പി എ വാസുദേവൻ

കാഴ്ച

July 10, 2021, 4:01 am

യുദ്ധഭൂമിയിലെ കുറേ സന്ധ്യകള്‍

Janayugom Online

ലസ്തീനില്‍, ഗാസയില്‍ ബോംബുകള്‍ വീഴുന്നതും ആരൊക്കെയോ വെന്തുമരിക്കുന്നതുമെല്ലാം വായിക്കുമ്പോള്‍ എന്തോ വല്ലാത്ത ഭാരം തോന്നാന്‍ കാരണം പലസ്തീനും ഇസ്രയേലും ജോര്‍ദ്ദാനുമൊക്കെ സന്ദര്‍ശിക്കാനിടയായതിന്റെ ഓര്‍മ്മകളാവാം. ഇസ്രയേല്‍-പലസ്തീന്‍ വൈരത്തിന്റെ ചരിത്രവും അവര്‍ക്കിടയിലെ അങ്കങ്ങളുമൊക്കെ ഞാന്‍ മനസിലാക്കിയിരുന്നു. അതിന്റെ രാഷ്ട്രീയവും വംശീയവുമായ കാര്യമെന്തൊക്കെയായാലും ആ യാത്രയില്‍ ഞാന്‍ കണ്ട കുറേപേര്‍ കത്തിവെന്തെരിഞ്ഞിട്ടുണ്ടാവുമെന്നോര്‍ത്തപ്പോള്‍ ദുഃഖം തോന്നി. കാരുണ്യത്തെക്കുറിച്ച് മാത്രം പറഞ്ഞ മഹത്വത്തിന്റെ ജന്മകഥകള്‍ നിറഞ്ഞ ആ പ്രദേശങ്ങളില്‍ മനുഷ്യനെന്തിനാണ് ഇത്ര നിഷ്ഠുരമായി മരണംവിതച്ചത്. ഈ കുറിപ്പ് ആ യുദ്ധത്തിന്റെ കഥയും ന്യായാന്യായ വിചാരണയുമെന്നതിലുമധികം പലസ്തീന്റെ ഹൃദയത്തിലേറ്റ മുറിവിന്റെ ദുഃഖം ഏറ്റുവാങ്ങലാണ്.

മരംകോച്ചുന്ന തണുത്ത പ്രഭാതത്തില്‍ ജോര്‍ദ്ദാന്റെ‍ തലസ്ഥാനമായ അമ്മാനിലെ ക്യൂന്‍ ഏലിയ എയര്‍പോര്‍ട്ടിലിറങ്ങി ഹോട്ടലിലേക്ക്. ചെറിയൊരു വിശ്രമത്തിന് ശേഷം യാത്ര. ബസിലെ ഡ്രൈവര്‍ ഖാലിദിനോട് ഇസ്രയേല്‍ — അറബ് പ്രശ്നത്തെക്കുറിച്ച് ഒരു ചെറിയ സംസാരം എടുത്തിട്ടതോടെ ആ സുന്ദരനായ അതികായന്റെ മുഖം മാറി. ഒരു ജന്മത്തിന്റെ ശത്രുതയോടെയാണയാള്‍ ഇസ്രയേലിനെക്കുറിച്ച് പറഞ്ഞത്. പലസ്തീനികളുടെ ദുരിതം തീരാത്തതാണ്. ലോകത്തെ മാധ്യമങ്ങളൊക്കെ പരസ്പര യുദ്ധത്തെക്കുറിച്ചാണ് പറയുന്നത്. ഗാസയും വെസ്റ്റ് ബാങ്കുമൊക്കെ കയ്യടക്കി തീയിടുകയാണ്. പലസ്തീനിന് തൊട്ടടുത്ത ഇസ്രയേലിലേക്കു പോകാന്‍ വയ്യ. ക്രിസ്തുവിന്റെ ഓര്‍മ്മസ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ വയ്യ. ഗാസയും വെസ്റ്റ് ബാങ്കുമൊക്കെ ‘ഓപ്പണ്‍‍ ജയിലുകളാണ്’. രോഷം, നിസഹായത. പലസ്തീനില്‍ നിന്ന് ഇസ്രയേല്‍ അതിര്‍ത്തി കടക്കുമ്പോള്‍ അവര്‍ കാണിച്ചുകൂട്ടുന്നത് ഭീകര തമാശയായാണ് തോന്നിയത്. ഏതോ ഭീകരനെ നേരിടുന്നപോലെ. തോക്കിന്‍ കുഴലിന്റെ ഗന്ധകഗന്ധം മൂക്കിലെത്തുന്നു.

കൊല്ലലും തകര്‍ക്കലും പുതുക്കലുമായി മനുഷ്യജന്മങ്ങള്‍ ദുര്‍വ്യയമായതിന്റെ കഥ തന്നെയാണ് പ്രശാന്തമായി തോന്നിയ ജോര്‍ദ്ദാന്‍ താഴ്‌വരയിലൂടെയുള്ള സഞ്ചാരത്തിനിടയില്‍ കേട്ടത്. അങ്ങ് ദൂരെ ഇപ്പോള്‍ പുകയുന്ന ഗാസയും വെസ്റ്റ്ബാങ്കും പിന്നെ ഒരുകാലത്ത് കലാപഭൂമിയായിരുന്ന ക്രിസ്തുവിന്റെ കഥകളുടെ നിധിപീഠമായിരുന്ന ജറുസലേം. നസ്രത്ത്, ടെല്‍അവീവ്. ടെല്‍ അവീവ് എന്ന മനോഹരമായ നഗരത്തിലൂടെ വാഹനം കടന്നുപോകുമ്പോള്‍ ഞാന്‍ ഗൈഡിനോട് അതിന്റെ ഭംഗിയെ വാഴ്ത്തി. അപ്പോള്‍ ആ ഭംഗിയുടെ നൈമിഷികതയെക്കുറിച്ചാണയാള്‍ പറഞ്ഞത്.

ബത്‌ലഹേമിലെ ഒരു തണുത്ത സന്ധ്യയിലും കഥകള്‍ വ്യത്യസ്തമായിരുന്നില്ല. ക്രിസ്തുവുമായി ബന്ധപ്പെട്ട പ്രദേശങ്ങള്‍, ക്രിസ്തുവിന്റെ ജന്മസ്ഥലം, മനുഷ്യന് സമാധാനവും സ്വര്‍ഗത്തിന് മഹത്വവും ഇച്ഛിച്ച അദ്ദേഹത്തിന്റെ ജന്മസ്ഥലം തന്നത് മനുഷ്യന്റെ വിവരക്കേടിന്റെ കഥയായിരുന്നു. ജറുസലേം പട്ടണത്തില്‍ നിന്ന് ഒമ്പത് കിലോമീറ്റര്‍ തെക്ക് സ്ഥിതിചെയ്യുന്ന യേശുവിന്റെ ജന്മസ്ഥലമായ ബത്‌ലഹേം. മുസ്‌ലിം, തുര്‍ക്കി ആധിപത്യങ്ങളിലൂടെ കടന്നുപോന്നു. ഏറെ പരിക്കേറ്റ ആ സ്ഥലത്ത് ഒരു സന്ധ്യയില്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് അവിടെ ജനിച്ച്, മനുഷ്യന്റെ ഭാഗധേയം നിര്‍ണയിച്ച ഒരു മഹാമനുഷ്യനെ ഓര്‍ത്തപ്പോള്‍ വല്ലാത്ത അവസ്ഥയിലായിരുന്നു. മനസ് ആകെ നഷ്ടപ്പെട്ടപോലെ. പിന്നീട് അവിടെ നടന്നത് ആവര്‍ത്തിച്ച യുദ്ധങ്ങളായിരുന്നു. പലസ്തീനികളുടെ അന്തമില്ലാത്ത വാസസുരക്ഷ തേടിയുള്ള യാത്ര. ഗൈഡ് കുറേ കഥകള്‍ പറഞ്ഞു. ഇപ്പോള്‍ അവിടത്തെ ദുരിതകഥകള്‍. ഉപജീവനത്തിന് വഴിയില്ലാത്തതിന്റെ വിവരണങ്ങള്‍. കിട്ടിയ വിലയ്ക്ക് അവിടത്തെ സാധനങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് വില്ക്കുന്ന പലസ്തീനികള്‍. സന്ധ്യകനത്തപ്പോള്‍ മുറിയിലേക്ക് മടങ്ങുമ്പോള്‍ ഓര്‍ത്തു, ഇനി എത്രയുദ്ധങ്ങള്‍ ഇവരെ പിച്ചിച്ചീന്തും.

ഇതൊരു യാത്രാവിവരണമല്ലാത്തതുകൊണ്ട് വിവരിക്കുന്നില്ല. തിരിച്ചെത്തിയശേഷം അവിടെ ഇപ്പോള്‍ നടക്കുന്ന അഗ്നിവര്‍ഷത്തെക്കുറിച്ചോര്‍ത്തുകൊണ്ട് തിരിഞ്ഞുനോക്കുക മാത്രമാണ്. വെസ്റ്റ്ബാങ്കിന്റെയും ദൂരെ ഗാസയുടെയും ഗൊലാന്‍ കന്നുകളുടെയും കാഴ്ച പങ്കുവച്ചപ്പോള്‍ ഓര്‍ത്തത് നേരത്തെ ഗൈഡ് പറഞ്ഞതായിരുന്നു. ഇനിയൊരു വരവുണ്ടെങ്കില്‍, ഇവരാരുമുണ്ടായേക്കില്ല എന്ന്. സദാ പുകയുന്ന ഗൊലാന്‍ കുന്നുകള്‍ നോക്കിനിന്നു. രക്ഷകന്‍ പച്ചവെള്ളത്തിനെ മുന്തിരിച്ചാറാക്കി മാറ്റിയ കാനായിലായിരുന്നു അപ്പോള്‍. ഗൊലാന്‍ ഹൈറ്റ്സില്‍ യുദ്ധം അവസാനിക്കുന്നില്ല. ഭൂമിയും വിശുദ്ധ ചരിത്രവും യുദ്ധം ചെയ്ത് കയ്യടക്കിയതിന്റെ ദുഃഖമാണ് പലസ്തീനിക്ക് പറയാനുള്ളത്. ക്രിസ്തുവിന്റെ കുരിശാരോഹണ സ്ഥലവും പല സഭക്കാരായി പങ്കിട്ടെടുത്തിരിക്കുന്നു. മനുഷ്യന്റെ പോര് തീരുന്നേയില്ല.

ഇസ്രയേലിന് ശക്തിയുണ്ട്, ആയുധങ്ങളുണ്ട്. ലോകരാജ്യങ്ങളെ പ്രലോഭിപ്പിച്ച് കൂടെനിര്‍ത്താനുമറിയാം. കഴിഞ്ഞ മെയ് മാസത്തില്‍ 11 ദിവസങ്ങള്‍ നീണ്ട ഇസ്രയേലി ആക്രമണത്തില്‍ സാധാരണ മനുഷ്യരടക്കം 250 പേരാണ് മരിച്ചത്. ആരോഗ്യ, വിദ്യാഭ്യാസ കേന്ദ്രങ്ങളും ടാര്‍ഗറ്റ് ചെയ്തു തകര്‍ത്തു. ഇതൊക്കെ ന്യായീകരിക്കാന്‍ അവര്‍ക്ക് സാധിച്ചത് അമേരിക്കന്‍ പിന്തുണ കൊണ്ടുമായിരുന്നു. ഗാസ 2.1 ദശലക്ഷം ജനസംഖ്യ മാത്രമുള്ള ചെറിയൊരു സ്ഥലമാണ്. അധിനിവേശ പലസ്തീനിയന്‍ സ്ഥലം. ഇസ്രയേല്‍ നിയന്ത്രണം കാരണം തൊഴിലവസരങ്ങളില്ലാത്ത ഇവരില്‍ 70 ശതമാനവും അതിദരിദ്രരാണ്. വെള്ളം, വിദ്യാഭ്യാസം, മരുന്ന്, ഭക്ഷണം എന്നിവയില്ലാതെ വലയുന്ന ജനസാന്ദ്രമായ ഒരു സ്ഥലം. ഇവിടെയാണ് 2014 – 15 പിന്നെ ഈയിടെ ഇസ്രയേല്‍ സ്വയം രക്ഷയെന്നപേരില്‍ ആക്രമണം നടത്തുന്നത്. ഇസ്‌ലാമിക് ജിഹാദ് നേരിടാനെന്ന അവരുടെ വാദമാണ് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറയുന്നത്. 1967ല്‍ ഗാസ ഇസ്രയേല്‍ പിടിച്ചടക്കി. അവിടത്തെ ജനജീവിതത്തിനുമേല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പക്ഷെ, അതൊരു സ്വതന്ത്ര പ്രദേശമാണെന്ന് ഇസ്രയേല്‍ പറയുകയും ചെയ്യുന്നു. ‘ലോകത്തിലെ ഏറ്റവും വലിയ തുറന്ന ജയില്‍’ എന്നാണ് ഗാസയെ നോംചോംസ്‌കി വിശേഷിപ്പിച്ചത്. ഗാസയിലെ ആക്രമണത്തെ ഹ്യൂമന്‍ റൈറ്റ്സ് കമ്മിഷന്‍ അന്വേഷണ വിധേയമാക്കണമെന്നു പറഞ്ഞെങ്കിലും ഇസ്രയേല്‍ സഹകരിച്ചില്ല. അവര്‍ക്കു മാത്രം ശിക്ഷയില്ലാത്തത് യു എസ്, ഫ്രാന്‍സ് പിന്തുണകൊണ്ടായിരുന്നു.

മുസ്‌ലിം പുണ്യപ്രദേശമായ അഖ്സയില്‍ ഇസ്രയേല്‍ പലതവണ അതിക്രമിച്ചു കയറി. ഇതേ പ്രദേശമാണ് സോളമന്റെ ദേവാലയം നിലനിന്നയിടമായി ജൂതരും കണക്കാക്കുന്നത്. ഇന്നത്തെ ദേവാലയം തകര്‍ത്ത് പുതിയതൊന്നു പണിയാനാണ് ‘ഇസ്രയേലി തീവ്രവാദികളുടെ ശ്രമം. ഇസ്രയേല്‍ ഈ വിദ്വേഷം മുഴുവനും ഗാസയിലെ സാധാരണ ജനങ്ങളുടെമേലാണ് തീര്‍ക്കുന്നത്. ഏതാക്രമണവും ന്യായീകരിക്കാന്‍ ഇസ്രയേലിന് സാധിക്കുന്നത് ലോകശക്തികളുടെ പിന്തുണകൊണ്ടാണ്. ആഗോള മാധ്യമ പിന്തുണയും അവര്‍ക്കുതന്നെയാണ്.

പതിനൊന്നു ദിവസത്തെ ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ സമാധാന കരാറും നിലനില്ക്കില്ല. 2008–14 കാലങ്ങളിലും ഇതായിരുന്നു അനുഭവം. പലസ്തീനികള്‍ തിരഞ്ഞെടുത്ത ഹമാസിനെ ഇസ്രയേല്‍ അംഗീകരിക്കുന്നില്ല. ഗാസയെ തകര്‍ത്ത് തങ്ങളുടേതാക്കാനാണ് ഇസ്രയേലിന്റെ ശ്രമം. ജറുസലേം മനോഹരമായ പ്രദേശമാണ്. സുന്ദരമായ നഗരവും. അവിടെയൊക്കെ ചുറ്റിത്തിരിഞ്ഞപ്പോള്‍ കേട്ട വിവരങ്ങളൊക്കെ ആവര്‍ത്തിച്ച യുദ്ധങ്ങളുടെയും രക്തക്കളങ്ങളുടെയും തകര്‍ക്കപ്പെട്ട സ്മാരകങ്ങളുടെയും കഥയായിരുന്നു. ക്രിസ്തുവുമായി ബന്ധപ്പെട്ട പ്രധാന സ്ഥലങ്ങള്‍ ഇവിടെയാണ്. അശാന്തിയുടെ നഗരമായാണ് ജറുസലേം അറിയപ്പെടുന്നത്. ഇവിടത്തെ കാല്‍വരിയിലാണ് യേശുവിനെ കുരിശില്‍ കയറ്റിയതും. ഇസ്രയേലിന്റെ പ്രാഥമികാവശ്യം ജനസംഖ്യയില്‍ ജൂതരുടെ എണ്ണം അധികമാക്കി നിര്‍ത്തലാണ്. അതിനായി നടക്കുന്ന ലക്കും ലഗാനുമില്ലാത്ത മിസൈല്‍വര്‍ഷങ്ങള്‍ പലസ്തീനികളെ കൂട്ടമായി ഇല്ലാതാക്കുന്നു. ഇസ്രയേല്‍ ആക്രമണം നടത്തുന്നു എന്നല്ല, ഇസ്രയേല്‍ — പലസ്തീന്‍ യുദ്ധമെന്നാണ് ലോകമാധ്യമങ്ങള്‍ പറയുന്നത്.

കേട്ടതും കണ്ടതുമായത് മനസിലാക്കുമ്പോള്‍, തീരാനുള്ള യുദ്ധമല്ല ഇതെന്നു തോന്നി. ശരി ഏതെന്ന് അറിയാനുള്ള സാധ്യത നമുക്കില്ല. ബത്‌ലഹേമിലെ അവസാനത്തെ സന്ധ്യയില്‍ ഒരുപാട് ഓര്‍ത്തു. ഇവിടത്തെ ഒലിവ് മരങ്ങളില്‍ ചേക്കേറിയ അഗണ്യമായ മിന്നാമിനുങ്ങുകളെ നോക്കിനിന്നു. ഞാന്‍ തിരിച്ചെത്തിയാലും ഇനിയും യുദ്ധക്കഥകള്‍തന്നെ വായിക്കാം. മനുഷ്യനു സമാധാനം നേര്‍ന്ന ജന്മത്തിന്റെ പിറവി ഭൂമിയില്‍ നിന്ന് ഓര്‍ത്തത് ഇതായിരുന്നു.

ഷായുടെ നാടകത്തിലെ പ്രഖ്യാത വരികളാണോര്‍ത്തത്. ”ഭാവനയില്ലാത്ത നമ്മെ പഠിപ്പിക്കാന്‍, ഓരോ കാലഘട്ടത്തിലും ഓരോ ക്രിസ്തു മരിക്കേണ്ടിവരുമോ?”.