പ്രസാദ് പി സി

April 07, 2021, 4:07 am

ട്രേഡ് യൂണിയനും ഇന്ത്യന്‍ ജനാധിപത്യവും കോഡ് 2020 ലെ തൊഴിലാളി വിരുദ്ധതയും

Janayugom Online

രു രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത കുത്തക മുതലാളിമാരുടെ വരുതിയിലാണോ, തൊഴിലെടുക്കുന്ന ജനസമൂഹത്തിന്റെ കൈകളിലാണോ എത്തേണ്ടതെന്ന് നിശ്ചയിക്കേണ്ട നിലയിലാണ് ഇന്ന് ഇന്ത്യൻ സമൂഹം ചെന്നുപെട്ടിരിക്കുന്നത്. തൊഴിൽസംഘടനകൾ കുത്തക മുതലാളികളുടെ താല്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വമാണോ, അതോ തൊഴിലാളികളുടെ താല്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്വമാണോ ഏറ്റെടുക്കേണ്ടത്? തൊഴിൽ സംഘടനകൾ രാജ്യത്തു വേണ്ട എന്ന് തീരുമാനിച്ചതാരാണ്? വ്യവസായ ശൃംഖലകൾക്ക് തൊഴിൽ സംഘടനകൾ ശത്രുക്കളായി മാറിയതെങ്ങനെയാണ്? തൊഴിലാളികളുടെ ജീവിതനിലവാരം ഉയർന്നാൽ വ്യവസായ സ്ഥാപനങ്ങൾ തകരുമെന്ന സിദ്ധാന്തം ആരുടേതാണ്? വ്യവസായവിപ്ലവം കൊണ്ടുവന്ന സാമൂഹിക പ്രസ്ഥാനമാണ് ട്രേഡ് യൂണിയൻ സംസ്കാരം. ലോകമെമ്പാടും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങൾ വികസനത്തിന് ചുക്കാൻ പിടിച്ച ചരിത്രമാണുള്ളത്. ഇന്ത്യയിൽ ഇന്ന് ഏതാണ്ട് 14 ദേശീയ തൊഴിലാളി യൂണിയനുകൾക്ക് കേന്ദ്ര തൊഴിൽ മന്ത്രാലയത്തിന്റെ അംഗീകാരം കിട്ടിയിട്ടുണ്ട്. രാഷ്ട്രീയപാർട്ടികൾ തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന അണികളുടെ നിരയായാണ് ഇന്ത്യയിൽ തൊഴിൽസംഘടനയെ കണക്കാക്കുന്നത്. ഇന്ത്യയിൽ തൊഴിൽ സംഘടനകൾക്ക് രാഷ്ട്രീയപാർട്ടികളിൽ നിന്ന് സ്വതന്ത്രമായ മേൽക്കൂര ഇല്ലാത്തത് തൊഴിലാളി സംഘടനകളെ ദുർബലപ്പെടുത്തുകയാണ്. രാഷ്ട്രീയപാർട്ടികൾ നിയമനിർമ്മാണസഭയിൽ തൊഴിലാളി സംഘടനകൾക്ക് വേണ്ടിയല്ല കുത്തകകൾക്ക് വേണ്ടിയാണ് നയങ്ങൾ സ്വീകരിക്കുന്നത് എന്നതിന് തെളിവുകളുണ്ട്. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ (ഐഎൽഒ) ലക്ഷ്യം സാമ്പത്തിക സമത്വത്തിലും സാമൂഹിക നീതിയിലും ഉന്നതിനേടിയാൽ മാത്രമേ സുസ്ഥിരമായ ലോകക്രമം സാധ്യമാകൂ എന്നതിനാൽ തൊഴിൽമേഖലകളെ ഭദ്രവും സുസ്ഥിരവുമാക്കുന്ന നിലയിൽ കൊണ്ടുവരിക എന്നതിലാണ്. കേന്ദ്രസർക്കാർ പാസാക്കിയ പുതിയ തൊഴിൽ നിയമമായ ഇൻഡസ്ട്രിയൽ റിലേഷൻ കോഡ് 2020 എല്ലാ സാമൂഹ്യസുരക്ഷാ നയങ്ങളെയും എടുത്തുമാറ്റി കുത്തകകളുടെ താല്പര്യം സംരക്ഷിച്ചുകൊണ്ട് തൊഴിലാളിവിരുദ്ധ നയങ്ങൾ കൊണ്ടുവരികയായിരുന്നു. അല്ലെങ്കിൽ പുതിയ നിയമത്തിൽ തൊഴിലാളികളെ സാരമായി ബാധിക്കുന്ന വ്യവസ്ഥകൾ എഴുതിച്ചേർത്തത് ആർക്കുവേണ്ടിയാണ്? തൊഴിലാളി സംഘടനകളെ നോക്കുകുത്തിയാക്കി മാറ്റിയത് ആരുടെ താല്പര്യം സംരക്ഷിക്കാനാണ്? രാഷ്ട്രീയപാർട്ടികൾ നിയമനിർമ്മാണസഭയിൽ കുത്തകകൾക്കുവേണ്ടി ശബ്ദിക്കാൻ തയ്യാറാകുമ്പോൾ തൊഴിലാളികൾക്കു വേണ്ടി ശബ്ദമുയർത്താൻ പൊതുജനങ്ങളുടെ ഇടയിൽ അഭിപ്രായം ഉയർന്നുവരേണ്ട സാഹചര്യമാണ് സംജാതമായിരിക്കുന്നത്. ഇന്റർനാഷണൽ ലേബർ ഓർഗനെെസേഷന്റെ 144-ാം കൺവൻഷൻ ഇന്ത്യ അംഗീകരിച്ചിരിക്കുമ്പോൾ തന്നെ തൊഴിലാളികളുടെ അവകാശങ്ങളെ നിഷേധിക്കുന്ന ഇന്ത്യൻ ജനാധിപത്യ ഭരണകൂടത്തിന്റെ തൊഴിൽ നിയമഭേദഗതി ലോക തൊഴിലാളി സമൂഹത്തിനെതിരെ തന്നെയുമുള്ള കടന്നുകയറ്റവുമായിട്ട് മാത്രമേ കാണാൻ കഴിയുകയുള്ളൂ. തൊഴിലാളി സംഘടനകളുടെ നിലനിൽപ്പിനെതന്നെ ബാധിക്കുന്ന നിയമമാണ് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020. ലേബർകോഡിലെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ദേശവ്യാപകമായ പ്രക്ഷോഭത്തിനുള്ള കാലം അതിക്രമിച്ചിരിക്കുകയാണ്. ഈ നയങ്ങൾ കേവലം തൊഴിലാളികളുടെ മാത്രം പ്രശ്നമല്ല മറിച്ച് രാജ്യത്തെ സാമ്പത്തിക സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്ന പ്രശ്നമായിട്ടാണ് കാണേണ്ടത്. നിക്ഷേപകരെ ആകർഷിക്കാനായിട്ടാണ് കേന്ദ്രസർക്കാർ തൊഴിലാളിവിരുദ്ധ നിയമം കൊണ്ടുവന്നിട്ടുള്ളത് എന്നത് അവർ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ട്രേഡ് യൂണിയൻ ആക്ട് 1926, ഇൻഡസ്ട്രിയൽ (സ്റ്റാന്‍ഡിങ് ഓർഡേഴ്സ്) ആക്ട് 1946, ഇൻഡസ്ട്രിയൽ ഡിസ്പ്യൂ‍ട്ട് ആക്ട് 1947 എന്നീ നിലവിലുള്ള നിയമങ്ങളെ ലയിപ്പിച്ചുകൊണ്ട് പാർലമെന്റ് പാസാക്കിയ നിയമമാണ് ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് 2020. വേതനങ്ങൾ, സാമൂഹികഭദ്രത, വ്യാവസായിക സുരക്ഷയും ക്ഷേമവും, വ്യാവസായിക ബന്ധങ്ങൾ, ജോലിസ്ഥലത്തെ സുരക്ഷ, ആരോഗ്യ പരിപാലനം, ജോലി ചെയ്യാനുള്ള അനുകൂല സാഹചര്യങ്ങൾ ഒക്കെ ഈ കോഡിൽ ഉണ്ടെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ബോധപൂർവം വിട്ടുകളഞ്ഞതിനാൽ മേൽപ്പറഞ്ഞവയ്ക്ക് സാംഗത്യമില്ലാതാവുകയാണ്. ട്രേഡ് യൂണിയനുകളുടെ പ്രവർത്തനം, തൊഴിലാളികളുടെ അഭിവൃത്തി, തർക്ക പരിഹാര മാർഗങ്ങൾ എന്നിവ പ്രാവർത്തികമാകണമെങ്കിൽ തൊഴിലാളിക്ക് അതിനുള്ള ശക്തിയുണ്ടാകണം. തൊഴിലാളികളുടെ ശക്തിയായ തൊഴിൽ സംഘടനകൾ അപ്രസക്തമാക്കപ്പെട്ടു. കടിക്കാൻ പല്ലില്ലെങ്കിൽ എന്തുചെയ്യും എന്ന അവസ്ഥ.

പാർലമെന്റിൽ പാസായ തൊഴിലാളികളുടെ മൗലികാവകാശങ്ങളെ തകർത്ത തൊഴിൽ കോഡിനെ അധികരിച്ച് തൊഴിൽ സംഘടനകളുമായി ഗൗരവമായ ഒരു ചർച്ച പോലും നടത്തിയില്ല എന്നത് അത്യന്തം ജനാധിപത്യവിരുദ്ധമായ കേന്ദ്രസർക്കാരിന്റെ സമീപനത്തെയാണ് കാണിക്കുന്നത്.

ഈ കോഡിന്റെ ഉദ്ദേശ്യവും ലക്ഷ്യവും വ്യവസായരംഗത്തെ ഊർജ്ജസ്വലമാക്കുകയും സാമ്പത്തികമേഖലയെ ത്വരിതപ്പെടുത്തുവാനുമാണ് എന്നാണ് ഇതിന്റെ ഉപജ്ഞാതാക്കൾ അവകാശപ്പെടുന്നത്. നിലവിലുണ്ടായിരുന്ന തൊഴിൽ നിയമത്തിലെ നിയന്ത്രണങ്ങളിൽ നിന്ന് തൊഴിലാളികളെ മോചിപ്പിക്കാൻ ഈ പുതിയ കോഡ് സഹായിക്കും എന്നും അവർ അവകാശപ്പെടുന്നു. വസ്തുതകൾ പരിശോധിച്ചാൽ ഈ അവകാശവാദങ്ങൾ എല്ലാം പൊള്ളയാണെന്നും, അതേസമയം തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുക വഴി രാജ്യത്തെ വികസനപാതയിൽ നിന്നും പിന്നോട്ടടിക്കുന്ന സാഹചര്യം ഉടലെടുക്കുകയാണുണ്ടാവുകയെന്നും മനസിലാക്കുവാൻ കഴിയും. ജോലിസ്ഥിരത ഉറപ്പുള്ള നിയമാധിഷ്ഠിതമായ ഒരു വ്യാവസായിക അന്തരീക്ഷത്തിൽ നിന്ന് തൊഴിലുടമയ്ക്ക് തൊഴിലാളികളെ വാടകയ്ക്കെടുത്ത് തനിക്ക് ഇഷ്ടമുള്ള വേതനം നൽകുകയും, പിരിച്ചുവിടാൻ കഴിയുന്നതുമായ നിയമം പ്രാബല്യത്തിൽ വരുമ്പോൾ തൊഴിലാളികളുടെ വേതനത്തിനും, സേവനത്തിനും, സ്ഥിരതയും, ഉറപ്പും നഷ്ടപ്പെടുകയാണുണ്ടാവുക. ഇന്ത്യയെപ്പോലെ പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിക്കാത്ത കോടിക്കണക്കിന് ജനങ്ങളുള്ള ഒരു രാജ്യത്ത്, തൊഴിൽ സ്വയം തേടിപ്പിടിക്കാനോ പകരം തൊഴിൽ കണ്ടുപിടിക്കാനോ കഴിയാത്ത ഒരു വ്യവസ്ഥിതിയിൽ, സമൂഹത്തിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ അക്ഷരാർത്ഥത്തിൽ തെരുവിൽ എത്തിച്ചേരുന്ന അവസ്ഥയായിരിക്കും സംഭവിക്കുക. ആഗോളവൽക്കരണ, ഉദാരവൽക്കരണ പ്രക്രിയയ്ക്ക് കീഴടങ്ങിയ പുത്തൻ സാമ്പത്തിക ക്രമത്തിൽ തൊഴിലുടമയ്ക്കും കുത്തകകൾക്കും ലോകത്തെവിടെ വേണമെങ്കിലും തങ്ങൾക്ക് ഉല്പന്നങ്ങൾ ഉണ്ടാക്കാനും വിപണി കണ്ടെ ത്താനും കഴിയുമെന്നതിന് തെളിവ് കേരളത്തിൽ തന്നെയുണ്ട്. അതായത് തൊഴിലാളികൾ കുത്തകകളുടെ അടിമകളാക്കുന്ന ഹയർ ആന്റ് ഫയർ രീതിയിലേക്ക് മാറ്റപ്പെട്ടു. വികസിത രാഷ്ട്രങ്ങളിൽ പോലും തൊഴിലാളികൾ ഈ രീതിക്കെതിരെ പ്രക്ഷോഭത്തിലാണ്.

കഴിഞ്ഞ 2020 സെപ്റ്റംബർ 29 നാണ് ഈ നിയമത്തിന്റെ നോട്ടിഫിക്കേഷൻ വന്നത്. അതായത് ഇപ്പോൾ ആറുമാസം കഴിഞ്ഞിരിക്കുന്നു. പഴയ നിയമത്തിൽ ഉണ്ടായിരുന്ന പലതും നിലനിർത്തിയെങ്കിലും നിർണായകമായ ചില വ്യവസ്ഥകൾ കൂടി പുതിയ നിയമത്തിൽ ഉൾക്കൊള്ളിക്കുകയുണ്ടായി. തൊഴിലാളികളുടെ അവകാശങ്ങളെ സംബന്ധിച്ചിട്ടുള്ളതാണ് ഈ നിർണായക വ്യവസ്ഥകൾ. തൊഴിലാളികളെ നിർവചിക്കുമ്പോൾ നിശ്ചയമായും വ്യവസായവും, മാനേജുമെന്റും ചിത്രത്തിൽ ഉയർന്നുവരും. പുതിയ നിയമത്തിൽ ഈ മൂന്ന് ഘടകങ്ങളും നിർവചിക്കുകയുണ്ടായിട്ടുണ്ട്. ഇവിടെയാണ് കാതലായ പ്രശ്നം ഒളിഞ്ഞിരിക്കുന്നത്. വ്യവസായത്തെ രാജ്യത്തെ പരമോന്നത കോടതി നിർവചിച്ചതിൽ നിന്ന് പാടെ മാറിയാണ് ഇന്ന് നിയമം പാസ്സാക്കിയിരിക്കുന്നത്. അതിനുള്ള പഴുതുകൾ കണ്ടുപിടിക്കാൻ തൊഴിലാളികളെക്കാൾ ബുദ്ധിരാക്ഷസന്മാർ മറുവശത്തുണ്ടായിരുന്നു. അല്ലെങ്കിൽ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ നാഴികകല്ലായ വിധിയെ അട്ടിമറിക്കാൻ കഴിയുമായിരുന്നോ. ബാംഗ്ലൂർ വാട്ടർ സപ്ലേ ആന്റ് സിവറേജ് ബോർഡും എ രാജപ്പയും മറ്റുപേരും (1978) ഉൾപ്പെട്ട വിധിയിലെ വ്യവസ്ഥകൾ ഇപ്പോൾ ഈ നിയമത്തിൽ അപ്രസക്തവുമായി. ഈ സുപ്രധാന കേസിൽ വ്യവസായത്തെ നിർവചിച്ചിട്ടുള്ള മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയിരിക്കുകയാണ് എന്ന് കാണാം. പുതിയ നിയമത്തിൽ തൊഴിലാളികളുടെ ക്ഷേമമല്ല മുതലിറക്കുന്നവരുടെ ഉന്നമനമാണ് ലക്ഷ്യമിട്ടിരിക്കുന്നത്. വ്യവസായത്തിന് പുതിയ നിർവചനവുമായാണ് കോഡ് വന്നിരിക്കുന്നത്.

ഇതേ നിലതന്നെയാണ് തൊഴിലാളിയുടെ നിർവചനത്തിലും സംഭവിച്ചിട്ടുള്ളത്. മേൽനോട്ട തസ്തികയിൽ പ്രതിമാസം 18,000 രൂപയിൽ കൂടുതൽ വേതനം വാങ്ങുന്ന തൊഴിലാളി മേലിൽ തൊഴിലാളി അല്ലാതാവുകയും, മാനേജുമെന്റിന്റെ അല്ലെങ്കിൽ തൊഴിൽ ഭരണവകുപ്പിന്റെ ഭാഗമായിട്ടുള്ളവരും മേലിൽ തൊഴിലാളിയുടെ നിർവചനത്തിൽ നിന്നും പുറത്തായിട്ടുള്ളതാകുന്നു. ഇതിനർത്ഥം മാനേജുമെന്റ് കൂടുതൽ ശക്തമാവുകയും തൊഴിൽ ചെയ്യുന്നവർ ദുർബലപ്പെടുകയും ചെയ്തു എന്നാണ്. രാജ്യത്തെ സംഘടിത മേഖലയിലെ തൊഴിലാളികളുടെ അവസ്ഥ ഇതാണെങ്കിൽ അസംഘടിത മേഖലയിലെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.

(അവസാനിക്കുന്നില്ല)