പ്രസാദ് പി സി

ഭാഗം രണ്ട്

April 08, 2021, 4:29 am

ട്രേഡ് യൂണിയനും ഇന്ത്യന്‍ ജനാധിപത്യവും കോഡ് 2020 ലെ തൊഴിലാളി വിരുദ്ധതയും

ഭാഗം രണ്ട്
Janayugom Online

ന്ത്യയിലെ ജനവിഭാഗത്തിന്റെ 2001 ലെ സെൻസസ് അനുസരിച്ച് 39.1 ശതമാനം തൊഴിലാളികൾ ആകെ ജനസംഖ്യയിലുണ്ട് എന്നാണ്. അതായത് 402 മില്യൻ (40 കോടി). ഇന്ത്യയിലെ ആകെ ജനസംഖ്യ 135 കോടിയും. കുറച്ചുകൂടെ വിശദമാക്കിയാൽ 312 മില്യൻ സംഘടിതമേഖലയിലും 90 മില്യൻ അസംഘടിത മേഖലയിലുമുണ്ട്. 183 ദിവസമെങ്കിലും ഒരു വർഷം തൊഴിൽ കിട്ടാത്തവരാണ് അസംഘടിത മേഖലയിലെ തൊഴിലാളികൾ. 402 മില്യൻ തൊഴിലാളികളിൽ 275 മില്യൻ പുരുഷന്മാരും 127 മില്യൻ സ്ത്രീകളുമാണ്. ആകെ ജനസംഖ്യയിൽ 68.4 ശതമാനം പുരുഷന്മാരും 31.6 ശതമാനം സ്ത്രീകളുമാണ് തൊഴിലാളികളായിട്ടുള്ളത്. ഈ കണക്കുകളിൽ നിന്ന് എത്ര ഭീമാകാരമാണ് ഈ തൊഴിൽമേഖല എന്ന് ചിന്തിക്കാൻ കഴിയും. ഇത്രയും തൊഴിലാളികളുള്ള മഹാരാജ്യത്തെ നിയന്ത്രിക്കുന്നത് കോർപ്പറേറ്റ് ഭീമന്മാരും അവരുടെ ശിങ്കിടികളായ രാഷ്ട്രീയ മേലാളന്മാരുമാണ്. ഇത്ര ബാഹുല്യമുള്ള തൊഴിലാളികളുടെ ജീവനാംശത്തെയാണ് കേന്ദ്രസർക്കാർ പുതിയ നിയമത്തിലൂടെ കോർപ്പറേറ്റുകളുടെ കയ്യിലേക്ക് വലിച്ചെറിഞ്ഞിരിക്കുന്നത്. ഈ കടുത്ത അനീതിയുണ്ടായിട്ടും ഒരു നേരിയ ഞരക്കം പോലും രാജ്യത്തുണ്ടായില്ല. പാർലമെന്റിനകത്തു പോലും ഒരു ശക്തമായ എതിർപ്പുണ്ടായില്ലായെങ്കിൽ കോർപ്പറേറ്റുകളുടെ ശക്തി എത്രമാത്രമെന്ന് ചിന്തിക്കാൻ കഴിയണം. ഇത്രയും ശോചനീയമാണ് തൊഴിലാളികളുടെ അവസ്ഥയെങ്കിൽ ഒരു രാജ്യത്തിന്റെ വികസനം, എത്ര പരിതാപകരമായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഗ്രാമങ്ങളിലെ സ്ത്രീ തൊഴിലാളികളുടെ സംഖ്യ ആശങ്കാജനകമായ 87.3 ശതമാനമാണ്. ഗ്രാമങ്ങളിലെ കൃഷിയും വിളവെടുപ്പുമാണ് ആകെയുള്ള തൊഴിൽ സാധ്യതയെങ്കിൽ ഇന്ത്യയിലെ കാലാവസ്ഥ വ്യതിയാനംകൊണ്ടും പ്രകൃതിക്ഷോഭങ്ങളാലും എന്തുമാത്രം തൊഴിലായിരിക്കും ഇവർക്ക് ലഭിക്കുകയെന്ന് കാണാൻ പ്രയാസമില്ല. അതേസമയം നഗരപ്രാന്തങ്ങളിൽ സ്ത്രീ തൊഴിലാളികൾ വീട്ടു ജോലിയും മറ്റ് അനുബന്ധ തൊഴിലുകളിലുമാണ് ഏർപ്പെടുന്നത്. രാജ്യത്തെ ആകെ തൊഴിലാളികളുടെ ശതമാനത്തിൽ ഏറിയപങ്കും കാർഷിക സംബന്ധിയായ തൊഴിലുകളിലാണ് പെട്ടിട്ടുള്ളത്, ശേഷം മാത്രമേ ഉല്പാദന മേഖലയിലെ വ്യാവസായിക തൊഴിലുകളിൽ വരുന്നുള്ളൂ. സേവനമേഖലയിലെ തൊഴിലാളികളുടെ പങ്ക് 10 ശതമാനമുള്ളപ്പോൾ, ഹോട്ടൽ, റസ്റ്റോറന്റ്, ചെറുകിട വൻകിട സ്ഥാപനങ്ങളിലെ തൊഴിൽ, റിപ്പയർമേഖല എന്നിങ്ങനെ ശേഷിക്കുന്ന തൊഴിൽ വിതരണത്തെ കണക്കിൽപ്പെടുത്താം. ഇതൊക്കെ വിശദമാക്കുമ്പോൾ തന്നെ കാർഷികമേഖലയാണ് ഏറ്റവും വലിയ അസംഘടിത മേഖലയെന്ന് കാണുന്നതാണ് അമ്പരപ്പുളവാക്കുന്നത്.

2020 ലെ സെൻസസിൽ 402 മില്യൻ തൊഴിലാളികളെന്നത് വർധിച്ച് 501 മില്യനായി എന്ന് കാണാം. സ്ഥിരവരുമാനത്തിൽ ഉണ്ടായിരുന്നവർ ഇപ്പോൾ മാറി തൊഴിലാളികളുടെ നിലയിലേയ്ക്ക് എത്തി. ഇത് കാണിക്കുന്നത് രാജ്യം കടുത്ത സാമ്പത്തിക അരാജകത്വത്തിലേയ്ക്ക് കടക്കുകയാണ് എന്നാണ്. ഉല്പാദന, സേവന, വ്യവസായ, കാർഷിക മേഖലകൾ കോവിഡ് മഹാമാരിയിൽപ്പെട്ട് മുന്നോട്ടുപോകാനാകാതെ നിൽക്കുമ്പോൾ അടിസ്ഥാനവർഗവിഭാഗങ്ങൾ കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് വീഴുന്നത്. ഈ വസ്തുതകൾ മുന്നിൽ വച്ചുകൊണ്ടാണ് പുതിയ കോഡ് 2020നെ പരിശോധിക്കേണ്ടത്. കോഡിലെ സെക്ഷൻ 2 (m) തൊഴിൽദാതാവിനെ/തൊഴിലുടമയെ സംബന്ധിക്കുന്നതാണ്. തൊഴിൽ തർക്കപരിഹാര നിയമത്തിൽ നൽകിയതിനേക്കാൾ കൂടുതൽ ആനുകൂല്യങ്ങൾ കോഡിൽ തൊഴിലുടമയ്ക്ക് നൽകിയിരിക്കുന്നുയെന്ന വസ്തുത മറച്ചുവയ്ക്കാൻ കഴിയില്ല. തൊഴിലുടമയ്ക്ക് നൽകുന്ന ഇളവുകൾ എത്ര വലിയതാണെന്നും അതിന്റെ ഭീകരത എത്രയെന്നും അളക്കുവാൻ വരും കാലങ്ങളിലേ കഴിയുകയുള്ളൂ. അതിൽ ഏറ്റവും ഭയാനകമായത് തൊഴിലാളികളുടെ സർവ്വീസ് കാലയളവിനെ നിർണ്ണയിച്ചിട്ടുള്ളതാണ്. ലേ ഓഫ്, റിട്രെഞ്ച്മെന്റ്, അടച്ചുപൂട്ടൽ എന്നീ സാഹചര്യങ്ങളിൽ തൊഴിലുടമയ്ക്ക് കിട്ടുന്ന ഇളവുകൾ തൊഴിലാളികളുടെ അതിജീവനത്തെയാണ് ഇല്ലായ്മ ചെയ്യുന്നത്. തൊഴിലാളികളുടെ അതിജീവനത്തെ പ്രതിരോധിക്കാൻ, ബാധ്യതയും ചുമതലയുമുള്ള തൊഴിലാളി സംഘടനകളെ ഈ കോഡിൽ വളരെ കൃത്യമായ കണക്കുകൂട്ടലുകളോടെ ദുർബലപ്പെടുത്തുകയും ചെയ്തു. മറ്റെന്ത് ആനുകൂല്യങ്ങൾ നിഷേധിച്ചാലും തൊഴിലുടമയ്ക്ക് നൽകുന്ന അവകാശത്തിന്മേൽ മുകളിൽ വരേണ്ട തൊഴിലാളികളുടെ പ്രതിഷേധിക്കാനുള്ള അവകാശത്തെ നിഷേധിച്ചുകൊണ്ടുള്ള നിബന്ധനകൾ ഉണ്ടാകാൻ പാടില്ലായിരുന്നു.

ഒരു വ്യവസായ സ്ഥാപനത്തിൽ തൊഴിലാളികളുടെ അവകാശങ്ങൾ നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി കുറഞ്ഞത് 100 തൊഴിലാളികൾ മാത്രം മതിയെന്ന സ്ഥാനത്ത് പുതിയ കോഡ് പ്രകാരം 300 ആയി ഉയർത്തിയിരിക്കുകയാണ്. അതായത് 300 പേരിൽ താഴെ തൊഴിൽ നൽകുന്ന ഒരു സ്ഥാപനത്തിൽ, ശരാശരി 300 തൊഴിൽ ദിനങ്ങൾക്ക് താഴെയാണ് എങ്കിൽ ലേ ഓഫ്, റിട്രെഞ്ച്മെന്റ്, അടച്ചുപൂട്ടൽ എന്നീ സാഹചര്യത്തിൽ സർക്കാരിന്റെ അനുവാദം വേണ്ടായെന്ന് വന്നിരിക്കുന്നു. തൊഴിലുടമയ്ക്ക് തൊഴിലാളികളുടെ അവകാശങ്ങളെ നിഷേധിക്കാൻ നിയമപരമായ അനുവാദം നൽകിയിരിക്കുന്നു എന്നർത്ഥം. തൊഴിലുടമയ്ക്ക് തന്റെ സ്ഥാപനത്തെ പൂട്ടാൻ സർക്കാർ അനുവാദം കൊടുക്കുന്നത് തൊഴിലാളികളെ തെരുവിൽ ഇറക്കി വിട്ടു കൊണ്ടാണെന്നർത്ഥം. പൊതുമേഖലകളിൽ നിന്നും കോടിക്കണക്കിന് ബാങ്ക് വായ്പ, സബ്സിഡി, മറ്റ് ആനുകൂല്യങ്ങൾ ഒക്കെ വാങ്ങി തുടങ്ങിയ സ്ഥാപനം അടച്ചുപൂട്ടുമ്പോൾ തൊഴിലുടമയ്ക്ക് ഒരു ബാധ്യതയും ഇല്ലാതെ ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന, ഖജനാവ് കാലിയാക്കുന്ന നടപടി കൂടിയാവുമ്പോൾ കാര്യങ്ങൾ എന്താണെന്ന് മനസ്സിലാകുമല്ലോ. തൊഴിൽ മേഖലയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട വിധി പ്രഖ്യാപിച്ച ബി ആർ സിംഗ് Vs യൂണിയൻ ഓഫ് ഇന്ത്യ (1989‑ൽ) പരമോന്നത കോടതി തൊഴിലാളികളുടെ പ്രതിഷേധത്തെയും സമരപ്രഖ്യാപനത്തെയും സംബന്ധിച്ച് വളരെ ആഴത്തിലുള്ള നിരീക്ഷണങ്ങളാണ് നടത്തിയിട്ടുളളത്. സമരമാർഗ്ഗത്തിലൂടെ മാത്രമെ തൊഴിലാളികളുടെ അവകാശത്തെ സംരക്ഷിക്കാനും തങ്ങളുടെ അവകാശങ്ങളെ ചോദിച്ചുവാങ്ങാനും കഴിയുകയുള്ളൂ എന്നാണ് ഈ കേസിന്റെ വിധിയിൽ പരമോന്നത കോടതി എഴുതിയത്, കോഡ് 2020 ഇപ്രകാരം സമരം ചെയ്യുന്നതിന് നിബന്ധന കൊണ്ടുവരികയാൽ മാനേജുമെന്റിനെ തങ്ങളുടെ അവകാശ സംരക്ഷണത്തിനായി വരുതിയിൽ കൊണ്ടുവരാൻ തൊഴിലാളികൾക്കും ട്രേഡ് യൂണിയൻ സംഘടനകൾക്കും കഴിയാതായിരിക്കുന്നു. നോട്ടീസ് നൽകുകയെന്നാൽ വിലപേശാനുള്ള അവസരം തൊഴിലാളിക്ക് നിഷേധിക്കുകയും അതേസമയം തൊഴിലുടമയ്ക്ക് പ്രതിഷേധത്തെ മറികടക്കാനുള്ള അവസരം നൽകുകയുമാണ് ചെയ്യുന്നതെന്ന പ്രതിലോമകരമായ വ്യവസ്ഥയാണ് കൊണ്ടുവന്നിട്ടുള്ളത്. കൂടാതെ തൊഴിൽ സമരങ്ങൾക്ക് ശിക്ഷ ഉറപ്പാക്കുകയും ചെയ്യുകയെന്ന ഹീനമായ വകുപ്പും എഴുതിവച്ചു.

സെക്ഷൻ 14 (2) ആണ് കൂടുതൽ മാരകമായ പ്രഹരം നൽകുന്നത്. ഒരു രജിസ്റ്റേർഡ് യൂണിയന് മാത്രം മാനേജുമെന്റുമായി ചർച്ച ചെയ്യാൻ സാധിക്കുകയുള്ളൂ എന്നതാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. സെക്ഷൻ 14 (3) പ്രകാരം ഒന്നിലധികം ട്രേഡ് സംഘടനകളുണ്ടെങ്കിൽ ആകെ തൊഴിലാളികളുടെ കേവലഭൂരിപക്ഷമുള്ള ട്രേഡ് യൂണിയന് മാത്രം ഈ അവകാശം പരിമിതപ്പെടുത്തിയിരിക്കുന്നു.

ഫ്രാൻസ്, ബൽജിയം എന്നീ രാജ്യങ്ങളിൽ തൊഴിലാളികളെ തൊഴിൽ നിയമങ്ങളിൽ നിന്ന് ഒഴിവാക്കി സ്വതന്ത്രരാക്കി കൂടുതൽ വ്യവസായസംരംഭ അന്തരീക്ഷം സൃഷ്ടിക്കാൻ തൊഴിൽപരിഷ്ക്കരണം കൊണ്ടുവന്നപ്പോൾ തൊഴിലാളികളോടൊപ്പം പൊതുജനവും ചേർന്ന് പ്രതിഷേധം ഉയർത്തി രാജ്യത്തെ നിശ്ചലമാക്കിയപ്പോൾ സർക്കാർ ആ ഉദ്യമത്തിൽ നിന്ന് പിന്മാറുകയാണുണ്ടായത്. തൊഴിലാളികൾ സംഘടിത ശക്തിയായി ഈ രാജ്യങ്ങളിൽ നിലനിൽക്കുന്നതുകൊണ്ട് ഇത് സാധ്യമായി, പൊതുജന പങ്കാളിത്തത്തോടെയുള്ള പ്രതിഷേധം യൂറോപ്പിൽ സാധ്യമാകുമ്പോൾ ഇന്ത്യയിൽ അത് സാധ്യമാകുന്നില്ല എന്ന് കാണാം, കോർപ്പറേറ്റുകളെ സഹായിക്കാൻ തെരുവിലും പാർലമെന്റിലും രാഷ്ട്രീയ പാർട്ടികളുണ്ട് എന്നതാണ് ഇന്ത്യയിൽ തൊഴിൽ സമരങ്ങൾ വിജയിക്കാൻ തടസ്സമാകുന്നത്. തൊഴിൽ സമരങ്ങളെ ഒറ്റുകൊടുക്കാൻ, നിയമനിർമ്മാണം നടത്തുവാൻ അധികാരം കിട്ടുന്ന രാഷ്ട്രീയ പാർട്ടികൾ തയ്യാറാവുന്നു എന്ന അതിദയനീയ ചിത്ര മാണ് ഇവിടെ തെളിഞ്ഞുവരുന്നത്.

ഇത്രയും പ്രതിലോമകരമായ നിയമങ്ങൾ കൊണ്ടുവന്ന് കുത്തകകളെ സഹായിക്കുകയും രാജ്യത്തെ തൊഴിലാളികളെ തെരുവിലിറക്കി വിടുകയും ചെയ്യുമ്പോൾ ആ ഭരണകൂടത്തെ തിരുത്താൻ തൊഴിലാളികൾക്കും ട്രേഡ് യൂണിയനുകൾക്കും ശക്തിയില്ലാതെ വരുന്നത് ഒരു രാജ്യത്തിന്റെ ഏറ്റവും ശോചനീയമായ അവസ്ഥയാണ് വെളിപ്പെടുന്നത്.

ട്രേഡ് യൂണിയനുകളുടെ അംഗീകാരവുമായി ബന്ധപ്പെട്ട് സംഘടനകളെ അപ്രസക്തമാക്കുന്ന വ്യവസ്ഥകളാണ് സെക്ഷൻ 14 (2), 14 (3) ൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്. ഇത് തൊഴിൽദാതാവിനെ സഹായിക്കുവാനും തൊഴിലാളികളെ ചൂഷണം ചെയ്യാനുമുള്ള ഒത്താശയാണ് ചെയ്തിരിക്കുന്നത്. ബ്രിട്ടീഷ് കോളനി ഭരണകാലത്ത് ഇന്ത്യയിലെ ഭൂപ്രഭുക്കളും നാട്ടുരാജാക്കന്മാരും ജനങ്ങളെ ദ്രോഹിക്കാനും ശിക്ഷിക്കാനും ബ്രിട്ടന് നൽകിയ ഒത്താശയോട് മാത്രമേ ഇതിനെ ഉപമിക്കാൻ കഴിയുകയുള്ളൂ. ഇന്ത്യ നേടിയെടുത്ത സ്വാതന്ത്യം രാജ്യത്തെ പാവപ്പെട്ടവന് സ്വാതന്ത്യം നൽകാനായിരുന്നുവെങ്കിൽ അത്യന്തം നിർണായകമായ തൊഴിൽമേഖലയിലെ പുതിയ കോഡിന്റെ സ്ഥാപനത്തോടെ ആ സ്വാതന്ത്ര്യം ഇന്ത്യയിലെ പാവപ്പെട്ടവന് നഷ്ടപ്പെടുകയാണുണ്ടായത്,

അന്ന് ബ്രിട്ടനായിരുന്നു ജനങ്ങളെ ചൂഷണം ചെയ്തതെങ്കിൽ ഇന്ന് ബ്രിട്ടന്റെ സ്ഥാനത്ത് കുത്തക മുതലാളിമാർ വന്നു എന്ന് മാത്രം. സമരമാർഗത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യം അനുഭവിക്കുന്ന ജനതയ്ക്ക് ഇപ്പോൾ അതെ സമരമാർഗ്ഗം നിഷേധിക്കുകയാണ്. ബ്രിട്ടൻ പോലും ചെയ്യാത്ത ക്രൂരതയാണ് ഇപ്പോൾ സ്വന്തം ഭരണകൂടം രാജ്യത്തെ അശരണരായ തൊഴിലാളികളോട് ചെയ്യുന്നത്.

തൊഴിൽശാലയിലെ തർക്കങ്ങളുടെ പരിഹാരത്തിന് ലേബർ കോടതികൾക്ക് പകരം ട്രിബ്യൂണലുകളെ കൊണ്ടുവരുമ്പോൾ തൊഴിലാളികളുടെ അവസാനത്തെ ആശ്രയവും എടുത്തുമാറ്റപ്പെടുകയാണ് ചെയ്യുന്നത്. ഭരണഘടനാ പ്രകാരമുള്ള സ്ഥാപനമാണ് ലേബർ കോടതികൾ. ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട് 1947 പ്രകാരം മൂന്നുതരം കോടതികളാണ് രൂപീകരിച്ചിട്ടുള്ളത്. ലേബർ കോടതി, ഇൻഡസ്ട്രിയൽ ട്രിബ്യൂണൽ, നാഷണൽ ട്രിബ്യൂണൽ എന്നിവയാണവ. മറ്റൊരു സംവിധാനം ആർബിട്രേഷൻ കോടതിയാണ്.

കോവിഡ് മഹാമാരിയുടെ ദുരന്തകാലത്ത് തൊഴിലാളികളുടെയും കർഷകരുടെയും അതിജീവനത്തെ നിഷേധിക്കുന്ന നിയമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ തൊഴിലാളി സംഘടനകൾ കൂടുതൽ കൂട്ടായ്മകൾ തീർക്കേണ്ടതുണ്ട്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ വ്യവസായ വികസന കാര്യത്തിലും സാമൂഹ്യ പരിഷ്ക്കരണ ഉന്നമന കാര്യത്തിലും ട്രേഡ് യൂണിയനുകൾ വഹിച്ച പങ്ക് സ്വാതന്ത്യസമരഘട്ടങ്ങളിലും തെളിയിച്ചിട്ടുണ്ട്. ഉദാരവൽക്കരണ, ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങൾ നടപ്പിലാക്കുന്ന ഈ ഘട്ടത്തിൽ തൊഴിൽ സംഘടനകൾ മാറിയ കാലത്തിനും സാഹചര്യത്തിനുമൊത്ത് പുതിയ ദൗത്യമേറ്റെടുക്കാൻ ഒരുമിച്ചു നിൽക്കേണ്ടതുണ്ട്. മാർക്കറ്റ് എക്കോണമി ഒരു യാഥാർത്ഥ്യമായ സ്ഥിതിക്ക് പൊതുസമൂഹത്തിന്റെ പിൻതുണ നേടാൻതക്ക ട്രേഡ് യൂണിയൻ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്. കോഡ് 2020 അത്തരം സാഹചര്യമാണ് മുന്നിലെത്തിച്ചിരിക്കുന്നത്.

വ്യവസായവൽക്കരണം ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താൽ നടപ്പിലാക്കുന്ന വികസിത രാജ്യങ്ങളിൽ ഇത്തരം നയം നടപ്പിലാക്കുമ്പോൾ അവിടെ തൊഴിലുടമയ്ക്കും തൊഴിൽദാതാവിനും സർക്കാരിന്റെ കടിഞ്ഞാണ്‍ ഉണ്ടായിരിക്കും. ഈ തൊഴിൽ ഉടമകളിൽ നിന്ന് നികുതിയും തീരുവയും ശേഖരിക്കുകയും അത് വികസന പ്രക്രിയയ്ക്ക് ഉപയോഗിക്കുകയും ചെയ്യുമ്പോൾ ഇന്ത്യയിൽ കുത്തകകൾക്ക് എല്ലാ നികുതിയിളവുകളും, ആനുകൂല്യങ്ങളും നൽകുകയും, ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ എഴുതിത്തള്ളുകയും, തീരുവകൾക്ക് ഇളവ് നൽകുകയുമാണ് ചെയ്യുന്നത്. ഫലത്തിൽ രാജ്യത്തിന്റെ തീരാക്കടം സാധാരണക്കാരന്റെ ചുമലിലാണ് വന്നു പതിക്കുന്നത്. രാജ്യത്തെ തൊഴിലാളികളുടെയും, കർഷകരുടെയും, സ്ത്രീകളുടെയും അതിജീവനത്തെ തുരങ്കം വയ്ക്കുന്ന നിയമമാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന കോഡ് 2020.

തൊഴിലാളികളുടെയും കർഷകരുടെയും അവകാശത്തെ പുനഃസ്ഥാപിക്കാൻ ശക്തമായ സമരപരിപാടികൾ പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവന്നാൽ മാത്രമെ രാജ്യത്തുണ്ടാകേണ്ട വികസന പ്രക്രിയയെ സഹായിക്കാൻ കഴിയുകയുള്ളൂ. തൊഴിൽ സംഘടനകൾക്ക് അത്യന്തം നിർണായകമായ തീരുമാനങ്ങളെടുക്കാൻ കഴിഞ്ഞാൽ മാത്രമേ തൊഴിൽ മേഖലയിലെ അരക്ഷിതാവസ്ഥയെ ജനാധിപത്യമാർഗ്ഗങ്ങളിലൂടെ തരണം ചെയ്യാൻ കഴിയുകയുള്ളൂ.