വി പി ഉണ്ണികൃഷ്ണൻ

മറുവാക്ക്

April 30, 2021, 5:20 am

പ്രാണവായുവും വാക്സിനും നിഷേധിക്കും മുരളീധരസംഘം ആര്‍ത്തുല്ലസിക്കും

Janayugom Online

രണം താണ്ഡവനൃത്തമാടുന്ന കോവിഡ് മഹാമാരിയുടെ രണ്ടാം വരവില്‍ രാഷ്ട്രഭരണം നയിക്കുന്ന നരേന്ദ്രമോഡിയും അനുചരന്മാരും എന്തിലാണ് അഭിരമിക്കുന്നത്? രാഷ്ട്രം കത്തിയെരിയുമ്പോള്‍ വീണവായിച്ച് ആനന്ദ തുന്തിലിതരാവുകയാണവര്‍. നരേന്ദ്രമോഡിയുടെയും അമിത് ഷായുടെയും മൂക്കിന്‍ തുമ്പത്ത് സ്ഥിതിചെയ്യുന്ന രാജ്യതലസ്ഥാനമായ ദില്ലിയിലും ബിജെപി ഭരണനേതൃത്വം നല്കുന്ന ഉത്തര്‍പ്രദേശിലും ഗുജറാത്തിലും മധ്യപ്രദേശിലും ഹരിയാനയിലും നഗരഗ്രാമഭേദമന്യേ ശവക്കൂമ്പാരങ്ങള്‍ നിറയുമ്പോള്‍, ശ്മശാനങ്ങളുടെ മുന്നിലെ തെരുവുകളില്‍ ഊഴവും കാത്ത് മൃതദേഹങ്ങള്‍ വരിവരിയായി കിടത്തിയിരിക്കുമ്പോള്‍, ഒടുവില്‍ പേരും നാടും നാളും നോക്കാതെ കൂട്ടത്തോടെ അഗ്നിക്കിരയാക്കുമ്പോള്‍ നിസംഗതയിലും നിഷ്ക്രിയത്വത്തിലും മനുഷ്യത്വരാഹിത്യത്തിലും അഭിരമിക്കുന്ന അവര്‍ ഭാരതീയ പൗരന്റെ പ്രാണന് തൃണവിലപോലും കല്പിക്കുന്നില്ല. കോവിഡ് രോഗബാധിതരുടെയും രോഗബാധമൂലം മരണപ്പെട്ടവരുടെയും എണ്ണത്തില്‍ ഒന്നാമതെത്തിച്ച് ഇന്ത്യയെ നാണക്കേടിന്റെയും ദുഃഖസാഗരത്തിന്റെയും റെക്കോഡിലേക്കെത്തിക്കുകയാണ് ഇവര്‍ ലക്ഷ്യമിടുന്നതെന്ന് ഏതു മനുഷ്യസ്നേഹിയും സന്ദേഹിച്ചുപോകും. അത്രമേല്‍ ഭീതിയുടെയും നിരാലംബതയുടെയും ആഴങ്ങളിലേക്ക് ജനതയെയും രാഷ്ട്രത്തെയും അവര്‍ ചവിട്ടിത്താഴ്ത്തിയിരിക്കുന്നു. മരണസംഖ്യയില്‍ ബ്രസീലിന് തൊട്ടടുത്ത് എത്തിയിരിക്കുന്നു ഇന്ത്യ. ബ്രസീല്‍ മരണനിരക്കില്‍ പിന്നോട്ടും ഇന്ത്യ അതിവേഗതയില്‍ മുന്നോട്ടുമാണ്.

ഇക്കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ രാജ്യത്തെ ഹൈക്കോടതികള്‍ നടത്തിയ ചില പരാമര്‍ശങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ കേന്ദ്ര ഭരണകൂടത്തിന്റെ നീചത്വവും മനുഷ്യത്വരാഹിത്യവും ബോധ്യപ്പെടും. കോവിഡ് മഹാമാരിയുടെ രണ്ടാം വരവിലെ ഭീകരതയെ നിസംഗതയോടെ നോക്കിനില്‍ക്കുന്ന കേന്ദ്ര ഭരണാധികാരികള്‍ക്കുനേരെ വിരല്‍ചൂണ്ടി ദില്ലി ഹൈക്കോടതി ജഡ‍്ജി ജസ്റ്റിസ് പ്രതിഭ എം സിംഗ് പറഞ്ഞത് ‘ആളുകള്‍ മരിച്ചുവീഴട്ടെ എന്നാണ് നിങ്ങളുടെ ഉള്ളിലിരുപ്പ്’ എന്നാണ്. മരണം പെയ്തിറങ്ങുന്ന വേളയില്‍ ചികിത്സ നിഷേധിക്കുന്നവരെ തൂക്കിക്കൊല്ലാന്‍ വിധിക്കണമെന്നും കോടതിയിലെ മറ്റൊരു ബെഞ്ച് വാക്കാല്‍ പരാമര്‍ശം നടത്തിയതിന്റെ മൂര്‍ച്ചയേറിയ കുന്തമുനകള്‍ ചെന്നുപതിച്ചതും ഹൃദയരഹിതരായ ഭരണാധികാരികളുടെ ഹൃദയത്തിലേക്കാണ്. കോവിഡ് രോഗബാധിതര്‍ക്ക് നല്കുന്ന റെംഡിസിവിര്‍ എന്ന ഔഷധത്തിന്റെ മൂല്യഗുണങ്ങളെ കുറിച്ച് ചില കോണുകളില്‍ നിന്ന് സംശയം ഉയര്‍ന്നിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ ഇപ്പോഴും അത് രോഗികള്‍ക്ക് വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍ കോവിഡന്റെ ഈ മൂര്‍ധന്യഘട്ടത്തില്‍ നരേന്ദ്രമോഡിയുടെ ഭരണകൂടം പ്രോട്ടോക്കോള്‍ പൊടുന്നനെ തിരുത്തിയെഴുതി. ഓക്സിജന്‍ ലഭ്യമാകുന്നവര്‍ക്ക് മാത്രം റെംഡിസിവിര്‍ നല്കിയാല്‍ മതി എന്നാണ് തിരുത്തല്‍. രോഗബാധിതരായ സാധുക്കള്‍ക്ക് ഓക്സിജനും നല്കില്ല, റെംഡിസിവിറും നല്കില്ല എന്നാണോ നിലപാട് എന്ന് അടക്കാനാവാത്ത കോപത്തോടെ കോടതി ആരാഞ്ഞു.

“കൊറോണയുടെ പ്രേതം സംസ്ഥാനത്തെ പ്രധാന നഗരങ്ങളിലെ റോഡുകളിലും തെരുവുകളിലും സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. ഇത് ആരുടെ വിധിയാണ്” എന്ന് ചോദിച്ച ഉത്തര്‍പ്രദേശിലെ അലഹാബാദ് ഹൈക്കോടതി ‘വിഭവമുള്ളവര്‍ അതിജീവിക്കട്ടെ, അല്ലാത്തവര്‍ മരിച്ചുവീഴട്ടെ’ എന്നതാണ് ഭരണകൂടത്തിന്റെ നിലപാടെന്നും ചൂണ്ടിക്കാട്ടി. ‘എന്റെ വഴിയാണ് ശരി. അല്ലാത്തതെല്ലാം തെറ്റാണെന്ന ചിന്താഗതി അധികാരത്തിലിരിക്കുന്നവര്‍ തിരുത്തണമെന്നും മറ്റുള്ളവര്‍ പറയുന്നതുകൂടി കേള്‍ക്കണമെന്നും ശാസനാസ്വരത്തില്‍ നിര്‍ദ്ദേശിച്ചു.

മദ്രാസ് ഹൈക്കോടതിയാവട്ടെ കോവിഡ് വ്യാപനത്തിന്റെ പേരില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥന്മാര്‍ക്കും ഭരണാധികാരികള്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കാവുന്നതാണെന്നുവരെ പറഞ്ഞുവച്ചു. പക്ഷേ, ഭരണഘടനയെയോ ഭരണഘടനാ സ്ഥാപനങ്ങളെയോ മാനിക്കാത്ത സംഘപരിവാര ഭരണകൂടത്തിന് ലവലേശം കൂസലില്ല. ഉന്നത നീതിപീഠമായ സുപ്രീം കോടതി തന്നെ കോവിഡ് വിഷയത്തില്‍ പലയാവര്‍ത്തി ഇടപെടുകയും സ്വമേധയാ കേസെടുക്കുകയും ചെയ്തു. വാക്സിനുകള്‍ക്ക് ഒരേ രാഷ്ട്രത്തില്‍ പലവില ഏര്‍പ്പെടുത്തുന്നത് എങ്ങനെ എന്ന് ആരാഞ്ഞ സുപ്രീം കോടതി ഡ്രഗ്സ് കണ്‍ട്രോള്‍ നിയമം രാജ്യത്ത് നിലനില്ക്കുന്നത് ഭരണകൂടം നോക്കിയിരിക്കുവാനല്ലെന്നും ആപത്ഘട്ടങ്ങളില്‍ പോലും ആ നിയമങ്ങള്‍‍ പ്രയോഗിക്കാതിരിക്കുന്നത് എന്തുകൊണ്ടാണെന്നും ചോദിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോടാവശ്യപ്പെട്ടെങ്കിലും മൗനത്തിന്റെ വാത്മീകത്തിനുള്ളിലാണ് കേന്ദ്ര സര്‍ക്കാര്‍. അതിനു കാരണം വാക്സിന്‍ കമ്പനികളെ കുടത്തില്‍ നിന്ന് തുറന്നുവിട്ട ഭൂതങ്ങളാക്കിയത് നരേന്ദ്രമോഡിയാണെന്നതു തന്നെ.

ആരോരും നിനച്ചിരിക്കാത്ത വേളയിലാണ് കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയ്ക്ക് അതതു കമ്പനികള്‍ക്ക് വില നിശ്ചയിക്കാമെന്നും അവര്‍ക്ക് അത് സ്വകാര്യവിപണിയില്‍ വില്ക്കാമെന്നും കയറ്റുമതി ചെയ്യാമെന്നും നരേന്ദ്രമോഡി ഉത്തരവിട്ടത്. വാക്സിന്‍ കമ്പനികളെ പോലും അത് അത്ഭുതപ്പെടുത്തി. ഒരു രാജ്യം, ഒരു റേഷന്‍, ഒരു നികുതി, ഒരു വേഷം, ഒരു ഭാഷ എന്ന് നാഴികയ്ക്ക് നാല്പതുവട്ടം ഉരുവിടുന്നവരാണ് മഹാമാരിയുടെ കാലത്ത് പ്രാണരക്ഷാമരുന്നുകള്‍ക്ക് പലതരം വില ഒരേ രാഷ്ട്രത്തില്‍ നടപ്പാക്കുവാന്‍ പച്ചക്കൊടി വീശിയത്. മോഡിയുടെ വാഗ്ധോരണി വന്നതിനു തൊട്ടുപിന്നാലെ കോവിഷീല്‍ഡുകാര്‍ കേന്ദ്ര സര്‍ക്കാരിന് 150 രൂപ നിരക്കിലും സംസ്ഥാന സര്‍ക്കാരുകള്‍ക്ക് 400 രൂപ നിരക്കിലും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപ നിരക്കിലും വില്ക്കുമെന്ന് പ്രഖ്യാപിച്ചു. തൊട്ടുപിന്നാലെ കോവാക്സിന്‍കാര്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും കോവിഷീല്‍ഡുകാരേക്കാള്‍ വില ഉയര്‍ത്തി പ്രഖ്യാപനം നടത്തി. വാക്സിന്‍ കിട്ടാതെ പ്രതിരോധശേഷി നഷ്ടപ്പെട്ട് സ്വന്തം ജനങ്ങള്‍ വിറങ്ങലിച്ചു മരിച്ചുവീഴുമ്പോഴാണ് മരുന്നു കുത്തകകള്‍ക്ക് പണം കൊയ്യാനായി മോഡിയും കൂട്ടരും തുനിഞ്ഞിറങ്ങിയിരിക്കുന്നത്. ഉല്പാദിപ്പിക്കുന്നതില്‍ അമ്പതുശതമാനം മാത്രം മതി സര്‍ക്കാരുകള്‍ക്ക്. ബാക്കി ഏതു ഉയര്‍ന്ന വിലയ്ക്കും സ്വകാര്യ മരുന്നുകമ്പനികള്‍ക്ക് വിറ്റഴിച്ച് ലാഭം കൊയ്യാം. എത്രമേല്‍ രാജ്യസ്നേഹം! മനുഷ്യസ്നേഹം!

ദില്ലിയിലും യുപിയിലും കര്‍ണാടകയിലും ആംബുലന്‍സുകള്‍ കിട്ടാതെ ഗുരുതരാവസ്ഥയിലുള്ള കോവിഡ് രോഗബാധിതരുമായി അവരുടെ ബന്ധുക്കള്‍ ആശുപത്രികളില്‍ നിന്ന് ആശുപത്രികളിലേക്ക് നെട്ടോട്ടമോടുന്നു. ആശുപത്രിയില്‍ ബെഡുകളില്ലാത്തതുകൊണ്ട്, ഐസിയുകളും വെന്റിലേറ്ററുകളും ഇല്ലാത്തതുകൊണ്ട്, ഓക്സിജന്‍ ലഭ്യമല്ലാത്തതുകൊണ്ട് അവര്‍ക്ക് തെരുവില്‍ പിടഞ്ഞുമരിക്കേണ്ടിവരുന്നു. പ്രതിദിന മരണനിരക്ക് മൂവായിരം പിന്നിട്ടുകഴിഞ്ഞു. കോവിഡ് മഹാമാരിക്ക് ഒന്നരവര്‍ഷം പ്രായം ചെല്ലുന്നു. പക്ഷേ ഒരടിസ്ഥാന സൗകര്യവര്‍ധനവിനും മോഡി ഭരണകൂടം മനഃപൂര്‍വം വീഴ്ചവരുത്തി. ഗോമൂത്രം കുടിച്ചാല്‍ മതി, ചാണകം ദേഹമാസകലം പുരട്ടിയാല്‍ മതി, ഏറ്റവും ഒടുവില്‍ കൗപീനധാരികളായി കുംഭമേളയില്‍ പങ്കെടുത്താല്‍ മതി കോവിഡ് കാണാമറയത്ത് മറയുമെന്ന് പ്രചരിപ്പിക്കുന്ന തിരക്കിലായിരുന്നു ഭരണാധികാരികള്‍ ഉള്‍പ്പെടെയുള്ളവര്‍. കുംഭമേളയുടെ പ്രാരംഭദിനങ്ങളില്‍ തന്നെ അതിന് നായകത്വം വഹിച്ച് സന്യാസിവര്യന്മാര്‍ കൊറോണ വൈറസിന്റെ ഇരകളായി. പെട്ടെന്ന് ഭക്തി അവസാനിപ്പിച്ച് പ്രാണനും കൊണ്ട് കുംഭമേളയില്‍ നിന്ന് ഓടുന്നതും കണ്ടു.

‘മന്‍ കീ ബാത്ത്’ പ്രഹസനത്തിലും ജനങ്ങളെ അഭിസംബോധന ചെയ്യുന്ന നാടകത്തിലും നരേന്ദ്രമോഡി പറഞ്ഞു; കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റു പോലെയായിരുന്നു. രാജ്യം ആടിയുലഞ്ഞുപോലും. പക്ഷേ ഓക്സിജന്‍ ക്ഷാമത്തെ കുറിച്ചോ വാക്സിന്‍ ക്ഷാമത്തെ കുറിച്ചോ അതിന്റെ പരിഹാരങ്ങളെ കുറിച്ചോ പ്രതിവിധികളെക്കുറിച്ചോ ഒരക്ഷരവും ഉരിയാടിയില്ല. പാത്രം കൊട്ടല്‍, പന്തം കൊളുത്തല്‍, പടക്കം പൊട്ടിക്കല്‍ പോലുള്ള പുതു കലാപരിപാടികള്‍ ആഹ്വാനം ചെയ്യാതിരുന്നതില്‍ ഈ മഹാദുരന്തകാലത്ത് ആശ്വാസമായി. ഓക്സിജന്‍ കിട്ടാതെയുള്ള മരണപരമ്പര മോഡി ഭരണകാലത്ത് കോവിഡ് മഹാമാരിയുടെ മാത്രം ഭാഗമല്ല. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിനു പിന്നാലെ ഉത്തര്‍പ്രദേശിലെ ആതുരാലയങ്ങളില്‍ നൂറുകണക്കിന് നവജാത ശിശുക്കള്‍ പ്രാണവായു കിട്ടാതെ പിടഞ്ഞുമരിച്ചു. മോഡിയുടെ ഗുജറാത്തിലും ഹരിയാനയിലും അത് ആവര്‍ത്തിക്കപ്പെട്ടു. ഈ അനുഭവങ്ങള്‍ ഉണ്ടായിട്ടും കോവിഡുകാലത്തും ഓക്സിജന്‍ സംഭരണത്തിനായി ദീര്‍ഘവീക്ഷണത്തോടെ നടപടികളെടുക്കുവാന്‍ ഇവര്‍ സന്നദ്ധമായില്ല. കഴിഞ്ഞ വര്‍ഷമേ 355 ഓക്സിജന്‍ പ്ലാന്റുകള്‍ക്ക് തുക വകയിരുത്തിയിരുന്നുവെന്നാണ് ഇപ്പോള്‍ മോഡിയുടെയും കൂട്ടരുടെയും അവകാശവാദം. ഇപ്പോള്‍ 500 ലേറെ ഓക്സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുവാന്‍ പണം വീണ്ടും വകയിരുത്തുന്നുവെന്ന് അധരവ്യായാമം നടത്തുന്നു.

രാജ്യമാകെ ശവപ്പറമ്പാകുമ്പോള്‍ കേരളം വേറിട്ടുനില്‍ക്കുന്നു. ഇവിടെയും അതിതീവ്രവ്യാപനം ഈ ഘട്ടത്തില്‍ ശക്തമാണ്. എന്നാല്‍ കേരളത്തില്‍ ഒരു രോഗിക്കും ആശുപത്രി പ്രവേശനം നിഷേധിക്കപ്പെടുന്നില്ല. ബെഡുകളുടെയോ ഓക്സിജന്റെയോ വെന്റിലേറ്ററുകളുടെയോ ഐസിയുകളുടെയോ അഭാവമൂലം ഒരാള്‍പോലും തെരുവില്‍ മരിച്ചുവീഴുന്നില്ല. എന്നാല്‍ കേരളത്തിനാവശ്യമായ വാക്സിന്‍ നല്കാതെ കേന്ദ്രസര്‍ക്കാര്‍ കേരളത്തെ ശ്വാസം മുട്ടിക്കുകയും ചെയ്യുന്നു. ഈ ഘട്ടത്തില്‍ കേരളത്തില്‍ കൂടുതല്‍ കോവിഡ് ആശുപത്രികള്‍, കിടക്കകള്‍, ഐസിയുകള്‍, വെന്റിലേറ്ററുകള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ ദീര്‍ഘവീക്ഷണത്തോടെ സജ്ജമാക്കുന്നു. സുപ്രീം കോടതിയില്‍ ബിജെപി സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത തന്നെ കേരളത്തിന്റെ പ്രവര്‍ത്തനം മാതൃകാപരമെന്ന് വിശേഷിപ്പിക്കുമ്പോള്‍ കേന്ദ്രത്തില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാത്ത സഹമന്ത്രി വി മുരളീധരന്‍ കേരള സര്‍ക്കാരിനെ നിത്യേന മൂന്നുവട്ടമെങ്കിലും പുലഭ്യം പറയുന്നു. കോവിഡ് രോഗബാധ പ്രതിരോധിക്കുന്നതില്‍ കേരള സര്‍ക്കാര്‍ പരാജയമാണെന്ന് ദുരന്തകാലത്തും മനുഷ്യരെ ചിരിപ്പിക്കുന്ന നിലവാരമില്ലാത്ത ഫലിതങ്ങള്‍ പൊട്ടിക്കുന്നു. കേരളത്തിന് അര്‍ഹമായ വാക്സിന്‍ നല്കുന്നില്ലല്ലോ എന്നു പറയുമ്പോള്‍ വാക്സിന്‍ പണംകൊടുത്തു വാങ്ങണം എന്ന് ആക്രോശിക്കുന്നു. കേന്ദ്രം കേരളത്തിന് നല്കിയ തുച്ഛമായ വാക്സിനില്‍ 97 ശതമാനവും ഉപയോഗിച്ചുകഴിഞ്ഞു. ഇന്ത്യയില്‍ അത്തരുണത്തില്‍ മുന്നേറിയ ഒരേയൊരു സംസ്ഥാനം കേരളമാണ്. കേരളം അഭിമുഖീകരിക്കുന്ന വാക്സിന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്രം ഇടപെടണമെന്ന് പറയാന്‍ മുരളീധരനോ ചെന്നിത്തലയോ തയ്യാറല്ല. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ എക്കാലത്തേതെന്നതുപോലെ വകതിരിവില്ലാത്ത വിഡ്ഢിത്തങ്ങള്‍ എഴുന്നള്ളിക്കുന്നു. എല്ലാ സംസ്ഥാനങ്ങളും വാക്സിന്‍ ബുക്ക് ചെയ്തു, എന്തുകൊണ്ട് കേരളം ബുക്ക് ചെയ്തില്ല എന്ന വങ്കത്തമാണ് വിളിച്ചോതുന്നത്. സര്‍ക്കാര്‍ അഭ്യര്‍ത്ഥിക്കാതെ തന്നെ കേരളത്തിലെ സുമനസുകള്‍ വാക്സിന്‍ ചലഞ്ച് ഏറ്റെടുത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തുടങ്ങി. ഉടനെ വി മുരളീധരനും കെ സുരേന്ദ്രനും അവരുടെ ഉറ്റതോഴനായ രമേശ് ചെന്നിത്തലയും ഒരേസ്വരത്തില്‍ പറയുന്നു; ആ ഫണ്ട് പാര്‍ട്ടി ഫണ്ടുകളിലേക്ക് പോകാതെ നോക്കികൊള്ളണമെന്ന്. ഇത് അവരുടെ ശീലമാണ്. തെരഞ്ഞെടുപ്പു കാലത്ത് കോടാനുകോടി കുഴല്‍പ്പണം കടത്തുകയും സ്വന്തം ആളുകള്‍തന്നെ കവര്‍ന്നെടുക്കുകയും ചെയ്യുന്ന പാരമ്പര്യമുള്ളവര്‍ക്ക് അങ്ങനെയേ ചിന്തിക്കാനാവൂ. രണ്ടു പ്രളയകാലത്തും നിപാ വൈറസ് ബാധയുടെ കാലത്തും ഓഖി ദുരന്തകാലത്തും കോവിഡ് ഒന്നാംഘട്ടത്തിലും ഇതുതന്നെയായിരുന്നു യുഡിഎഫിന്റെയും ബിജെപിയുടെയും നിലപാട്. അതിന്റെ തനിയാവര്‍ത്തനം തന്നെയാണ് ഇപ്പോഴും.

സൗജന്യമായി വാക്സിന്‍ നല്കുമെന്ന് പറഞ്ഞ കേന്ദ്ര സര്‍ക്കാര്‍ മലക്കംമറഞ്ഞു. പക്ഷേ, ഇടതു സര്‍ക്കാര്‍ വാക്കില്‍ നിന്ന് പിന്നോട്ടില്ല. എല്ലാ കേരളീയര്‍ക്കും സൗജന്യ വാക്സിന്‍ ഉറപ്പുവരുത്തുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും വന്‍ സാമ്പത്തിക ബാധ്യത ഉണ്ടാവുമെന്നറിഞ്ഞിട്ടും ഒരു കോടി വാക്സിനുകള്‍ വാങ്ങി വിതരണം ചെയ്യാനും തീരുമാനിച്ചുകഴിഞ്ഞു. മരണ പരമ്പരകളെ പുഷ്ക്കല വസന്തമായി കണ്ട് ആടിതിമിര്‍ക്കുകയാണ് ബിജെപിയും കൂട്ടരും ഇന്ത്യയില്‍. പക്ഷേ, കേരളത്തില്‍ പുര കത്തുമ്പോള്‍ വാഴവെട്ടി രസിക്കുവാനുള്ള നീചത്വത്തെ ജനങ്ങള്‍ വെച്ചുപൊറുപ്പിക്കുകയില്ല.