സ്വന്തം രാജ്യമാണ് ലോകത്തിന് മുന്നില്‍ നാണംകെടുന്നതെന്ന ചിന്ത അദ്ദേഹത്തെ തെല്ലും അലട്ടിയിട്ടില്ലായിരുന്നു.

ജനവിധി തനിക്കെതിരാണെന്ന് ബോധ്യപ്പെട്ടതു മുതല്‍ ട്രംപ് ഒരു രാഷ്ട്രത്തലവന് യോജിക്കാത്ത തരത്തിലാണ് പ്രവര്‍ത്തിച്ചുവന്നതെന്ന് ജനുവരി ആറിന് മുമ്പുള്ള അദ്ദേഹത്തിന്റെ പ്രവൃത്തികള്‍ വ്യക്തമാക്കുന്നുണ്ട്. അധികാരം ഒഴിയാന്‍ നാളുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ട്രംപ് എന്തിനാണ് വൈറ്റ്ഹൗസിലെ തന്റെ ബങ്കറില്‍ മണിക്കൂറുകള്‍ ചെലവഴിക്കുന്നതെന്ന സംശയം ഉയര്‍ന്നിരുന്നു. വിശ്വസ്തര്‍ പലരും വൈറ്റ്ഹൗസ് വിട്ടുപോയിട്ടും ആത്മവിശ്വാസം നഷ്ടപ്പെടാത്തവനെപ്പോലെ­­യാണ് ട്രംപ് നീങ്ങിയിരുന്നത്. ട്രംപിന്റെ പെരുമാറ്റം അമേരിക്കന്‍ രാഷ്ട്രീയ വ്യവസ്ഥയുടെ അടിസ്ഥാനപരമായ അടിത്തറയെക്കുറിച്ചുള്ള തെറ്റായ ധാരണകളാണ് ദശലക്ഷക്കണക്കിന് വോട്ടര്‍മാരില്‍ ഉളവാക്കിയിരിക്കുന്നത്. അധികാര തുടര്‍ച്ചയ്ക്ക് വഴികണ്ടെത്തുക എന്നല്ലാതെ ഭരണാധികാരിയുടെ ഉത്തരവാദിത്വമായ ജനക്ഷേമത്തില്‍ അദ്ദേഹം യാതൊരു താല്പര്യവും കാട്ടിയിരുന്നില്ല. 18 ദശലക്ഷം അമേരിക്കക്കാരെ ബാധിച്ചതും 3,20,000 ത്തിലേറെ പേരെ കൊന്നൊടുക്കിയതുമായ കോവിഡ് പകര്‍ച്ചവ്യാധിയെക്കുറിച്ചുള്ള ട്രംപിന്റെ അനാസ്ഥ, പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കാന്‍ വാക്സിന്‍ വിതരണത്തിന് നടപടികള്‍ എടുക്കാത്തത്, പൊതുജന ആരോഗ്യ ഇന്‍ഷുറന്‍സ് സംവിധാനങ്ങള്‍ ശക്തമാക്കാന്‍ ശ്രമിക്കാത്തത്, സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുന്നതില്‍ കാട്ടിയ താല്പര്യക്കുറവ് ഇതൊക്കെ ജനജീവിതത്തില്‍ യാതൊരു ആശങ്കയുമില്ലാത്ത ഭരണാധികാരിയാണ് ട്രംപ് എന്ന് വ്യക്തമാക്കുന്നു. അമേരിക്കയുടെ കമ്പ്യൂട്ടര്‍ സംവിധാനങ്ങളിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും റഷ്യ അട്ടിമറിക്ക് ശ്രമിച്ചുവെന്ന ശക്തമായ ആരോപണം നിലനില്‍ക്കുമ്പോഴും ട്രംപ് റഷ്യക്കുവേണ്ടി ഇടപെട്ടതിലൂടെ യുഎസിന്റെ എതിരാളിയുടെ താല്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്കിയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. അമേരിക്കയുടെ ആധുനിക ചരിത്രത്തില്‍ മറ്റേതൊരു പ്രസിഡന്റും ഇത്തരത്തില്‍ പെരുമാറിയിട്ടില്ലെന്ന് ട്രംപിന്റെ അനിഷ്ടക്കാർ മാത്രമല്ല പറയുന്നത്.

ട്രംപിനെ ഏറ്റവുമധികം വിഷമിപ്പിക്കുന്ന പ്രശ്നം അദ്ദേഹത്തിനെതിരെയുള്ള കേസുകളാണ്. അധികാരം കൈവിടുന്നതോടുകൂടി അവയൊക്കെയും തന്നെ വേട്ടയാടുമെന്ന് അദ്ദേഹത്തിനറിയാം. അതിനുള്ള അവസാന പ്രതിരോധമാണ് കാപിറ്റോള്‍ കലാപ ആഹ്വാനം. അക്രമം അരങ്ങേറുന്നതിനിടെ സ്വന്തം കക്ഷിനേതാക്കള്‍ അടക്കം അഭ്യര്‍ത്ഥിച്ചെങ്കിലും അനുയായികളോട് പിരിഞ്ഞുപോകാന്‍ ട്രംപ് ആവശ്യപ്പെട്ടില്ല. അറ്റകൈക്ക് സൈനിക നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കാനുള്ള കുബുദ്ധി ട്രംപില്‍ സ്വാധീനം ചെലുത്തിയാലും അതിശയിക്കാനില്ല.

ലോകത്തെ ഏറ്റവും പഴക്കം ചെന്നതും സ്വാധീനമുള്ളതുമായ ജനാധിപത്യം നിലനില്‍ക്കുന്ന ഒരു രാഷ്ട്രത്തില്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നു? ചോദ്യത്തിന് ഉത്തരം അമേരിക്ക എന്ന രാഷ്ട്രത്തിന്റെ രൂപീകരണ ചരിത്രം തന്നെ പറഞ്ഞുതരും.

ഇരുപതിനായിരത്തിലേറെ വര്‍ഷം പഴക്കമുള്ള റെഡ് ഇന്ത്യക്കാരുടെയും ക്രിസ്തുവിന് ശേഷം 250 മുതല്‍ 900 വരെ നൂറ്റാണ്ടുകളില്‍ സജീവമായിരുന്ന മായന്‍മാരുടെയും സംസ്കൃതിക്കു മുകളിലാണ് പരിഷ്കൃതന്‍ എന്ന് ഊറ്റംകൊള്ളുന്ന അമേരിക്കന്‍ ഐക്യനാടുകൾ ഭരണകൂടം കെട്ടിപ്പൊക്കിയിരിക്കുന്നത്. യൂറോപ്യന്മാര്‍ ഇന്ത്യയിലേക്കുള്ള കപ്പല്‍മാര്‍ഗം അന്വേഷിച്ച് എത്തിപ്പെട്ട പുതിയ ദേശം ഇന്ത്യയാണെന്ന് തെറ്റിദ്ധരിക്കുകയും അവിടെ കാണപ്പെട്ട ജനതയെ റെഡ് ഇന്ത്യക്കാര്‍ എന്ന് വിളിക്കുകയുമായിരുന്നല്ലോ. യൂറോപ്യന്മാര്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലേക്ക് കുടിയേറ്റം ആരംഭിക്കുന്ന കാലത്ത് രണ്ടുകോടിയോളമായിരുന്നു റെഡ് ഇന്ത്യന്‍സിന്റെ ജനസംഖ്യ. യൂറോപ്യന്‍ കുടിയേറ്റക്കാരെ തദ്ദേശീയര്‍ ഇരു കയ്യും നീട്ടി സ്വീകരിച്ചുവെങ്കിലും താമസിയാതെ അതിഥികള്‍ ആതിഥേയരാകുകയും തദ്ദേശീയരുടെ ഉന്മൂലകരാകുകയും ചെയ്യുന്ന കാഴ്ചയാണ് ലോകം കണ്ടത്. 15–19 നൂറ്റാണ്ടുകളില്‍ 80 ശതമാനത്തോളം റെഡ് ഇന്ത്യന്‍ അമേരിക്കന്‍ എന്ന തദ്ദേശീയര്‍ യൂറോപ്യന്‍ കുടിയേറ്റക്കാരാല്‍ ആസൂത്രിതമായി വംശഹത്യ ചെയ്യപ്പെടുകയായിരുന്നു. എണ്ണൂറിലധികമുണ്ടായിരുന്ന ഗോത്രങ്ങളുടെ ഭൂമിയും പ്രകൃതി വിഭവങ്ങളും കയ്യടക്കി അവരെ കൊന്നൊടുക്കിയ കുടിയേറ്റക്കാര്‍ ശേഷിക്കുന്നവര്‍ക്ക് നല്‍കിയത് ക്ഷയം, ഉഷ്ണപുണ്ണ്, ക്രിസ്തുമതം, വസൂരി എന്നിവയായിരുന്നു. പ്രകൃതിയോടിണങ്ങിയ ജീവിതചര്യ അനുഷ്ടിച്ചിരുന്ന ഗോത്രജനത പരിചിതമല്ലാത്ത രോഗങ്ങളും മതപീഡനവും മൂലം കൂടുതല്‍ നശീകരണത്തിന് വിധേയമായിക്കൊണ്ടിരുന്നു. വീണ്ടും എത്രയോ കൂട്ടക്കശാപ്പിനാണ് തദ്ദേശീയര്‍ ഇരയായത്. 1924 മുതല്‍ മാത്രമാണ് റെഡ് ഇന്ത്യന് ഉപാധികളോടെ പൗരത്വം പോലും നല്കിയിരുന്നത്. ചെന്നുകേറിയവൻ വീട്ടുകാരനാകുന്ന നയം തന്നെയാണ് ലോകത്തെവിടെയും അമേരിക്ക അനുവര്‍ത്തിച്ചിരുന്നത്. കുടിയേറ്റക്കാരന്റെ കുത്സിത മനസിന്റെ നല്ലൊരു പ്രതീകമാണ് ട്രംപ്. പരിഷ്കൃത മുഖംമൂടിക്കുള്ളിലെ കാട്ടാളന്‍ ഇതുവരെ മറ്റ് രാഷ്ട്രങ്ങളെയാണ് ലക്ഷ്യം വച്ചിരുന്നെങ്കില്‍ ഇത്തവണ സ്വന്തം ജനതയോട് ആയിപ്പോയി എന്നേയുള്ളു. പാര്‍ലമെന്റ് മന്ദിരത്തിനു നേരെയുണ്ടായ ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണെന്ന് ഭൂരിപക്ഷ യു എസ് ജനത അഭിപ്രായപ്പെട്ടിരിക്കുന്നത് ജനാധിപത്യ വിശ്വാസികളില്‍ പ്രതീക്ഷയും ആശ്വാസവും നിറയ്ക്കുന്നു.

മാറ്റൊലി

അതിജീവനത്തിനോ അധിനിവേശത്തിനോ എത്തുന്ന കുടിയേറ്റക്കാരന്റെ ആദര്‍ശം വാഴപ്പിണ്ടിപോലെയാണെന്ന് തെളിയിച്ചിരിക്കുകയാണ് കലാപത്തിനിടയില്‍ ഇന്ത്യന്‍ പതാകയുമായ് എത്തിയ മലയാളി വിന്‍സന്റ് ചമ്പക്കര