സപ്ലൈകോ ഔട്ട്‌ലെറ്റ് അടച്ചു പൂട്ടുന്നതിനെതിരെ സംയുക്ത തൊഴിലാളി സമരം

Web Desk
Posted on August 28, 2018, 5:04 pm

പാലക്കാട്: ഓണം-ബക്രീദ് വിപണിയില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ കോട്ടമൈതാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റ് അടച്ചു പൂട്ടുന്നതിനെതിരെ സംയുക്ത തൊഴിലാളി സമരം. ഔട്ട്ലെറ്റ് പൂട്ടി ഉല്‍പന്നങ്ങള്‍ ഡിപ്പോയിലേക്ക് മാറ്റാന്‍ ശ്രമിച്ചത് സംയുക്ത തൊഴിലാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ തടഞ്ഞു.

നഗരസഭ ബസ്സ്റ്റാന്‍റില്‍ പ്രവര്‍ത്തിച്ചു വന്ന സപ്ലൈകോ ഔട്ട്‌ലെറ്റ് കെട്ടിടത്തിന് ബലക്ഷയം ആരോപിച്ച് നഗരസഭാ അധികൃതര്‍ ഇത് അടച്ചുപൂട്ടിയിരുന്നു. ഇതിനുപകരം സംവിധാനം ഒരുക്കുമെന്ന മന്ത്രി എ കെ ബാലന്‍റെയും സ്ഥലം എംഎല്‍എ ഷാഫി പറമ്പിലിന്‍റെയും ഉറപ്പ് ലംഘിച്ചാണ് അധികൃതര്‍ കോട്ടമൈതാനത്ത് പ്രവര്‍ത്തിച്ചു വന്ന സപ്ലൈകോ വില്‍പ്പന ശാല പൂട്ടിയത്.

കോട്ടമൈതാനത്തെ സപ്ലൈകോ ഔട്ട്‌ലെറ്റ് അടച്ചു പൂട്ടിയതോടെ 60 തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടമായിരിക്കുന്നത്. 16 വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരും ഇക്കൂട്ടത്തിലുണ്ട്. ദിവസ വേതന തൊഴിലാളികളെ പിരിച്ചുവിട്ടതിനെതിരെ തൊഴില്‍ നല്‍കണമെന്നാവശ്യപ്പെട്ട് 60 ഓളം ജീവനക്കാരും പ്രക്ഷോഭം തുടങ്ങി.

വീഡിയോ..