ദേവിക

വാതിൽപ്പഴുതിലൂടെ

January 10, 2022, 7:00 am

ആചാരങ്ങള്‍ കാട്ടുതേനായി, മത്തങ്ങയായി!

Janayugom Online

‘ഇന്നലെ ചെയ്തോരബദ്ധം ഇന്നത്തെ ആചാരമാകാം, നാളത്തെ സത്യമതാകാം’ എന്നൊക്കെ വേദാന്തം പറയാം. പക്ഷേ ആചാരത്തില്‍ തൊട്ടുകളിച്ചാല്‍ കളിമാറും. ആചരിക്കാനുള്ളവയാണ് ആചാരങ്ങള്‍ എന്നു ചുരുക്കം. ആയ്‌രാജവംശത്തില്‍ നിന്നും തിരുവിതാംകൂര്‍ രാജവംശമുണ്ടായതു മുതല്‍ ഒരാചാരമുണ്ട്. പശ്ചിമഘട്ടത്തിലെ അഗസ്ത്യകൂട താഴ്‌വരയില്‍ നിന്നും ഉള്‍വനങ്ങളില്‍ നിന്നും പ്രാക്തനഗോത്രമായ ആദിവാസികള്‍ ഉത്രാടനാളില്‍ ഒരു കാടിറക്കമുണ്ട്. ഊരുകാണി മൂപ്പന്റെ നേതൃത്വത്തില്‍. താഴ്‌വാരത്ത് നെയ്യാര്‍ തീരത്തെ ആയ്‌രാജവംശത്തിന്റെ തിരുശേഷിപ്പുകളും പിന്നിട്ട് ഇക്കരെ പൂകുന്ന കാണിസംഘത്തില്‍ ആബാലവൃദ്ധമുണ്ടാകും. തിരുവോണനാളില്‍ സംഘം കവടിയാറിലെ രാജകൊട്ടാരത്തിലെത്തും. രാജകുടുംബാംഗങ്ങള്‍ അവരെ സ്വീകരിക്കും. കാട്ടുതേനും കുന്തിരിക്കവും കദളിവാഴക്കുലകളും തിനയും മുളയരിയും ഗൗരീഗാത്രക്കുലയും മറ്റു വനവിഭവങ്ങളും അവര്‍ ആചാരപൂര്‍വം രാജാവിനു സമര്‍പ്പിക്കും. പിന്നീട് വന്യമായ താളവാദ്യങ്ങള്‍ക്കൊത്ത് ഗോത്രനൃത്തങ്ങളുടെ ചടുലമായ ചുവടുവയ്‌പുകള്‍. ഒപ്പം സാന്ദ്രമായ കാടോടിഗാനങ്ങളും. അവസാനത്തെ രാജാവായ ശ്രീചിത്തിരതിരുനാള്‍ ബാലരാമവര്‍മ്മയുടേയും അനുജന്‍ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടേയും ഇപ്പോഴത്തെ രാജകുടുംബകാരണവര്‍ ശ്രീപത്മനാഭദാസ ശ്രീമൂലംതിരുനാള്‍ രാമവര്‍മ്മയുടേയും വരെ നീളുന്ന ആചാരപ്പൊലിമ. രാജകുടുംബം വിളമ്പുന്ന രാജകീയസദ്യയുണ്ടാണ് കാണിസംഘം മടങ്ങുക. മാടമ്പിവാഴ്ചക്കാലത്തും ഈ അടിയാന്‍, കുടിയാന്‍ബന്ധം പൂത്തുലഞ്ഞു നിന്നിരുന്നു. കുടിയാന്മാര്‍ ജന്മിമാര്‍ക്ക് കാര്‍ഷികവിഭവങ്ങള്‍ തൃക്കാഴ്ച വയ്ക്കുന്ന ആചാരം. ഇതെല്ലാം പഴയകാലത്തെ ആചാരത്തുടര്‍ച്ചകളെന്നു പറഞ്ഞുതള്ളാന്‍ വരട്ടെ. ജനാധിപത്യവും ഈ തിരുമുല്‍ക്കാഴ്ചാ ആചാരം തലമുറതലമുറകൈമാറി ഏറ്റുവാങ്ങിയിരിക്കുന്നു. അതിന്റെ പേരാണ് അഴിമതിയെന്നും ചാപ്പകുത്തരുത്. പണ്ടൊരിക്കല്‍ തിരു-കൊച്ചിയില്‍ മന്ത്രിയായി ടി എം വര്‍ഗീസ് ഒരഴിമതി കാട്ടി. മന്ത്രിമന്ദിരവളപ്പില്‍ വശപ്പിശകായി നിന്ന ഒരു മഹാഗണിമരം മുറിച്ചുമാറ്റി ലേലം ചെയ്യാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പാവം മന്ത്രി വര്‍ഗീസിന് അതിലൊരു പങ്കുമില്ലായിരുന്നു. മരംമുറിപ്പിക്കുന്ന കരാറുകാരനോട് മന്ത്രി തിരക്കി, ഈ തടി എന്തിനു കൊള്ളാം. കട്ടിലും കസേരയും വാതിലുമുണ്ടാക്കാന്‍ ബഹുവിശേഷമെന്ന് കരാറുകാരന്‍‍. കാശുതരാം എനിക്കു കൂടി ഒരു കട്ടിലുണ്ടാക്കിത്തരാമോ എന്ന് മന്ത്രി വര്‍ഗീസിന്റെ അഭ്യര്‍ത്ഥന.

കരാറുകാരന്‍ ഒരു കട്ടിലുണ്ടാക്കിക്കൊടുത്തു. മന്ത്രി അതിന്റെ വിലയും നല്കി. അന്നു ചാനലുകളും സോഷ്യല്‍മീഡിയയും ഒന്നുമില്ലെങ്കിലും എതിരാളികള്‍ ഇതറിഞ്ഞ് കടന്നല്‍ കൂടിളകുന്നതുപോലെ മന്ത്രി വര്‍ഗീസിനെ ആഞ്ഞുകൊത്തി. കട്ടില്‍ക്കള്ളന്‍ മന്ത്രി, സര്‍ക്കാര്‍ മന്ദിരത്തിലെ മരം മുറിച്ച വേന്ദ്രന്‍ എന്നൊക്ക അധിക്ഷേപം. അങ്ങനെ മലയാളക്കരയുടെ ചരിത്രത്തിലെ ആദ്യ മരംമുറി കേസും കട്ടില്‍ അഴിമതിയുമുണ്ടായി. മുഖ്യമന്ത്രിയായിരുന്ന ആര്‍ ശങ്കറേയും എതിരാളികള്‍ വിട്ടില്ല. തനിക്കുവേണ്ടപ്പെട്ട ഒരാള്‍ക്ക് മുന്‍ഗണന മറികടന്ന് ട്രക്കിന്റെ ഷാസി വാങ്ങാന്‍ ശങ്കര്‍ ഉത്തരവിട്ടു. ഗുണഭോക്താവ് ശങ്കറിന്റെ പത്നി ലക്ഷ്മിക്കുട്ടിക്ക് ഒരു നിലവിളക്കും വൈരമാലയും സമ്മാനിച്ചു. എതിരാളികള്‍ ഇതറിഞ്ഞു. വൈരമാല‑നിലവിളക്കുകുംഭകോണം, ട്രക്ക് കുംഭകോണം എന്നിങ്ങനെ കൂക്കുവിളിയുമായി ആകെ ജഗപൊകാചരിത്രത്തിലെ ആദ്യത്തെയും അവസാനത്തെയും നിലവിളക്കുകുംഭകോണമായി രേഖപ്പെടുത്തപ്പെട്ടു. പിന്നീടങ്ങോട്ടു വന്നവര്‍ക്ക് തോന്നി, ശ്ശെ ഇതൊക്കെ കുഞ്ഞുകുംഭകോണങ്ങളല്ലേയെന്ന്. ഒരു നൂറുകോടിയുടെ അഴിമതിയെങ്കിലും നടത്താത്തവനെ എന്തിനുകൊള്ളാം എന്നു ചിന്തിക്കുന്ന മന്ത്രിമാര്‍ വന്നു. ചരിത്രത്തില്‍ തങ്കലിപികളാല്‍ നാം അവരുടെ പുണ്യനാമങ്ങള്‍ എഴുതിവച്ചു സായൂജ്യമടയുകയും ചെയ്യുന്നു. ഇതൊക്കെയാണെങ്കിലും മത്തങ്ങ കോഴയായി വാങ്ങിയ ചരിത്രം കേട്ടിട്ടേയില്ല. നമ്മുടെ ഭുവനപ്രസിദ്ധമായ വാളയാര്‍ ചെക്ക്പോസ്റ്റിലെ ആര്‍ടിഒ ഓഫീസര്‍ ആമഹദ് ചരിത്രവും കുറിച്ചിരിക്കുന്നു. പച്ചക്കറി കയറ്റിവരുന്ന പാണ്ടിലോറികളില്‍ നിന്ന് നികുതി ഈടാക്കാതിരിക്കാന്‍ പണം മാത്രം പോര മത്തങ്ങയും കാബേജും കാരറ്റു ഓറഞ്ചും ആപ്പിളുമെല്ലാം തിരുമുല്‍ കാഴ്ചയായി വേണം. വിജിലന്‍സ് ഇതു കയ്യോടെ പിടിച്ചപ്പോള്‍ മറ്റൊരു നൂതന അഴിമതിപ്പണം പൂഴ്ത്തല്‍ വിദ്യയാണ് പുറത്തുചാടിയത്. വാഴയിലയില്‍ കരിമീന്‍ പൊതിഞ്ഞു പൊള്ളിക്കുന്നതുപോലെ കാട്ടുചേമ്പിലയില്‍ പതിനായിരങ്ങളുടെ കോഴപ്പണം പൊതിഞ്ഞ് കാട്ടിലൊളിപ്പിക്കുന്ന വിദ്യ.

 


ഇതുംകൂടി വായിക്കാം;ഭൂതലം ശ്മശാനമാകുമ്പോള്‍


 

അഴിമതിക്കാര്‍ക്കു പുതിയൊരു കോപ്പി ബുക്ക് ഡക്കുവേലാധന മന്ത്രിയായിരുന്ന ഡോ. തോമസ് ഐസക് പ്രഖ്യാപിച്ച അഴിമതിരഹിത വാളയാര്‍ വെല്‍വൂതാക! നൂറ്റാണ്ടുകളായി നമ്മുടെ സ്കൂള്‍ ബാലികമാര്‍ അനുഭവിക്കുന്ന ഒരു ശിക്ഷയുണ്ട്, താലപ്പൊലി. മന്ത്രിമാരും വിഐപികളും പങ്കെടുക്കുന്ന നൂലുകെട്ടുകല്യാണത്തിനായാലും തിരണ്ടുകല്യാണത്തിനായാലും താലപ്പൊലി നിര്‍ബന്ധം. കുഞ്ഞുപട്ടുപാവാടയുമണിഞ്ഞ് കയ്യില്‍ താലവും പൂക്കളുമായി പാവത്തുങ്ങളെ പൊരിവെയിലില്‍ അണിനിരത്തും. കൃത്യനിഷ്ഠ മന്ത്രിമാര്‍ക്ക് ഒരുകാലത്തുമില്ലല്ലോ! മണിക്കൂറുകള്‍ വൈകി വിശിഷ്ടന്‍ എത്തുമ്പോഴേയ്ക്കും പാവം പൈതലുകള്‍ വിയര്‍ത്തുകുളിച്ചു നില്ക്കും. പ്രമാണി അഭിവാദ്യ താലപ്പൊലി ഏറ്റുവാങ്ങി വേദിയിലെത്തി ഇരിപ്പുറപ്പിക്കുമ്പോള്‍ ഈ പാവം കുട്ടികളെ കൊണ്ടുതന്നെ അടുത്ത കലാപരിപാടി, പ്രാര്‍ത്ഥനാഗാനാലാപം. കുഞ്ഞുങ്ങള്‍ വേദിയില്‍ കയറി തളര്‍ന്ന ശബ്ദത്തില്‍ ‘അഖിലാണ്ഡലമണിയിച്ചൊരുക്കി‘യോ ‘ചന്തമേറിയ പൂവിലോ’ പ്രാര്‍ത്ഥിക്കുമ്പോള്‍ കടവൂള്‍ തന്നെ ഈ താലപ്പൊലി സംഘാടകരെയും ഈ വേദിയിലെ പ്രമാണിമാരെയും ഉള്ളുറഞ്ഞ് ശപിച്ചുപോകും. ഇത്തരത്തില്‍ സ്കൂള്‍ സമയത്തും അല്ലാതെയും പിഞ്ചു വിദ്യാര്‍ത്ഥികളെ താലപ്പൊലിക്ക് അണിനിരത്തരുതെന്ന് മന്ത്രിശിവന്‍കുട്ടി നിര്‍ദേശിച്ചിരിക്കുന്നു. കുഞ്ഞുങ്ങളോട് ഇതില്പരം ഒരു കരുണ കാട്ടാനുണ്ടോ. നൂറ്റാണ്ടുകളായി നിലനിന്ന താലപ്പൊലിക്രൂരതയ്ക്ക് അറുതിവരുത്തിയ മന്ത്രിക്ക് ഒരു ബിഗ്സല്യൂട്ട്! താലപ്പൊലി നിരോധനത്തിന്റെ പേരില്‍ മന്ത്രിയെ ആരെങ്കിലും ട്രോളാന്‍ വന്നാല്‍, ഇതു കേരളമാണ്. ആമാതിരിവിരട്ടൊന്നും ഇങ്ങോട്ടുവേണ്ട. പിള്ളേരെപ്പിടിച്ച് പേഷ്കാരാക്കിയപോലെ എന്ന ചൊല്ലുപോലെ സന്യാസിയെപ്പിടിച്ചു ഡോക്ടറാക്കിയെന്ന വാര്‍ത്ത ദേ വരുന്നു ഉത്തര്‍പ്രദേശില്‍ നിന്ന്. കോവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ വെറുമൊരു ജലദോഷപ്പനിയാണെന്ന് ശാസ്ത്രലോകത്തിനു പറഞ്ഞുതരുന്നത് സാക്ഷാല്‍ യുപി മുഖ്യമന്ത്രിയും സന്യാസിയുമായ ആദിത്യനാഥ്. ‘അല്പാഹാരം ജീര്‍ണവസ്ത്രം, കാകദൃഷ്ടി, ബകധ്യാനം ഇവ സന്യാസിലക്ഷണം എന്നിങ്ങനെയാണ് പറയാറ്. ഈ ലക്ഷണമൊന്നും ഇതിയാനൊട്ടില്ല താനും.

കോവിഡിന് ചാണകത്തില്‍ കുളി, ഗോമൂത്രപാനം എന്നിവയാണ് കൈക്കൊണ്ട ഔഷധങ്ങളെന്നു പ്രഖ്യാപിച്ച ആദിത്യനാഥ് ഇതാ ഇപ്പോള്‍ ലോകാരോഗ്യസംഘടനയേയും കടത്തിവെട്ടി പുതിയ ഒമിക്രോണ്‍ തിയറി എഴുന്നെള്ളിച്ചിരിക്കുന്നു. ഈ രോഗം ബാധിച്ചാല്‍ പിറ്റേന്നുതന്നെ രോഗം ഭേദമാകുമെന്നു ഒരു സാന്ത്വനവും. ഒമിക്രോണ്‍ വെറുമൊരു ജലദോഷമല്ലെന്നും അതുമാരകമാണെന്നും ലോകാരോഗ്യ സംഘടനയുടെ സാംക്രമിക രോഗവിഭാഗം മേധാവി ഡോ. മരിയ വാല്‍ഖെര്‍ഖോവ് വെളിപ്പെടുത്തിയതിന്റെ പിറ്റേന്നായിരുന്നു ഈ വെളിപാട്. ലോകാരോഗ്യ സംഘടനയുടെ മുഖ്യശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥനും ആപല്ക്കരമാണ് ഒമിക്രോണ്‍ എന്നു പറയുന്നു. ജനം ഈ ശാസ്ത്രജ്ഞരെ വിശ്വസിക്കണോ അതോ ഈ പൂച്ചസന്യാസിയെ നമ്പണോ. ജനങ്ങളെ തെറ്റിധരിപ്പിച്ച് കുഴിയില്‍ ചാടിച്ചു കൊല്ലുന്ന ഈ വിദ്വാന്റെ നിതംബത്തില്‍ ചട്ടുകം പഴുപ്പിച്ചുവയ്ക്കാന്‍ അടിയന്തരമായി ഒരു നിയമഭേദഗതിയല്ലേ വേണ്ടത്. നമ്മുടെ കൗമാരങ്ങള്‍ മയക്കുമരുന്നുകളുടെ ലഹരിയാഴങ്ങളിലേക്ക് വീണുകൊണ്ടിരിക്കുന്ന വാര്‍ത്തകളാല്‍ മാധ്യമങ്ങള്‍ നിറഞ്ഞുതുളുമ്പുന്നു. ഇതേക്കുറിച്ചുള്ള ചാനലുകളിലെ അന്തിച്ചര്‍ച്ചകള്‍, പ്രബോധനങ്ങള്‍ എന്നിത്യാദി കലാപരിപാടികള്‍ കൊണ്ടു നാം പൊറുതിമുട്ടുന്നു. എന്നാല്‍ നാം കാണാതാവുന്ന മറ്റൊരു ലഹരിയുണ്ട്. ഓണ്‍ലൈന്‍ റമ്മികളിയും മൊബൈല്‍ ഗെയിമുകളും. തലസ്ഥാനത്തെ ഒരു ട്രഷറി ഉദ്യോഗസ്ഥന്‍ ലക്ഷക്കണക്കിനു രൂപ ഖജനാവില്‍ നിന്നു തട്ടിയെടുത്തത് ഓണ്‍ലൈന്‍ ചൂതുകളിക്ക്. ഓണ്‍ലൈന്‍ റമ്മികളിയുടെ മത്തുപിടിച്ച് കിടപ്പാടംപോലും എഴുതിവിറ്റ് കളിച്ചുതോറ്റ് ആത്മഹത്യ ചെയ്തവരുടെ വാര്‍ത്തകളും പുതുമയല്ലാതായി. മൊബൈല്‍ ഗെയിമിനിടെ റേഞ്ച് കാട്ടാത്തതിനാല്‍ അരിശം പൂണ്ട് കണ്ണൂരിലെ ധര്‍മ്മടത്തും കതിരൂരിലും രണ്ടുകുട്ടികള്‍ ഫോണ്‍ എറിഞ്ഞുടച്ചശേഷം ആത്മഹത്യ ചെയ്തു. ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ ഒരു കുട്ടി ആത്മഹത്യ ചെയ്തത് ഓണ്‍ലൈന്‍ വഴി വിഷം വരുത്തിക്കഴിച്ച്! ഓണ്‍ലൈന്‍ ചീട്ടുകളിയും ഗെയിമുകളും നിരോധിച്ച നിരവധി കോടതി ഉത്തരവുകളുള്ളപ്പോഴും ക്രിക്കറ്റ് താരം വിരാട് കോലിയും സംഘവും ബ്രാന്‍ഡ് അംബാസഡര്‍മാരായ ഓണ്‍ലൈന്‍ റമ്മികളിയുടെ പരസ്യങ്ങള്‍ ചാനലുകളില്‍ തത്തിക്കളിക്കുന്നു, ആ പരസ്യങ്ങള്‍ ന്യായാസനങ്ങളെ നോക്കി പല്ലിളിക്കുന്നു.