കുരീപ്പുഴ ശ്രീകുമാർ

വർത്തമാനം

November 12, 2020, 3:34 am

നന്നാക്കുക പകരം നിങ്ങടെ മുഖസൗന്ദര്യം പ്രിയരേ

Janayugom Online

കുരീപ്പുഴ ശ്രീകുമാർ

ണ്ണൂർ നഗരത്തിലെ ചെറിയൊരു ഹോട്ടൽ മുറി. അതിൽ സാക്ഷാൽ വെളിയം ഭാർഗ്ഗവൻ. തന്നെ കാണാൻ വന്ന പഴയ സഖാക്കളുമായി സംസാരിക്കുകയാണ്. പാർട്ടി പിളരുന്നത് രണ്ടായിട്ടല്ല, മൂന്നായിട്ടാണ്. ആ മൂന്നാം പക്ഷത്താണ് ശരിയെകുറിച്ചു സംശയമുള്ളവരും ഭിന്നിച്ചതിൽ ദുഃഖിക്കുന്നവരും നിരാശപ്പെട്ടവരും ഒക്കെയുള്ളത്. ഈ മൂന്നാം പക്ഷത്തിൽപ്പെട്ടുപോയ കവിയാണ് കുരീപ്പുഴ നടരാജൻ.

അൻപതുകളിലെ കൊല്ലം ശ്രീനാരായണ കോളജ് ചുവന്ന കിനാക്കളുടെ വയലേലയായിരുന്നു. തിരുനല്ലൂരും പുതുശ്ശേരിയും ഒഎൻവിയും പെരുമ്പുഴയും ഓ മാധവനും സാംബശിവനുമൊക്കെയുള്ള കാലം. അവർക്ക് ധൈഷണിക നേതൃത്വം നൽകാൻ, പൊലീസിന്റെ ക്രൂരമർദ്ദനങ്ങൾക്ക് മുന്നിൽ തളരാതെ പോരാടിയ വെളിയം ഭാർഗ്ഗവനും തെങ്ങമം ബാലകൃഷ്ണനും. അവർ രൂപപ്പെടുത്തിയ കോളജ് യൂണിയൻ. അതിൽ സാംബശിവൻ സ്പീക്കറും കുരീപ്പുഴ നടരാജൻ മാഗസിൻ എഡിറ്ററും.

കേരളം ചുവന്ന സ്വപ്നങ്ങളുടെ വിത്തു വിതച്ച കാലമായിരുന്നു അത്. കവികളും കഥാകാരന്മാരും നാടകക്കാരും ഗായകരും കഥാപ്രസംഗകരും ചേർന്ന് അസാധാരണമായ സാംസ്കാരിക മുന്നണിയുണ്ടാക്കിയ കാലം. ടി എസ് തിരുമുമ്പും കെടാമംഗലം പപ്പുക്കുട്ടിയും പി ഭാസ്ക്കരനും കെപിജിയും മുതൽ പുനലൂർ ബാലനും ഇരവിപുരം ഭാസിയും പി കെ മേദിനിയും ടി എം പ്രസാദുമൊക്കെ ഉണ്ടായിരുന്ന സാംസ്കാരിക മുന്നണി. പാട്ടബാക്കിയും കമ്മ്യൂണിസ്റ്റാക്കിയും ജനഹൃദയങ്ങളിൽ ജീവിക്കാനുള്ള അവകാശം ബോധ്യപ്പെടുത്തിയ കാലം. അന്നാണ് കുരീപ്പുഴ നടരാജൻ യത്നലാവണ്യബോധത്തിന്റെ പറവച്ചിറകിലേറി കാവ്യസഞ്ചാരം നടത്തിയത്. മരണം മനുഷ്യനെ ജീവിപ്പിക്കുമെന്നുള്ള പ്രഖ്യാപനം നടത്തിയത്.

പൊന്നരിവാളമ്പിളിയിലെന്ന, അക്കാലത്തു പിറന്ന ഗാനത്തെ മറ്റു കവികളും ഏറ്റു പാടിയാണ് കവി സാഹോദര്യത്തിന്റെ മലർച്ചങ്ങല സൃഷ്ടിച്ചത്. പകലിന്റെ പൂവുകളെന്ന സ്വന്തം കവിതയിൽ പൊന്നരിവാൾപ്പാട്ടിന്റെ ഒരു രംഗം ഈ കവി സൃഷ്ടിക്കുന്നുണ്ട്. ചുണ്ടിലരിയൊരു പൊന്നരിവാളുമായ്/ തെന്നലിൻ തേരിലണയുകയായവൻ എന്നാണ് എഴുതിയിട്ടുള്ളത്.

കോളജ് മാഗസിനിൽ പ്രസിദ്ധീകരിച്ച ദീർഘകവിതയായിരുന്നു കളിത്തോഴി. കാർഷിക കേരളത്തിന്റെ വിശേഷമായിരുന്നല്ലോ കാർത്തിക. മണ്ണിനടിയിൽ നിന്നും ലഭിക്കുന്ന ചേനയും ചേമ്പും കാച്ചിലും കിഴങ്ങുമെല്ലാം ചേർത്തു പുഴുങ്ങുന്ന ദിവസം. കൃഷിഭൂമിയുടെ നാലതിരുകളിൽ പന്തം പോലെ കത്തിച്ചു കുത്തിയ അരിയോരക്കമ്പുകൾ. മരോട്ടിത്തൊണ്ടിലോ കക്കായോട്ടിയിലോ തിരിയിട്ട് കത്തിക്കുന്ന ദീപങ്ങൾ. കുട്ടികൾക്കെല്ലാം സന്തോഷം. ഈ രംഗം കവി രേഖപ്പെടുത്തിയത് ഇങ്ങനെയാണ്. ആകാശമലർക്കാവിൽ സാന്ദ്ര നീലിമയ്ക്കുള്ളിൽ / ആയിരം തങ്കപ്പൂക്കളങ്ങിങ്ങു വിടർന്ന പോൽ / കാർത്തികത്തിരുമുറ്റത്തരിയോരക്കമ്പുമായ് / ആർത്തിരമ്പുമാ കൊച്ചു കുട്ടികൾ… വർണനാ പടവത്തിലും ആശയ സംവേദനത്തിലും മുന്നിട്ടു നിന്നു ഈ കവി.

ജന്മിമാരുടെ ലൈംഗികാക്രമണം നിലനിന്നിരുന്ന കാലത്താണ് പിഴച്ച പെണ്ണ് എന്ന ദീർഘകവിത അദ്ദേഹം എഴുതിയത്. പുരോഗമന രാഷ്ട്രീയത്തിന്റെ സജീവശ്രദ്ധയുണ്ടായതിനാൽ ജന്മിമാരുടെ ബലാൽഭോഗത്തിൽ നിന്നും കർഷകത്തൊഴിലാളി സഹോദരിമാർ കേരളത്തിൽ രക്ഷപ്പെട്ടിട്ടുണ്ട്. ആർഷഭാരതം മൊത്തത്തിൽ നോക്കിയാൽ സ്ഥിതി പാഞ്ചാലിക്കാലത്തേതു തന്നെ.

ഈ കവിതയിൽ ഒരു കർഷകത്തൊഴിലാളിസ്ത്രീയെ ജന്മി പ്രലോഭിപ്പിച്ചു ഗർഭവതിയാക്കുകയും കൊലപ്പെടുത്തുകയും അവളുടെ അച്ഛനെ പൊലീസിലേൽപ്പിക്കുകയുമാണ്. ജന്മി ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കവിത. ആത്മഹത്യയല്ല കൊലപാതമാണെന്ന് ഈ കവിതയിൽ വെളിപ്പെടുത്തുന്നത് ഗ്രാമീണരുടെ വർത്തമാനങ്ങളിലൂടെയാണ്. നാടകീയസൗന്ദര്യം തുളുമ്പി നിൽക്കുന്ന ഒരു സ്വാഭാവിക രംഗമാണിത്. വയൽ വരമ്പിലെ ജീവിതത്തെ പോലെ കേരളം ഈ കവിതയെയും ശ്രദ്ധയുടെ മതിൽക്കെട്ടിനു പുറത്താക്കി.

കവിയുടെ കണ്ണാടിയെന്ന കവിതയിലാണ് ശ്രദ്ധിക്കപ്പെട്ട രണ്ടു വരികളുള്ളത്. കണ്ണാടിയിതിന്നു തകർന്നെന്നാക്രോശിക്കുന്നവരേ / നന്നാക്കുക പകരം നിങ്ങടെ മുഖസൗന്ദര്യം പ്രിയരേ.

കുരീപ്പുഴ നടരാജൻ മരിച്ചിട്ടു രണ്ടു വർഷം തികയുന്നു. കവിയുടെ മകൾ ഷൈനിരാജ് ഇങ്ങനെ ഓർമ്മിക്കുന്നു.

“എന്നും ചുവന്ന പ്രഭാതം വിടരുവാൻ ആഗ്രഹിച്ചിരുന്ന കവിക്ക് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അടിയുറച്ച വിശ്വാസവും പ്രതീക്ഷയുമുണ്ടായിരുന്നു. പാർട്ടിയുടെ പിളർപ്പ് ഒരു വലിയ ആഘാതം തന്നെ അദ്ദേഹത്തിനുണ്ടാക്കിയിരിക്കാം. അതുതന്നെയാവാം അദ്ദേഹത്തെ കവിതയിൽ നിന്നും പിന്തിരിപ്പിച്ചതും”

കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒന്നിച്ചു നിന്നതിന്റെ ഗുണഫലം നമ്മളിപ്പോൾ ബിഹാറിൽ കാണുകയാണ്. പാർട്ടിയിലെ ഭിന്നിപ്പു കണ്ടു വേദനിച്ചവരായിരുന്നു കാലയവനികയ്ക്കുള്ളിൽ മറഞ്ഞ കവികൾ. അവർ കൂടി ഉൾപ്പെട്ട മൂന്നാം പക്ഷത്തിനുള്ള ആശ്വാസസന്ദേശമാണ് കനയ്യകുമാറിന്റെ നാട്ടിൽ നിന്നുള്ള മുന്നേറ്റസന്ദേശങ്ങൾ.